Showing posts with label film review. Show all posts
Showing posts with label film review. Show all posts

Saturday, January 7, 2012

സിനിമ നിരൂപണം: അസുര വിത്ത്

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് കണ്ടത് ഏതാനും മാസങ്ങള്‍ക്ക് മുന്പ് എറണാകുളം ബൈപ്പാസില്‍ വച്ചായിരുന്നു. പടം ഏതാണെന്ന് തിരക്കിയപ്പോള്‍ അറിഞ്ഞു 'അസുരവിത്ത്‌'. പിന്നീട് ആ പടത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, വൈദിക വിദ്യാര്‍ഥി ആയ ഒരാള്‍ ഡോണ്‍ ആയി തീരുന്ന കഥ എന്നായിരുന്നു. എന്തായാലും ഈയുള്ളവനും കുറച്ചുനാള്‍ വൈദിക വിദ്യാര്‍ഥി ആയിരുന്നു. ഡോണ്‍ ആയില്ലെങ്കിലും സെമിനാരിയില്‍ നിന്നും പോന്ന ഒരാളുടെ കഥ കൂടി ആണെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളോട് കൂടിയാണ് എറണാകുളം സവിത തിയേറ്ററില്‍ റിലീസ് ദിവസം തന്നെ എത്തിയത്.

സിനിമ:

പടം കണ്ടപ്പോള്‍ ഓര്മ വന്നത് ധ്രുവം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥയാണ്‌. അതില്‍ സെമിനാരിക്കാരനായ സുരേഷ് ഗോപി രാത്രി ആരും അറിയാതെ സെക്കണ്ട് ഷോ കാണാന്‍ പോയി മടങ്ങുമ്പോള്‍ ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആവുന്നു. പിന്നീട് വില്ലന്മാരില്‍ നിന്നും ഉള്ള ശല്യം സഹിക്കാതെ സെമിനാരിയില്‍ നിന്നും പോന്നു ഒരു പോലീസ് ഓഫീസര്‍ ആവുന്നു. അസുരവിത്തില്‍ ഒരു വ്യത്യാസം മാത്രം, നായകന്‍ പകരം ഒരു ഡോണ്‍ ആവുന്നു.

ബിഷപ്സ് ഹൌസില്‍ പോയി മടങ്ങി വരുന്ന നായകന്‍ ആയ ബ്രദര്‍ ഡോണ്‍ ബോസ്കോ (ആസിഫ് അലി) ഒരു കൊലപാതകത്തിന് സാക്ഷി ആവുന്നു. സാക്ഷി പറയാന്‍ പോലീസ് സ്റെഷനില്‍ എത്തുന്ന ബോസ്കൊയ്ക്ക് നേരിടേണ്ടി വരുന്നത് മൊഴി മാറ്റി പറയാനുള്ള സമ്മര്‍ദം ആണ്. അതിനായി അവര്‍ ബോസ്കൊയെ പീഡിപ്പിക്കുന്നു. പത്തു തിന്മകളുടെ സംഗമം ആയ 'പത്താം കളം' എന്ന ഗ്രൂപ്പ് ആണ് കൊച്ചി ഭരിക്കുന്നത്. അബ്ബ എന്ന് വിളിക്കപ്പെടുന്ന വിജയ രാഘവനും നാല് മക്കളും (അതില്‍ രണ്ടെണ്ണം പെണ്ണുങ്ങള്‍) ഈ കൊലപാതകം ചെയ്ത അവര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവര്‍ക്കെതിരെ പോരാടാന്‍ ഡോണ്‍ ബോസ്കോ സെമിനാരി ജീവിതം ഉപേക്ഷിക്കുന്നു. അവര്‍ക്കെതിരെ ഉള്ള പോരാട്ടം ആണ് സിനിമയുടെ സെക്കണ്ട് ഹാഫ്

അഭിനയം:

