Tuesday, May 9, 2017

ടിപ്പു

തെക്കിനിയിലെ പേരമരത്തിൽ നിന്ന് പേരക്ക പറിച്ചു തിന്നുന്ന കുരങ്ങനെ നോക്കി ടിപ്പു ശക്തമായി ഒന്നുകൂടി കുരച്ചു. ഇല്ല അവൻ മൈൻഡ് ചെയ്യുന്നു പോലും ഇല്ല...!

യജമാനൻ പറയുന്നത് ശരിയാണ്. താൻ ഒരു കിഴവൻ നായ ആയിരിക്കുന്നു. പഴയ ഉണർവൊന്നും ഇപ്പൊ ഇല്ല. പണ്ടുണ്ടായിരുന്ന നാട് നടുങ്ങുന്ന കുരയും ഇപ്പോൾ ഇല്ല. ഇപ്പോഴും ചുരുണ്ടുകൂടി കിടക്കാൻ മാത്രം തോന്നുന്നു.

എന്നാലും തലേ രാത്രിയിൽ യജമാനൻ ഭാര്യയോട് പറഞ്ഞത് ഓർത്തിട്ട് ടിപ്പുവിനു ഉറക്കമെ വന്നില്ല. തന്നെ കൊന്നുകളയണമെന്നു യജമാനന്റെ ഭാര്യക്കാണ് നിർബന്ധം. നേരെ ചൊവ്വേ കുരക്കാൻ പോലും പറ്റാത്ത ഈ കിഴവൻ നായയെ എന്തിനാണ് വെറുതെ തീറ്റിപോറ്റുന്നതെന്നു...!

പന്ത്രണ്ടാമത്തെ വയസ്സിൽ പുഴയിൽ മുങ്ങിത്താണ യജമാനനെ താൻ കുരച്ചു ബഹളം ഉണ്ടാക്കി ആളെ കൂട്ടി രക്ഷിച്ചതൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരിക്കുന്നു. അല്ലേലും ഓർത്തിരിക്കാനും അവാർഡ് തരാനും താൻ മനുഷ്യൻ അല്ലല്ലോ.

എന്തായാലും ജീവൻ രക്ഷിച്ച ആളെ ഒരു പക്ഷെ കൊല്ലില്ലായിരിക്കും.

രാവിലെ തന്നെ ചുരുട്ടി പിടിച്ച കയറുമായി വരുന്ന യജമാനനെ കണ്ട ടിപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"പട്ടിക്ക് ചൂലയും ഉണ്ടെന്നു തോന്നുന്നു"

 യജമാനത്തിയുടെ കമന്റ്

"കണ്ടില്ലേ കണ്ണിൽ നിന്ന് വെള്ളം വരുന്നു...!"

കഴുത്തിൽ മുറുകിയ കയറിൽ കിടന്നു പിടക്കുമ്പോളും ഇത് വെറുമൊരു സ്വപ്‌നമാണെന്ന് ടിപ്പു വെറുതെ വിചാരിച്ചു.

Monday, May 8, 2017

ഹെഡ് കോൺസ്റ്റബിൾ പദ്മനാഭൻ നായർ

"സർ ഒരാൾ എന്നെ ശല്യം ചെയ്യുന്നു"

ശബ്ദം കേട്ട് ഹെഡ് കോൺസ്റ്റബിൾ പദ്മനാഭൻ നായർ തല ഉയർത്തി നോക്കി

പതിനെട്ടോ ഇരുപതോ പ്രായം വരുന്ന ഒരു സുന്ദരി കുട്ടി. അവളുടെ കണ്ണുകൾ ചുവന്നിരുന്നു പേടികൊണ്ട്

"ആരാ നിന്നെ ശല്യം ചെയ്യുന്നത്...?"

അയാൾ അലക്ഷ്യമായി ചോദിച്ചു. അടുത്ത് നിന്നിരുന്ന ചുരുണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരനു നേർക്ക് അവൾ നോക്കി

ചെറുപ്പക്കാരനോടായി അയാൾ ചോദിച്ചു

"ഇവൾ നിന്റെ ആരാടാ...?"

"എന്റെ ഗേൾ ഫ്രണ്ട് ആണ്" അയാൾ മുരണ്ടു.

"ശരിയാണോ?" അവളോടായി ചോദിച്ചു

കരഞ്ഞു ചുവന്ന കണ്ണുകളുമായി അവൾ പറഞ്ഞു.

 "സർ ഞങ്ങൾ ഫ്രണ്ട്‌സ് ആയിരുന്നു. എനിക്ക് ഇവനെ ഇഷ്ടവുമായിരുന്നു. മദ്യപാനവും പുകവലിയും വരെ ഞാൻ സഹിക്കുമായിരുന്നു. എന്നാൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, അവൻ അത് ഉപേക്ഷിക്കാൻ തയാറാവാതെ വന്നപ്പോഴാണ് ഞാൻ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്"

"എന്നിട്ടോ..?"

"അവൻ എന്നെ വെറുതെ വിടുന്നില്ല സർ"

"ഓഹോ അപ്പൊ കാമുകീ കാമുകന്മാർ ആണല്ലേ...?"  അയാൾ പുച്ഛത്തോടെ അവരെ നോക്കി.

"നിന്റെയൊക്കെ കുത്തി കഴപ്പിന് സമാധാനം ഉണ്ടാക്കലല്ല പോലീസിന്റെ ജോലി. മര്യാദക്ക് രണ്ടെണ്ണവും എറങ്ങിക്കോ"

"സർ എന്നെ രക്ഷിക്കണം സർ. ഇവൻ എന്നെ കൊല്ലും സാർ." അവൾ കെഞ്ചി.

"ഇറങ്ങി പോടീ..!"

അയാളുടെ ആട്ടലിൽ പേടിച്ച അവൾ കരഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.

"ഇനി നിന്നോട് പ്രത്യേകം പറയണോടാ @#$%&&&@ മോനേ..?

അയാളെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവനും വെളിയിലേക്കിറങ്ങി.

ഉച്ചയൂണിന് ശേഷം വെറ്റിലയിൽ ചുണ്ണാമ്പ് പുരട്ടുമ്പോളാണ് കൺട്രോൾ റൂമിൽ നിന്നും വയർലെസ് സെറ്റിൽ മെസ്സേജ് വരുന്നത്. ആൻസ് പ്ലാസ മോളിനു മുൻപിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു. ഉടൻ തന്നെ മറ്റു പി സി മാരെ കൂട്ടി അയാൾ അങ്ങോട്ട് തിരിച്ചു.

കാമുകൻ കാമുകിയെ കഴുത്തറുത്ത് കൊന്നതാണെന്ന അടക്കം പറച്ചിൽ കേട്ടുകൊണ്ട് ആൾ കൂട്ടത്തെ വകഞ്ഞു മാറ്റി അയാൾ ഡെഡ് ബോഡിക്കരികിൽ എത്തി. പകുതിയോളം കഴുത്ത് മുറിഞ്ഞു കിടക്കുന്ന അവളുടെ ശരീരം നോക്കി ഒരു പി സി അടക്കം പറഞ്ഞു

"സാർ ഇത് ആ കൊച്ചല്ലേ..?"

യാതൊരു ഭാവഭേദവുമില്ലാതെ മറ്റു നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചു അയാൾ ജീപ്പിൽ കയറി.

മരിച്ചു കഴിഞ്ഞു എങ്കിലും അടയാതിരുന്ന അവളുടെ കണ്ണുകൾ അപ്പോഴും അയാളെ തുറിച്ച് നോക്കുകയായിരുന്നു...!!

Friday, January 17, 2014

ഒരു പാമ്പു പിടുത്തത്തിന്റെ കഥ

പാമ്പ് പിടിക്കുക അഥവാ നാട്ടിൽ പ്രത്യക്ഷപ്പെട്ട പാമ്പിനെ തല്ലി കൊല്ലുക എന്നത് ഞങ്ങളുടെ നാട്ടിൽ ഒരു കലയാണ്‌. ഒരു പാമ്പിനെ കാണുമ്പോൾ "അയ്യോ പാമ്പേ " എന്ന് ഏതെങ്കിലും സ്ത്രീ വിളിച്ചു കൂവും. അത് കേട്ട് നാട്ടിലെ ഹീറോ ആയ ആരെങ്കിലും കയ്യിൽ കിട്ടിയ വടിയുമായി ഓടി എത്തി അതിനെ തല്ലി കൊല്ലുന്നു. ഒരു പാമ്പിനെ കൊല്ലുന്നതിനു അപാരമായ ധൈര്യം ഉണ്ടാവണമല്ലോ. അതിനാൽ തന്നെ ഈ പാമ്പ് പിടിക്കുന്ന നാട്ടുകാരായ ചേട്ടന്മാർ എന്നും എന്റെ മനസിലെ ഹീറോസ് ആയിരുന്നു.

ഇതുപോലെ പാമ്പിനെ കൊന്നു ഹീറോ ആകണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും അതിനുള്ള ധൈര്യം കുറവായതിനാൽ ചെറുപ്പത്തിൽ അതിനു മുതിർന്നില്ല. പാമ്പ് ചത്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ ഒരു വടി എടുത്ത് അതിനിട്ടു അഞ്ചാറു അടി അടിക്കും. ലേറ്റ് ആയി പാമ്പിനെ കാണാൻ വന്നവർ ഞാൻ ആണ് പാമ്പിനെ കൊന്നത് എന്ന് തെറ്റി ധരിച്ചോട്ടെ എന്ന ദുരുദ്ദേശം തന്നെ ആയിരുന്നു.

പിന്നീട് അൽപം കൂടി മുതിർന്നപ്പോൾ അത്യാവശ്യം ചേര, വളപളപ്പൻ തുടങ്ങിയ ഗാന്ധിയന്മാരായ പാമ്പുകളെ കൊല്ലാൻ ചാൻസ് കിട്ടുകയും ക്രമേണ ഞാൻ വലിയ ഒരു പാമ്പ് പിടുത്തക്കാരൻ ആണെന്ന് വിചാരിച്ചു കോൾമയിർ കൊള്ളാനും തുടങ്ങി.

പിന്നീട് ഒരിക്കൽ ബാംഗ്ലൂർ സെമിനാരിയിൽ ആയിരുന്ന സമയം. ഞാൻ അറിയപ്പെടുന്ന ഒരു വാവ സുരേഷ് ആണെന്നാണ്‌ ഞാൻ മറ്റുള്ളവരോട് പറഞ്ഞു വച്ചിരിക്കുന്നത്. ഇതൊന്നു തെളിയിക്കാൻ 'ചെറിയ' പാമ്പുകളെ ഒന്നും അവിടെ കാണാനും ഇല്ല. അങ്ങനെ ഇരിക്കെ ഞങ്ങൾക്ക് ഒരു സ്പെഷ്യൽ ക്ലാസ് നടക്കുന്ന സമയം. ബാംഗ്ലൂർ കാരി ആയ ഒരു ടീച്ചർ ആണ് ക്ലാസ് എടുക്കുന്നത്. എന്തോ ശബ്ദം കേട്ട് ക്ലാസ് റൂമിൽ നിന്നും പുറത്തേക്ക്‌ നോക്കിയ ഞങ്ങൾ കണ്ടത് ഒരു പാമ്പിന്റെ പുറകെ ഓടുന്ന കുറെ പേരെ ആണ്. കിച്ചണിൽ ജോലി ചെയ്യുന്ന തമിഴന്മാർ ആണ്.

ഹീറോയിസം തെളിയിക്കാൻ പറ്റിയ സമയം. ടീച്ചറിനോട് അനുവാദം ചോദിച്ച് ഞാൻ സ്പോട്ടിൽ എത്തി. കയ്യിൽ കിട്ടിയ ഒരു വടിയുമായി ഞാനും പാമ്പിന്റെ പിറകെ വച്ചു പിടിപ്പിച്ചു. ഇത് കണ്ട് അവരിൽ ഒരാൾ പറഞ്ഞു

"ബ്രദർ അത് മൂർഖനാ. പോകണ്ട"

"ഒന്ന് പോയാ.....നിനക്കൊക്കെ പാമ്പിനെ പറ്റി എന്തറിയാം...? മൂർഖൻ അല്ല രാജവെമ്പാല ആയാലും ഞാൻ ഇന്ന് അതിനെ കൊന്നിട്ടെ ഉള്ളു."

പാമ്പ് കരിയിലക്കിടയിൽ ഒന്ന് സ്റ്റോപ്പ്‌ ചെയ്ത സമയം നോക്കി ഞാൻ ഒരു അടി അടിച്ചു.

എല്ലാം സംഭവിച്ചത് പെട്ടന്നായിരുന്നു....

