അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ ഇടവക പള്ളിയിലെ സജീവ അള്‍ത്താര ബാലനായിരുന്നു. എട്ടാം ക്ലാസ്സില്‍എത്തിയപ്പോള്‍ അതില്‍ഒരു പ്രൊമോഷന്‍ കിട്ടി. ഞായറാഴ്ച രാവിലത്തെ കാര്‍ന്നോന്‍ മാരുടെ കുര്‍ബാനയ്ക്ക് അള്‍ത്താര ശുശ്രൂഷി ആകണം. വേദോപദേശം പഠിക്കുന്ന കുട്ടികള്‍ 10.30 am നുള്ള "കുട്ടികളുടെ കുര്‍ബാന"യില്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.അതിനു ശേഷം വേദോപദേശ ക്ലാസ്. കുട്ടികളെരണ്ടാമത്തെ കുര്‍ബാനയ്ക്ക് മാത്രമേ വിടാവൂ എന്ന് വികാരിയച്ചന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നു. രാവിലത്തെ കുര്‍ബാന കപ്യാര്‍ കുഞ്ഞേട്ടായിക്ക് തന്നെ മാനേജ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് സഹായിയായി ഞാനും കൂടി. ഏഴു മണിക്ക് പാലുമായി മില്‍മ ബൂത്തിലേക്ക്. അവിടെ നിന്ന് വന്നിട്ട് പാല്‍ പാത്രം അടുത്തുള്ള ചായക്കടയില്‍ വച്ച് 7. 30 നു കുര്‍ബാന. അതിനു ശേഷം വീണ്ടും 11.30 ആകുമ്പോള്‍ വേദോപദേശ ക്ലാസ്സിനു വീണ്ടും പള്ളിയിലേക്ക്. ഇതായിരുന്നു എന്റെ സണ്‍ഡേ ടൈം ടേബിള്‍
കുര്‍ബാനയ്ക്ക് ശേഷം നോട്ടീസ്, സണ്‍ഡേ ശാലോം, സത്യദീപം എന്നിവ വിതരണം ചെയ്യാന്‍ എനിക്ക് വലിയ താല്പര്യമായിരുന്നു. ഇങ്ങനെ എല്ലാ ആഴ്ചയും ഓരോരോ വിതരണങ്ങളുമായി പോകുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാറുണ്ടായിരുന്നു. കുര്‍ബാന കഴിഞ്ഞു ആളുകള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഇരമ്പലിനു മുകളിലൂടെ കുഞ്ഞേപ്പ് ചേട്ടന്റെ ശബ്ദം ഉയരും...
"പാലൊരു കുപ്പി, പത്തു രൂപ..." അല്ലെങ്കില്‍ " താറാമൊട്ട പത്തെണ്ണം, ഇരുപതു രൂപ..."
ഇടവകപ്പള്ളിയിലെ ലേലങ്ങളെല്ലാം മാനേജ് ചെയ്തിരുന്നത് കുഞ്ഞേപ്പ് ചേട്ടനായിരുന്നു. ( അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല)
അന്ന് ലേലം എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് ഈ "പരിപാടി" വളരെ ഇഷ്ടപ്പെട്ടു. ഒരാള്‍ പത്ത് എന്ന് പറയുമ്പോള്‍ മറ്റെയാള്‍ പന്ത്രണ്ട് എന്ന് പറയും, അപ്പോള്‍ അടുത്തയാള്‍ പതിനഞ്ച് എന്ന് പറയും. വെരി ഇന്ററസ്റ്റിംഗ്...
അങ്ങനെ ഒരു ദിവസം നോട്ടീസുമായി നടക്കുന്നതിനിടയില്‍ ഞാനും ലേല സ്ഥലത്ത് എത്തി നോക്കി.
"പതിനഞ്ച് രൂപ ഒരു തരം... പതിനഞ്ച് രൂപ ഒരു തരം...."