ആസിഫ് അലി എന്ന നടന്റെ ഒരു പുതിയ മുഖം എന്നതില്‍ കവിഞ്ഞു ചിത്രത്തിന് പ്രത്യേകിച്ച് അവകാശപ്പെടാന്‍ ഒന്നുമില്ല. ആസിഫ് അലി നന്നായി പരിശ്രമിച്ചു എങ്കിലും, അദ്ദേഹത്തിന് പറ്റിയത് സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ നമ്മള്‍ കണ്ടത് പോലെ ഒരു പാവം ചോക്കലേറ്റ് പയ്യന്റെ റോളുകളാണ്. . നായിക സംവൃത സുനിലും വളരെ മച്യുരിട്ടി ഉള്ള ഒരു ക്യാരക്ടര്‍ അതിന്റെ തനിമയോടെ ചെയ്തു. എടുത്തു പറയേണ്ട മറ്റൊന്ന് ബാബു രാജിന്റെ റോളാണ്. ഒരു ഗുണ്ട ലുക്ക് ഉള്ള, വളരെ ബോള്‍ഡ് ആയ ഒരു വൈദികന്റെ വേഷം. അത് പലപ്പോഴും തിയേറ്ററില്‍ ചിരി പടര്‍ത്തി. മറ്റൊന്ന് ആസിഫിന്റെ അമ്മയുടെ റോള്‍ ചെയ്ത ലെനയാണ്. പതിവുപോലെ അവരുടെ വേഷത്തോടും അവര്‍ നീതി പുലര്‍ത്തി.

സിനിമ മൊത്തത്തില്‍:

ആദ്യം പറഞ്ഞത് പോലെ കഥയില്‍ വലിയ പുതുമ ഒന്നും തന്നെ ഇല്ല. ആസിഫ് അലിയുടെ ഡോണ്‍ ക്യാരക്ടര്‍ അദ്ദേഹത്തിന് തീരെ യോജിക്കാത്ത ഒരു കഥാപാത്രമായി തോന്നി. മറ്റൊന്ന് സെമിനാരിയെയോ , വൈദിക വിദ്യാര്‍ത്ഥികളെയോ അവരുടെ ജീവിത രീതികളെയോ പറ്റി ഒരു ചുക്കും അറിയാത്ത സംവിധായകന്‍, അതിനെപ്പറ്റി അല്പം പഠനം എങ്കിലും നടത്താതെ കഥയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പടത്തിന്റെ ഒരു പോരായ്മ ആയി. അതില്‍ ഒന്നാമത്തെ മണ്ടത്തരം സെമിനാരി വിദ്യാര്‍ഥികള്‍ ഐ ടി ഐ യില്‍ പഠിക്കാന്‍ പോവുന്നതാണ് . ആര്‍ട്സ് വിഷയങ്ങളിലോ ഫിലോസഫി പോലുള്ള വിഷയങ്ങളിലോ മാത്രം പഠനം അനുവദിച്ചിരിക്കുന്ന സെമിനാരികളില്‍, ഐ ടി ഐ യില്‍ പോയി പഠിക്കുന്നത് ഒരു വൈദികന് ഭാവിയില്‍ എങ്ങനെ ഗുണം ചെയ്യും എന്ന് ചിന്തിക്കാന്‍ പോലും സംവിധായകന്‍ മിനക്കെട്ടിട്ടില്ല.

തീരെ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, മിക്ക പടങ്ങളിലും ഉള്ളത് പോലെ സെക്കണ്ട് ഹാഫിലുള്ള ഇഴച്ചിലാണ്. ആസിഫിന്റെ ചില ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും പലപ്പോഴും തിയേറ്ററില്‍ കൂവലുകള്‍ ഉയര്‍ത്തി. വിഷ്വല്‍ ഇഫക്ടുകള്‍, സ്ലോ മോഷനുകള്‍, തുടങ്ങി പലതും വച്ചങ്ങു അലക്കി സെക്കണ്ട് ഹാഫ് എന്ന് വേണമെങ്കില്‍ പറയാം.