അടി കൊണ്ടോ ഇല്ലയോ എന്നറിയില്ല പാമ്പ്‌ കിടന്ന കിടപ്പിൽ മുകളിലേക്ക് ഉയർന്ന് എന്റെ നേരെ ഒരു ചീറ്റൽ

അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് ഞാൻ പേടിച്ച് പുറകോട്ട് മാറി. പക്ഷെ ചവിട്ടിയത് ഒരു കല്ലിന്റെ മുകളിൽ ആയത്  കൊണ്ട് കറങ്ങി ചക്ക വീഴുന്ന പോലെ നിലത്തേക്ക് ഒരു വീഴ്ച്ച

കിടന്ന കിടപ്പിൽ നോക്കിയപ്പോൾ കണ്ടത് എന്നെ നോക്കി ചിരിക്കുന്ന തമിഴന്മാരെ.

പാമ്പ്‌ അതിന്റെ വഴിക്കും പോയി

ഇനി ക്ലാസ്സിൽ ഉള്ളവർ കണ്ടുകാണില്ല എന്ന് കരുതി അങ്ങോട്ട്‌ നോക്കിയപ്പോൾ ഹൃദയം തകർന്നു പോയി

ടീച്ചർ അടക്കം എല്ലാവരും ജനലിൽ കൂടി നോക്കി നിൽക്കുന്നു

എന്റെ ഉള്ളിലെ വാവ സുരേഷ് ആവിയായി പോയി

അങ്ങനെ മാനവും, കയ്യിലേയും കാലിലെയും തൊലിയും പോയി

പരിക്ക് ഒക്കെ കഴുകിയ ശേഷം  അപഹാസ്യനായി ക്ലാസിലേക്ക് കയറുമ്പോൾ എന്നെ ദുഖിപ്പിച്ചത് അവരുടെ അടക്കി പിടിച്ച ചിരി ആയിരുന്നില്ല, മറിച്ച് രക്ഷ പെട്ട ആ പാമ്പിനെ ജീവനോടെ പിടിച്ചുകൊണ്ട് വന്ന ആ തമിഴൻ ആയിരുന്നു 

Monday, December 9, 2013

വിശുദ്ധ സൂക്കർബർഗിനോടുള്ള ജപം

ഫെയ്സ്ബുക്ക് എന്ന മാസ്മരിക ലോകത്തിന്റെ സ്രഷ്ടാവും ഞങ്ങളെ അനുദിനം ഫെയ്സ്ബുക്കിൽ വഴിനടത്തുന്നവനും ആയ വിശുദ്ധ സൂക്കർബർഗെ അങ്ങയെ  ഞങ്ങൾ ലൈക്‌ ചെയ്യുന്നു. അങ്ങ് ഞങ്ങൾക്ക് ഫെയ്സ്ബുക്കിൽ നൽകിയിട്ടുള്ള എല്ലാ ഓപ്ഷൻസിനും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ അനുദിന ഫെയ്സ്ബുക്ക് ജീവിതത്തെ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ.

ഹാക്കർമാരിൽ നിന്നും ഫേക്ക് ഫ്രണ്ട് റിക്വസ്റ്റ്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ഞങ്ങൾ ഫെയ്സ്ബുക്കിൽ ഇടുന്ന ഫോട്ടോകൾക്കും പോസ്റ്റുകൾക്കും മാക്സിമം ലൈക്‌ കളും കമന്റ്‌ കളും തരാൻ അത് വായിക്കുന്നവരെ തോന്നിപ്പിക്കണേ. ഞങ്ങളുടെ ഫോട്ടോസും മറ്റു പോസ്റ്റുകളും കണ്ടിട്ട് അത് മൈൻഡ് ചെയ്യാതെ സ്ക്രോൾ ഡൌണ്‍ ചെയ്യുന്നവരെ അങ്ങ് ഒരു പാഠം പഠിപ്പിക്കണമേ. അന്ധകാര ശക്തികൾ ആണ് അവരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

ഞങ്ങളുടെ ടൈംലൈൻ, ഫോട്ടോസ്, എന്നിവയെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അന്ധകാര ശക്തികളിൽ നിന്നും അവയെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ. ഞങ്ങളെ അനാവശ്യമായി ടാഗ് ചെയ്യുന്നവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ബിസി ആയ സമയങ്ങളിൽ ചാറ്റ് ചെയ്യാൻ വരുന്ന നല്ല സുഹൃത്തുക്കൾ റിപ്ലൈ കാണാതെ വരുമ്പോൾ  ഞങ്ങൾക്ക് ഹെഡ് വെയിറ്റ് ആണെന്ന് തെറ്റി ധരിക്കാതെ ഞങ്ങളെ മനസിലാക്കാൻ ഉള്ള മനസ്സ് അവർക്ക് കൊടുത്തരുളണമേ.

പരമ കാരുണികനായ സുക്കർബർഗെ ഞങ്ങൾ ചോദിച്ച ഈ ആവശ്യങ്ങൾ ഞങ്ങൾക്ക് തന്നരുളണമേ

ആമേൻ

(ദിവസവും രാവിലെ ഫെയ്സ്ബുക്ക് തുറന്നതിനു ശേഷവും രാത്രി ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുൻപും ഇത് ചൊല്ലുക)

N.B : ഉറക്കത്തിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന അസുഖം ഉള്ളവർ ഇത് ഡെയിലി 10 പ്രാവശ്യം ചൊല്ലുക 

Wednesday, November 27, 2013

പുതിയ നിയമം....!!

കഴിഞ്ഞ ദിവസം സംഭവിച്ചതാണ്

എന്റെ സഹമുറിയൻ ആയ ബീഹാറിയുടെ കയ്യിൽ ബൈബിൾ പുതിയ നിയമം (ഹിന്ദിയിൽ 'നയാ നിയം' എന്ന് പറയും) ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

"നീ ബൈബിൾ ഒക്കെ വായിക്കുമോ...?"

അപ്പൊ അവൻ പറഞ്ഞ മറുപടി

"അപ്പൊ ഇത് ബൈബിൾ ആണല്ലേ....!!"  നയാ നിയം എന്ന ബുക്ക്‌ റോഡരികിൽ കണ്ടപ്പോൾ വല്ല പുതിയ നിയമങ്ങളും ആയിരിക്കും വായിച്ചു കളയാം എന്ന് കരുതി വാങ്ങിച്ചത് ആണെന്ന്. പക്ഷെ ഇത് വായിച്ചിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ല

"ഈശ്വരാ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലേ " എന്ന സലിം കുമാറിന്റെ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഞാൻ


വിശപ്പിന്റെ വിളി

ഇതെഴുതുമ്പോളും അവളുടെ  മുഖം എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.... ആ ഷോക്കിൽ നിന്ന് ഇപ്പോഴും ഞാൻ മുക്തനായിട്ടില്ല..... ഇപ്പോഴും ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം....!!

ഡൽഹിയിൽ രോഹിണി സെക്ടർ 5 ഇൽ ഫുട്പാത്തിൽ ഉള്ള തട്ടുകടയിൽ നിന്നും ചിക്കൻ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്റെ എല്ലുകൾക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കൾ.  അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോൾ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരൻ.

അങ്ങനെ കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യിൽ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള വേസ്റ്റ് പെറുക്കി അവൾ ആ ചാക്കിൽ ആക്കുന്നു. നായ്ക്കളെ ആട്ടി ഓടിച്ച് അവിടെ കിടന്ന എല്ലുകൾ അവൾ പെറുക്കി എടുത്തപ്പോൾ ഞാൻ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങൾക്ക് കൊടുക്കാനായിരിക്കും എന്നാണ്....

അൽപനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാൻ സ്തബ്ദനായി പോയി. ഫുട് പാത്തിൽ അല്പം മാറി ഇരുന്നു പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളിൽ ബാക്കിയായി ഉള്ള ചിക്കൻ കടിച്ച് എടുക്കുന്നു...!!

 ഞാൻ ചവച്ചു കൊണ്ടിരുന്ന ചിക്കൻ എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകിൽ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ പെട്ടന്ന്  അതെല്ലാം പെറുക്കി എടുത്ത് വേഗത്തിൽ നടന്നകന്നു.

എന്റെ പ്ലേറ്റിൽ ബാക്കി വന്നത് പിന്നീട് കഴിക്കാൻ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെ പറ്റി പ്രസംഗിക്കുന്ന ആളുകൾക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങൾ ഉണ്ടെന്നു അറിയാമോ എന്തോ....!!!


Monday, November 25, 2013

പോത്തിറച്ചിയും പരിശുദ്ധാത്മാവും

ഹൈദരാബാദിൽ ട്രെയിനിങ്ങിൽ ആയിരുന്ന സമയം. മിഡ് ടേം അവധി കഴിഞ്ഞ് തിരിച്ചെത്തി ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ തങ്ങി. അടുത്ത ദിവസം രാവിലെ ജോയിനിംഗ് ആണ്. വീണ്ടും ട്രെയിനിംഗ് തുടങ്ങും. അതിനു മുൻപുള്ള സ്വാതന്ത്ര്യം വെള്ളമടിച്ചും നല്ല ഫുഡ്‌ കഴിച്ചും ഒക്കെ ആഘോഷിക്കുകയാണ്.

രാത്രി ഏകദേശം പത്തു പതിനൊന്നു  മണി ആയിക്കാണും. ഹരിയാനക്കാരായ ചില സുഹൃത്തുക്കൾ അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ആണ് റൂം എടുത്തിരിക്കുന്നത്. അവരെ കാണാനായി വെറുതെ അവരുടെ മുറിയിൽ  പോയതായിരുന്നു ഞാൻ. 

അവധി വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു 

"മദ്രാസി നീ അവധിക്ക് പോയപ്പോ ഇഷ്ടം പോലെ ബീഫ് ഒക്കെ തിന്നു കാണും അല്ലെ...?"

മദ്രാസികൾ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർ ബീഫ് കഴിക്കുന്നത് നന്നായി അറിയാവുന്നവർ ആണ് ഇവർ. ഗോ മാതാവിനെ ദൈവമായി കരുതുന്ന നോർത്ത് ഇന്ത്യക്കാർക്ക് ഇതിൽ തരക്കേടില്ലാത്ത മുറുമുറുപ്പും ഉണ്ട്. കേരളത്തിൽ ബീഫിനു മതപരമായ ഒരു മാനദണ്ഡം ഇല്ല എന്നും അത് കേരളത്തിൽ ഹിന്ദുക്കൾ അടക്കം എല്ലാവരും കഴിക്കുന്നത് ആണെന്നും ഞങ്ങളുടെ അടുത്തുള്ള കശാപ്പുകാരൻ വരെ  ഒരു ഹിന്ദു ആണെന്നും തുടങ്ങി പല കാര്യങ്ങളും ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതാണ്. 

ഈ അവസരത്തിൽ ഈ ടോപിക് വീണ്ടും എടുത്തിട്ട് അനാവശ്യമായ ഒരു വാദ പ്രതിവാദം ആണ് ഇവന്മാർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി

"അതെ ഇഷ്ടം പോലെ ബീഫ് കഴിച്ചു. എല്ലാ ദിവസവും വീട്ടിൽ ബീഫ് കറിയോ അല്ലെങ്കിൽ ഫ്രൈ ഉണ്ടായിരുന്നു.

വെള്ളമടിച്ച് അത്യാവശ്യം കിണ്ടി ആയി കട്ടിലിൽ കിടന്ന ഒരു ഹരിയാനക്കാരൻ ചാടി എണീറ്റ്‌ ചോദിച്ചു

"ഞങ്ങളുടെ ഗോ മാതാവിനെ നിങ്ങൾ കൊന്നു തിന്നുന്നത് എന്തിനാണ്. പശു ഞങ്ങളുടെ ദൈവമാണ്."

പാല് തരുന്ന പശുവിനെ ആരും കൊല്ലാറില്ല എന്നും കാളയെയോ പോത്തിനെയോ മൂരിയെയോ ഒക്കെയാണ് തിന്നാറുള്ളത് എന്ന് ഇവനോടും ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാണ്. ആവശ്യമില്ലാതെ ഒരു ഇഷ്യു ഉണ്ടാക്കെണ്ടവന് കാര്യം അറിയേണ്ട ആവശ്യം ഇല്ലല്ലോ

കൂടെ അവന്റെ ഒരു ഭീഷണിയും

"ഇനി മേലിൽ ബീഫ് കഴിച്ചു പോകരുത്"

ഒന്ന് പോടാ കോപ്പേ എന്ന് ഹിന്ദിയിൽ പറയാൻ അറിയില്ലാത്തത് കൊണ്ട് അങ്ങനെ പറഞ്ഞില്ല

"നിങ്ങൾ ചിക്കൻ കഴിക്കാറുണ്ടോ...? ഞാൻ ചോദിച്ചു

"ഉണ്ട് "

"നിങ്ങൾ ചിക്കൻ കഴിക്കുന്നത് കൊണ്ട് എന്റെ മതവികാരം വൃണപ്പെടുന്നു. കോഴി ഞങ്ങളുടെ ദൈവമാണ്."

അപ്പറഞ്ഞത് കേട്ട് അവന്മാർ തെല്ലൊന്നു അമ്പരന്നു

"നീ ക്രിസ്ത്യാനി അല്ലെ...? ഈസാ മസീഹ് അല്ലെ നിങ്ങളുടെ ദൈവം...? പിന്നെ കോഴി എങ്ങനെ നിങ്ങളുടെ ദൈവം ആകും...?"

