Friday, March 5, 2010

അമിത മതബോധം വേണോ...?

രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ അടുത്ത ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയില്‍ നിന്നും കൊട്ടും പാട്ടും മേളവും. ഏതോ പോന്തകൊസ്തു സഭയുടെ പ്രാര്‍ത്ഥന നടക്കുകയാണ്. സ്ഥലം പാലാരിവട്ടം പൈപ്പ് ലൈന്‍ റോഡ്‌.... രണ്ടു മണിക്കൂറിനു ശേഷം പുറത്തിറങ്ങിയപ്പോഴും കഴിഞ്ഞിട്ടില്ല ബഹളം. ചുറ്റുപാടും തിങ്ങി നിറഞ്ഞു വീടുകള്‍... അതിനിടയിലാണ് ഈ ബഹളം.

അങ്ങനെ നടക്കുമ്പോള്‍ ഓര്‍മ വന്നത് SSLC പരീക്ഷക്ക്‌ തയാറെടുക്കുന്ന അനിയനെയാണ്. അവനെപ്പോലെ പരീക്ഷക്ക് തയാറെടുക്കുന്ന എത്രയോ കുട്ടികള്‍ ഈ പരിസരത്തു കാണും. രാവിലെ എഴുന്നേറ്റു രണ്ടക്ഷരം പഠിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എത്ര ശല്യമാവും ഈ കൊട്ടും പാട്ടും... അങ്ങനെ പല പല ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.

ഉച്ചഭാഷിണിയും മറ്റും ഉപയോഗിച്ചു മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന വിധത്തിലുള്ള പരിപാടികള്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ അതൊക്കെ എത്ര മാത്രം പ്രാവര്‍ത്തികമാവുന്നു എന്ന് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്‍ത്ഥന കൂട്ടായ്മകളും ആണ്.

കുര്‍ബാനയ്ക്ക് മുന്‍പും ശേഷവും പള്ളിയില്‍ നിന്നും ഉയരുന്ന ഭക്തിഗാനം ക്രിസ്ത്യാനികള്‍ക്ക് ദഹിക്കും.... എന്നാല്‍ മറ്റു മതസ്ഥര്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ല. പള്ളിയില്‍ പെരുന്നാള്‍ വന്നാല്‍ മൂന്നാല് ദിവസത്തേക്ക് പള്ളിയിലെ സര്‍വ പരിപാടികളും വലിയ മൈക്കുകള്‍ വച്ചു നാട്ടുകാരെ മുഴുവന്‍ കേള്‍പ്പിക്കും. അതുപോലെ തന്നെയാണ് അമ്പലങ്ങളിലും. വൈകുന്നേരമായാല്‍ ചില സ്ഥലങ്ങളില്‍ ഉച്ചത്തില്‍ ഭക്തിഗാനങ്ങള്‍ വയ്ക്കുന്നത് പതിവ് സംഭവമാണ്. ബംഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ഈ ശല്യം ശരിക്കും അനുഭവിച്ചതാണ്‌. ഡിഗ്രി പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്താണ് അടുത്തുള്ള അമ്പലത്തില്‍ എന്തോ ഉത്സവം വന്നത്. വില്ലജ് ഏരിയ ആയതു കൊണ്ടാവാം ശബ്ദത്തിന് ഒരു മയവും ഇല്ലായിരുന്നു. രാത്രി മുഴുവന്‍ കന്നടയില്‍ ഒരു മാതിരി ടൈപ് കഥാ പ്രസംഗം. കേരളത്തില്‍ അത്രയ്ക്കങ്ങ് ഇല്ലെങ്കിലും, പരിപാടിക്ക് കുറവില്ല. ഞായറാഴ്ച രാവിലെ മുതലുള്ള പോന്തക്കൊസ്ത് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ശബ്ദമാണ് സഹിക്കാന്‍ പറ്റാത്തത്

സ്വന്തം വിശ്വാസം ഇങ്ങനെ കൊട്ടി ഘോഷിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തണോ...? മറ്റു സഹോദരങ്ങള്‍ക്ക്‌ ശല്യമാവും രീതിയില്‍ ദൈവത്തെ ആരാധിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്‌? താന്‍ വിശ്വസിക്കുന്ന മതമാണ്‌ ഏറ്റവും നല്ലത്, തന്റെ മതത്തില്‍ ചേരാത്തവരെല്ലാം നിത്യനാശത്തിലേക്ക് പോകും എന്ന ചിന്താഗതി ആദ്യം മാറ്റണം. ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങള്‍ സ്വന്തം മതത്തിലേക്ക് മാക്സിമം ആളെ ചേര്‍ക്കാന്‍ നെട്ടോട്ടം ഓടുകയാണ്. ക്രിസ്ത്യാനികള്‍ അല്ലാത്ത എല്ലാവരും നരകത്തിലേക്കും തങ്ങള്‍ സ്വര്‍ഗത്തിലേക്കും എന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതോടൊപ്പം തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം വന്നെങ്കിലേ ഇന്ത്യ നന്നാവൂ..

ഇടുക്കിക്കാരന്റെ പുതിയ ഫോട്ടോ ബ്ലോഗു കാണാന്‍ ഇവിടെ ഞെക്കുക