Monday, December 9, 2013

വിശുദ്ധ സൂക്കർബർഗിനോടുള്ള ജപം

ഫെയ്സ്ബുക്ക് എന്ന മാസ്മരിക ലോകത്തിന്റെ സ്രഷ്ടാവും ഞങ്ങളെ അനുദിനം ഫെയ്സ്ബുക്കിൽ വഴിനടത്തുന്നവനും ആയ വിശുദ്ധ സൂക്കർബർഗെ അങ്ങയെ  ഞങ്ങൾ ലൈക്‌ ചെയ്യുന്നു. അങ്ങ് ഞങ്ങൾക്ക് ഫെയ്സ്ബുക്കിൽ നൽകിയിട്ടുള്ള എല്ലാ ഓപ്ഷൻസിനും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ അനുദിന ഫെയ്സ്ബുക്ക് ജീവിതത്തെ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ.

ഹാക്കർമാരിൽ നിന്നും ഫേക്ക് ഫ്രണ്ട് റിക്വസ്റ്റ്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ഞങ്ങൾ ഫെയ്സ്ബുക്കിൽ ഇടുന്ന ഫോട്ടോകൾക്കും പോസ്റ്റുകൾക്കും മാക്സിമം ലൈക്‌ കളും കമന്റ്‌ കളും തരാൻ അത് വായിക്കുന്നവരെ തോന്നിപ്പിക്കണേ. ഞങ്ങളുടെ ഫോട്ടോസും മറ്റു പോസ്റ്റുകളും കണ്ടിട്ട് അത് മൈൻഡ് ചെയ്യാതെ സ്ക്രോൾ ഡൌണ്‍ ചെയ്യുന്നവരെ അങ്ങ് ഒരു പാഠം പഠിപ്പിക്കണമേ. അന്ധകാര ശക്തികൾ ആണ് അവരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

ഞങ്ങളുടെ ടൈംലൈൻ, ഫോട്ടോസ്, എന്നിവയെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അന്ധകാര ശക്തികളിൽ നിന്നും അവയെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ. ഞങ്ങളെ അനാവശ്യമായി ടാഗ് ചെയ്യുന്നവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ബിസി ആയ സമയങ്ങളിൽ ചാറ്റ് ചെയ്യാൻ വരുന്ന നല്ല സുഹൃത്തുക്കൾ റിപ്ലൈ കാണാതെ വരുമ്പോൾ  ഞങ്ങൾക്ക് ഹെഡ് വെയിറ്റ് ആണെന്ന് തെറ്റി ധരിക്കാതെ ഞങ്ങളെ മനസിലാക്കാൻ ഉള്ള മനസ്സ് അവർക്ക് കൊടുത്തരുളണമേ.

പരമ കാരുണികനായ സുക്കർബർഗെ ഞങ്ങൾ ചോദിച്ച ഈ ആവശ്യങ്ങൾ ഞങ്ങൾക്ക് തന്നരുളണമേ

ആമേൻ

(ദിവസവും രാവിലെ ഫെയ്സ്ബുക്ക് തുറന്നതിനു ശേഷവും രാത്രി ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുൻപും ഇത് ചൊല്ലുക)

N.B : ഉറക്കത്തിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന അസുഖം ഉള്ളവർ ഇത് ഡെയിലി 10 പ്രാവശ്യം ചൊല്ലുക 

Wednesday, November 27, 2013

പുതിയ നിയമം....!!

കഴിഞ്ഞ ദിവസം സംഭവിച്ചതാണ്

എന്റെ സഹമുറിയൻ ആയ ബീഹാറിയുടെ കയ്യിൽ ബൈബിൾ പുതിയ നിയമം (ഹിന്ദിയിൽ 'നയാ നിയം' എന്ന് പറയും) ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

"നീ ബൈബിൾ ഒക്കെ വായിക്കുമോ...?"