കുഞ്ഞേപ്പ് ചേട്ടന്‍ ഒരു കുപ്പി പാലുമായി ലേലം വിളിക്കുന്നു. അപ്പൊ ദേ അടുത്തയാള്‍ "പതിനാറു രൂപ"
എന്തായാലും ഞാനും വിട്ടു കൊടുത്തില്ല. തല ഉയര്‍ത്തി, നെഞ്ചു വിരിച്ച്, വരും വരായ്മകളെ ഓര്‍ക്കാതെ ഒറ്റ വിളി അങ്ങ് വിളിച്ചു.
"പതിനെട്ടു രൂപ"
എന്നിട്ട് എല്ലാവരെയും നോക്കി ഒരു വളിച്ച ചിരിയും പാസ്സാക്കി പോയി.
നോട്ടീസ് വിതരണം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഒരു ശബ്ദം
"ഡാ നിക്കടാ..."
കുഞ്ഞെപ്പു ചേട്ടനാണ്. കയ്യില്‍ ഒരു കുപ്പി പാല്‍
"ന്താ...?"
"ന്നാ പാല്"
"പാലോ? ന്തിന്...?"
"നീയല്ലേ പതിനെട്ടു രൂപയ്ക്ക് പാല് വിളിച്ചത്?"
"ഹേയ്...പാലോ? ഞാനോ? ന്റെ ചേട്ടാ, രാവിലെ പത്ത് ലിറ്റര്‍ പാല് മില്‍മയില്‍ കൊടുത്തിട്ട് വന്ന എനിക്കെന്തിനാ ഒരു കുപ്പി പാല്? വീട്ടില്‍ ഷ്ട്ടം പോലെയുണ്ട്..."
"അതൊന്നും എനിക്കറിയില്ല. നീയല്ലേ പതിനെട്ടു രൂപയ്ക്ക് പാല് വിളിച്ചത്?" കുഞ്ഞേപ്പ് ചേട്ടന്റെ ശബ്ദം ഉയര്‍ന്നു. ആളുകള്‍ കൂടി, ഞാന്‍ ആകെ ആപ്പിലായി.
"ന്താ...ന്താ പ്രശ്നം?" ആളുകള്‍ ഇടപെട്ടു തുടങ്ങി.
"മത്തായീടെ ചെര്‍ക്കന്‍ ഒരു കുപ്പി പാല് വിളിച്ചു. ഇപ്പൊ പറേന്നു വേണ്ടാന്ന്..."
മത്തായീടെ ചെര്‍ക്കനായ ഞാന്‍ കണ്ണടച്ച് ഒരു കാച്ചങ്ങു കാച്ചി. " ഹേയ്, ഞാന്‍ ലേലം വിളിച്ചിട്ടില്ല. അല്ലേലും എനിക്കെന്തിനാ പാല്? വീട്ടില്‍ ഇഷ്ടം പോലെയുള്ളതല്ലേ...?
"ശരിയാണല്ലോ, അവന്റെ വീട്ടില്‍ കറവയുള്ളതാ..." ഒരു നല്ല അയല്‍വാസി മൊഴിഞ്ഞു.
"പക്ഷെ, അവന്‍ പതിനെട്ടു രൂപാന്നു പറേണതു ഞാന്‍ കേട്ടതാ"
ആള്‍കൂട്ടത്തില്‍ നിന്നും ഒരു വൃത്തി കെട്ട കാര്‍ന്നോര്.
കാര്യങ്ങള്‍ ഇത്രയും ആയപ്പോഴേക്കും മത്തായി അതായത് എന്റെ അപ്പന്‍ വിവരമറിഞ്ഞ് അങ്ങോട്ട് വന്നു. "എന്താ പ്രശ്നം...?" "എന്താടാ?" എന്നോടാണ്.
കുഞ്ഞേപ്പ് ചേട്ടന്‍ ഇടപെട്ടു.
