Showing posts with label humour. Show all posts
Showing posts with label humour. Show all posts

Thursday, December 17, 2009

മലയാളിയുടെ ക്രിസ്മസ് ഉഡായിപ്പ്

കൊച്ചി നഗരത്തിലെ തിരക്കേറിയ ബ്രോഡ് വേ... നട്ടുച്ച നേരം. ക്രിസ്മസ് കാലമായതിനാല്‍ നക്ഷത്രങ്ങള്‍, പുല്‍ക്കൂട്‌ ഉണ്ടാക്കാനുള്ള സാധങ്ങള്‍, മറ്റു ക്രിസ്മസ് ആര്‍ട്ടിക്കിളുകള്‍ എല്ലാം നിറഞ്ഞു കിടക്കുന്ന കടകള്‍. അവിടെയുള്ള ഒരു ഇന്റര്‍നെറ്റ്‌ കഫെയില്‍ നിന്നു തിരികെ വരുകയായിരുന്നു ഞാന്‍ . ക്രിസ്മസ് സ്പെഷ്യല്‍ പ്ലാസ്റ്റിക്‌ മാലകള്‍ വില്‍ക്കുന്ന ഹിന്ദിക്കാരാണ് വഴി നിറയെ.

“നാല് മാല പത്തു റൂപ...

നാല് മാല പത്തു റൂപ...

നാല് മാല പത്തു റൂപ...”

പതിനഞ്ചോ പതിനെട്ടോ പ്രായം വരുന്ന ഒരു ഹിന്ദി പയ്യന്‍. ആരോ പഠിപ്പിച്ചു കൊടുത്ത മലയാളത്തില്‍ അവന്‍ വിളിച്ചു പറയുകയാണ്‌ അത് കണ്ടു കൊണ്ട് നിന്ന രണ്ടു ചെറുപ്പക്കാര്‍ അവന്റെ അടുത്തേക്ക്‌ വന്നു. കണ്ടിട്ട് വേറെ കച്ചവടക്കാരാണെന്ന് തോന്നി

“യേ ആപ് ക്യാ ബോല്‍ രഹെ ഹൈ? “

“ജീ...?”

“’നാല് മാല പത്തു റൂപ’ മദലബ് ക്യാ ഹൈ?”

“ജീ... ചാര്‍ മാലാവോം കേലിയെ ദസ് റൂപയാ”

“കോന്‍ ബോല്‍ ദിയ യേ ബാക്വാസ്...?”

“ജീ... ക്യാ ബാക്വാസ് ഹൈ...?” ഹിന്ദിക്കാരന്‍ ആകാംഷയോടെ ചോദിച്ചു.

“അബ്ബെ തൂ ജാന്‍ത്തേ ഹൈ, 'മാല' മദലബ് ക്യാ ഹൈ?”

“ജി മാല മദലബ് യേ മാലാ ഹൈ”

“വോ തോ ഹിന്ദി മേം ഹൈ. കോന്‍ ബോല്‍ ദിയാ യേ...?”

“മേരെ ഏക്‌ ദോസ്ത് നേ ബതാ ദിയാ ഥാ...”

“തേരെ ദോസ്ത് നേ തുച്ചേ ഉല്ലൂ ബനായാ... ഇസ്കോ ‘മാലാ’ നഹി ‘കു****’ ബോല്‍ത്തെ ഹൈ.”

“കു****.?”

“യെസ്, ഇസ്കോ മലയാളം മേം കു****ബോല്‍ത്തെ ഹൈ.”

ഹിന്ദിക്കാരന്റെ ഉള്ളം നിറഞ്ഞു.

“ആപ്കാ ബഹുത് ശുക്രിയാ ആപ് ജൈസേ ആദ്മി കേരള മേം ബഹുത് കം ഹോത്തെ ഹൈ”

‘നോ മെന്‍ഷന്‍ പ്ലീസ്’ എന്ന മട്ടില്‍ നമ്മുടെ ചേട്ടന്മാര്‍ നിന്നു

“തോ.... "ചാര്‍ കു**** ദസ് റുപ്പയാ" ടീക്‌ ഹൈ നാ...?”

“ബില്‍കുല്‍” നമ്മുടെ മലയാളി സഹായി പറഞ്ഞു

പാവം ഹിന്ദിക്കാരന്‍ ഉഡായിപ്പ് മലയാളിയെ മനസ്സിലാക്കാതെ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി

“ചാര്‍ കു**** ദസ് റുപ്പയാ...

ചാര്‍ കു****ദസ് റുപ്പയാ...

