Saturday, November 17, 2012

മതമില്ലാത്തവന്‍....!!!


മതമുള്ള മാതാപിതാക്കള്‍ക്ക് മകനായി അവന്‍ ജനിച്ചു
മതവിശ്വാസത്തിലും ദൈവഭയത്തിലും അവനെ വളര്‍ത്തിയെങ്കിലും അവന്‍ "വഴിതെറ്റി പോയി"
ഭീഷണികള്‍ക്കൊന്നും അവന്‍ വഴങ്ങിയില്ല
മാന്യമായി ജീവിക്കുന്നവന് എന്തിനു ദൈവം, എന്തിനു മതം എന്നവന്‍ ചോദിച്ചു
തെറ്റുകള്‍ ചെയ്യാതെ, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തു ജീവിക്കുന്നവന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന് എന്തിനു നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നു....??
ആര്‍ക്കും ഉത്തരമില്ല
ഇനി ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ എന്തിനു മതത്തില്‍ വിശ്വസിക്കണം ....??
പള്ളിയിലും അമ്പലത്തിലും മോസ്ക്കിലും പോവാതെ ദൈവത്തെ അറിയാന്‍ കഴിയില്ലേ....?
ആര്‍ക്കും ഉത്തരമില്ല
നിനക്ക് ഭ്രാന്താ....
നാട്ടുകാര്‍ പറഞ്ഞു
പരമ്പാരാഗതമായി ദൈവത്തില്‍ വിശ്വസിക്കുകയും പള്ളിയില്‍ പോവുകയും ചെയ്യുന്നവരല്ലേ നമ്മളൊക്കെ. ഇനി നമ്മളായി എന്തിനു ഇതൊക്കെ മാറ്റണം...??
മതം അവനോടു പിരിവു ചോദിച്ചപ്പോള്‍ അവന്‍ കൊടുത്തില്ല
പകരം അവന്‍ വഴിവക്കില്‍ കണ്ട അനാഥര്‍ക്കു ഭക്ഷണം വാങ്ങി നല്‍കി
മതമേലധ്യക്ഷന്മാര്‍ അവനെ പാപിയായി മുദ്രകുത്തി

ഇതെല്ലാം കണ്ടു ദൈവം പുഞ്ചിരിച്ചു

മതം വേണ്ടാത്തവാന്‍ പെണ്ണ് കെട്ടാന്‍ ഇങ്ങോടു വരുമല്ലോ.... അപ്പോള്‍ ഞങ്ങള്‍ നിന്നെ കണ്ടോളാം
മതത്തിന്റെ ഭീഷണി
പക്ഷെ അടുത്തുള്ള അനാഥാശ്രമത്തില്‍  വച്ച്  അവന്‍ രെജിസ്റ്രാരെ വരുത്തി രെജിസ്ടര്‍ വിവാഹം ചെയ്തു
പാവപ്പെട്ട അനാഥര്‍ക്ക്  ഒക്കെ അന്ന് സദ്യ

അപ്പോഴും ദൈവം പുഞ്ചിരിച്ചു 

രജിസ്ടര്‍ ചെയ്ത് നീ ആളാവണ്ട. ചാവുമ്പോള്‍ ഇങ്ങോടു തന്നെ വരും നീ. അപ്പോള്‍ ഞങ്ങള്‍ കണ്ടോളാം
വീണ്ടും മതത്തിന്റെ ഭീഷണി
മതം കാത്തിരുന്നു അവനുവേണ്ടി
മതത്തിന്റെ അടിമകളായ അവന്റെ നാട്ടുകാര്‍ കാത്തിരുന്നു
എന്ത് സംഭവിക്കും എന്നറിയാന്‍

അങ്ങനെ അവസാനം അവന്‍ മരിച്ചു
അവന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി
ശരീരത്തിലെ പ്രധാന അവയവങ്ങള്‍ എല്ലാം അവന്‍ ദാനം നല്‍കി
ബാക്കി വന്ന അവന്റെ ശരീരം മെഡിക്കല്‍ കോളെജിന്
നാളെയുടെ തലമുറയെ ചികിത്സിക്കെണ്ടവര്‍ക്ക്  പഠിക്കാനായി

ആര്‍ക്കും ഉപദ്രവം ചെയ്യാതെ ഉപകാരം മാത്രം ചെയ്തു അവന്‍ പോയി
നിറഞ്ഞ സംതൃപ്തിയോടെ
മതവും മതമേലധ്യക്ഷന്മാരും ഇളിഭ്യരായി

ഇതെല്ലാം കണ്ടുകൊണ്ട് ദൈവം അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു....!!!