"ക്രിസ്ത്യൻ വിശ്വാസപ്രകാരം ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ്"

അവന്മാർക്ക് മനസ്സിലാക്കാൻ വേണ്ടി ഇംഗ്ലീഷിൽ ഫാദർ സണ്‍ ആൻഡ്‌ ഹോളി സ്പിരിറ്റ്‌ എന്നും ഹിന്ദിയിൽ പിതാ പുത്ര് ഓർ പവിത്ര് ആത്മ എന്നും പറഞ്ഞു കൊടുത്തു.

കൂട്ടത്തിൽ അൽപം വിവരം ഉള്ളവൻ അത് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു

ഞാൻ എക്സ്പ്ലെയിൻ ചെയ്തു  "പിതാവ് എന്നാൽ ദൈവം, പുത്രൻ യേശു ക്രിസ്തു പരിശുദ്ധാത്മാവ് എന്നത് മൂന്നാമത്തെ ആൾ"

"ഒരു പ്രാവിന്റെ രൂപത്തിൽ ഉള്ളത് അല്ലെ...?"

വിവരമുള്ള ഹരിയാനക്കാരന്റെ ചോദ്യം

"അതെ"

അവൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചത് കൊണ്ടുള്ള അറിവ്

"പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവ്  ഞങ്ങളുടെ ദൈവം ആയത് കൊണ്ട് പക്ഷി വർഗത്തിൽ പെട്ട എല്ലാ ജീവികളും ഞങ്ങൾക്ക് ദൈവം ആണ്. അതിൽ ചിക്കനും പെടും. നിങ്ങൾ ചിക്കനെ കൊന്നു കഴിച്ചാൽ ഞങ്ങളുടെ മത വികാരവും മുറിപ്പെടും "

ഒന്നും മനസ്സിലാകാതെ നാല് പേരും വായും പൊളിച്ച് എന്നെ നോക്കി ഇരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ലുങ്കി മടക്കി കുത്തി ലാലേട്ടനെ പോലെ തോൾ അൽപം ചെരിച്ച് സ്ലോ മോഷനിൽ എന്റെ റൂമിലേക്ക് നടന്നു

ഹല്ല പിന്നെ

മിനിക്കഥ

പെണ്ണുകാണാൻ പോയപ്പോൾ താൻ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താൻ അൽപം ആലങ്കാരികമായ ഭാഷയിൽ അയാൾ അവളോട്‌ പറഞ്ഞു

"എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് "

അതുകേട്ട് അവൾ ചോദിച്ചു

"എത്രനാളായി തുടങ്ങിയിട്ട്...?"

"ഒരു അഞ്ചാറു വർഷമായി "

"ഡോക്ടർമാരെ ഒന്നും കാണിച്ചില്ലേ...?

തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാൾക്ക് സന്തോഷമായി

"ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല"

അടുത്ത ദിവസം രാവിലെ ബ്രോക്കർ  വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരൻ ഉണർന്നത്

"ചെക്കനു അഞ്ചാറു വർഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവർ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നു എന്ന്."

ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത ബ്ലോഗ്‌ പോസ്റ്റിലേക്ക് അയാൾ കടന്നു

ആലങ്കാരികമായി തന്നെ വീണ്ടും എഴുതാൻ...!!


Sunday, October 13, 2013

ഭാവന ഷെട്ടി

മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാർക്കിടയിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകൾ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ്‌ ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച്  നോക്കുന്നത്

അവൾ എന്നെ തിരിഞ്ഞ് നോക്കിക്കൊണ്ട് പോയതിനാലാവണം ഫ്രിസ്കിംഗ് പോയന്റിൽ നിന്ന കോണ്‍സ്റ്റബിൾ എന്നെ തറപ്പിച് ഒന്ന് നോക്കി

അടുത്ത ദിവസം വീണ്ടും വൈകുന്നേരം അഞ്ചര....

പുറത്തേക്ക്‌ പോകുന്ന അവൾ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നു

ഇത്തവണ അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം ഉണ്ടായിരുന്നോ...?

കോണ്‍സ്റ്റബിൾ വീണ്ടും എന്നെ തിരിഞ്ഞു നോക്കി

"ക്യാ ഹൈ സാബ്...? ക്യാ ചക്കർ ഹൈ..?"

അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടിട്ട് അവനൊരു സംശയം

"അവൾ സാറിനെ ലൈൻ അടിക്കാൻ നോക്കുകയായിരിക്കും"

അവന്റെ സംശയം ന്യായം

"ഹേയ് അങ്ങനെ ഒന്നും ഇല്ല"

ഡെയിലി കാണുന്ന കൊണ്ട് പുഞ്ചിരിച്ചതാവും

രണ്ടു ദിവസങ്ങൾക്കു ശേഷം നല്ല മഴയുള്ള ഒരു ദിവസം. അപ്രതീക്ഷിതമായിട്ടാണ് അവൾ നനഞ്ഞു കുതിർന്നു കയറി വന്നത്. നീല നിറമുള്ള സാരി ധരിച്ച് "സെക്സി" ആയി ഉള്ള ആ വരവ്. പെട്ടന്ന് എനിക്ക് ഓർമ വന്നത് പാലേരി മാണിക്ക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ ഡയലോഗ് ആണ്

നനഞ്ഞ പെണ്ണ് ശെരിക്കും സെക്സി തന്നെ

"ഹലോ ഓഫീസർ വാട്സ് അപ്...?"

അവൾ പരിചയപ്പെടാൻ ശ്രമിക്കുകയാണ്. ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്രതീക്ഷിതമായി പെയ്ത മഴയെക്കുറിച് അവൾ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സംസാരം കേൾക്കുമ്പോൾ എന്റെ മനസ്സിലും മഴ പെയ്തു. രഞ്ജിത് എന്ന സംവിധായകന്റെ ആ ഡയലോഗ് എത്ര ശെരിയാണ് എന്ന് ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ

അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടുകൊണ്ട് എന്റെ സഹപ്രവർത്തകർ എന്നെ നോക്കി പുഞ്ചിരിച്ചു

"സാബിനോട് അവൾക്ക് നല്ല താല്പര്യം ഉണ്ടെന്നു തോന്നുന്നു "

അത് പറഞ്ഞത് ഒരു ലേഡി കോണ്‍സ്റ്റബിൾ ആയിരുന്നു

ആണോ...? ആ..

ഒരു ഹിന്ദിക്കാരി പെങ്കൊച്ചിനു ഒരു മദ്രാസി ആയ എന്നോട് എന്ത് തോന്നാൻ...?

അടുത്ത ദിവസം അവൾ എന്റെ നെയിം പ്ലേറ്റ് നോക്കി. പേര് പറഞ്ഞുകൊണ്ട് അവളുടെ കൈകൾ നീട്ടി

"ഹലോ ഐ ആം ഭാവന ഷെട്ടി "

അവളുടെ മാർദവമുള്ള കൈകൾ കവരുമ്പോൾ എന്റെ കൈകളില്ലൂടെ കറന്റ് പാസ് ചെയ്തോ എന്നൊരു സംശയം. ഇത്രയും സോഫ്റ്റ്‌ ആയ കൈകൾ ഞാൻ ആദ്യമായി ടച്ച് ചെയ്യുകയാണ്.

ഭാവന ഷെട്ടി

നല്ല പേര്

മലയാളം നടി ഭാവനയുടെ മുഖവും ഹിന്ദി നടി  ശില്പ ഷെട്ടിയുടെ ബോഡിയും ഉള്ളവൾ.... ഭാവന ഷെട്ടി

ആരോ അറിഞ്ഞിട്ട പേര്

ഭാവനയുടെ ഓർമകളിൽ അങ്ങനെ വിരാജിക്കുമ്പോൾ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു

"വൈ ഡോണ്ട് യു ഗിവ് മി യോർ മൊബൈൽ നമ്പർ...?"

അപ്പൊ ഇവർ പറയുന്നത് ശെരിയാണ്. ഇവൾ എന്തോ കാര്യമായി തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്

ഒരു സുന്ദരി ആദ്യമായി ചോദിച്ചത് കൊണ്ട് ഒട്ടും മടിക്കാതെ മൊബൈൽ നമ്പർ കൊടുത്തു. അവൾ ഉടൻ തന്നെ അത് അവളുടെ മൊബൈലിൽ ഫീഡ് ചെയ്തു

"സാർ... സാറിനു ഒരു ഡൽഹിക്കാരിയെ  കെട്ടാനാ യോഗം എന്ന് തോന്നുന്നു "

ലേഡി കോണ്‍സ്റ്റബിൾ സംശയം പ്രകടിപ്പിച്ചു

ഈ സംഭവങ്ങളും ഡയലോഗുകളും എന്റെ മനസ്സിൽ തീ കോരിയിട്ടു

രാത്രിയിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല. ചിന്തകളിലും സ്വപ്നങ്ങളിലും എല്ലാം ഭാവന ഷെട്ടി....!!

അവൾക്ക് നമ്പർ കൊടുത്തപ്പോൾ എന്റെ ഫോണിലേക്ക് ഒന്ന് റിംഗ് ചെയ്യിക്കെണ്ടാതായിരുന്നു. എന്തായാലും അവൾ എപ്പോളെങ്കിലും വിളിക്കുമായിരിക്കും

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരമാണ് എന്റെ വാട്സ് ആപ്പിൽ ഒരു മെസ്സേജ്

"ഹായ് ദിസ് ഈസ്‌ ഭാവന "

എന്റെ ഉള്ളം കുളിർത്തു

അങ്ങനെ ആ സുന്ദരിയുടെ ഫോണ്‍ നമ്പരും കിട്ടിയിരിക്കുന്നു

പിന്നീടുള്ള ദിവസങ്ങൾ ചാറ്റിംഗ് മഴയുടെതായിരുന്നു

രാവിലെ എണീക്കുന്നതിനു മുൻപേ അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ്. ഇടക്കിടക്കൊക്കെ മറ്റു ചാറ്റുകൾ

അങ്ങനെ ദിവസങ്ങൾ കൊഴിയുന്തോറും ഭാവന ഷെട്ടി എന്റെ മനസ്സിന്റെ മണിയറയിൽ കയറിക്കൂടി

പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞു. ഭാവനയോട് ചാറ്റ് ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. അവളാണെങ്കിൽ കേരളത്തെ കുറിച്ചും മലയാളികളുടെ നല്ല സ്വഭാവത്തെ കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചു. അവൾ സെറ്റിൽ ആവാൻ ഉദേശിക്കുന്നത് കേരളത്തിൽ ആണത്രേ

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ ഒരു മെസ്സേജ്

"കാൻ വീ മീറ്റ്‌ സംവെയർ...?"

"വൈ നോട്ട് "

"വെയർ..?"

"യു ഡിസൈട് "

"കഫെ കോഫി ഡേ...?"

അങ്ങനെ കാമുകി കാമുകന്മാർക്ക് കാപ്പി കുടിച്ചു കൊണ്ട് സൊള്ളാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന കഫെ കോഫി ഡേ എന്ന ബ്രാൻഡട്‌ കാപ്പിക്കടയിൽ വച്ച് സന്ധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

അവൾക്ക് എന്നോട് എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ടത്രേ

ഹോ പ്രണയം തുറന്നു പറയാൻ അതേ ക്ലീഷേ ടയലോഗ്

രാവിലെ തന്നെ കുളിച്ച് ഷേവ് ചെയ്ത് മുഖത്ത് ഫെയർ ആൻഡ്‌ ഹാൻഡ്‌സം പുരട്ടി ശരീരം മുഴുവൻ അടിടാസ് ഐസ് ബ്ലൂ പൂശി ലീ യുടെ  ജീന്സും ലെവൈസിന്റെ പുതിയ ഷർട്ടും യെപ് മി യിൽ നിന്നും ഓണ്‍ലൈൻ വാങ്ങിയ പുതിയ ഷൂസും ഇട്ടു ചുള്ളനായി ഞാൻ കഫെ കോഫി ഡേ ക്കുള്ള മെട്രോ കയറി

പോകുന്ന വഴിയിൽ മുഴുവൻ എന്റെ മനസ്സിൽ കണ്‍ഫ്യൂഷൻ ആയിരുന്നു

ഒരു ഹിന്ദിക്കാരിയെ കെട്ടണം എന്നൊക്കെ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമോ...? എന്തായാലും വരുന്നത് വഴിയിൽ വച്ച് കാണാം

ഇളം നീല നിറമുള്ള സാരി ധരിച്ച് അഴിച്ചിട്ട മുടിയുമായി അവൾ വന്നു കയറി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം. ഏറ്റവും ഇഷ്ടമുള്ള അറ്റയർ

കോൾഡ് കോഫി കുടിക്കുന്നതിനിടയിൽ അവൾ എന്റെ മാസ വരുമാനം ചോദിച്ചു. കൊച്ചു കള്ളി ഫിനാൻഷിയലി സെക്യുവർ ആണോ എന്ന് അറിയാനായിരിക്കും. അവൾ ഇവിടുത്തെ പ്രശസ്തമായ ഒരു ബാങ്കിലെ സീനിയർ എക്സിക്യൂട്ടിവ് ആണ്.