ചാര്‍ കു**** ദസ് റുപ്പയാ...”

ഇതൊക്കെ കണ്ടു രസിച്ചു നമ്മുടെ മലയാളികള്‍ അവിടെത്തന്നെ നിന്നു.

ഹല്ല പിന്നെ...


Email: idukkikaransimil@gmail.com

Monday, November 30, 2009

ലേലം

അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ ഇടവക പള്ളിയിലെ സജീവ അള്‍ത്താര ബാലനായിരുന്നു. എട്ടാം ക്ലാസ്സില്‍എത്തിയപ്പോള്‍ അതില്‍ഒരു പ്രൊമോഷന്‍ കിട്ടി. ഞായറാഴ്ച രാവിലത്തെ കാര്‍ന്നോന്‍ മാരുടെ കുര്‍ബാനയ്ക്ക് അള്‍ത്താര ശുശ്രൂഷി ആകണം. വേദോപദേശം പഠിക്കുന്ന കുട്ടികള്‍ 10.30 am നുള്ള "കുട്ടികളുടെ കുര്‍ബാന"യില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.അതിനു ശേഷം വേദോപദേശ ക്ലാസ്. കുട്ടികളെരണ്ടാമത്തെ കുര്‍ബാനയ്ക്ക് മാത്രമേ വിടാവൂ എന്ന് വികാരിയച്ചന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നു. രാവിലത്തെ കുര്‍ബാന കപ്യാര്‍ കുഞ്ഞേട്ടായിക്ക് തന്നെ മാനേജ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് സഹായിയായി ഞാനും കൂടി. ഏഴു മണിക്ക് പാലുമായി മില്‍മ ബൂത്തിലേക്ക്. അവിടെ നിന്ന് വന്നിട്ട് പാല്‍ പാത്രം അടുത്തുള്ള ചായക്കടയില്‍ വച്ച് 7. 30 നു കുര്‍ബാന. അതിനു ശേഷം വീണ്ടും 11.30 ആകുമ്പോള്‍ വേദോപദേശ ക്ലാസ്സിനു വീണ്ടും പള്ളിയിലേക്ക്. ഇതായിരുന്നു എന്റെ സണ്‍‌ഡേ ടൈം ടേബിള്‍

കുര്‍ബാനയ്ക്ക് ശേഷം നോട്ടീസ്, സണ്‍‌ഡേ ശാലോം, സത്യദീപം എന്നിവ വിതരണം ചെയ്യാന്‍ എനിക്ക് വലിയ താല്പര്യമായിരുന്നു. ഇങ്ങനെ എല്ലാ ആഴ്ചയും ഓരോരോ വിതരണങ്ങളുമായി പോകുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടായിരുന്നു. കുര്‍ബാന കഴിഞ്ഞു ആളുകള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഇരമ്പലിനു മുകളിലൂടെ കുഞ്ഞേപ്പ് ചേട്ടന്റെ ശബ്ദം ഉയരും...

"പാലൊരു കുപ്പി, പത്തു രൂപ..." അല്ലെങ്കില്‍ " താറാമൊട്ട പത്തെണ്ണം, ഇരുപതു രൂപ..."

ഇടവകപ്പള്ളിയിലെ ലേലങ്ങളെല്ലാം മാനേജ് ചെയ്തിരുന്നത് കുഞ്ഞേപ്പ് ചേട്ടനായിരുന്നു. ( അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല)

അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ "പരിപാടി" വളരെ ഇഷ്ടപ്പെട്ടു. ഒരാള്‍ പത്ത് എന്ന് പറയുമ്പോള്‍ മറ്റെയാള്‍ പന്ത്രണ്ട് എന്ന് പറയും, അപ്പോള്‍ അടുത്തയാള്‍ പതിനഞ്ച് എന്ന് പറയും. വെരി ഇന്ററസ്റ്റിംഗ്...

അങ്ങനെ ഒരു ദിവസം നോട്ടീസുമായി നടക്കുന്നതിനിടയില്‍ ഞാനും ലേല സ്ഥലത്ത് എത്തി നോക്കി.

"പതിനഞ്ച് രൂപ ഒരു തരം... പതിനഞ്ച് രൂപ ഒരു തരം...."

കുഞ്ഞേപ്പ് ചേട്ടന്‍ ഒരു കുപ്പി പാലുമായി ലേലം വിളിക്കുന്നു. അപ്പൊ ദേ അടുത്തയാള്‍ "പതിനാറു രൂപ"

എന്തായാലും ഞാനും വിട്ടു കൊടുത്തില്ല. തല ഉയര്‍ത്തി, നെഞ്ചു വിരിച്ച്, വരും വരായ്മകളെ ഓര്‍ക്കാതെ ഒറ്റ വിളി അങ്ങ് വിളിച്ചു.