 

Thursday, May 3, 2012

അങ്ങനെ ഇടുക്കിക്കാരന്‍ എസ് ഐ ആവുന്നു

പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ, ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ സ്വപ്നം സഫലീകരിക്കപ്പെടുകയാണ് . കേന്ദ്രീയ വ്യവസായ സംരക്ഷണ സേന എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന Central Industrial Security Force (CISF) ല്‍ സബ് ഇന്‍സ് പെക്ടര്‍ ആയി നിയമനം ലഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ഈ മാസം, അതായത് മെയ്‌ എഴാം തിയതി അതിന്റെ പരിശീലനത്തിനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റെഷനില്‍ നിന്നും ട്രെയിന്‍ കയറുകയാണ്. മെയ്‌ ഒന്‍പതിന് സെക്കുണ്ടാരാബാദ് ഉള്ള നാഷണല്‍ ഇന്ടസ്ട്രിയല്‍ സെക്യുരിറ്റി അക്കാദമിയില്‍ വച്ച്  ഒരു വര്‍ഷത്തെ പരിശീലനം ആരംഭിക്കുന്നു. അതിനിടയില്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നാല്‍ തീര്ച്ചയാലും ബ്ലോഗില്‍ ഉണ്ടായിരിക്കും. 

സ്നേഹത്തോടെ

ഇടുക്കിക്കാരന്‍ സിമില്‍ മാത്യു

Saturday, February 25, 2012

ഒരു പോലീസ് സ്റേഷന്‍ അനുഭവം

രോഗിയായ ഒരു ഫ്രണ്ടിനെ കാണാന്‍ പോയതായിരുന്നു ഞാനും എന്റെ മറ്റൊരു സുഹൃത്തും. പോയ വഴി വെറുതെ രണ്ടേ രണ്ട് പെഗ് മാത്രം (സത്യായിട്ടും അത്രേ ഉള്ളു) കഴിച്ചിരുന്നു. അവന്റെ ഹോസ്റെലിനു മുന്‍പില്‍ സംസാരിച്ചങ്ങനെ സമയം പോയത് അറിഞ്ഞില്ല...

വാച്ചില്‍ നോക്കിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട് മണി. പോകാം പോകാം എന്ന് കുറെ പറഞ്ഞിട്ടും അവരുടെ സംസാരം തീരുന്നില്ല. ഇവന്റെ ബൈക്കില്‍ വേണം എനിക്ക് എന്റെ റൂമില്‍ എത്താന്‍. കുറെ നേരം കൂടി അവിടെ നിന്നു. പിന്നീട് നിന്നു കാല്‍ കഴച്ചപ്പോള്‍ അല്‍പനേരം ബൈക്കില്‍ പോയി ഇരിക്കാം എന്ന് കരുതി.

സമയം രാത്രി ഒരു മണി

സ്ടാന്റില്‍ വച്ചിരിക്കുന്ന ബൈക്ക് നിവര്‍ത്തി അങ്ങനെ ബൈക്കില്‍ ഇരുന്നു മറ്റവന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.

അപ്പോഴാണ്‌ ലൈറ്റ് ഒന്നും ഇല്ലാതെ ഒരു ജീപ്പ് പിറകില്‍ വന്നു നിന്നത്.

"എന്താടോ ഇവിടെ...?"

ചാടി ഇറങ്ങിയ ഏമാന്റെ ചോദ്യം.

"അത് സാര്‍ എന്റെ ഫ്രെണ്ടിനെ കാണാന്‍ വന്നതാ" "എന്നിട്ടെവിടെ ഫ്രെണ്ട്'''?

അപ്പോഴേക്കും ഫ്രെണ്ട്സ് രണ്ടു പേരും അങ്ങോട്ടെത്തി. വിനീതനായ ഞാന്‍ ബൈക്ക് സ്ടാന്റില്‍ വച്ചു.

"എവിടാടോ തന്റെ വീട്...?" "ഇടുക്കീലാ"

ആ ഉത്തരം ഞാന്‍ പറയുമ്പോള്‍ അദ്ദേഹം എന്റെ മുഖത്തിന്‌ നേരെ വന്നു. ഞാന്‍ പിന്നോട്ട മാറി.