"എന്താണ് സീരിയസ് ആയി സംസാരിക്കണം എന്ന് പറഞ്ഞത്..?"

ആകാംഷ അടക്കാനാവാതെ ഇരുന്ന ഞാൻ ചോദിച്ചു

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ നിന്നും വീഴുന്ന മധുമൊഴികൾ കേൾക്കാൻ ഞാൻ അതിൽ തന്നെ നോക്കിയിരുന്നു. ഒരു സിപ് എടുത്തിട്ട് അവൾ എന്നെ നോക്കി. ടിഷ്യു പേപ്പർ കൊണ്ട് ചുണ്ട് തുടച്ചിട്ട് പറഞ്ഞു

"ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. നോ എന്ന് പറയരുത് "


നിന്നോട് നോ എന്ന് പറയാനോ. നീ ധൈര്യമായി പറയൂ എന്റെ സുന്ദരീ

പിന്നീട് അവൾ പറഞ്ഞ ഓരോ ഡയലോഗും ഓരോ ഇടിവെട്ട് ആയിട്ടാണ് എന്റെ കാതിൽ വന്നു വീണത്

"സെൻട്രൽ ഗവണ്‍മെന്റ് ഓഫീസർമാർക്ക് വേണ്ടി ഞങ്ങളുടെ ബാങ്ക് ഒരു പുതിയ ഇൻവെസ്റ്റ്‌മെന്റ് സ്കീം കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഒരു വണ്‍ ലാക് ടിപോസിറ്റ് ചെയ്യണം"

വലിച്ചെടുത്ത കോൾഡ് കോഫി ഞാൻ പോലും അറിയാതെ നേരെ എന്റെ തലയിലേക്ക് കയറി എന്നെ ചുമപ്പിച്ച് മൂക്കിലൂടെ പുറത്തു വന്നു

"ആർ യു ഓക്കേ...?"

"അപ്പൊ ഇതാണോ ആ സീരിയസ് മാറ്റർ...?"

"യെസ് "

"മറ്റൊന്നും പറയാനില്ലേ...?"

"മറ്റെന്തു പറയാൻ...?"

ഇതിൽ തീരെ താൽപര്യം ഇല്ല എന്ന് പറഞ്ഞു അവിടെനിന്നു പോരുമ്പോൾ കഫെ കോഫി ഡേ യുടെ പുറത്ത് പാന്റീൻ ഷാമ്പു പരസ്യത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒറിജിനൽ ശില്പ ഷെട്ടിയുടെ പോസ്റ്റർ ഉണ്ടായിരുന്നു

Tuesday, August 6, 2013

മോബൈൽ ഫോണ്‍ മര്യാദകൾ


നിത്യ  ജീവിതത്തിൽ മൊബൈൽ ഫോണ്‍ നമുക്ക് ഒരു അവശ്യ വസ്തു ആയി തീർന്നിരിക്കുന്നു. മൊബൈൽ ഫോണ്‍  ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ഓർക്കാൻ പോലും കഴിയാത്തവർ ധാരാളം ഉണ്ട്. പക്ഷെ ഈ മൊബൈൽ ഫോണ്‍ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ടെങ്കിലും നാം മനപൂർവമോ അറിവില്ലായ്മ മൂലമോ അവയെ വിട്ടുകളയുന്നു. ഇടുക്കിക്കാരൻ തൻറെ നിരീക്ഷണത്തിൽ കണ്ടെത്തിയ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു. ചില ഫോണ്‍ മര്യാദകൾ :-

1) പൊതു സ്ഥലങ്ങളിൽ നേരിയ ശബ്ദത്തിൽ ഉള്ള റിംഗ് ടോണ്‍ ഉപയോഗിക്കുക അല്ലെങ്കിൽ ഫോണ്‍ സൈലെന്റ് മോഡിൽ വയ്ക്കുക 

 2) പൊതു സ്ഥലത്ത് സംസാരിക്കുമ്പോൾ ശബ്ദം കുറച്ചു സംസാരിക്കുക. ഉച്ചത്തിൽ സംസാരിക്കുമ്പോൾ അത് മറ്റുള്ളവർക്ക് അലോസരം ഉണ്ടാക്കുന്നു എന്ന് മനസ്സിലാക്കുക 

3) പൊതുസ്ഥലത്ത് വച്ച് നീണ്ട ഫോണ്‍ സംഭാഷണം ഒഴിവാക്കുക.

4) മറ്റുള്ളവരുടെ മൊബൈൽ അവരുടെ അനുവാദം കൂടാതെ പരിശോധിക്കരുത് 

5) അടുത്തിരിക്കുന്ന ആളുടെ മൊബൈലിലേക്ക് എത്തി നോക്കരുത് 

6) മറ്റുള്ളവരുടെ അനുവാദം ഇല്ലാതെ അവർക്ക് വരുന്ന കോളുകൾ എടുക്കുകയോ എസ് എം എസ്  വായിക്കുകയോ ചെയ്യരുത്  

7) അത്രക്ക് അത്യാവശ്യം ഇല്ലെങ്കിൽ അടുത്ത കൂട്ടുകാർ അല്ലാത്തവരെ രാത്രിയിൽ വിളിക്കുന്നത് ഒഴിവാക്കുക 

8) മറ്റുള്ളവരുടെ അനുവാദം കൂടാതെ അവരുടെ ഫോട്ടോ എടുക്കാതിരിക്കുക അവർ ഒരു സെലിബ്രിറ്റി ആണെങ്കിൽ പോലും 

9) പറ്റുമെങ്കിൽ എല്ലാ കോളുകളും എടുക്കാൻ ശ്രമിക്കുക. തിരക്കാണെങ്കിൽ കോൾ റിജെക്റ്റ് ചെയ്യുക. പിന്നീട് ആ നമ്പരിൽ തിരിച്ചു വിളിക്കുക. വീണ്ടും വിളിക്കുന്നു എങ്കിൽ എടുത്ത് തിരക്കിലാണെന്ന് അറിയിക്കുക. ഒരുപക്ഷെ അത് ഒരു അത്യാവശ്യ കോൾ ആവാം  

10) ഫോണ്‍ സംഭാഷണങ്ങൾ ചുരുങ്ങിയതും മാധുര്യമുള്ളതും ആക്കുക 

11) വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫ്ലൈറ്റ് മോഡിലോ അല്ലെങ്കിൽ സ്വിച്ച് ഓഫ് ആക്കിയോ വയ്ക്കുക 

12) മറ്റുള്ളവരെ വെയിറ്റ് ചെയ്യിച്ചു കൊണ്ട് നീണ്ട ഫോണ്‍ സംഭാഷണത്തിൽ മുഴുകാതിരിക്കുക, അയാൾ നമ്മുടെ കീഴുദ്യോഗസ്ഥൻ ആണെങ്കിൽ പോലും 

13) കൂടെ ഒരാൾ മാത്രം ഉള്ളപ്പോൾ മൊബൈലിൽ നീണ്ട സംഭാഷണം നടത്തി അവരെ വെയിറ്റ് ചെയ്യിക്കാതിരിക്കുക 

Saturday, November 17, 2012

മതമില്ലാത്തവന്‍....!!!


മതമുള്ള മാതാപിതാക്കള്‍ക്ക് മകനായി അവന്‍ ജനിച്ചു
മതവിശ്വാസത്തിലും ദൈവഭയത്തിലും അവനെ വളര്‍ത്തിയെങ്കിലും അവന്‍ "വഴിതെറ്റി പോയി"
ഭീഷണികള്‍ക്കൊന്നും അവന്‍ വഴങ്ങിയില്ല
മാന്യമായി ജീവിക്കുന്നവന് എന്തിനു ദൈവം, എന്തിനു മതം എന്നവന്‍ ചോദിച്ചു
തെറ്റുകള്‍ ചെയ്യാതെ, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്തു ജീവിക്കുന്നവന്‍ ദൈവത്തില്‍ വിശ്വസിക്കണം എന്ന് എന്തിനു നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നു....??
ആര്‍ക്കും ഉത്തരമില്ല
ഇനി ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ എന്തിനു മതത്തില്‍ വിശ്വസിക്കണം ....??
പള്ളിയിലും അമ്പലത്തിലും മോസ്ക്കിലും പോവാതെ ദൈവത്തെ അറിയാന്‍ കഴിയില്ലേ....?
ആര്‍ക്കും ഉത്തരമില്ല
നിനക്ക് ഭ്രാന്താ....
നാട്ടുകാര്‍ പറഞ്ഞു
പരമ്പാരാഗതമായി ദൈവത്തില്‍ വിശ്വസിക്കുകയും പള്ളിയില്‍ പോവുകയും ചെയ്യുന്നവരല്ലേ നമ്മളൊക്കെ. ഇനി നമ്മളായി എന്തിനു ഇതൊക്കെ മാറ്റണം...??
മതം അവനോടു പിരിവു ചോദിച്ചപ്പോള്‍ അവന്‍ കൊടുത്തില്ല
പകരം അവന്‍ വഴിവക്കില്‍ കണ്ട അനാഥര്‍ക്കു ഭക്ഷണം വാങ്ങി നല്‍കി
മതമേലധ്യക്ഷന്മാര്‍ അവനെ പാപിയായി മുദ്രകുത്തി

ഇതെല്ലാം കണ്ടു ദൈവം പുഞ്ചിരിച്ചു

മതം വേണ്ടാത്തവാന്‍ പെണ്ണ് കെട്ടാന്‍ ഇങ്ങോടു വരുമല്ലോ.... അപ്പോള്‍ ഞങ്ങള്‍ നിന്നെ കണ്ടോളാം
മതത്തിന്റെ ഭീഷണി
പക്ഷെ അടുത്തുള്ള അനാഥാശ്രമത്തില്‍  വച്ച്  അവന്‍ രെജിസ്റ്രാരെ വരുത്തി രെജിസ്ടര്‍ വിവാഹം ചെയ്തു
പാവപ്പെട്ട അനാഥര്‍ക്ക്  ഒക്കെ അന്ന് സദ്യ

അപ്പോഴും ദൈവം പുഞ്ചിരിച്ചു 

രജിസ്ടര്‍ ചെയ്ത് നീ ആളാവണ്ട. ചാവുമ്പോള്‍ ഇങ്ങോടു തന്നെ വരും നീ. അപ്പോള്‍ ഞങ്ങള്‍ കണ്ടോളാം
വീണ്ടും മതത്തിന്റെ ഭീഷണി
മതം കാത്തിരുന്നു അവനുവേണ്ടി
മതത്തിന്റെ അടിമകളായ അവന്റെ നാട്ടുകാര്‍ കാത്തിരുന്നു
എന്ത് സംഭവിക്കും എന്നറിയാന്‍

അങ്ങനെ അവസാനം അവന്‍ മരിച്ചു
അവന്റെ കണ്ണുകള്‍ രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി
ശരീരത്തിലെ പ്രധാന അവയവങ്ങള്‍ എല്ലാം അവന്‍ ദാനം നല്‍കി
ബാക്കി വന്ന അവന്റെ ശരീരം മെഡിക്കല്‍ കോളെജിന്
നാളെയുടെ തലമുറയെ ചികിത്സിക്കെണ്ടവര്‍ക്ക്  പഠിക്കാനായി

ആര്‍ക്കും ഉപദ്രവം ചെയ്യാതെ ഉപകാരം മാത്രം ചെയ്തു അവന്‍ പോയി
നിറഞ്ഞ സംതൃപ്തിയോടെ
മതവും മതമേലധ്യക്ഷന്മാരും ഇളിഭ്യരായി

ഇതെല്ലാം കണ്ടുകൊണ്ട് ദൈവം അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു....!!!


 

Thursday, May 3, 2012

അങ്ങനെ ഇടുക്കിക്കാരന്‍ എസ് ഐ ആവുന്നു

പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ, ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ സ്വപ്നം സഫലീകരിക്കപ്പെടുകയാണ് . കേന്ദ്രീയ വ്യവസായ സംരക്ഷണ സേന എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന Central Industrial Security Force (CISF) ല്‍ സബ് ഇന്‍സ് പെക്ടര്‍ ആയി നിയമനം ലഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ഈ മാസം, അതായത് മെയ്‌ എഴാം തിയതി അതിന്റെ പരിശീലനത്തിനായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റെഷനില്‍ നിന്നും ട്രെയിന്‍ കയറുകയാണ്. മെയ്‌ ഒന്‍പതിന് സെക്കുണ്ടാരാബാദ് ഉള്ള നാഷണല്‍ ഇന്ടസ്ട്രിയല്‍ സെക്യുരിറ്റി അക്കാദമിയില്‍ വച്ച്  ഒരു വര്‍ഷത്തെ പരിശീലനം ആരംഭിക്കുന്നു. അതിനിടയില്‍ സമയവും സന്ദര്‍ഭവും ഒത്തു വന്നാല്‍ തീര്ച്ചയാലും ബ്ലോഗില്‍ ഉണ്ടായിരിക്കും. 