"പതിനെട്ടു രൂപ"

എന്നിട്ട് എല്ലാവരെയും നോക്കി ഒരു വളിച്ച ചിരിയും പാസ്സാക്കി പോയി.

നോട്ടീസ് വിതരണം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഒരു ശബ്ദം

"ഡാ നിക്കടാ..."

കുഞ്ഞെപ്പു ചേട്ടനാണ്. കയ്യില്‍ ഒരു കുപ്പി പാല്‍

"ന്താ...?"

"ന്നാ പാല്"

"പാലോ? ന്തിന്...?"

"നീയല്ലേ പതിനെട്ടു രൂപയ്ക്ക് പാല് വിളിച്ചത്?"

"ഹേയ്...പാലോ? ഞാനോ? ന്റെ ചേട്ടാ, രാവിലെ പത്ത് ലിറ്റര്‍ പാല് മില്‍മയില്‍ കൊടുത്തിട്ട് വന്ന എനിക്കെന്തിനാ ഒരു കുപ്പി പാല്? വീട്ടില്‍ ഷ്ട്ടം പോലെയുണ്ട്..."

"അതൊന്നും എനിക്കറിയില്ല. നീയല്ലേ പതിനെട്ടു രൂപയ്ക്ക് പാല് വിളിച്ചത്?" കുഞ്ഞേപ്പ് ചേട്ടന്റെ ശബ്ദം ഉയര്‍ന്നു. ആളുകള്‍ കൂടി, ഞാന്‍ ആകെ ആപ്പിലായി.

"ന്താ...ന്താ പ്രശ്നം?" ആളുകള്‍ ഇടപെട്ടു തുടങ്ങി.

"മത്തായീടെ ചെര്‍ക്കന്‍ ഒരു കുപ്പി പാല് വിളിച്ചു. ഇപ്പൊ പറേന്നു വേണ്ടാന്ന്..."

മത്തായീടെ ചെര്‍ക്കനായ ഞാന്‍ കണ്ണടച്ച് ഒരു കാച്ചങ്ങു കാച്ചി. " ഹേയ്, ഞാന്‍ ലേലം വിളിച്ചിട്ടില്ല. അല്ലേലും എനിക്കെന്തിനാ പാല്? വീട്ടില്‍ ഇഷ്ടം പോലെയുള്ളതല്ലേ...?

"ശരിയാണല്ലോ, അവന്റെ വീട്ടില്‍ കറവയുള്ളതാ..." ഒരു നല്ല അയല്‍വാസി മൊഴിഞ്ഞു.

"പക്ഷെ, അവന്‍ പതിനെട്ടു രൂപാന്നു പറേണതു ഞാന്‍ കേട്ടതാ"

ആള്‍കൂട്ടത്തില്‍ നിന്നും ഒരു വൃത്തി കെട്ട കാര്‍ന്നോര്.

കാര്യങ്ങള്‍ ഇത്രയും ആയപ്പോഴേക്കും മത്തായി അതായത് എന്റെ അപ്പന്‍ വിവരമറിഞ്ഞ് അങ്ങോട്ട്‌ വന്നു. "എന്താ പ്രശ്നം...?" "എന്താടാ?" എന്നോടാണ്.

കുഞ്ഞേപ്പ് ചേട്ടന്‍ ഇടപെട്ടു.

"ന്റെ മത്തായീ, നിന്റെ ചെര്‍ക്കന്‍ 18 രൂപയ്ക്ക് ഒരു കുപ്പി പാല് ലേലം വിളിച്ചു. ഇപ്പ പറേണു വിളിച്ചില്ലാന്ന്‍"

"എന്തിനാടാ പാല് വിളിച്ചത്? നമ്മുടെ വീട്ടില്‍ ഇഷ്ടം പോലെ പാല് ഉള്ളതല്ലേ?"

ഇടം വലം നോക്കാതെ ഞാന്‍ പറഞ്ഞു: "ഞാന്‍ വിളിച്ചിട്ടില്ല"

"അല്ല മത്തായീ, അവന്‍ വിളിക്കുന്നത് ഞാന്‍ കേട്ടതാ" ആദ്യം പറഞ്ഞ കെളവന്‍...ഈ തെണ്ടി ഇത് വരെ പോയില്ലേ...?
അങ്ങനെ നില്‍ക്കുമ്പോള്‍ അച്ചാച്ചന്‍ കുഞ്ഞേപ്പ് ചേട്ടന്റെ കയ്യില്‍ നിന്നും പാല് വാങ്ങി എന്റെ കയ്യില്‍ തന്നു. ലേലത്തുക മുഴുവന്‍ കുഞ്ഞെപ്പു ചേട്ടന് നല്‍കി.