"വീടെവിടെ...?" ഇപ്രാവശ്യവും എന്റെ മുഖത്തിന്‌ നേരെ വന്നു. ഈശ്വരാ ഇയാള്‍ എന്നെ കിസ്സ്‌ ചെയ്യാന്‍ പോകുവാണോ...

"ആഹാ മദ്യപിച്ചിട്ടും ഉണ്ടല്ലേ....?"

അപ്പോഴാണ്‌ മനസ്സിലായത് അത് 'കിസ്സ്‌ അറ്റംപ്റ്റ്' അല്ല കേരള പോലീസിന്റെ മണം പിടുത്തം ആണെന്ന്.

"മദ്യപിച്ച് വാഹനം ഓടിക്കുന്നോ....?" "അയ്യോ സാര്‍ ഞാന്‍ കള്ളു കുടിക്കാത്തപ്പോള്‍ പോലും ബൈക്ക് ഓടിക്കാറില്ല. ഇപ്പൊ ഞാന്‍ നിന്നു മടുത്തപ്പോള്‍ അതില്‍ ഒന്നിരുന്നതാ"

"അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം. ഇപ്പോള്‍ തല്‍ക്കാലം ജീപ്പില്‍ കേറ്"

പണ്ടേ സത്യവാനും വിനീത ഹൃദയനും ആയ ഞാന്‍ (:-D) മോഹന്‍ലാല്‍ സ്റ്റൈലില്‍ സ്ലോ മോഷനില്‍ ജീപ്പില്‍ കയറി ഇരുന്നു.

ബാക്കി രണ്ടു പേര്‍ കെഞ്ചി കെഞ്ചി പറഞ്ഞെങ്കിലും ഏമാന്‍ വഴങ്ങിയില്ല. ജാമ്യത്തില്‍ ഇറക്കാന്‍ ഒരാള്‍ സ്റേഷന്‍ വരെ വാ എന്ന് പറഞ്ഞു വണ്ടി മുന്നോട്ട്. ഒരു പി സി യും മറ്റേ ഫ്രെണ്ടും കൂടി ബൈക്കില്‍ ജീപ്പിനു പിറകെ

എനിക്ക് അപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം മദ്യപിച്ച് വണ്ടിയില്‍ വെറുതെ ഇരുന്നാലും അത് കുറ്റകരമാണോ എന്നായിരുന്നു. ആദ്യമായി പോലീസ് ജീപ്പില്‍ കയറുന്നത് കൊണ്ട് ഫോര്മാലിട്ടീസ് ഒന്നും അറിയില്ലല്ലോ. വല്ല്യ വല്ല്യ കേസുകളിലെ പ്രതികള്‍ ഒരു ടവ്വല്‍ എടുത്തു മുഖം മറയ്ക്കുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്. ഇനി അങ്ങനെ ഒക്കെ ചെയ്യണോ ആവോ.

വഴിയില്‍ കാണുന്നവരെ ഒക്കെ വിരട്ടി ഓടിച്ചുകൊണ്ട് ഏമാന്‍ അങ്ങനെ പോകുമ്പോള്‍ ഇടയ്ക്കിടെ എനിക്ക് ഫ്രീ ആയി ഉപദേശവും.

"താന്‍ ഈ വയര്‍ ലെസ്സ് വഴി കേള്‍ക്കുന്നത് ശ്രദ്ധിക്കുന്നുണ്ടോ..?"

"അയ്യോ ക്ഷമിക്കണം സാര്‍. ഞാന്‍ ചെവി പൊത്തി ഇരിക്കാം. അറിയാതെ കേട്ട് പോയതാ. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല."

അവരുടെ വയര്‍ ലെസ്സ് രഹസ്യങ്ങള്‍ ചോര്‍ത്തി എടുത്തു എന്ന് പറഞ്ഞു ഇനി രണ്ടിടി കൂടുതല്‍ കിട്ടുമോ എന്ന് സംശയിച്ച എന്നോട് അദ്ദേഹം പറഞ്ഞു. "താന്‍ ഈ പറയുന്നതൊക്കെ ഒന്ന് കേട്ടെ. എല്ലാം വെള്ളമടിച്ച് വണ്ടി ഓടിച്ചവരുടെ കാര്യങ്ങളാ..."