അപ്പൊ അവൻ പറഞ്ഞ മറുപടി

"അപ്പൊ ഇത് ബൈബിൾ ആണല്ലേ....!!"  നയാ നിയം എന്ന ബുക്ക്‌ റോഡരികിൽ കണ്ടപ്പോൾ വല്ല പുതിയ നിയമങ്ങളും ആയിരിക്കും വായിച്ചു കളയാം എന്ന് കരുതി വാങ്ങിച്ചത് ആണെന്ന്. പക്ഷെ ഇത് വായിച്ചിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ല

"ഈശ്വരാ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലേ " എന്ന സലിം കുമാറിന്റെ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഞാൻ


വിശപ്പിന്റെ വിളി

ഇതെഴുതുമ്പോളും അവളുടെ  മുഖം എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.... ആ ഷോക്കിൽ നിന്ന് ഇപ്പോഴും ഞാൻ മുക്തനായിട്ടില്ല..... ഇപ്പോഴും ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം....!!

ഡൽഹിയിൽ രോഹിണി സെക്ടർ 5 ഇൽ ഫുട്പാത്തിൽ ഉള്ള തട്ടുകടയിൽ നിന്നും ചിക്കൻ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്റെ എല്ലുകൾക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കൾ.  അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോൾ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരൻ.

അങ്ങനെ കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യിൽ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള വേസ്റ്റ് പെറുക്കി അവൾ ആ ചാക്കിൽ ആക്കുന്നു. നായ്ക്കളെ ആട്ടി ഓടിച്ച് അവിടെ കിടന്ന എല്ലുകൾ അവൾ പെറുക്കി എടുത്തപ്പോൾ ഞാൻ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങൾക്ക് കൊടുക്കാനായിരിക്കും എന്നാണ്....

അൽപനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാൻ സ്തബ്ദനായി പോയി. ഫുട് പാത്തിൽ അല്പം മാറി ഇരുന്നു പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളിൽ ബാക്കിയായി ഉള്ള ചിക്കൻ കടിച്ച് എടുക്കുന്നു...!!

 ഞാൻ ചവച്ചു കൊണ്ടിരുന്ന ചിക്കൻ എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകിൽ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ പെട്ടന്ന്  അതെല്ലാം പെറുക്കി എടുത്ത് വേഗത്തിൽ നടന്നകന്നു.

എന്റെ പ്ലേറ്റിൽ ബാക്കി വന്നത് പിന്നീട് കഴിക്കാൻ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെ പറ്റി പ്രസംഗിക്കുന്ന ആളുകൾക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങൾ ഉണ്ടെന്നു അറിയാമോ എന്തോ....!!!


Monday, November 25, 2013

പോത്തിറച്ചിയും പരിശുദ്ധാത്മാവും

ഹൈദരാബാദിൽ ട്രെയിനിങ്ങിൽ ആയിരുന്ന സമയം. മിഡ് ടേം അവധി കഴിഞ്ഞ് തിരിച്ചെത്തി ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ തങ്ങി. അടുത്ത ദിവസം രാവിലെ ജോയിനിംഗ് ആണ്. വീണ്ടും ട്രെയിനിംഗ് തുടങ്ങും. അതിനു മുൻപുള്ള സ്വാതന്ത്ര്യം വെള്ളമടിച്ചും നല്ല ഫുഡ്‌ കഴിച്ചും ഒക്കെ ആഘോഷിക്കുകയാണ്.

രാത്രി ഏകദേശം പത്തു പതിനൊന്നു  മണി ആയിക്കാണും. ഹരിയാനക്കാരായ ചില സുഹൃത്തുക്കൾ അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ആണ് റൂം എടുത്തിരിക്കുന്നത്. അവരെ കാണാനായി വെറുതെ അവരുടെ മുറിയിൽ  പോയതായിരുന്നു ഞാൻ. 

അവധി വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു 

"മദ്രാസി നീ അവധിക്ക് പോയപ്പോ ഇഷ്ടം പോലെ ബീഫ് ഒക്കെ തിന്നു കാണും അല്ലെ...?"