സ്നേഹത്തോടെ

ഇടുക്കിക്കാരന്‍ സിമില്‍ മാത്യു

Saturday, February 25, 2012

ഒരു പോലീസ് സ്റേഷന്‍ അനുഭവം

രോഗിയായ ഒരു ഫ്രണ്ടിനെ കാണാന്‍ പോയതായിരുന്നു ഞാനും എന്റെ മറ്റൊരു സുഹൃത്തും. പോയ വഴി വെറുതെ രണ്ടേ രണ്ട് പെഗ് മാത്രം (സത്യായിട്ടും അത്രേ ഉള്ളു) കഴിച്ചിരുന്നു. അവന്റെ ഹോസ്റെലിനു മുന്‍പില്‍ സംസാരിച്ചങ്ങനെ സമയം പോയത് അറിഞ്ഞില്ല...

വാച്ചില്‍ നോക്കിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട് മണി. പോകാം പോകാം എന്ന് കുറെ പറഞ്ഞിട്ടും അവരുടെ സംസാരം തീരുന്നില്ല. ഇവന്റെ ബൈക്കില്‍ വേണം എനിക്ക് എന്റെ റൂമില്‍ എത്താന്‍. കുറെ നേരം കൂടി അവിടെ നിന്നു. പിന്നീട് നിന്നു കാല്‍ കഴച്ചപ്പോള്‍ അല്‍പനേരം ബൈക്കില്‍ പോയി ഇരിക്കാം എന്ന് കരുതി.

സമയം രാത്രി ഒരു മണി

സ്ടാന്റില്‍ വച്ചിരിക്കുന്ന ബൈക്ക് നിവര്‍ത്തി അങ്ങനെ ബൈക്കില്‍ ഇരുന്നു മറ്റവന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.

അപ്പോഴാണ്‌ ലൈറ്റ് ഒന്നും ഇല്ലാതെ ഒരു ജീപ്പ് പിറകില്‍ വന്നു നിന്നത്.

"എന്താടോ ഇവിടെ...?"

ചാടി ഇറങ്ങിയ ഏമാന്റെ ചോദ്യം.

"അത് സാര്‍ എന്റെ ഫ്രെണ്ടിനെ കാണാന്‍ വന്നതാ" "എന്നിട്ടെവിടെ ഫ്രെണ്ട്'''?

അപ്പോഴേക്കും ഫ്രെണ്ട്സ് രണ്ടു പേരും അങ്ങോട്ടെത്തി. വിനീതനായ ഞാന്‍ ബൈക്ക് സ്ടാന്റില്‍ വച്ചു.

"എവിടാടോ തന്റെ വീട്...?" "ഇടുക്കീലാ"

ആ ഉത്തരം ഞാന്‍ പറയുമ്പോള്‍ അദ്ദേഹം എന്റെ മുഖത്തിന്‌ നേരെ വന്നു. ഞാന്‍ പിന്നോട്ട മാറി.

"വീടെവിടെ...?" ഇപ്രാവശ്യവും എന്റെ മുഖത്തിന്‌ നേരെ വന്നു. ഈശ്വരാ ഇയാള്‍ എന്നെ കിസ്സ്‌ ചെയ്യാന്‍ പോകുവാണോ...

"ആഹാ മദ്യപിച്ചിട്ടും ഉണ്ടല്ലേ....?"

അപ്പോഴാണ്‌ മനസ്സിലായത് അത് 'കിസ്സ്‌ അറ്റംപ്റ്റ്' അല്ല കേരള പോലീസിന്റെ മണം പിടുത്തം ആണെന്ന്.

"മദ്യപിച്ച് വാഹനം ഓടിക്കുന്നോ....?" "അയ്യോ സാര്‍ ഞാന്‍ കള്ളു കുടിക്കാത്തപ്പോള്‍ പോലും ബൈക്ക് ഓടിക്കാറില്ല. ഇപ്പൊ ഞാന്‍ നിന്നു മടുത്തപ്പോള്‍ അതില്‍ ഒന്നിരുന്നതാ"

"അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം. ഇപ്പോള്‍ തല്‍ക്കാലം ജീപ്പില്‍ കേറ്"

പണ്ടേ സത്യവാനും വിനീത ഹൃദയനും ആയ ഞാന്‍ (:-D) മോഹന്‍ലാല്‍ സ്റ്റൈലില്‍ സ്ലോ മോഷനില്‍ ജീപ്പില്‍ കയറി ഇരുന്നു.

ബാക്കി രണ്ടു പേര്‍ കെഞ്ചി കെഞ്ചി പറഞ്ഞെങ്കിലും ഏമാന്‍ വഴങ്ങിയില്ല. ജാമ്യത്തില്‍ ഇറക്കാന്‍ ഒരാള്‍ സ്റേഷന്‍ വരെ വാ എന്ന് പറഞ്ഞു വണ്ടി മുന്നോട്ട്. ഒരു പി സി യും മറ്റേ ഫ്രെണ്ടും കൂടി ബൈക്കില്‍ ജീപ്പിനു പിറകെ

എനിക്ക് അപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം മദ്യപിച്ച് വണ്ടിയില്‍ വെറുതെ ഇരുന്നാലും അത് കുറ്റകരമാണോ എന്നായിരുന്നു. ആദ്യമായി പോലീസ് ജീപ്പില്‍ കയറുന്നത് കൊണ്ട് ഫോര്മാലിട്ടീസ് ഒന്നും അറിയില്ലല്ലോ. വല്ല്യ വല്ല്യ കേസുകളിലെ പ്രതികള്‍ ഒരു ടവ്വല്‍ എടുത്തു മുഖം മറയ്ക്കുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്. ഇനി അങ്ങനെ ഒക്കെ ചെയ്യണോ ആവോ.

വഴിയില്‍ കാണുന്നവരെ ഒക്കെ വിരട്ടി ഓടിച്ചുകൊണ്ട് ഏമാന്‍ അങ്ങനെ പോകുമ്പോള്‍ ഇടയ്ക്കിടെ എനിക്ക് ഫ്രീ ആയി ഉപദേശവും.

"താന്‍ ഈ വയര്‍ ലെസ്സ് വഴി കേള്‍ക്കുന്നത് ശ്രദ്ധിക്കുന്നുണ്ടോ..?"

"അയ്യോ ക്ഷമിക്കണം സാര്‍. ഞാന്‍ ചെവി പൊത്തി ഇരിക്കാം. അറിയാതെ കേട്ട് പോയതാ. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല."

അവരുടെ വയര്‍ ലെസ്സ് രഹസ്യങ്ങള്‍ ചോര്‍ത്തി എടുത്തു എന്ന് പറഞ്ഞു ഇനി രണ്ടിടി കൂടുതല്‍ കിട്ടുമോ എന്ന് സംശയിച്ച എന്നോട് അദ്ദേഹം പറഞ്ഞു. "താന്‍ ഈ പറയുന്നതൊക്കെ ഒന്ന് കേട്ടെ. എല്ലാം വെള്ളമടിച്ച് വണ്ടി ഓടിച്ചവരുടെ കാര്യങ്ങളാ..."

എന്നാലും ഞാന്‍ വണ്ടി ഓടിച്ചില്ലല്ലോടാ കാലമാടാ എന്ന് പറയാന്‍ തോന്നി. എന്നാലും ഒന്നും മിണ്ടീല്ല.

നോര്‍ത്ത് പാലം കഴിഞ്ഞപ്പോള്‍ ആണ് ഒരാള്‍ വഴിയരികില്‍ ബൈക്കില്‍ ഇരിക്കുന്നു.

"എന്താടാ ഇവിടെ പണി..?" ഏമാന്‍ അലറി

"അയ്യോ സാര്‍ ഞാന്‍ ഫുഡ് കഴിച്ചിട്ടു പല്ലിട കുത്തുവാ..." അയാള്‍ ടൂത്ത് പിക്ക് കാണിച്ചു.

"പാതിരാത്രിക്ക് ആണോടാ അവന്റെ പല്ലിട കുത്തല്‍.... വീട്ടി പോടാ"

പാവം അയാള്‍ ജീവനും കൊണ്ടോടി

അങ്ങനെ കസബ സ്റെഷനില്‍ വണ്ടി എത്തി. കുറെ പോലീസുകാര്‍ അങ്ങനെ നോക്കി നില്‍ക്കുന്നു. ഇറ്റാലിയന്‍ കപ്പലിലെ നാവികരെ പോലെ ഞാന്‍ നെഞ്ച് വിരിച്ച് അകത്തേക്ക് പോയി. പിറകെ കൂട്ടുകാരനും എത്തി.

ഇനി ഉള്ളത് ബ്രെത്ത് അനലൈസര്‍ വച്ചുള്ള കലാ പരിപാടികള്‍ ആണ്. അതില്‍ ഊതിയപ്പോള്‍ കിട്ടിയ സ്ലിപ്പില്‍ ഒപ്പിട്ട് കോടുത്തു. സാര്‍ ഞാന്‍ വണ്ടിയില്‍ ഇരുന്നത് മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ടും ഏമാന്‍ കേട്ടില്ല. ബൈക്കിന്റെ കീ വാങ്ങി വച്ചിട്ടു, അടുത്ത ദിവസം ആര്‍ സി ബുക്ക് , ഇന്ഷുറന്സ് എല്ലാം എടുത്തോണ്ട് വരാന്‍ പറഞ്ഞു വീട്ടില്‍ വിട്ടു.

ആവശ്യപ്പെട്ട രേഖകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ഏമാന്റെ മനസ്സലിഞ്ഞു. സാര്‍ ഞാന്‍ വണ്ടി ഓടിച്ചില്ല എന്നുള്ള മുറവിളികള്‍ക്ക് അവസാനം അദ്ദേഹം ചെവി നല്‍കി. ഇനി മേലാല്‍ മദ്യപിച്ച് വണ്ടി ഓടിക്കുകയോ, അതില്‍ കയറി ഇരിക്കുകയോ, നടു റോഡില്‍ പാതിരായ്ക്ക് സംസാരിച്ചു നില്‍ക്കുകയോ ചെയ്യരുത് എന്ന ഉപദേശത്തോടെ വെറുതെ വിട്ടു.

കിട്ടിയ ജീവനും, ബൈക്കും എടുത്തോണ്ട് തിരികെ പോന്നു....

പിന്‍ കുറിപ്പ് : ഞങ്ങടെ തറവാട്ടില്‍ ഉള്ളവര്‍ ഇന്നേ വരെ പോലീസ് സ്റേഷന്‍ കയറുകയോ, പോലീസ് ജീപ്പില്‍ കയറുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്ന സല്‍പ്പേര് ഞാന്‍ തന്നെ തിരുത്തിയപ്പോള്‍ എന്തൊരു സന്തോഷം.....!!

Saturday, January 7, 2012

സിനിമ നിരൂപണം: അസുര വിത്ത്

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് കണ്ടത് ഏതാനും മാസങ്ങള്‍ക്ക് മുന്പ് എറണാകുളം ബൈപ്പാസില്‍ വച്ചായിരുന്നു. പടം ഏതാണെന്ന് തിരക്കിയപ്പോള്‍ അറിഞ്ഞു 'അസുരവിത്ത്‌'. പിന്നീട് ആ പടത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, വൈദിക വിദ്യാര്‍ഥി ആയ ഒരാള്‍ ഡോണ്‍ ആയി തീരുന്ന കഥ എന്നായിരുന്നു. എന്തായാലും ഈയുള്ളവനും കുറച്ചുനാള്‍ വൈദിക വിദ്യാര്‍ഥി ആയിരുന്നു. ഡോണ്‍ ആയില്ലെങ്കിലും സെമിനാരിയില്‍ നിന്നും പോന്ന ഒരാളുടെ കഥ കൂടി ആണെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളോട് കൂടിയാണ് എറണാകുളം സവിത തിയേറ്ററില്‍ റിലീസ് ദിവസം തന്നെ എത്തിയത്.

സിനിമ:

പടം കണ്ടപ്പോള്‍ ഓര്മ വന്നത് ധ്രുവം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥയാണ്‌. അതില്‍ സെമിനാരിക്കാരനായ സുരേഷ് ഗോപി രാത്രി ആരും അറിയാതെ സെക്കണ്ട് ഷോ കാണാന്‍ പോയി മടങ്ങുമ്പോള്‍ ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആവുന്നു. പിന്നീട് വില്ലന്മാരില്‍ നിന്നും ഉള്ള ശല്യം സഹിക്കാതെ സെമിനാരിയില്‍ നിന്നും പോന്നു ഒരു പോലീസ് ഓഫീസര്‍ ആവുന്നു. അസുരവിത്തില്‍ ഒരു വ്യത്യാസം മാത്രം, നായകന്‍ പകരം ഒരു ഡോണ്‍ ആവുന്നു.