ഒരു കുപ്പി പാലുമായി വരുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.

"ഇതെവിടുന്നാടാ പാല്?"

ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു.

കുടുംബ സദസ്സിന്റെ ആഭിമുഖ്യത്തില്‍ അന്ന് നടക്കാനിരുന്ന ഒരു റാലിയില്‍ ഉള്ള കോലടിയില്‍ ഞാനും ഉണ്ടായിരുന്നു. അന്ന് ഉച്ച കഴിഞ്ഞാണ് റാലി. രാവിലെ അതിന്റെ പ്രാക്ടീസ് ചെയ്യാന്‍ പോകാന്‍ ഉണ്ടായിരുന്നു. അതിനായി കാപ്പിയുടെ രണ്ടു വടി പ്രത്യേകം ചെത്തി മിനുക്കി വച്ചിരുന്നു. തോട്ടില്‍ കുളിക്കാന്‍ പോകാനായി എളുപ്പത്തിനു ഒരു തോര്‍ത്തു മാത്രം ഉടുത്തു കൊണ്ട് ഞാന്‍ മുറ്റത്ത്‌നില്‍ക്കുകയായിരുന്നു.

അപ്പോളാണ് അച്ചാച്ചന്‍ പള്ളിയില്‍ കഴിഞ്ഞ് വീട്ടിലേക്കു വന്നത്. കുളിക്കാന്‍ പോകാന്‍ തുടങ്ങിയ എന്നോട് നില്‍ക്കാന്‍ പറഞ്ഞു

പിന്നെ അവിടെ നടന്നത് കാപ്പി വടി കൊണ്ടുള്ള ഒരു പ്രയോഗമായിരുന്നു. തല്ലിന് ശേഷം മുട്ടിന്മേല്‍ നിര്‍ത്തുക എന്നൊരു രീതി കൂടി ഉണ്ട്. മുട്ടിന്മേല്‍ നില്‍ക്കുന്ന എന്നോട് കൂടെ ഒരു ഉപദേശവും.

"നിന്നെ തല്ലിയത് പാല് ലേലം വിളിച്ചതിനല്ല. അത്രയും ആളുകളുടെ മുന്‍പില്‍ വച്ച് കള്ളം പറഞ്ഞതിനാണ്"

എന്തായാലും ആ സംഭവത്തിന്‌ ശേഷം എപ്പോള്‍ ലേലം കണ്ടാലും എനിക്ക് ഈ സംഭവം ഓര്മ വരും.


ഇമെയില്: idukkikaransimil@gmail.com

Tuesday, October 6, 2009

കാലന്കുട്ടി (Kaalankutty)

കാലന്‍കുട്ടി മറ്റാരുമല്ല, എന്റെ വല്ല്യപ്പനാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് തറപ്പില് ഉലഹന്നാന്‍ മാണി എന്നാണ്. വല്യപ്പന്‍ എന്നാല്‍ എന്റെ അമ്മയുടെ അപ്പന്‍. നേര്യമംഗലം ഊന്നുകള്‍ ഭാഗത്ത് നിന്നും 1960 സില്‍ ഇടുക്കി മലനിരകള്‍ എക്സ്‌പ്ലോര്‍ ചെയ്തു എന്റെ വല്യപ്പനും സംഘവും. കാട്ടാനയോടും കാട്ടുപോത്തിനോടും പോരാടി അവിടെ പൊന്ന്‍, സോറി കുരുമുളകും ഏലവും വിളയിച്ചു.