മദ്രാസികൾ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർ ബീഫ് കഴിക്കുന്നത് നന്നായി അറിയാവുന്നവർ ആണ് ഇവർ. ഗോ മാതാവിനെ ദൈവമായി കരുതുന്ന നോർത്ത് ഇന്ത്യക്കാർക്ക് ഇതിൽ തരക്കേടില്ലാത്ത മുറുമുറുപ്പും ഉണ്ട്. കേരളത്തിൽ ബീഫിനു മതപരമായ ഒരു മാനദണ്ഡം ഇല്ല എന്നും അത് കേരളത്തിൽ ഹിന്ദുക്കൾ അടക്കം എല്ലാവരും കഴിക്കുന്നത് ആണെന്നും ഞങ്ങളുടെ അടുത്തുള്ള കശാപ്പുകാരൻ വരെ  ഒരു ഹിന്ദു ആണെന്നും തുടങ്ങി പല കാര്യങ്ങളും ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതാണ്. 

ഈ അവസരത്തിൽ ഈ ടോപിക് വീണ്ടും എടുത്തിട്ട് അനാവശ്യമായ ഒരു വാദ പ്രതിവാദം ആണ് ഇവന്മാർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി

"അതെ ഇഷ്ടം പോലെ ബീഫ് കഴിച്ചു. എല്ലാ ദിവസവും വീട്ടിൽ ബീഫ് കറിയോ അല്ലെങ്കിൽ ഫ്രൈ ഉണ്ടായിരുന്നു.

വെള്ളമടിച്ച് അത്യാവശ്യം കിണ്ടി ആയി കട്ടിലിൽ കിടന്ന ഒരു ഹരിയാനക്കാരൻ ചാടി എണീറ്റ്‌ ചോദിച്ചു

"ഞങ്ങളുടെ ഗോ മാതാവിനെ നിങ്ങൾ കൊന്നു തിന്നുന്നത് എന്തിനാണ്. പശു ഞങ്ങളുടെ ദൈവമാണ്."

പാല് തരുന്ന പശുവിനെ ആരും കൊല്ലാറില്ല എന്നും കാളയെയോ പോത്തിനെയോ മൂരിയെയോ ഒക്കെയാണ് തിന്നാറുള്ളത് എന്ന് ഇവനോടും ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാണ്. ആവശ്യമില്ലാതെ ഒരു ഇഷ്യു ഉണ്ടാക്കെണ്ടവന് കാര്യം അറിയേണ്ട ആവശ്യം ഇല്ലല്ലോ

കൂടെ അവന്റെ ഒരു ഭീഷണിയും

"ഇനി മേലിൽ ബീഫ് കഴിച്ചു പോകരുത്"

ഒന്ന് പോടാ കോപ്പേ എന്ന് ഹിന്ദിയിൽ പറയാൻ അറിയില്ലാത്തത് കൊണ്ട് അങ്ങനെ പറഞ്ഞില്ല

"നിങ്ങൾ ചിക്കൻ കഴിക്കാറുണ്ടോ...? ഞാൻ ചോദിച്ചു

"ഉണ്ട് "

"നിങ്ങൾ ചിക്കൻ കഴിക്കുന്നത് കൊണ്ട് എന്റെ മതവികാരം വൃണപ്പെടുന്നു. കോഴി ഞങ്ങളുടെ ദൈവമാണ്."

അപ്പറഞ്ഞത് കേട്ട് അവന്മാർ തെല്ലൊന്നു അമ്പരന്നു

"നീ ക്രിസ്ത്യാനി അല്ലെ...? ഈസാ മസീഹ് അല്ലെ നിങ്ങളുടെ ദൈവം...? പിന്നെ കോഴി എങ്ങനെ നിങ്ങളുടെ ദൈവം ആകും...?"

"ക്രിസ്ത്യൻ വിശ്വാസപ്രകാരം ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ്"

അവന്മാർക്ക് മനസ്സിലാക്കാൻ വേണ്ടി ഇംഗ്ലീഷിൽ ഫാദർ സണ്‍ ആൻഡ്‌ ഹോളി സ്പിരിറ്റ്‌ എന്നും ഹിന്ദിയിൽ പിതാ പുത്ര് ഓർ പവിത്ര് ആത്മ എന്നും പറഞ്ഞു കൊടുത്തു.