"ന്റെ മത്തായീ, നിന്റെ ചെര്‍ക്കന്‍ 18 രൂപയ്ക്ക് ഒരു കുപ്പി പാല് ലേലം വിളിച്ചു. ഇപ്പ പറേണു വിളിച്ചില്ലാന്ന്‍"
"എന്തിനാടാ പാല് വിളിച്ചത്? നമ്മുടെ വീട്ടില്‍ ഇഷ്ടം പോലെ പാല് ഉള്ളതല്ലേ?"
ഇടം വലം നോക്കാതെ ഞാന്‍ പറഞ്ഞു: "ഞാന്‍ വിളിച്ചിട്ടില്ല"
"അല്ല മത്തായീ, അവന്‍ വിളിക്കുന്നത് ഞാന്‍ കേട്ടതാ" ആദ്യം പറഞ്ഞ കെളവന്‍...ഈ തെണ്ടി ഇത് വരെ പോയില്ലേ...?
അങ്ങനെ നില്‍ക്കുമ്പോള്‍ അച്ചാച്ചന്‍ കുഞ്ഞേപ്പ് ചേട്ടന്റെ കയ്യില്‍ നിന്നും പാല് വാങ്ങി എന്റെ കയ്യില്‍ തന്നു. ലേലത്തുക മുഴുവന്‍ കുഞ്ഞെപ്പു ചേട്ടന് നല്‍കി.
ഒരു കുപ്പി പാലുമായി വരുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.
"ഇതെവിടുന്നാടാ പാല്?"
ഞാന്‍ കഥ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു.
കുടുംബ സദസ്സിന്റെ ആഭിമുഖ്യത്തില്‍ അന്ന് നടക്കാനിരുന്ന ഒരു റാലിയില്‍ ഉള്ള കോലടിയില്‍ ഞാനും ഉണ്ടായിരുന്നു. അന്ന് ഉച്ച കഴിഞ്ഞാണ് റാലി. രാവിലെ അതിന്റെ പ്രാക്ടീസ് ചെയ്യാന്‍ പോകാന്‍ ഉണ്ടായിരുന്നു. അതിനായി കാപ്പിയുടെ രണ്ടു വടി പ്രത്യേകം ചെത്തി മിനുക്കി വച്ചിരുന്നു. തോട്ടില്‍ കുളിക്കാന്‍ പോകാനായി എളുപ്പത്തിനു ഒരു തോര്‍ത്തു മാത്രം ഉടുത്തു കൊണ്ട് ഞാന്‍ മുറ്റത്ത്‌നില്‍ക്കുകയായിരുന്നു.
അപ്പോളാണ് അച്ചാച്ചന്‍ പള്ളിയില്‍ കഴിഞ്ഞ് വീട്ടിലേക്കു വന്നത്. കുളിക്കാന്‍ പോകാന്‍ തുടങ്ങിയ എന്നോട് നില്‍ക്കാന്‍ പറഞ്ഞു
പിന്നെ അവിടെ നടന്നത് കാപ്പി വടി കൊണ്ടുള്ള ഒരു പ്രയോഗമായിരുന്നു. തല്ലിന് ശേഷം മുട്ടിന്മേല്‍ നിര്‍ത്തുക എന്നൊരു രീതി കൂടി ഉണ്ട്. മുട്ടിന്മേല്‍ നില്‍ക്കുന്ന എന്നോട് കൂടെ ഒരു ഉപദേശവും.
"നിന്നെ തല്ലിയത് പാല് ലേലം വിളിച്ചതിനല്ല. അത്രയും ആളുകളുടെ മുന്‍പില്‍ വച്ച് കള്ളം പറഞ്ഞതിനാണ്"
എന്തായാലും ആ സംഭവത്തിന് ശേഷം എപ്പോള്‍ ലേലം കണ്ടാലും എനിക്ക് ഈ സംഭവം ഓര്മ വരും.
ഇമെയില്: idukkikaransimil@gmail.com