എന്നാലും ഞാന്‍ വണ്ടി ഓടിച്ചില്ലല്ലോടാ കാലമാടാ എന്ന് പറയാന്‍ തോന്നി. എന്നാലും ഒന്നും മിണ്ടീല്ല.

നോര്‍ത്ത് പാലം കഴിഞ്ഞപ്പോള്‍ ആണ് ഒരാള്‍ വഴിയരികില്‍ ബൈക്കില്‍ ഇരിക്കുന്നു.

"എന്താടാ ഇവിടെ പണി..?" ഏമാന്‍ അലറി

"അയ്യോ സാര്‍ ഞാന്‍ ഫുഡ് കഴിച്ചിട്ടു പല്ലിട കുത്തുവാ..." അയാള്‍ ടൂത്ത് പിക്ക് കാണിച്ചു.

"പാതിരാത്രിക്ക് ആണോടാ അവന്റെ പല്ലിട കുത്തല്‍.... വീട്ടി പോടാ"

പാവം അയാള്‍ ജീവനും കൊണ്ടോടി

അങ്ങനെ കസബ സ്റെഷനില്‍ വണ്ടി എത്തി. കുറെ പോലീസുകാര്‍ അങ്ങനെ നോക്കി നില്‍ക്കുന്നു. ഇറ്റാലിയന്‍ കപ്പലിലെ നാവികരെ പോലെ ഞാന്‍ നെഞ്ച് വിരിച്ച് അകത്തേക്ക് പോയി. പിറകെ കൂട്ടുകാരനും എത്തി.

ഇനി ഉള്ളത് ബ്രെത്ത് അനലൈസര്‍ വച്ചുള്ള കലാ പരിപാടികള്‍ ആണ്. അതില്‍ ഊതിയപ്പോള്‍ കിട്ടിയ സ്ലിപ്പില്‍ ഒപ്പിട്ട് കോടുത്തു. സാര്‍ ഞാന്‍ വണ്ടിയില്‍ ഇരുന്നത് മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ടും ഏമാന്‍ കേട്ടില്ല. ബൈക്കിന്റെ കീ വാങ്ങി വച്ചിട്ടു, അടുത്ത ദിവസം ആര്‍ സി ബുക്ക് , ഇന്ഷുറന്സ് എല്ലാം എടുത്തോണ്ട് വരാന്‍ പറഞ്ഞു വീട്ടില്‍ വിട്ടു.

ആവശ്യപ്പെട്ട രേഖകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ഏമാന്റെ മനസ്സലിഞ്ഞു. സാര്‍ ഞാന്‍ വണ്ടി ഓടിച്ചില്ല എന്നുള്ള മുറവിളികള്‍ക്ക് അവസാനം അദ്ദേഹം ചെവി നല്‍കി. ഇനി മേലാല്‍ മദ്യപിച്ച് വണ്ടി ഓടിക്കുകയോ, അതില്‍ കയറി ഇരിക്കുകയോ, നടു റോഡില്‍ പാതിരായ്ക്ക് സംസാരിച്ചു നില്‍ക്കുകയോ ചെയ്യരുത് എന്ന ഉപദേശത്തോടെ വെറുതെ വിട്ടു.

കിട്ടിയ ജീവനും, ബൈക്കും എടുത്തോണ്ട് തിരികെ പോന്നു....

പിന്‍ കുറിപ്പ് : ഞങ്ങടെ തറവാട്ടില്‍ ഉള്ളവര്‍ ഇന്നേ വരെ പോലീസ് സ്റേഷന്‍ കയറുകയോ, പോലീസ് ജീപ്പില്‍ കയറുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്ന സല്‍പ്പേര് ഞാന്‍ തന്നെ തിരുത്തിയപ്പോള്‍ എന്തൊരു സന്തോഷം.....!!