കൂട്ടത്തിൽ അൽപം വിവരം ഉള്ളവൻ അത് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു

ഞാൻ എക്സ്പ്ലെയിൻ ചെയ്തു  "പിതാവ് എന്നാൽ ദൈവം, പുത്രൻ യേശു ക്രിസ്തു പരിശുദ്ധാത്മാവ് എന്നത് മൂന്നാമത്തെ ആൾ"

"ഒരു പ്രാവിന്റെ രൂപത്തിൽ ഉള്ളത് അല്ലെ...?"

വിവരമുള്ള ഹരിയാനക്കാരന്റെ ചോദ്യം

"അതെ"

അവൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചത് കൊണ്ടുള്ള അറിവ്

"പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവ്  ഞങ്ങളുടെ ദൈവം ആയത് കൊണ്ട് പക്ഷി വർഗത്തിൽ പെട്ട എല്ലാ ജീവികളും ഞങ്ങൾക്ക് ദൈവം ആണ്. അതിൽ ചിക്കനും പെടും. നിങ്ങൾ ചിക്കനെ കൊന്നു കഴിച്ചാൽ ഞങ്ങളുടെ മത വികാരവും മുറിപ്പെടും "

ഒന്നും മനസ്സിലാകാതെ നാല് പേരും വായും പൊളിച്ച് എന്നെ നോക്കി ഇരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ലുങ്കി മടക്കി കുത്തി ലാലേട്ടനെ പോലെ തോൾ അൽപം ചെരിച്ച് സ്ലോ മോഷനിൽ എന്റെ റൂമിലേക്ക് നടന്നു

ഹല്ല പിന്നെ

മിനിക്കഥ

പെണ്ണുകാണാൻ പോയപ്പോൾ താൻ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താൻ അൽപം ആലങ്കാരികമായ ഭാഷയിൽ അയാൾ അവളോട്‌ പറഞ്ഞു

"എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് "

അതുകേട്ട് അവൾ ചോദിച്ചു

"എത്രനാളായി തുടങ്ങിയിട്ട്...?"

"ഒരു അഞ്ചാറു വർഷമായി "

"ഡോക്ടർമാരെ ഒന്നും കാണിച്ചില്ലേ...?

തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാൾക്ക് സന്തോഷമായി

"ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല"

അടുത്ത ദിവസം രാവിലെ ബ്രോക്കർ  വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരൻ ഉണർന്നത്

"ചെക്കനു അഞ്ചാറു വർഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവർ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നു എന്ന്."

ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത ബ്ലോഗ്‌ പോസ്റ്റിലേക്ക് അയാൾ കടന്നു

ആലങ്കാരികമായി തന്നെ വീണ്ടും എഴുതാൻ...!!


Sunday, October 13, 2013

ഭാവന ഷെട്ടി

മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാർക്കിടയിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകൾ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ്‌ ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച്  നോക്കുന്നത്

അവൾ എന്നെ തിരിഞ്ഞ് നോക്കിക്കൊണ്ട് പോയതിനാലാവണം ഫ്രിസ്കിംഗ് പോയന്റിൽ നിന്ന കോണ്‍സ്റ്റബിൾ എന്നെ തറപ്പിച് ഒന്ന് നോക്കി

അടുത്ത ദിവസം വീണ്ടും വൈകുന്നേരം അഞ്ചര....

പുറത്തേക്ക്‌ പോകുന്ന അവൾ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നു

ഇത്തവണ അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം ഉണ്ടായിരുന്നോ...?

കോണ്‍സ്റ്റബിൾ വീണ്ടും എന്നെ തിരിഞ്ഞു നോക്കി

"ക്യാ ഹൈ സാബ്...? ക്യാ ചക്കർ ഹൈ..?"

അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടിട്ട് അവനൊരു സംശയം

"അവൾ സാറിനെ ലൈൻ അടിക്കാൻ നോക്കുകയായിരിക്കും"

അവന്റെ സംശയം ന്യായം

"ഹേയ് അങ്ങനെ ഒന്നും ഇല്ല"

ഡെയിലി കാണുന്ന കൊണ്ട് പുഞ്ചിരിച്ചതാവും

രണ്ടു ദിവസങ്ങൾക്കു ശേഷം നല്ല മഴയുള്ള ഒരു ദിവസം. അപ്രതീക്ഷിതമായിട്ടാണ് അവൾ നനഞ്ഞു കുതിർന്നു കയറി വന്നത്. നീല നിറമുള്ള സാരി ധരിച്ച് "സെക്സി" ആയി ഉള്ള ആ വരവ്. പെട്ടന്ന് എനിക്ക് ഓർമ വന്നത് പാലേരി മാണിക്ക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ ഡയലോഗ് ആണ്

നനഞ്ഞ പെണ്ണ് ശെരിക്കും സെക്സി തന്നെ

"ഹലോ ഓഫീസർ വാട്സ് അപ്...?"

അവൾ പരിചയപ്പെടാൻ ശ്രമിക്കുകയാണ്. ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്രതീക്ഷിതമായി പെയ്ത മഴയെക്കുറിച് അവൾ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സംസാരം കേൾക്കുമ്പോൾ എന്റെ മനസ്സിലും മഴ പെയ്തു. രഞ്ജിത് എന്ന സംവിധായകന്റെ ആ ഡയലോഗ് എത്ര ശെരിയാണ് എന്ന് ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ

അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടുകൊണ്ട് എന്റെ സഹപ്രവർത്തകർ എന്നെ നോക്കി പുഞ്ചിരിച്ചു

"സാബിനോട് അവൾക്ക് നല്ല താല്പര്യം ഉണ്ടെന്നു തോന്നുന്നു "

അത് പറഞ്ഞത് ഒരു ലേഡി കോണ്‍സ്റ്റബിൾ ആയിരുന്നു

ആണോ...? ആ..

ഒരു ഹിന്ദിക്കാരി പെങ്കൊച്ചിനു ഒരു മദ്രാസി ആയ എന്നോട് എന്ത് തോന്നാൻ...?

അടുത്ത ദിവസം അവൾ എന്റെ നെയിം പ്ലേറ്റ് നോക്കി. പേര് പറഞ്ഞുകൊണ്ട് അവളുടെ കൈകൾ നീട്ടി

"ഹലോ ഐ ആം ഭാവന ഷെട്ടി "

അവളുടെ മാർദവമുള്ള കൈകൾ കവരുമ്പോൾ എന്റെ കൈകളില്ലൂടെ കറന്റ് പാസ് ചെയ്തോ എന്നൊരു സംശയം. ഇത്രയും സോഫ്റ്റ്‌ ആയ കൈകൾ ഞാൻ ആദ്യമായി ടച്ച് ചെയ്യുകയാണ്.

ഭാവന ഷെട്ടി

നല്ല പേര്

മലയാളം നടി ഭാവനയുടെ മുഖവും ഹിന്ദി നടി  ശില്പ ഷെട്ടിയുടെ ബോഡിയും ഉള്ളവൾ.... ഭാവന ഷെട്ടി

ആരോ അറിഞ്ഞിട്ട പേര്

ഭാവനയുടെ ഓർമകളിൽ അങ്ങനെ വിരാജിക്കുമ്പോൾ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു

"വൈ ഡോണ്ട് യു ഗിവ് മി യോർ മൊബൈൽ നമ്പർ...?"