പതിയെ പതിയെ അക്കാലത്തെ ഏതൊരു ആമ്പിളയെയും പോലെ എന്റെ വല്യപ്പനും കള്ള് കഞ്ചാവ് തുടങ്ങിയ ഭക്ഷണ പദാര്‍തഥങ്ങളോട് സ്നേഹം കാട്ടി തുടങ്ങി. അങ്ങനെ വന്നു വന്നു ഡെയിലി ഒരു പൊതി കഞ്ചാവ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ല് മുറിയെ പണി എടുക്കും. വൈകുന്നേരം മദ്യസേവ കഞ്ചാവ്സേവ തുടങ്ങിയ സേവനങ്ങള്‍ക്ക് ശേഷം മദയാന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ ഒരു വരവുണ്ട്. എന്റെ വല്യപ്പന്‍ ഏകദേശം ആറടി മൂന്നിഞ്ച് പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ചെറിയ മനുഷ്യനാണ്. ആ വരവില്‍ ഇഷ്ടപ്പെടാത്തവരെയൊക്കെ ഓരോ താങ്ങ് താങ്ങും. ബാക്കി ഉള്ളവരെ തെറി വിളിക്കും. അങ്ങനെയാണ് കാലന്കുട്ടി എന്നാ ഓമനപ്പേര് സമ്പാദിച്ചത്. പക്ഷെ ആ പേര് ആരും നേരിട്ട് വിളിച്ചിട്ടില്ല, കാരണം പേടി തന്നെ. അതുകൊണ്ട് ആളുകള്‍ കുട്ടിച്ചേട്ടന്‍ എന്ന് കേള്‍ക്കെയും കാലന്കുട്ടി എന്ന് കേള്‍ക്കാതെയും വിളിച്ചുപോന്നു.

ഒരിക്കല്‍ അദ്ദേഹം കള്ളുകുടി മോര്‍ണിംഗ് ഷിഫ്ററിലേക്ക് മാറ്റി. അക്രമം അതിര് കടന്നപ്പോള്‍ എന്റെ അങ്കിള്‍സ് അദ്ദേഹത്തെ വീടിന്റെ മുറ്റത്ത്‌ ഒരു കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. കട്ടിലില്‍ കെട്ടിയിടപ്പെട്ട വല്യപ്പന്‍ അവിടെ കിടന്നു കൊണ്ട് കെട്ടിയിട്ട മക്കളെയും നാട്ടുകാരെയും ഒക്കെ തെറി വിളിച്ചു.

അപ്പോഴാണ് ഞങ്ങളുടെ ഒരു അയല്‍വാസിയായ സോമന്‍ ചേട്ടന്‍ അങ്ങോട്ട്‌ വന്നത്. നിങ്ങള്ക്ക് ഒരു ഏകദേശ രൂപം കിട്ടാനായി പറയാം, നമ്മുടെ സിനിമാ നടന്‍ കൃഷ്ണന്‍ കുട്ടി നായരെപ്പോലെയാണ് ഈ സോമന്‍ ചേട്ടന്‍. ശുദ്ധ പാവവും വളരെ സ്നേഹം ഉള്ള ആളുമാണ് സോമന്‍ ചേട്ടന്‍ സോമന്‍ ചേട്ടന്‍ അന്നും ഇന്നും ചായക്കട നടത്തുന്നു. കൂടാതെ സോമന്‍ ചേട്ടന് എന്‍റെ അമ്മവീടിന്റെ അടുത്ത് തന്നെയായി ഒരു റബ്ബര്‍ തോട്ടമുണ്ട്. ഫുള്‍ ടൈം ജോബ്‌ ആയി ചായക്കടയും പാര്‍ട്ട്‌ ടൈം ജോബ്‌ ആയി റബ്ബര്‍ തോട്ടവും.

രാവിലെ ഒരു പത്തു പതിനൊന്നു മണി ആയിക്കാണും. റബ്ബര്‍ പാല്‍ എടുക്കാനായി പറമ്പില്‍ വന്ന സോമന്‍ ചേട്ടന്‍ തെറിയും ബഹളവും കേട്ടാണ്‌ അങ്ങോട്ട്‌ വന്നത്. നോക്കിയപ്പോള്‍ കാണുന്നത് തന്‍റെ അയല്‍വാസിയായ കാലന്കുട്ടിയെ അല്ല കുട്ടിച്ചേട്ടനെ അതാ മക്കള്‍ കട്ടിലില്‍ കെട്ടി ഇട്ടിരിക്കുന്നു. സോമന്‍ ചേട്ടന് കാര്യം പിടികിട്ടി. എന്നാലും കുട്ടിച്ചേട്ടനെ ഒന്ന് സോപ്പിടാന്‍ പറ്റിയ സമയം തന്നെ ഇത്.

" എന്ത് പറ്റി കുട്ടിച്ചേട്ടാ?"

"എന്‍റെ സോമാ, ഈ ***** മക്കള്‍ എന്നെ കെട്ടിയിട്ടെടാ..."

ഇതൊന്നും ശ്രദ്ധിക്കാതെ അങ്കിള്‍സ് പറമ്പില്‍ പണിയെടുത്തു കൊണ്ടിരുന്നു.