Saturday, January 7, 2012

സിനിമ നിരൂപണം: അസുര വിത്ത്

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് കണ്ടത് ഏതാനും മാസങ്ങള്‍ക്ക് മുന്പ് എറണാകുളം ബൈപ്പാസില്‍ വച്ചായിരുന്നു. പടം ഏതാണെന്ന് തിരക്കിയപ്പോള്‍ അറിഞ്ഞു 'അസുരവിത്ത്‌'. പിന്നീട് ആ പടത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, വൈദിക വിദ്യാര്‍ഥി ആയ ഒരാള്‍ ഡോണ്‍ ആയി തീരുന്ന കഥ എന്നായിരുന്നു. എന്തായാലും ഈയുള്ളവനും കുറച്ചുനാള്‍ വൈദിക വിദ്യാര്‍ഥി ആയിരുന്നു. ഡോണ്‍ ആയില്ലെങ്കിലും സെമിനാരിയില്‍ നിന്നും പോന്ന ഒരാളുടെ കഥ കൂടി ആണെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളോട് കൂടിയാണ് എറണാകുളം സവിത തിയേറ്ററില്‍ റിലീസ് ദിവസം തന്നെ എത്തിയത്.

സിനിമ:

പടം കണ്ടപ്പോള്‍ ഓര്മ വന്നത് ധ്രുവം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥയാണ്‌. അതില്‍ സെമിനാരിക്കാരനായ സുരേഷ് ഗോപി രാത്രി ആരും അറിയാതെ സെക്കണ്ട് ഷോ കാണാന്‍ പോയി മടങ്ങുമ്പോള്‍ ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആവുന്നു. പിന്നീട് വില്ലന്മാരില്‍ നിന്നും ഉള്ള ശല്യം സഹിക്കാതെ സെമിനാരിയില്‍ നിന്നും പോന്നു ഒരു പോലീസ് ഓഫീസര്‍ ആവുന്നു. അസുരവിത്തില്‍ ഒരു വ്യത്യാസം മാത്രം, നായകന്‍ പകരം ഒരു ഡോണ്‍ ആവുന്നു.

ബിഷപ്സ് ഹൌസില്‍ പോയി മടങ്ങി വരുന്ന നായകന്‍ ആയ ബ്രദര്‍ ഡോണ്‍ ബോസ്കോ (ആസിഫ് അലി) ഒരു കൊലപാതകത്തിന് സാക്ഷി ആവുന്നു. സാക്ഷി പറയാന്‍ പോലീസ് സ്റെഷനില്‍ എത്തുന്ന ബോസ്കൊയ്ക്ക് നേരിടേണ്ടി വരുന്നത് മൊഴി മാറ്റി പറയാനുള്ള സമ്മര്‍ദം ആണ്. അതിനായി അവര്‍ ബോസ്കൊയെ പീഡിപ്പിക്കുന്നു. പത്തു തിന്മകളുടെ സംഗമം ആയ 'പത്താം കളം' എന്ന ഗ്രൂപ്പ് ആണ് കൊച്ചി ഭരിക്കുന്നത്. അബ്ബ എന്ന് വിളിക്കപ്പെടുന്ന വിജയ രാഘവനും നാല് മക്കളും (അതില്‍ രണ്ടെണ്ണം പെണ്ണുങ്ങള്‍) ഈ കൊലപാതകം ചെയ്ത അവര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവര്‍ക്കെതിരെ പോരാടാന്‍ ഡോണ്‍ ബോസ്കോ സെമിനാരി ജീവിതം ഉപേക്ഷിക്കുന്നു. അവര്‍ക്കെതിരെ ഉള്ള പോരാട്ടം ആണ് സിനിമയുടെ സെക്കണ്ട് ഹാഫ്

അഭിനയം:

ആസിഫ് അലി എന്ന നടന്റെ ഒരു പുതിയ മുഖം എന്നതില്‍ കവിഞ്ഞു ചിത്രത്തിന് പ്രത്യേകിച്ച് അവകാശപ്പെടാന്‍ ഒന്നുമില്ല. ആസിഫ് അലി നന്നായി പരിശ്രമിച്ചു എങ്കിലും, അദ്ദേഹത്തിന് പറ്റിയത് സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ നമ്മള്‍ കണ്ടത് പോലെ ഒരു പാവം ചോക്കലേറ്റ് പയ്യന്റെ റോളുകളാണ്. . നായിക സംവൃത സുനിലും വളരെ മച്യുരിട്ടി ഉള്ള ഒരു ക്യാരക്ടര്‍ അതിന്റെ തനിമയോടെ ചെയ്തു. എടുത്തു പറയേണ്ട മറ്റൊന്ന് ബാബു രാജിന്റെ റോളാണ്. ഒരു ഗുണ്ട ലുക്ക് ഉള്ള, വളരെ ബോള്‍ഡ് ആയ ഒരു വൈദികന്റെ വേഷം. അത് പലപ്പോഴും തിയേറ്ററില്‍ ചിരി പടര്‍ത്തി. മറ്റൊന്ന് ആസിഫിന്റെ അമ്മയുടെ റോള്‍ ചെയ്ത ലെനയാണ്. പതിവുപോലെ അവരുടെ വേഷത്തോടും അവര്‍ നീതി പുലര്‍ത്തി.