അപ്പൊ ഇവർ പറയുന്നത് ശെരിയാണ്. ഇവൾ എന്തോ കാര്യമായി തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്

ഒരു സുന്ദരി ആദ്യമായി ചോദിച്ചത് കൊണ്ട് ഒട്ടും മടിക്കാതെ മൊബൈൽ നമ്പർ കൊടുത്തു. അവൾ ഉടൻ തന്നെ അത് അവളുടെ മൊബൈലിൽ ഫീഡ് ചെയ്തു

"സാർ... സാറിനു ഒരു ഡൽഹിക്കാരിയെ  കെട്ടാനാ യോഗം എന്ന് തോന്നുന്നു "

ലേഡി കോണ്‍സ്റ്റബിൾ സംശയം പ്രകടിപ്പിച്ചു

ഈ സംഭവങ്ങളും ഡയലോഗുകളും എന്റെ മനസ്സിൽ തീ കോരിയിട്ടു

രാത്രിയിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല. ചിന്തകളിലും സ്വപ്നങ്ങളിലും എല്ലാം ഭാവന ഷെട്ടി....!!

അവൾക്ക് നമ്പർ കൊടുത്തപ്പോൾ എന്റെ ഫോണിലേക്ക് ഒന്ന് റിംഗ് ചെയ്യിക്കെണ്ടാതായിരുന്നു. എന്തായാലും അവൾ എപ്പോളെങ്കിലും വിളിക്കുമായിരിക്കും

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരമാണ് എന്റെ വാട്സ് ആപ്പിൽ ഒരു മെസ്സേജ്

"ഹായ് ദിസ് ഈസ്‌ ഭാവന "

എന്റെ ഉള്ളം കുളിർത്തു

അങ്ങനെ ആ സുന്ദരിയുടെ ഫോണ്‍ നമ്പരും കിട്ടിയിരിക്കുന്നു

പിന്നീടുള്ള ദിവസങ്ങൾ ചാറ്റിംഗ് മഴയുടെതായിരുന്നു

രാവിലെ എണീക്കുന്നതിനു മുൻപേ അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ്. ഇടക്കിടക്കൊക്കെ മറ്റു ചാറ്റുകൾ

അങ്ങനെ ദിവസങ്ങൾ കൊഴിയുന്തോറും ഭാവന ഷെട്ടി എന്റെ മനസ്സിന്റെ മണിയറയിൽ കയറിക്കൂടി

പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞു. ഭാവനയോട് ചാറ്റ് ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. അവളാണെങ്കിൽ കേരളത്തെ കുറിച്ചും മലയാളികളുടെ നല്ല സ്വഭാവത്തെ കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചു. അവൾ സെറ്റിൽ ആവാൻ ഉദേശിക്കുന്നത് കേരളത്തിൽ ആണത്രേ

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ ഒരു മെസ്സേജ്

"കാൻ വീ മീറ്റ്‌ സംവെയർ...?"

"വൈ നോട്ട് "

"വെയർ..?"

"യു ഡിസൈട് "

"കഫെ കോഫി ഡേ...?"

അങ്ങനെ കാമുകി കാമുകന്മാർക്ക് കാപ്പി കുടിച്ചു കൊണ്ട് സൊള്ളാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന കഫെ കോഫി ഡേ എന്ന ബ്രാൻഡട്‌ കാപ്പിക്കടയിൽ വച്ച് സന്ധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

അവൾക്ക് എന്നോട് എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ടത്രേ

ഹോ പ്രണയം തുറന്നു പറയാൻ അതേ ക്ലീഷേ ടയലോഗ്

രാവിലെ തന്നെ കുളിച്ച് ഷേവ് ചെയ്ത് മുഖത്ത് ഫെയർ ആൻഡ്‌ ഹാൻഡ്‌സം പുരട്ടി ശരീരം മുഴുവൻ അടിടാസ് ഐസ് ബ്ലൂ പൂശി ലീ യുടെ  ജീന്സും ലെവൈസിന്റെ പുതിയ ഷർട്ടും യെപ് മി യിൽ നിന്നും ഓണ്‍ലൈൻ വാങ്ങിയ പുതിയ ഷൂസും ഇട്ടു ചുള്ളനായി ഞാൻ കഫെ കോഫി ഡേ ക്കുള്ള മെട്രോ കയറി