"ആരാടാ എന്‍റെ കുട്ടിച്ചേട്ടനെ ഇങ്ങനെ കെട്ടിയിട്ടത്‌? "

അങ്കിള്‍മാര്‍ സോമന്‍ ചേട്ടനോട് പറഞ്ഞു

"ചേട്ടാ ആളിന്നിത്തിരെ വയലന്റ് ആണ്. അത്കൊണ്ട് അടുത്ത് പോകണ്ട"

"നീ പോടാ, അതിനു സ്വന്തം തന്തയെ കെട്ടിയിടുകയാണോ ചെയ്യേണ്ടത്‌? "

സോമന്‍ ചേട്ടന്റെ ധാര്‍മിക രോഷം ഉണര്‍ന്നു.

"എടാ സോമാ എന്നെ അഴിച്ചു വിടടാ"

കുട്ടിച്ചേട്ടനെ സോപ്പിടാന്‍ പറ്റിയ സമയമാണ്. "അതിനെന്താ കുട്ടിച്ചേട്ടാ ഞാന്‍ ഇപ്പൊ അഴിച്ചു വിടാം"

അങ്കിള്‍മാര്‍ വീണ്ടും പറഞ്ഞു, " സോമന്‍ ചേട്ടാ വേണ്ടാ, വെറുതെ പണിയാക്കരുത്"

“നിങ്ങള്‍ പോടാ, ഞാന്‍ എന്‍റെ ഫ്രണ്ട് കുട്ടിച്ചേട്ടനെയാ അഴിച്ചു വിടാന്‍ പോകുന്നത്.”

എന്ന് പറഞ്ഞു സോമന്‍ ചേട്ടന്‍ എന്‍റെ വല്യപ്പന്റെ കെട്ടുകള്‍ അഴിച്ചു. സ്വതന്ത്രനായ വല്യപ്പന്‍ കള്ളിന്റെ കെട്ടുവിടാതെ തന്നെ സോമന്‍ ചേട്ടനെ ഒന്ന് തുറിച്ചു നോക്കി. സോമന്‍ ചേട്ടന്‍ ഹരിശ്രീ അശോകന്‍ മോഡല്‍ ഒരു ചിരി ചിരിച്ചു.

പെട്ടന്നാണ് വല്യപ്പന്റെ ഉള്ളിലെ കഞ്ചാവ് ഉണര്‍ന്നത്.

"നായിന്റെ മോനെ നീ ആണല്ലേ എന്നെ കെട്ടി ഇട്ടത്‌?"

സോമന്‍ ചേട്ടന്റെ കണ്ണ് തള്ളിപ്പോയി.

അയ്യോ കുട്ടിച്ചേട്ടാ ഞാനാ അഴിച്ചു വിട്ടത്‌.

" **** മോനെ നിന്നെ ഇന്ന് ഞാന്‍ ശരിയാക്കും"

ഇതും പറഞ്ഞു കൊണ്ട് വല്യപ്പന്‍ മുറ്റത്ത്‌ കിടന്ന ഒരു വിറകു കഷണവുമായി സോമന്‍ ചേട്ടന്റെ നേരെ പാഞ്ഞടുത്തു. അങ്കിള്‍സ് ഓടിയെത്തി വീണ്ടും കഞ്ചാവിന്റെ കെട്ട് വിടുന്നത് വരെ കട്ടിലില്‍ കെട്ടിയിട്ടു.

അന്ന് സോമന്‍ ചേട്ടന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല എന്ന് കേള്‍ക്കുന്നു.

വാല്‍ക്കഷ്ണം: ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന എന്‍റെ വല്യപ്പന്‍ മരിച്ചിട്ട് എട്ടു വര്‍ഷത്തോളമായി. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഈ കഥ സമര്‍പ്പിക്കുന്നു. എന്‍റെ വല്യമ്മ വളരെ സങ്കടത്തോടെ എന്നോട് പറഞ്ഞു തന്ന ഒരു സംഭവമാണ് ഇത്‌. പക്ഷെ എനിക്കിതു രസകരമായി തോന്നി.