കുറെ നാള്‍ കഷ്ടപ്പെട്ട്, പലരുടെയും പണം ഇറക്കി, പലരുടെയും സമയം ചിലവഴിച്ചു ഒരു പടം ഇറക്കുമ്പോള്‍ എന്തെങ്കിലും കാട്ടി കൂട്ടുക എന്നതില്‍ കവിഞ്ഞു ആ കഥയോടും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പലരോടും, മുന്നിലിരുന്നു കാണുന്ന കാണികളോടും അല്പം കൂടി സ്നേഹം (സിനിമയിലൂടെ) കാട്ടുക. അതിനു നല്ല ഒരു സ്ക്രിപ്റ്റ് ആദ്യം തയ്യാറാക്കുക. പ്രിയ സംവിധായകരെ, നല്ലൊരു പക്ഷം ജനങ്ങളും സിനിമ കാണാന്‍ വരുന്നത് നായകനെ കാണാനോ, അവരുടെ സ്ലോമോഷന്‍ നടത്തവും, ആക്ഷന്‍ രംഗങ്ങളും കാണാനോ അല്ല. അത് കൊണ്ട് തട്ടി കൂട്ടാതെ സമയം എടുത്തു നല്ല സിനിമകള്‍ ഇറക്കുക.

ഇടുക്കിക്കാരന്റെ മാര്‍ക്ക് :
5/10

Tuesday, October 6, 2009

കാണാകണ്മണി

Film Review:

സിനിമയുടെ സന്ദേശം:

ഭ്രൂണഹത്യ എന്ന മഹാപാപത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.എത്ര വര്ഷം കഴിഞ്ഞാലും അതിന്റെ ദുശ്ചിന്തകള്‍ മാതാപിതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കും

സിനിമ മൊത്തത്തില്‍:

വെറുതെ ഒരു ഭാര്യയുടെ വിജയത്തിന് ശേഷം അക്കു അക്ബര്‍ ജയറാം ടീം വീണ്ടും ഒന്നിക്കുന്ന കാണാകണ്മണി തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് മലയാളി പ്രേക്ഷകരെ വരവേല്‍ക്കുന്നത്. കുടുംബനാഥനും architectഉം ആയ റോയി എന്ന കഥാപാത്രത്തെ ജയറാമും, ഭാര്യാ വേഷം പത്മപ്രിയയും അവതരിപ്പിക്കുമ്പോള്‍, മകളായി ബേബി നിവേദിത അനഘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . മിശ്ര വിവാഹിതരായ ഇവര്‍ സുഖകരമായ ജീവിതം നയിക്കുന്നു. അവരുടെ ഒരേ ഒരു മകളാണ് അനഘ.ജയറാം ക്രിസ്ത്യാനിയും പത്മപ്രിയ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമാണ്.ജയറാമിന്റെ തൃശ്ശൂര്‍ക്കാരനായ അച്ഛനായി വിജയരാഘവന്‍ എത്തുമ്പോള്‍ പത്മപ്രിയയുടെ അമ്മയായി സുകുമാരി കസറുന്നു.

സിനിമയുടെ ആദ്യപകുതി അവരുടെ സാധാരണ ജീവിതത്തിലെ കോമഡികള്‍ ഒക്കെയായി മുന്നേറുന്നു. കഥയുടെ തിരിവ് വരുന്നത് അവര്‍ ഫാമിലി ടൂര്‍ പോകാന്‍ തീരുമാനിക്കുന്നതോടെയാണ്. അച്ഛനും അമ്മയും സിംഗപൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങള്‍ തീരുമാനിക്കുമ്പോള്‍ മകള്‍ അവരുടെ ഒരു പഴയ വീട്ടിലേക്കു പോകാന്‍ ശാഠൃം പിടിക്കുന്നു. അവസാനം പിടിവാശിക്കാരിയായ മകളുടെ സന്തോഷത്തിനായി അവര്‍ അടച്ചു പൂട്ടി ഇട്ടിരുന്ന ആ വീട്ടിലെത്തുന്നു. അവിടെ വച്ച് അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ. സുരാജ് വെഞ്ഞാറമൂട് ആ വീട്ടിലെ കാര്യസ്ഥനും സ്ഥലവും വീടും നോക്കി നടത്തുന്ന ആളാണ്‌.