പോകുന്ന വഴിയിൽ മുഴുവൻ എന്റെ മനസ്സിൽ കണ്‍ഫ്യൂഷൻ ആയിരുന്നു

ഒരു ഹിന്ദിക്കാരിയെ കെട്ടണം എന്നൊക്കെ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമോ...? എന്തായാലും വരുന്നത് വഴിയിൽ വച്ച് കാണാം

ഇളം നീല നിറമുള്ള സാരി ധരിച്ച് അഴിച്ചിട്ട മുടിയുമായി അവൾ വന്നു കയറി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം. ഏറ്റവും ഇഷ്ടമുള്ള അറ്റയർ

കോൾഡ് കോഫി കുടിക്കുന്നതിനിടയിൽ അവൾ എന്റെ മാസ വരുമാനം ചോദിച്ചു. കൊച്ചു കള്ളി ഫിനാൻഷിയലി സെക്യുവർ ആണോ എന്ന് അറിയാനായിരിക്കും. അവൾ ഇവിടുത്തെ പ്രശസ്തമായ ഒരു ബാങ്കിലെ സീനിയർ എക്സിക്യൂട്ടിവ് ആണ്.

"എന്താണ് സീരിയസ് ആയി സംസാരിക്കണം എന്ന് പറഞ്ഞത്..?"

ആകാംഷ അടക്കാനാവാതെ ഇരുന്ന ഞാൻ ചോദിച്ചു

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ നിന്നും വീഴുന്ന മധുമൊഴികൾ കേൾക്കാൻ ഞാൻ അതിൽ തന്നെ നോക്കിയിരുന്നു. ഒരു സിപ് എടുത്തിട്ട് അവൾ എന്നെ നോക്കി. ടിഷ്യു പേപ്പർ കൊണ്ട് ചുണ്ട് തുടച്ചിട്ട് പറഞ്ഞു

"ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. നോ എന്ന് പറയരുത് "


നിന്നോട് നോ എന്ന് പറയാനോ. നീ ധൈര്യമായി പറയൂ എന്റെ സുന്ദരീ

പിന്നീട് അവൾ പറഞ്ഞ ഓരോ ഡയലോഗും ഓരോ ഇടിവെട്ട് ആയിട്ടാണ് എന്റെ കാതിൽ വന്നു വീണത്

"സെൻട്രൽ ഗവണ്‍മെന്റ് ഓഫീസർമാർക്ക് വേണ്ടി ഞങ്ങളുടെ ബാങ്ക് ഒരു പുതിയ ഇൻവെസ്റ്റ്‌മെന്റ് സ്കീം കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഒരു വണ്‍ ലാക് ടിപോസിറ്റ് ചെയ്യണം"

വലിച്ചെടുത്ത കോൾഡ് കോഫി ഞാൻ പോലും അറിയാതെ നേരെ എന്റെ തലയിലേക്ക് കയറി എന്നെ ചുമപ്പിച്ച് മൂക്കിലൂടെ പുറത്തു വന്നു

"ആർ യു ഓക്കേ...?"

"അപ്പൊ ഇതാണോ ആ സീരിയസ് മാറ്റർ...?"

"യെസ് "

"മറ്റൊന്നും പറയാനില്ലേ...?"

"മറ്റെന്തു പറയാൻ...?"

ഇതിൽ തീരെ താൽപര്യം ഇല്ല എന്ന് പറഞ്ഞു അവിടെനിന്നു പോരുമ്പോൾ കഫെ കോഫി ഡേ യുടെ പുറത്ത് പാന്റീൻ ഷാമ്പു പരസ്യത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒറിജിനൽ ശില്പ ഷെട്ടിയുടെ പോസ്റ്റർ ഉണ്ടായിരുന്നു