Email: idukkikaransimil@gmail.com

ഓണ വാള്

വളരെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ദിവസത്തെ ഓണാവധി കഴിഞ്ഞു തിരികെ എറണാകുളത്തേക്കുള്ള യാത്ര. മൂന്നാം തിയതി ഉച്ചക്കുള്ള ഷിഫ്റ്റില്‍ ആണ്. വീടിനടുത്തുള്ള കീരിത്തോട് എന്ന സ്ഥലത്ത് ബസ്‌ കാത്തു നില്‍ക്കുന്നു. തിരുവോണത്തിന്റെ അടുത്ത ദിവസം ആയതു കൊണ്ട് ബസില്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല എന്ന് ഉറപ്പാണ്‌. രാവിലെ തന്നെ വൃത്തി കെട്ട ഒരു മഴ. നീണ്ട കാത്തിരിപ്പിന് ശേഷം അവസാനം പൌര്‍ണമി ബസ്‌ വന്നു. ഇടിച്ചു കയറി നോക്കിയപ്പോള്‍ നല്ല തിരക്ക്. എന്തായാലും കമ്പിയില്‍ പിടിച്ചു തൂങ്ങി നില്ക്കാന്‍ തീരുമാനിച്ചു. അല്ലാതെ എന്നാ ചെയ്യാനാ?

കട്ടപ്പന മുതല്‍ എറണാകുളം വരെ പോകുന്ന ബസ്‌ ആണ് അത്. പതിവ് പോലെ മലയാളി മങ്കമാര്‍ മത്സരിച്ചു വാള് വയ്ക്കാന്‍ തുടങ്ങി (vomit) ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര്‍ രണ്ടെണ്ണം വീശിയിട്ട്‌ വാള് വയ്ക്കും. ചേച്ചിമാര്‍ ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള്‍ ആയിരിക്കും. കരിമ്പന്‍ മുതല്‍ നേരിയമംഗലം ആകുന്നതു വരെ ഈ പണി തുടരും. ബസ്സില്‍ സ്ത്രീകളുടെ സീറ്റ്‌ മുന്‍പില്‍ ആയതു കൊണ്ട് ഞങ്ങള്‍ പുരുഷന്മാരാണ് സഹിക്കുന്നത്. അല്ല, ഇതൊക്കെ ആര് കേള്‍ക്കാ നാ?

ബസിന്റെ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന ഞാന്‍ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് വാള് വയ്ക്കുന്നവരെ നോക്കി നി ന്നു. അപ്പോഴാണ് എന്റെ അടുത്ത് ഒരു ചേട്ടനും 7 - 8 വയസ്സ് വരുന്ന ഒരു പയ്യനും കയറിയത്‌. ബസ്സിലെ തിക്കിലും തിരക്കിലും അവരുടെ സംഭാവന നല്‍കിയ ആത്മനിര്‍വൃതിയില്‍ അവര്‍ അങ്ങനെ നിലകൊണ്ടു. പയ്യന്‍ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

മങ്കമാര്‍ വാളുവയ്ക്കല്‍ ഇത് വരെ നിര്‍ത്തിയിട്ടില്ല. എന്റെ ഈശ്വരാ ഇതെന്നാ വാള് മത്സരമാണോ?

ലോവര്‍ പെരിയാര്‍ കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് നിന്ന പയ്യന്‍ വായ പൊത്തി പിടിച്ചിരിക്കുന്നത് കണ്ടു. പാവം. വാളിന്റെ മണം അടിച്ചിട്ടാവാം. അവന്‍ അങ്ങനെ വായ പൊത്തിപ്പിടിച്ചു തന്നെ നില കൊണ്ടു.

തട്ടേക്കണ്ണി ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി വണ്ടി എടുത്തതും ഒരിക്കലും പ്രതീക്ഷിക്കാത്ത അത് സംഭവിച്ചു. പയ്യന്‍ വായില്‍ നിന്ന് കയ്യെടുക്കുകയും ഗ്വാ... എന്ന ശബ്ദത്തില്‍ ഒറ്റ വാളായിരുന്നു.

എന്തോ പന്തികേട്‌ തോന്നിയിരുന്ന ഞാന്‍ പെട്ടന്ന് ബോധവാനായി. MATRIX എന്ന സിനിമയില്‍ വെടി ഉണ്ട വരുമ്പോള്‍ ഒഴിഞ്ഞു മാറുന്ന പോലെ ഞാന്‍ ഒരു സൈഡിലേക്കു ഒഴിഞ്ഞു മാറി.

ഭാഗ്യം എന്റെ ഷര്‍ട്ടില്‍ വീണില്ല. പക്ഷെ അരുതാത്തത് സംഭവിച്ചു. ഞാന്‍ മാറിയ ഗ്യാപ്പില്‍ മുന്‍പില്‍ നിന്ന ചേട്ടന്റെ ഷര്‍ട്ടിലേക്ക് ആ ചിന്ന വാള്‍ പതിച്ചു.