സിനിമ മൊത്തത്തില്‍:

ആദ്യം പറഞ്ഞത് പോലെ കഥയില്‍ വലിയ പുതുമ ഒന്നും തന്നെ ഇല്ല. ആസിഫ് അലിയുടെ ഡോണ്‍ ക്യാരക്ടര്‍ അദ്ദേഹത്തിന് തീരെ യോജിക്കാത്ത ഒരു കഥാപാത്രമായി തോന്നി. മറ്റൊന്ന് സെമിനാരിയെയോ , വൈദിക വിദ്യാര്‍ത്ഥികളെയോ അവരുടെ ജീവിത രീതികളെയോ പറ്റി ഒരു ചുക്കും അറിയാത്ത സംവിധായകന്‍, അതിനെപ്പറ്റി അല്പം പഠനം എങ്കിലും നടത്താതെ കഥയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പടത്തിന്റെ ഒരു പോരായ്മ ആയി. അതില്‍ ഒന്നാമത്തെ മണ്ടത്തരം സെമിനാരി വിദ്യാര്‍ഥികള്‍ ഐ ടി ഐ യില്‍ പഠിക്കാന്‍ പോവുന്നതാണ് . ആര്‍ട്സ് വിഷയങ്ങളിലോ ഫിലോസഫി പോലുള്ള വിഷയങ്ങളിലോ മാത്രം പഠനം അനുവദിച്ചിരിക്കുന്ന സെമിനാരികളില്‍, ഐ ടി ഐ യില്‍ പോയി പഠിക്കുന്നത് ഒരു വൈദികന് ഭാവിയില്‍ എങ്ങനെ ഗുണം ചെയ്യും എന്ന് ചിന്തിക്കാന്‍ പോലും സംവിധായകന്‍ മിനക്കെട്ടിട്ടില്ല.

തീരെ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, മിക്ക പടങ്ങളിലും ഉള്ളത് പോലെ സെക്കണ്ട് ഹാഫിലുള്ള ഇഴച്ചിലാണ്. ആസിഫിന്റെ ചില ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും പലപ്പോഴും തിയേറ്ററില്‍ കൂവലുകള്‍ ഉയര്‍ത്തി. വിഷ്വല്‍ ഇഫക്ടുകള്‍, സ്ലോ മോഷനുകള്‍, തുടങ്ങി പലതും വച്ചങ്ങു അലക്കി സെക്കണ്ട് ഹാഫ് എന്ന് വേണമെങ്കില്‍ പറയാം.

കുറെ നാള്‍ കഷ്ടപ്പെട്ട്, പലരുടെയും പണം ഇറക്കി, പലരുടെയും സമയം ചിലവഴിച്ചു ഒരു പടം ഇറക്കുമ്പോള്‍ എന്തെങ്കിലും കാട്ടി കൂട്ടുക എന്നതില്‍ കവിഞ്ഞു ആ കഥയോടും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പലരോടും, മുന്നിലിരുന്നു കാണുന്ന കാണികളോടും അല്പം കൂടി സ്നേഹം (സിനിമയിലൂടെ) കാട്ടുക. അതിനു നല്ല ഒരു സ്ക്രിപ്റ്റ് ആദ്യം തയ്യാറാക്കുക. പ്രിയ സംവിധായകരെ, നല്ലൊരു പക്ഷം ജനങ്ങളും സിനിമ കാണാന്‍ വരുന്നത് നായകനെ കാണാനോ, അവരുടെ സ്ലോമോഷന്‍ നടത്തവും, ആക്ഷന്‍ രംഗങ്ങളും കാണാനോ അല്ല. അത് കൊണ്ട് തട്ടി കൂട്ടാതെ സമയം എടുത്തു നല്ല സിനിമകള്‍ ഇറക്കുക.

ഇടുക്കിക്കാരന്റെ മാര്‍ക്ക് :
5/10