Tuesday, August 6, 2013

മോബൈൽ ഫോണ്‍ മര്യാദകൾ


നിത്യ  ജീവിതത്തിൽ മൊബൈൽ ഫോണ്‍ നമുക്ക് ഒരു അവശ്യ വസ്തു ആയി തീർന്നിരിക്കുന്നു. മൊബൈൽ ഫോണ്‍  ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ഓർക്കാൻ പോലും കഴിയാത്തവർ ധാരാളം ഉണ്ട്. പക്ഷെ ഈ മൊബൈൽ ഫോണ്‍ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ടെങ്കിലും നാം മനപൂർവമോ അറിവില്ലായ്മ മൂലമോ അവയെ വിട്ടുകളയുന്നു. ഇടുക്കിക്കാരൻ തൻറെ നിരീക്ഷണത്തിൽ കണ്ടെത്തിയ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. ചില ഫോണ്‍ മര്യാദകൾ :-

1) പൊതു സ്ഥലങ്ങളിൽ നേരിയ ശബ്ദത്തിൽ ഉള്ള റിംഗ് ടോണ്‍ ഉപയോഗിക്കുക അല്ലെങ്കിൽ ഫോണ്‍ സൈലെന്റ് മോഡിൽ വയ്ക്കുക 

 2) പൊതു സ്ഥലത്ത് സംസാരിക്കുമ്പോൾ ശബ്ദം കുറച്ചു സംസാരിക്കുക. ഉച്ചത്തിൽ സംസാരിക്കുമ്പോൾ അത് മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കുക 

3) പൊതുസ്ഥലത്ത് വച്ച് നീണ്ട ഫോണ്‍ സംഭാഷണം ഒഴിവാക്കുക.

4) മറ്റുള്ളവരുടെ മൊബൈൽ അവരുടെ അനുവാദം കൂടാതെ പരിശോധിക്കരുത് 

5) അടുത്തിരിക്കുന്ന ആളുടെ മൊബൈലിലേക്ക് എത്തി നോക്കരുത് 

6) മറ്റുള്ളവരുടെ അനുവാദം ഇല്ലാതെ അവർക്ക് വരുന്ന കോളുകൾ എടുക്കുകയോ എസ് എം എസ്  വായിക്കുകയോ ചെയ്യരുത്  

7) അത്രക്ക് അത്യാവശ്യം ഇല്ലെങ്കിൽ അടുത്ത കൂട്ടുകാർ അല്ലാത്തവരെ രാത്രിയിൽ വിളിക്കുന്നത് ഒഴിവാക്കുക 

8) മറ്റുള്ളവരുടെ അനുവാദം കൂടാതെ അവരുടെ ഫോട്ടോ എടുക്കാതിരിക്കുക അവർ ഒരു സെലിബ്രിറ്റി ആണെങ്കിൽ പോലും 

9) പറ്റുമെങ്കിൽ എല്ലാ കോളുകളും എടുക്കാൻ ശ്രമിക്കുക. തിരക്കാണെങ്കിൽ കോൾ റിജെക്റ്റ് ചെയ്യുക. പിന്നീട് ആ നമ്പരിൽ തിരിച്ചു വിളിക്കുക. വീണ്ടും വിളിക്കുന്നു എങ്കിൽ എടുത്ത് തിരക്കിലാണെന്ന് അറിയിക്കുക. ഒരുപക്ഷെ അത് ഒരു അത്യാവശ്യ കോൾ ആവാം  

10) ഫോണ്‍ സംഭാഷണങ്ങൾ ചുരുങ്ങിയതും മാധുര്യമുള്ളതും ആക്കുക 

11) വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലോ അല്ലെങ്കിൽ സ്വിച്ച് ഓഫ് ആക്കിയോ വയ്ക്കുക 

12) മറ്റുള്ളവരെ വെയിറ്റ് ചെയ്യിച്ചു കൊണ്ട് നീണ്ട ഫോണ്‍ സംഭാഷണത്തിൽ മുഴുകാതിരിക്കുക, അയാൾ നമ്മുടെ കീഴുദ്യോഗസ്ഥൻ ആണെങ്കിൽ പോലും 

13) കൂടെ ഒരാൾ മാത്രം ഉള്ളപ്പോൾ മൊബൈലിൽ നീണ്ട സംഭാഷണം നടത്തി അവരെ വെയിറ്റ് ചെയ്യിക്കാതിരിക്കുക