പയ്യന്‍ വാള് വച്ച കാര്യം മനസ്സിലാക്കിയ തന്ത കൊച്ചിനെയും എടുത്തു ബസിന്റെ എക്സ്ട്രീം ബാക്കിലേക്ക്‌ പോയി. നമ്മുടെ ചേട്ടന്റെ പുറത്തു പയ്യന്‍ വാള് വച്ച കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. വാള് വച്ച് തളര്‍ന്നു മയങ്ങുന്ന ചേച്ചിമാരെ അദ്ദേഹം കാരുണ്യത്തോടെ വായിനോക്കുകയാണ്. ഷര്‍ട്ടിന്റെ ബാക്കില്‍ വാളിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് പറഞ്ഞുമില്ല

എനിക്ക് അദ്ദേഹത്തോട് ദയ തോന്നി. വൃത്തി കെട്ട സംസ്ക്കാരമില്ലാത്ത മലയാളീസ്‌. വാള് നോക്കി നില്‍ക്കുന്നു.

ഞാന്‍ പതിയെ അദ്ദേഹത്തിന്റെ തോളില്‍ തട്ടി വിളിച്ചു

"ചേട്ടാ..."

നീ ആരാടാ എന്ന രീതിയില്‍ ഒരു നോട്ടം

"എന്താ?"

"അല്ല ചേട്ടാ ഷര്‍ട്ടില്‍ അല്പം വാളായി"

"വാട്ട്‌?"

അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിരാവിലെ തന്നെ അലക്കി തേച്ചു ഭംഗിയായി കൊണ്ടുവന്ന ഷര്‍ട്ട്‌....

തന്നെ അടിച്ച വില്ലനെ സുരേഷ് ഗോപി നോക്കുന്ന പോലെ അയാള്‍ എന്നെ നോക്കി.

കണ്ണുകള്‍ ഒക്കെ ചുവന്നിരിക്കുന്നു.

"നിനക്കൊക്കെ ബസിന്റെ പുറത്തേക്കു വാള് വച്ച് കൂടെടോ"

അയാള്‍ ചൂടായി

മൈ ടിയര്‍ ചേട്ടാ, ഐ ആം നോട്ട് ദ വണ്‍ ഹൂ പുട്ട് വാള്‍ ഓണ്‍ യുവര്‍ ബ്യൂട്ടിഫുള്‍ ഷര്‍ട്ട്‌.

"അയ്യോ ചേട്ടാ അത് ഞാനല്ല."

എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ ബസ്സില്‍ വാള് വച്ചിട്ടില്ല. കള്ള് കുടിച്ചു പോലും വാള് വയ്ക്കാത്ത നിരപരാധി ആണ് ഞാന്‍.

"ഇവിടെ നിന്ന ഒരു പയ്യനാ വാള് പണിതത്‌."

അയാള്‍ അവിടെ ഒക്കെ നോക്കി. ഒരു പയ്യനും ഇല്ല. എന്റെ പുറകില്‍ 90 വയസ്സായ ഒരു കിളവന്‍ ഇരിപ്പുണ്ട്.

അയ്യോ ചേട്ടാ സത്യമായിട്ടും ഒരു ചേട്ടനും പയ്യനും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറകില്‍ പയ്യനെ വാള് വയ്പ്പിക്കുകയാ.

വിശ്വാസം വരാതെ അയാള്‍ പുറകിലേക്ക് എത്തി വലിഞ്ഞു നോക്കി ഞാന്‍ പറഞ്ഞത് ശരി ആണെന്ന് ഉറപ്പു വരുത്തി.

ഉം....

ഇരുത്തി ഒരു മൂളലോടെ അയാള്‍ തിരിഞ്ഞു നിന്ന് ആ പയ്യനെ പറ്റിയും അവനു അതി രാവിലെ ഫുഡ്‌ കൊടുത്ത അവന്റെ അപ്പനെയും അമ്മയെയും ഒക്കെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.

ഹാവൂ.... എന്തായാലും കേസില്‍ നിന്ന് ഞാന്‍ ഊരിയല്ലോ... അത് മതി.

വീട്ടില്‍ വന്നു കുളിച്ചു ഫുഡ്‌ കഴിച്ചു 1.30 pm ഷിഫ്റ്റിനു ലോഗ് ഇന്‍ ചെയ്തിട്ടും അങ്ങോരുടെ ചുവന്ന കണ്ണും ആ നോട്ടവും എന്റെ മനസ്സില്‍ നിന്ന് പോയില്ല

ഇനി മുതല്‍ ഒരാളുടെ ഷര്‍ട്ടില്‍ വാള്‍ അല്ല തേള്‍ കണ്ടാലും അത് പറയില്ല എന്ന് ഈ അനുഭവത്തോടെ തീരുമാനിച്ചു