Thursday, August 5, 2010

ദിനവൃത്താന്തം

സമയം രാവിലെ ഏഴു മണി


പതിവുപോലെ മൊബൈലില്‍ അലാം അടിച്ചു...


പതിവുപോലെ തന്നെ കണ്ണ് തുറക്കാതെ അതിന്റെ സ്നൂസ് ബട്ടന്‍ അമര്‍ത്തി വീണ്ടും സുഖ നിദ്ര

കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ള ഒരു ആഗ്രഹമാണ് ഒരു സുപ്രഭാതം കാണണമെന്ന്... രാത്രി കിടക്കുമ്പോള്‍ വരെ ഈ ആഗ്രഹം ഉണ്ടാവും. പക്ഷെ രാവിലെ ആകുമ്പോള്‍ ഈ പ്രഭാതം കണ്ടു പിടിച്ചവനെ കൊല്ലാനുള്ള കലിയും.


അങ്ങനെ ഞരങ്ങി മൂളി 7.45 നു എഴുന്നേറ്റു. സേവിച്ചേട്ടന്റെ കടയില്‍ നിന്നും ഒരു ചായ, പിന്നെ പ്രഭാതകുറ്റകൃത്യങ്ങള്‍, ഷേവിംഗ്, കുളി. അതുകഴിഞ്ഞ് ഓരോ കക്ഷത്തിലും പ്സ് പ്സ് എന്ന് ആക്സ് സ്പ്രേ. ആക്സിന്റെ സ്പ്രേ അടിക്കുന്നവര്‍ സെക്സിയാണ് എന്നാണല്ലോ പ്രമാണം. അങ്ങനെ കുട്ടപ്പനായി ബസില്‍ കയറി.


വിത്ത്‌ "ദി ആക്സ് ഇഫക്റ്റ് "


തമ്മനം-വൈറ്റില ഭാഗത്ത് നിന്നും പാലാരിവട്ടം വഴി സൌത്ത് പോകുന്ന ബസാണ്. ഇടിയും ചവിട്ടും കൊണ്ട് പൈപ്പ് ലൈന്‍ നിന്നും പാലാരിവട്ടം എത്തിയപ്പോഴേക്കും സീറ്റ് കിട്ടി. വിസ്തരിച്ചിരുന്നു മൊബൈലില്‍ ട്വിറ്റെര്‍ തുറന്ന് ഇന്ന് ആരൊക്കെ എന്തൊക്കെ തൂറ്റി എന്ന് നോക്കി. പുറത്തെ കിളികളില്‍ കണ്ണ് ഉടക്കുന്നത് കൊണ്ട് ഒരു കോണ്‍സന്‍ട്രേഷന്‍ കിട്ടുന്നില്ല. അല്ലേലും വായി നോക്കികളുടെ പറുദീസാ ആണല്ലോ കൊച്ചി. അതില്‍ പ്രത്യേകിച്ചു പാലാരിവട്ടം, കലൂര്‍ ബസ് സ്റ്റാന്റ്, കച്ചേരിപ്പടി എന്നെ ഭാഗങ്ങളും. അതുകൊണ്ട് ട്വിറ്റെര്‍ ഓഫ്‌ ആക്കി പോക്കറ്റില്‍ ഇട്ടു.


എന്റെ മുന്‍പിലെ സീറ്റില്‍ ഇരിക്കുന്ന, കറുത്ത വളയം പോലത്തെ കമ്മലിട്ട വെളുത്ത സുന്ദരിയില്‍ കണ്ണുകള്‍ ഉടക്കി. അവളെ കണ്ടപ്പോള്‍ മുതല്‍ ഹാര്‍ട്ടിന്റെ നടുഭാഗത്തായി ഒരു വിങ്ങല്‍. അവളോട്‌ എന്തോ ഒരു ഇഷ്ടം പോലെ. ഇപ്പോള്‍ തന്നെ ചെന്നങ്ങു പറഞ്ഞാലോ...?


ഹേയ് വേണ്ട. തമ്മനത്തു നിന്നും വരുന്ന പെണ്ണാ. വല്ല തമ്മനം ഷാജിയുടെ പെങ്ങളോ മറ്റോ ആണെങ്കിലോ...? ഇടുക്കിക്കാരനായ ഞാന്‍ കൊച്ചിയില്‍ വന്നു തല്ലു വാങ്ങിയാല്‍ നാണക്കേട് ആര്‍ക്കാ..? വല്ല ഇടുക്കിക്കാരിയെയും കെട്ടിയാല്‍ മതി എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. എന്നാലും അവള്‍ കച്ചേരിപ്പടിയില്‍ ഇറങ്ങിയപ്പോള്‍ ഹൃദയത്തില്‍ എവിടെയോ ഒരു വേദന. മഹാനായ ആമിര്‍ ഖാന്‍ പുണ്യാളന്‍ പറഞ്ഞപോലെ ഹൃദയത്തോട് കൈ ചേര്‍ത്തു വച്ചു പറഞ്ഞു:


"ആള്‍ ഈസ്‌ വെല്‍" "ആള്‍ ഈസ്‌ വെല്‍"


മേനകയ്ക്ക് മുന്‍പുള്ള പഞ്ചിംഗ് ബൂത്തില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങി, അവിടെയുള്ള തട്ടുകടയില്‍ നിന്നും ഉപ്പുമാവും മുട്ടക്കറിയും കഴിച്ചു. അതിലെ ബസില്‍ പോകുന്ന പെണ്‍കുട്ടികളൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഫെയര്‍ ആന്‍ഡ്‌ ഹാന്‍സം ക്രീം വര്‍ക്ക് ചെയ്യാന്‍ തുടങ്ങി, ഭാഗ്യം.


അങ്ങനെ വീണ്ടും ഓഫീസിലേക്ക്....