ബിഷപ്സ് ഹൌസില്‍ പോയി മടങ്ങി വരുന്ന നായകന്‍ ആയ ബ്രദര്‍ ഡോണ്‍ ബോസ്കോ (ആസിഫ് അലി) ഒരു കൊലപാതകത്തിന് സാക്ഷി ആവുന്നു. സാക്ഷി പറയാന്‍ പോലീസ് സ്റെഷനില്‍ എത്തുന്ന ബോസ്കൊയ്ക്ക് നേരിടേണ്ടി വരുന്നത് മൊഴി മാറ്റി പറയാനുള്ള സമ്മര്‍ദം ആണ്. അതിനായി അവര്‍ ബോസ്കൊയെ പീഡിപ്പിക്കുന്നു. പത്തു തിന്മകളുടെ സംഗമം ആയ 'പത്താം കളം' എന്ന ഗ്രൂപ്പ് ആണ് കൊച്ചി ഭരിക്കുന്നത്. അബ്ബ എന്ന് വിളിക്കപ്പെടുന്ന വിജയ രാഘവനും നാല് മക്കളും (അതില്‍ രണ്ടെണ്ണം പെണ്ണുങ്ങള്‍) ഈ കൊലപാതകം ചെയ്ത അവര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവര്‍ക്കെതിരെ പോരാടാന്‍ ഡോണ്‍ ബോസ്കോ സെമിനാരി ജീവിതം ഉപേക്ഷിക്കുന്നു. അവര്‍ക്കെതിരെ ഉള്ള പോരാട്ടം ആണ് സിനിമയുടെ സെക്കണ്ട് ഹാഫ്

അഭിനയം:

ആസിഫ് അലി എന്ന നടന്റെ ഒരു പുതിയ മുഖം എന്നതില്‍ കവിഞ്ഞു ചിത്രത്തിന് പ്രത്യേകിച്ച് അവകാശപ്പെടാന്‍ ഒന്നുമില്ല. ആസിഫ് അലി നന്നായി പരിശ്രമിച്ചു എങ്കിലും, അദ്ദേഹത്തിന് പറ്റിയത് സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ നമ്മള്‍ കണ്ടത് പോലെ ഒരു പാവം ചോക്കലേറ്റ് പയ്യന്റെ റോളുകളാണ്. . നായിക സംവൃത സുനിലും വളരെ മച്യുരിട്ടി ഉള്ള ഒരു ക്യാരക്ടര്‍ അതിന്റെ തനിമയോടെ ചെയ്തു. എടുത്തു പറയേണ്ട മറ്റൊന്ന് ബാബു രാജിന്റെ റോളാണ്. ഒരു ഗുണ്ട ലുക്ക് ഉള്ള, വളരെ ബോള്‍ഡ് ആയ ഒരു വൈദികന്റെ വേഷം. അത് പലപ്പോഴും തിയേറ്ററില്‍ ചിരി പടര്‍ത്തി. മറ്റൊന്ന് ആസിഫിന്റെ അമ്മയുടെ റോള്‍ ചെയ്ത ലെനയാണ്. പതിവുപോലെ അവരുടെ വേഷത്തോടും അവര്‍ നീതി പുലര്‍ത്തി.

സിനിമ മൊത്തത്തില്‍:

ആദ്യം പറഞ്ഞത് പോലെ കഥയില്‍ വലിയ പുതുമ ഒന്നും തന്നെ ഇല്ല. ആസിഫ് അലിയുടെ ഡോണ്‍ ക്യാരക്ടര്‍ അദ്ദേഹത്തിന് തീരെ യോജിക്കാത്ത ഒരു കഥാപാത്രമായി തോന്നി. മറ്റൊന്ന് സെമിനാരിയെയോ , വൈദിക വിദ്യാര്‍ത്ഥികളെയോ അവരുടെ ജീവിത രീതികളെയോ പറ്റി ഒരു ചുക്കും അറിയാത്ത സംവിധായകന്‍, അതിനെപ്പറ്റി അല്പം പഠനം എങ്കിലും നടത്താതെ കഥയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പടത്തിന്റെ ഒരു പോരായ്മ ആയി. അതില്‍ ഒന്നാമത്തെ മണ്ടത്തരം സെമിനാരി വിദ്യാര്‍ഥികള്‍ ഐ ടി ഐ യില്‍ പഠിക്കാന്‍ പോവുന്നതാണ് . ആര്‍ട്സ് വിഷയങ്ങളിലോ ഫിലോസഫി പോലുള്ള വിഷയങ്ങളിലോ മാത്രം പഠനം അനുവദിച്ചിരിക്കുന്ന സെമിനാരികളില്‍, ഐ ടി ഐ യില്‍ പോയി പഠിക്കുന്നത് ഒരു വൈദികന് ഭാവിയില്‍ എങ്ങനെ ഗുണം ചെയ്യും എന്ന് ചിന്തിക്കാന്‍ പോലും സംവിധായകന്‍ മിനക്കെട്ടിട്ടില്ല.

തീരെ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, മിക്ക പടങ്ങളിലും ഉള്ളത് പോലെ സെക്കണ്ട് ഹാഫിലുള്ള ഇഴച്ചിലാണ്. ആസിഫിന്റെ ചില ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും പലപ്പോഴും തിയേറ്ററില്‍ കൂവലുകള്‍ ഉയര്‍ത്തി. വിഷ്വല്‍ ഇഫക്ടുകള്‍, സ്ലോ മോഷനുകള്‍, തുടങ്ങി പലതും വച്ചങ്ങു അലക്കി സെക്കണ്ട് ഹാഫ് എന്ന് വേണമെങ്കില്‍ പറയാം.

കുറെ നാള്‍ കഷ്ടപ്പെട്ട്, പലരുടെയും പണം ഇറക്കി, പലരുടെയും സമയം ചിലവഴിച്ചു ഒരു പടം ഇറക്കുമ്പോള്‍ എന്തെങ്കിലും കാട്ടി കൂട്ടുക എന്നതില്‍ കവിഞ്ഞു ആ കഥയോടും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പലരോടും, മുന്നിലിരുന്നു കാണുന്ന കാണികളോടും അല്പം കൂടി സ്നേഹം (സിനിമയിലൂടെ) കാട്ടുക. അതിനു നല്ല ഒരു സ്ക്രിപ്റ്റ് ആദ്യം തയ്യാറാക്കുക. പ്രിയ സംവിധായകരെ, നല്ലൊരു പക്ഷം ജനങ്ങളും സിനിമ കാണാന്‍ വരുന്നത് നായകനെ കാണാനോ, അവരുടെ സ്ലോമോഷന്‍ നടത്തവും, ആക്ഷന്‍ രംഗങ്ങളും കാണാനോ അല്ല. അത് കൊണ്ട് തട്ടി കൂട്ടാതെ സമയം എടുത്തു നല്ല സിനിമകള്‍ ഇറക്കുക.

ഇടുക്കിക്കാരന്റെ മാര്‍ക്ക് :
5/10

Wednesday, December 21, 2011

മദ്യ വ്യവസായത്തിലും കസ്റമര്‍ സര്‍വീസ്ഇത് കസ്ടമര്‍ സര്‍വീസിന്റെ കാലമാണ്. ഏതു പ്രോഡക്റ്റ് വാങ്ങിയാലും അതിനു ഒരു കസ്ടമര്‍ സര്‍വീസ് ഉണ്ടാവും. കസ്ടമര്‍ സര്‍വീസിനെ ഇത്ര പോപ്പുലര്‍ ആക്കിയത് മൊബൈല്‍ കമ്പനികള്‍ ആണെങ്കിലും, ഇന്ന് ബാങ്കിംഗ് , ഐ ടി മുതലായ എല്ലാ മേഖലകളിലും കസ്ടമര്‍ സര്‍വീസ് പോപ്പുലര്‍ ആയി കഴിഞ്ഞു

ബീവറേജസ് കോര്‍പറേഷന്റെ ക്യൂവില്‍ കഷ്ടപ്പെട്ട് നിന്ന് ബില്ലെറുടെ അടുത്ത് എത്തിയപ്പോഴാണ് പറയുന്നത് ചോദിച്ച ബ്രാന്‍ഡ്‌ റം ഇല്ല എന്ന്. പുള്ളിക്കാരന്‍ തന്നെ സജസ്റ്റ് ചെയ്തു

"സിക്കിം റം എടുത്തോ നല്ലതാ"

ഓഹോ അങ്ങനെയും ഒരു റം ഉണ്ടോ. കൊള്ളാം. എന്നാല്‍ അതൊന്നു പരീക്ഷിച്ചു കളയാം.

അങ്ങനെ സിക്കിം റം വാങ്ങി റൂമിലെത്തി. കുപ്പി തുറന്നു അതിന്റെ ഭംഗി ആസ്വദിച്ചു. അതിന്റെ പുറത്ത് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെ ഒരു ലിസ്റ്റ്....! പാലക്കാട്ടുള്ള വിനായക ഡിസ്ടിലറിസില്‍ ഉണ്ടാക്കുന്നതാണ്. കൂടെ കസ്ടമര്‍ സര്‍വീസ് നമ്പര്‍ എന്ന് പറഞ്ഞു ഒരു മൊബൈല്‍ നമ്പര്‍

ഈശ്വരാ അപ്പൊ ഇനി വെള്ളമടിക്കുന്നവര്‍ക്കും സര്‍വീസ് അഷ്വറന്‍സ് കിട്ടും

സോള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍ എന്ന പടത്തില്‍ ബാബുരാജ് പറയുന്നുണ്ടല്ലോ "കള്ളുകുടിയന്മാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന്"

എന്തായാലും ഈ കസ്ടമര്‍ സര്‍വീസില്‍ ഒന്ന് വിളിച്ചു കളയാം എന്ന് കരുതി നമ്പര്‍ ഡയല്‍ ചെയ്തു

ഭാഗ്യം. റിംഗ് ഉണ്ട്. ഐ വി ആര്‍ എന്ന ബോറിംഗ് പരിപാടി ഇല്ല. അല്ലെങ്കില്‍ തന്നെ അടിച്ചു പാമ്പ്‌ ആയി ഇരിക്കുന്നവര്‍ക്ക് ഒന്ന് അമര്‍ത്തീം രണ്ടു അമര്‍ത്തീം വട്ടായേനെ

ഏതാനും റിങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അപ്പുറത് ഫോണ്‍ എടുത്തു. വളരെ മാന്യനായ ഒരു മനുഷ്യന്‍. വിനായക ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജര്‍ ആണ് കക്ഷി.

"ചേട്ടാ സിക്കിം റം എന്ന ഒരു ബ്രാന്‍ഡ്‌ ആദ്യമായി വാങ്ങി. അപ്പോള്‍ അതിന്റെ പുറത്ത് ഒരു നമ്പര്‍ കണ്ടിട്ട് വിളിച്ചതാ"

യാതൊരു മടിയുമില്ലാതെ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ മറുപടി നല്‍കി. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്‌ ആണത്രേ. ഇവിടെ തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. അദ്ദേഹത്തിനു കൂടുതല്‍ കോളുകള്‍ വരുന്നത് കൊല്ലം ജില്ലയില്‍ നിന്നാണത്രേ.

എന്തായാലും മദ്യത്തിനും കസ്ടമര്‍ സര്‍വീസ് ഉള്ളതില്‍ എന്റെ സന്തോഷം അറിയിച്ചു. കഴിച്ചതിനു ശേഷം അഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു.

എന്തായാലും സിക്കിം റം കഴിച്ചു ഭക്ഷണവും കഴിച്ചു സുഖമായി കിടന്നുറങ്ങി.

വൈകുന്നേരം ഒരു ആറര മണി ആയപ്പോള്‍ എന്റെ മൊബൈലില്‍ ഒരു കോള്‍.

"വിനായക് ഡിസ്ടിലരീസിന്റെ റീജണല്‍ മാനേജരാണ്. ഉച്ചയ്ക്ക് നമ്മള്‍ സംസാരിച്ചിരുന്നു." വിളിച്ചയാളുടെ ഇന്‍ട്രോടക്ഷന്‍

"ഓക്കേ ഓക്കേ ഓര്‍മയുണ്ട് . എന്താ വിളിച്ചേ...?"

"അല്ലാ, ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ കഴിച്ചതിനു ശേഷം അഭിപ്രായം പറയാം എന്നാ പറഞ്ഞെ. കോള്‍ ഒന്നും വന്നില്ല അതാ വിളിച്ചത്."

കണ്ണുകള്‍ നിറഞ്ഞു പോയ നിമിഷം....

"നിങ്ങളുടെ റം നന്നായി ഇഷ്ടപ്പെട്ടു. നിങ്ങളുടെ കസ്ടമര്‍ സര്‍വീസ് അതിലേറെ ഇഷ്ടപ്പെട്ടു."

"താങ്ക്യു സാര്‍" അദ്ദേഹം ഫോണ്‍ വച്ചു

സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ ബാബുരാജിനെ കണ്ടിരുന്നെങ്കില്‍ പറയാമായിരുന്നു

"ഇവിടെ കള്ളുകുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടേ.....!!"