GAURI The Unborn എന്ന ഹിന്ദി സിനിമയുടെ remake ആണ് കാണാകണ്മണി. വ്യത്യസ്തമായ ഒരു സിനിമ അനുഭവം പകരാന്‍ അക്കു അക്ബറിന് കഴിയുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്തായാലും നല്ല ഒരു message കൊടുക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

കഥാപാത്രങ്ങള്‍:

എടുത്തു പറയേണ്ട കഥാപാത്രം ബേബി നിവേദിതയാണ്. അവളാണ് ഈ ചിത്രത്തിലെ നായിക. സിനിമാ ഭാവിയിലെ ഒരു വാഗ്ദാനമാണ് നിവേദിത. ഇത്ര അഭിനയ ശേഷിയുള്ള ഒരു ബാലതാരം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ജയറാം കുറെ കാലത്തിനു ശേഷം അല്പം അഭിനയിച്ചത് ഈ ചിത്രത്തിലാണെന്നു തോന്നി. പത്മപ്രിയ സാധാരണ പോലെ നല്ല അഭിനയം കാഴ്ച വച്ചു. ജയറാമിന്റെ അപ്പന്‍ വിജയ രാഘവനും പത്മപ്രിയയുടെ അമ്മ സുകുമാരിയും തമ്മിലുള്ള പോര് തമാശ ജനിപ്പിക്കുന്നു. സുരാജ് ഓവര്‍ ആക്കാതെ കാണിച്ച നമ്പറുകള്‍ തിയേറ്ററില്‍ പൊട്ടിച്ചിരി വിതറി. ബിജു മേനോന്‍ പതിവ് പോലെ maturity ഉള്ള ഒരു കഥാപാത്രം ആയിരുന്നു. പത്മപ്രിയയുടെ അച്ഛന്‍ നെടുമുടി വേണു ആണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം.

Positives:

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരു പ്രമേയം കൊണ്ടുവരാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. മുഖ്യധാരയില്‍ നിന്നും വ്യത്യസ്തമായ ഒരു തീമുമായി ഈ ചിത്രം വരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും ഓണത്തിന് ഇറങ്ങാത്തത് കൊണ്ട് മാത്രമല്ല, കഥയുടെ വ്യത്യസ്തത കൊണ്ട് കൂടി ഈ ചിത്രം ശ്രദ്ധിക്കപ്പെടും. ഭ്രൂണഹത്യയ്ക്കെതിരെയുള്ള സന്ദേശം ഈ ചിത്രം നല്‍കുന്നു. ഈ ചിത്രം കാണുന്ന ദമ്പതികള്‍ ഒരിക്കലും ഭ്രൂണഹത്യ ചെയ്യാന്‍ ഒരുങ്ങില്ല എന്ന്‍ എനിക്ക് തോന്നുന്നു. അബോര്‍ഷന്‍ ചെയ്യുന്നതിന് മുന്‍പ് റോയിയും മായയും ഡോക്ടറെ consult ചെയ്യുന്ന സീനില്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ടു പത്മപ്രിയയുടെ കൈ തട്ടി ഗര്‍ഭ പാത്രത്തിന്റെ ഒരു clay model ഡോക്ടറുടെ മേശയില്‍ നിന്നും വീഴുന്നു. അപ്പോള്‍ അതില്‍ നിന്നും വേര്‍പെട്ട ഭ്രൂണം മേശയില്‍ കിടക്കുന്ന സീന്‍ നല്ല ഒരു creativity ആയി തോന്നി.

Negatives:

Negative ആയി പറയാന്‍ അധികം ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. സിനിമയുടെ സെക്കന്റ്‌ ഹാഫ് അല്പം വലിച്ചു നീട്ടിയത്‌ പ്രേക്ഷകരെ ബോറടിപ്പിക്കും. രണ്ടര മണിക്കൂര്‍ തികയ്ക്കാനായി വലിച്ചു നീട്ടുന്നതിലും നല്ലത് രണ്ടു മണിക്കൂര്‍ കൊണ്ട് പടം തീര്‍ക്കുന്നത് ആയിരുന്നു. സിനിമയുടെ ദൈര്‍ഘൃം അതിന്റെ വിജയത്തിന് ആവശ്യം ഇല്ല എന്ന്‍ 4 ദ പീപ്പിള്‍ എന്ന സിനിമ തെളിയിച്ചതാണ്. പ്രേക്ഷകര്‍ ഇപ്പോഴും നോക്കുന്നത് ബോര്‍ അടിപ്പിക്കാത്ത, പുതിയ തീമുകള്‍ ഉള്ള സിനിമകളാണ്.