പിന്‍ കുറിപ്പ് : ഇത് വായിക്കുന്ന മാന്യ വായനക്കാര്‍ ഇടുക്കിക്കാരന്‍ ഒരു മദ്യപാനി ആണെന്ന് തെറ്റിദ്ധരിക്കരുതേ.....

Saturday, July 16, 2011

മാത്തുക്കുട്ടിയുടെ ആദ്യ പ്രേമം

ഒരു പെണ്‍കുട്ടിയെ പ്രേമിക്കുക എന്നത് മാത്തുക്കുട്ടിയുടെ ചിരകാല അഭിലാഷമായിരുന്നു. അത്രയ്ക്ക് പ്രേം നസീര്‍ ആയതു കൊണ്ട് ഒന്നും അല്ല. കൂട്ടുകാരുടെ ചോദ്യം കേട്ട് മടുത്തു. 'നിനക്ക് സ്വന്തമായി മൊബൈല്‍ ഇല്ലേ, ബൈക്ക് ഇല്ലേ' എന്നൊക്കെ ചോദിക്കുന്ന പോലെയാണ് 'നിനക്ക് സ്വന്തമായി ഒരു ഗേള്‍ ഫ്രെണ്ടില്ലേ' എന്ന് ചോദിക്കുന്നത് . അവസാനം മാത്തുക്കുട്ടി ഒരു പെണ്‍കുട്ടിയെ പ്രണയിക്കാന്‍ തീരുമാനിച്ചു. പക്ഷെ കുറെ നോക്കിയിട്ടും തനിക്കു പറ്റിയ ഒരു സുന്ദരിയെ കണ്ടെത്താനായില്ല.

അങ്ങനെ ഇരിക്കുമ്പോളാണ് താന്‍ ജോലി ചെയ്യുന്ന പെയിന്റു ഷോപ്പിനു മുന്‍പില്‍ ഒരു കാര്‍ വന്നു നിന്നത്. അതില്‍ നിന്നും ശാലീന സുന്ദരിയായ ഒരു പെണ്‍കുട്ടി ഇറങ്ങി കടയിലേക്ക് നടന്നു വന്നതും ഒരു നിമിഷം മാത്തുക്കുട്ടി മറ്റൊരു ലോകത്തേക്ക് പറന്നുയര്‍ന്നു. ആഹാ എന്തൊരു ഫിഗര്‍, അല്ല സുന്ദരി....!!

അവളും അച്ഛനും അവിടെ നിന്നും സാധനങ്ങള്‍ വാങ്ങി പണം അടച്ചു പോയിട്ടും അവള്‍ മാത്തുക്കുട്ടിയുടെ ഹൃദയത്തില്‍ നിന്ന് പോയില്ല. ഇവള്‍ തന്നെ എനിക്കായി ഈ ഭൂമിയില്‍ പിറന്നവള്‍. തന്റെ വാരിയെല്ല് ഊരി തന്നെയാണ് ഇവളെ ദൈവം ഉണ്ടാക്കിയിരിക്കുന്നത്.

പക്ഷെ പ്രശ്നം അതല്ല. അവള്‍ വന്നിറങ്ങിയത് ഒരു ബി എം ഡബ്ല്യൂ കാറിലാണ്. താന്‍ സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത ഒരു പാവം അക്കൌണ്ടന്റ്. തന്റെ വാരിയെല്ലിനെ തേടി പോയാല്‍ ഒരു പക്ഷെ അവളുടെ അപ്പന്‍ ഗോറില്ല തന്റെ ഉള്ള വാരിയെല്ല് ഊരിയെടുക്കും ...!!

എന്തായാലും തനിക്കു ആദ്യമായി പ്രേമം തോന്നിയ പെണ്‍കുട്ടിയെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ അവനു തോന്നിയില്ല. അവള്‍ വല്ല ഓട്ടോ കാരന്റെ മകളും ആയിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു.

ഇരിക്ക പൊറുതി ഇല്ലാതായപ്പോള്‍ മാത്തുക്കുട്ടി ആരും കാണാതെ മാനേജരുടെ ഡയറിയില്‍ നിന്നും അവര്‍ തന്ന കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്തു. അപ്പനേക്കാള്‍ സംസാരിച്ചത് മകള്‍ ആയതു കൊണ്ട് ആയിരിക്കും, അവളുടെ പേരാണ് കൊടുത്തിരിക്കുന്നത്. പേര് ദിവ്യ വര്‍ഗീസ്‌.

ദൈവത്തിനു സ്തുതി..... ക്രിസ്ത്യാനിയാണ്. !

ഇന്നത്തെ കാലത്ത് ഇതൊക്കെ നോക്കിയല്ലേ ആളുകള്‍ കെട്ടു...

പേര് ശരിയാണോ എന്നറിയാന്‍ 'കള്ള' നമ്പരില്‍ നിന്ന് ഒന്ന് ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം റിംഗ് ഉണ്ട്....

'ഹലോ...'

മറുവശത്ത്‌ മധുരമായ ശബ്ദം

'ഹ ഹ ഹാ... ഹലോ...' മാത്തുവിന്റെ ശബ്ദം വിക്കി വിക്കി വന്നു

'ഹലോ ഇത് ദിവ്യ വര്‍ഗീസ്‌ അല്ലെ....?'

'അതേ'

ഇനിയെന്ത് പറയും...? എനിക്ക് നിന്നെ പെരുത്തിഷ്ടാ എന്ന് പറഞ്ഞാല്‍ പച്ച തെറി ഉറപ്പാ

ഒരു പരിചയവുമില്ലാത്ത തന്നെ പ്രേമിക്കാന്‍ താന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും അല്ലല്ലോ.

ഈശ്വരാ എന്ത് കഷ്ടപ്പാടാ ഒന്ന് പ്രേമിക്കാന്‍.....!!

മാത്തുക്കുട്ടി അങ്ങനെ ധര്‍മ സങ്കടത്തില്‍ ഇരിക്കുമ്പോളാണ് 'കുരുവി' വരുന്നത്. കുരുവി എന്നാല്‍ ഒരു പക്ഷി അല്ല. പ്രജീഷ് എന്ന സുഹൃത്താണ്. നാട്ടുകാരുടെ എന്ത് സഹായത്തിനും പറന്നെത്തുന്നത് കൊണ്ട്, പ്രജീഷിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് കുരുവി.

മാത്തു കുരുവിയോടു തന്റെ ധര്‍മ സങ്കടം പറഞ്ഞു.

'അയ്യേ... ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ നീ എങ്ങനെ പ്രേമിക്കും....??"

"എടാ തെണ്ടീ ഐ ആം ഇന്‍ ലവ്..."

എടാ ഇത് സിനിമ അല്ല. അങ്ങോട്ട്‌ ചെന്ന് പാട്ട് പാടിയാല്‍ നിന്നെ പ്രേമിക്കാന്‍.

മാത്തുക്കുട്ടി വഴങ്ങിയില്ല. അവസാനം കുരുവി തന്നെ ഒരു ഉപായം കണ്ടു പിടിച്ചു. ആദ്യം പെണ്ണിനെ പരിചയപ്പെടണം.

കസ്ടമര്‍ കെയര്‍ ജോലിക്കാരനായ കുരുവിക്ക്, അവരുടെ അഡ്രസ്സ് തപ്പി എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ തന്റെ കൊച്ചി ഇന്ഫ്ലുവന്‍സ് വച്ചു സകല വിവരങ്ങളും തപ്പി എടുത്തു.

അപ്പന്‍ കടവന്ത്രയിലെ കോടീശ്വരനായ ബിസിനസ് കാരന്‍. ഏക മകള്‍ ദിവ്യ നഗരത്തിലെ വന്‍കിട സ്കൂളില്‍ പ്ലസ് ടു പഠിക്കുന്നു.

ഒബാമയുടെ മോള്‍ ആണേലും കേട്ടീട്ടെ ഉള്ളു എന്ന് മാത്തുക്കുട്ടി.

അങ്ങനെ ഒരു ദിവസമാണ് കുരുവിയുടെ തലയില്‍ ഒരു ബുദ്ധി ഉദിച്ചത്.

'എടാ ഈ സിനിമയില്‍ ഒക്കെ കാണുന്നതുപോലെ ഇവളെ നീ ഏതെങ്കിലും ആപത്തില്‍ നിന്ന് രക്ഷിക്കണം. അങ്ങനെ അവളെ പരിചയപ്പെട്ടു അത് റൊമാന്‍സ് ആക്കി എടുക്കാം.'

കാര്യം ശരി തന്നെ. പക്ഷെ എന്തില്‍ നിന്ന് രക്ഷിക്കാനാ.

ഐഡിയയും കുരുവി തന്നെ പറഞ്ഞു.

എടാ കൊച്ചിയില്‍ ഇപ്പോള്‍ മാല പറിയുടെ കാലമാണ്. ഒരാളെ കൊണ്ട് അവളുടെ കഴുത്തിലെ മാല പറിപ്പിക്കുക. നീ പിറകെ ഓടിച്ചെന്നു സി ഐ ഡി മൂസ സ്റ്റൈലില്‍ കള്ളനെ കീഴ്പെടുത്തുക. മാല തിരികെ കൊടുക്കുമ്പോഴേക്കും നീയും അവളും അവളുടെ ഫാമിലിയും തമ്മില്‍ ഒരു ബന്ധം ഉണ്ടാവും.

പക്ഷെ സി ഐ ഡി മൂസയ്ക്ക് പറ്റിയതുപോലെ വല്ലതും....?

അതിനു നീ പോലീസ് വേഷം ഇടണ്ടാ. കള്ളനായി ഹെല്‍മറ്റ് വച്ചു ഞാന്‍ എന്റെ ബൈക്കില്‍ പോയി മാല പറിക്കും. നീ എന്നെ കീഴ്പെടുത്തി മാല എടുക്കുമ്പോഴേക്കും ഞാന്‍ നിന്നെ തള്ളി മാറ്റി രക്ഷ പെട്ടോളാം

ഗ്രേറ്റ് ഐഡിയാ മൈ ഡിയര്‍ ഫ്രണ്ട്. തനിക്കു ഇത്രയും ഐഡിയ ഉള്ള ഒരു ഫ്രണ്ടിനെ കിട്ടിയതില്‍ മാത്തുവിനു അഭിമാനം തോന്നി.

അടുത്ത ദിവസം കടവന്ത്രയിലെ സ്കൂളിന്റെ മുന്‍പില്‍ മാത്തുക്കുട്ടി ചുള്ളനായി എത്തി. കുറച്ച് അപ്പുറത്ത് മാറി യമഹാ ബൈക്കില്‍ കുരുവിയും.

സ്കൂള്‍ കവാടം കടന്നു ദിവ്യയും കൂട്ടുകാരികളും മന്ദം മന്ദം പുറത്തേക്ക് വന്നു. അവര്‍ റോഡിലൂടെ നടക്കാന്‍ തുടങ്ങിയതും മാത്തു സിഗ്നല്‍ കോടുത്തു

എല്ലാം ഞൊടി ഇടയിലായിരുന്നു.

ഒരു പ്രൊഫഷനല്‍ കള്ളന്റെ മെയ് വഴക്കത്തോടെ കുരുവി ദിവ്യയുടെ അടുത്തെത്തി കഴുത്തില്‍ കിടന്ന മാല അതി വിദഗ്ദമായി പറിച്ചെടുത്തു. അതേ മാത്രയില്‍ അവനെ നേരിടാനായി മാത്തു സ്ലോ മോഷനില്‍ ഓടിയെത്തി.

പക്ഷെ എല്ലാം പെട്ടന്നായിരുന്നു.....

ഐശ്വര്യാ റായി പോലെ ഇരിക്കുന്ന ദിവ്യയുടെ ഉള്ളില്‍ ഒരു സെറീന വില്യംസ് ഉറങ്ങി കിടന്ന കാര്യം ആരും പ്രതീക്ഷിച്ചില്ല.....

മാല പൊട്ടിച്ചു ബൈക്ക് റെയ്സ് ചെയ്യാന്‍ തുടങ്ങിയ കുരുവിയുടെ മുതുകും തല നോക്കി ഒരു തള്ളായിരുന്നു

ചക്ക വീണത്‌ പോലെ കുരുവി മറിഞ്ഞു വീണു. ഒപ്പം യമഹ ബൈക്ക് അവന്റെ കാലിലേക്കും.

സ്ലോ മോഷനില്‍ ഓടി വന്ന മാത്തുക്കുട്ടി പഴം വിഴുങ്ങിയ പോലെ നിന്നു

കൂട്ടുകാരികള്‍ 'അയ്യോ കള്ളന്‍' എന്ന് വിളിച്ചു കൂവുന്നതിടയില്‍ കര്‍ണം മല്ലേശ്വരി ബാര്‍ ബെല്‍ പോക്കുന്നത് പോലെ ദിവ്യ ബൈക്ക് എടുത്തു മറിച്ചിട്ടു. വീണുകിടന്ന മാത്തുക്കുട്ടിയെ കലി തീരുന്നത് വരെ 'പഞ്ഞിക്കിട്ടു'

ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ ഗംഭീരമായി തന്നെ നല്‍കി. സംഭാവനകള്‍ കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരമാവും എന്ന് പറഞ്ഞ പോലെ, കുരുവിയുടെ പുറം ആയി.

ഒരു നിമിഷം സ്തബ്ദനായ മാത്തുക്കുട്ടി ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആരോ വിളിച്ചിട്ട് കണ്ട്രോള്‍ റൂം വെഹിക്കിള്‍ എത്തി.

മാത്തുക്കുട്ടി ഓടിയെത്തി വിളിച്ചു കൂവി.... അയ്യോ അവന്‍ കള്ളനല്ല.

"ആഹാ ഇവനാ അവന്റെ കൂടെ വന്ന കള്ളന്‍. പിടിയവനെ." ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.

അങ്ങനെ സി ഐ ഡി മൂസയ്ക്ക് പറ്റിയതിലും വലിയ പറ്റു അവര്‍ക്കും പറ്റി. രണ്ടിനെയും തൂക്കി എടുത്തു ജീപ്പ് സ്റെഷനിലെക്കും.

എസ് ഐ യുടെ വിരട്ടലില്‍ ഒന്നും രണ്ടും മൂന്നും എല്ലാം ജോക്കിക്കുള്ളില്‍ പോയെങ്കിലും, കരഞ്ഞു കൊണ്ട് രണ്ടു പേരും സത്യം മുഴുവനും തുറന്നു പറഞ്ഞു. പിന്നാലെ എത്തിയ ദിവ്യയും അവളുടെ അച്ഛനും മാത്തുക്കുട്ടിയുടെ മുതലാളിയും കേള്‍ക്കെ ആദ്യം മുതലുള്ള സംഭവങ്ങള്‍ ഓരോന്നായി അവന്‍ തുറന്നു പറഞ്ഞു.

മാത്തുക്കുട്ടിയുടെ മുതലാളിയുടെ സുഹൃത്തായതുകൊണ്ട് ദിവ്യയുടെ അച്ഛന്‍ കേസ് ആക്കാതെ അത് ഒതുക്കി തീര്‍ത്തു. മേലാല്‍ ഇത്തരം പണികള്‍ ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടും എന്ന ഭീഷണിയില്‍ മാത്തുവിനെയും കൊണ്ട് മുതലാളിയും, മേലാല്‍ മകളുടെ പുറകെ നടന്നാല്‍ തട്ടിക്കളയും എന്ന് പറഞ്ഞു ദിവ്യയെയും കൊണ്ട് അവളുടെ അച്ഛനും പോയി. കാലിന്റെ വേദന ഉള്ളിടത്ത് തിരുമ്മിക്കൊണ്ട് കുരുവി വീട്ടിലേക്കും പോയി. ദിവ്യയുടെ അച്ഛന്റെ ഇന്ഫ്ലുവന്സില്‍ ഇത് പത്രത്തിലും വന്നില്ല... ഭാഗ്യം

പിന്കുറിപ്പ്: മിക്ക കഥകളിലും കാണുന്നത് പോലെ മാത്തുവും ദിവ്യവ്യും തമ്മില്‍ ഒരു പ്രണയവും ഉണ്ടായില്ല. അതിനു ശേഷം മാത്തു ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കിയിട്ടില്ല. പാവം കുരുവി സഹായിക്കാന്‍ പോയ കുറ്റത്തിന് സൌഹൃദവും നഷ്ടപ്പെട്ടു.

മുന്‍‌കൂര്‍ ജാമ്യം: ഈ കഥയില്‍ പറഞ്ഞ മാത്തുക്കുട്ടിക്കും കുരുവിയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രമല്ല പരമ സത്യം കൂടിയാണ്.

Wednesday, July 6, 2011

സ്ത്രീ പീഡനങ്ങള്‍: ഒരു ആക്ഷേപ കുറിപ്പ്

ഞാന് എന്നും വായിക്കുന്നതും, ഒരു ദിവസം വായിച്ചില്ലെങ്കില് ഉറക്കം വരാത്തതുമായ മനോരമ പത്രത്തില് ഇന്ന് രാവിലെ വന്ന ഫ്രണ്ട് പേജ് വാര്ത്തയാണ് കുറിപ്പിനാധാരം. മുവാറ്റുപുഴയില് വച്ചു പാലാക്കാരിയായ യുവതിയെ തൊടുപുഴക്കാരന് ആയ യുവാവ് കയറി പിടിച്ചത്രേ. മിടുക്കിയായ യുവതി അപ്പോള് തന്നെ അതിനെതിരെ പ്രതികരിച്ചു. വീണ്ടും പിടിക്കാന് ശ്രമിച്ച യുവാവിനെ നാട്ടുകാര് നന്നായി പെരുമാറി പോലീസില് ഏല്പ്പിച്ചു.

നാടകങ്ങള് നടക്കുന്നത് പിന്നീടാണ്. പരാതിക്കാരിയെ കണ്ട പോലീസുകാര് അവരുടെ വസ്ത്രധാരണത്തില് (!!?) അന്തം വിട്ടു പോവുകയും 'തറവാട്ടില് പിറന്നവരെ' പോലെ വസ്ത്രധാരണം നടത്താന് ഉപദേശിക്കുകയും ചെയ്തത്രേ. വീട്ടില് നിന്നും സഹോദരന് എത്തുന്നത് വരെ പരാതിക്കാരിയെ പോലീസ് സ്റെഷനില് തടഞ്ഞു വയ്ക്കുകയും ചെയ്തു. ടൈറ്റ് ജീന്സും ടീ ഷര്ട്ടും ആയിരുന്നു യുവതിയുടെ വേഷം എന്നും വാര്ത്തയില് പറയുന്നു.

വാര്ത്ത വായിച്ചാല് യുവതിയെ കയറി പിടിച്ച ആളെക്കാള് കുറ്റം ചെയ്തത് പോലീസ് ആണെന്ന് തോന്നും. ഇത്ര ഇറുകി പിടിച്ച വസ്ത്രങ്ങള് ധരിക്കാതെ മാന്യമായി വസ്ത്രം ധരിക്കാന് ഉപദേശിക്കുന്നത് ഒരു വലിയ തെറ്റാണല്ലോ. കാരണം ശരീരത്തില് മുഴച്ചിരിക്കുന്ന ഭാഗങ്ങള് എല്ലാം അതിന്റെ കൃത്യതയും വലുപ്പവും ഒട്ടും കുറയാത്ത രീതിയില് പ്രദര്ശിപ്പിക്കാന് പറ്റുന്ന വസ്ത്രങ്ങള്ക്ക് ഇന്ന് വലിയ ഡിമാന്റ് ആണല്ലോ. ഇവയും ധരിച്ചു കൊണ്ട് പൊതു സ്ഥലത്ത് കൂടി നടക്കുന്നത് ഇന്ന് സര് സാധാരണമാണ്.

ഇത്തരത്തില് ശരീര പ്രദര്ശനം നടത്തുന്നവരോട് മാന്യമായി വസ്ത്രം ധരിക്കാന് പറയുന്നതാണോ കുറ്റം. അതോ ഷോ കണ്ടു കണ്ട്രോള് പോയ ഒരാള് അവരെ കയറി പിടിക്കുന്നതോ. മഴ നനഞ്ഞു പനി വന്നു മഴയെ കുറ്റപ്പെടുത്തുന്നതിനേക്കാള് നല്ലതല്ലേ, മഴ നനയാതെ, പനി വരാതെ സൂക്ഷിക്കുന്നത്. ഇമ്മാതിരി വസ്ത്ര ധാരണം കണ്ടു ഈയുള്ളവനും ചിലപ്പോള് കണ്ട്രോള് പോയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് അവിവേകം ഒന്നും കാണിച്ചിട്ടില്ല. ദൈവത്തിനു നന്ദി.

പോലീസുകാര് ചെയ്ത മറ്റൊരു കുറ്റം, സഹോദരന് വരുന്നത് വരെ യുവതിയെ സ്റെഷനില് തടഞ്ഞു വച്ചു എന്നതാണ്. ഉത്തരവാദിത്വപ്പെട്ടവര് എത്തുന്നത് വരെ ഒരു 'പീഡിതയെ' സുരക്ഷിതമായി സൂക്ഷിക്കുന്നതാണോ കുറ്റം. അല്ലെങ്കില് വീണ്ടും റോഡില് ഇറങ്ങുമ്പോള് മറ്റാരെങ്കിലും അവരെ വീണ്ടും കയറി പിടിച്ചിരുന്നെങ്കിലോ...? അടുത്ത ദിവസത്തെ പത്രത്തില് നിങ്ങള് ഇങ്ങനെ എഴുത്തും: "പീഡിതയെ പോലീസ് വെറുതെ നടുറോഡിലേക്ക് ഇറക്കി വിട്ടു. അവരെ വീണ്ടും മറ്റൊരാള് കയറി പിടിച്ചു" എന്ന്.

പ്രിയ സഹോദരിമാരോട് ഒരു അപേക്ഷ: മറ്റുള്ളവര് നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള് ധരിക്കുക. അതല്ല മറിച്ച് തോന്നുന്നത് പോലെ പെരുമാറിയാല് മതി എങ്കില്, നിങ്ങള്ക്ക് തോന്നുന്നത് പോലെ വസ്ത്ര ധാരണം നടത്തിക്കോളൂ...

Sunday, April 3, 2011

പൊതുവിജ്ഞാനം മറക്കുന്ന പുതുതലമുറ

കുറച്ചു നാള്മുന്പ്, അതായത് വല്ലാര്പാടം പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കുന്നതിന്റെ അന്ന്, മെട്രോ മനോരമയില്പ്രസിദ്ധീകരിച്ച അതിന്റെ ഒരു ആകാശ ചിത്രം നോക്കുകയായിരുന്നു ഞാനും എന്റെ റൂം മേറ്റായ സുഹൃത്തും. അത് കണ്ടു കൊണ്ട് മറ്റൊരു സുഹൃത്ത് അടുത്തേക്ക്വന്നു.

"
എന്താടാ ഇത് ദുബായ് ആണോ...?"

ചോദ്യം കേട്ട ഞങ്ങള്മുഖത്തോടു മുഖം നോക്കി.

പിന്നെ പതിയെ പറഞ്ഞുകൊടുത്തു.

"
എടാ മണ്ടന്കൊണാപ്പാ ഇത് വല്ലാര്പാടം ടെര്മിനലിന്റെ പടമാ. ഇത് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കും."

"
നമ്മുടെ അബ്ദുള്ഖാദര്‍...!"

അബ്ദുള്ഖാദറോ....!!

അവന്ഉദ്ദേശിച്ചത് അബ്ദുള്കലാം ആണെന്ന് മനസ്സിലായ എന്റെ സുഹൃത്ത് അവനെ കളിയാക്കി.

"
അബ്ദുള്ഖാദര്അല്ലടാ വൈക്കം മുഹമ്മദ്ബഷീര്‍"

"
ഇന്ത്യയുടെ പ്രധാന മന്ത്രി ആരെന്നു പോലും അറിയില്ലേടാ മരങ്ങോടാ...?"

"
അയ്യോ എനിക്കറിയാടാ നമ്മടെ സര്ദാര്ജി. നീല തൊപ്പി വച്ച പഞ്ചാബി അല്ലേ...?”

"പേര് പറയടാ..."


"അളിയാ പേര് ഓര്മ കിട്ടുന്നില്ലടാ"

ഇത് വളരെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇന്നത്തെ തലമുറയില്നല്ലൊരു പങ്കിനും സാമൂഹിക പ്രതിബദ്ധതയുള്ളതും പൊതു വിഞാനവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളില്താത്പര്യം കുറഞ്ഞുവരുന്നു. പ്രിയ ബ്ലോഗ്സുഹൃത്ത് 'ഇന്ത്യന്സാത്താന്‍' (www.indiansatan.com) ഇതിനെ പറ്റി ഒരിക്കല്എഴുതിയിരുന്നതായി ഓര്ക്കുന്നു.

സിനിമ, ക്രിക്കറ്റ്‌, മറ്റു വിനോദ പരിപാടികള്എന്നിവയുടെ അതി പ്രസരത്തില്ഇന്നത്തെ പുതു തലമുറയ്ക്ക് വാര്ത്ത കേള്ക്കാനും പത്രം വായിക്കാനും എവിടെ നേരം. പത്രം കിട്ടിയാല്നേരെ പോകുന്നത് സ്പോര്ട്സ് പേജിലെക്കോ സിനിമാ കോളത്തിലേക്കോ ആണ്.

മറ്റു വാര്ത്തകള്വായിക്കാതിരിക്കാന്ഒരു കാരണവും.

"
ഡോണ്ട് ലൈക് ദിസ്ബ്ലാടി പോളിടിക്സ് "

സിനിമയും ക്രിക്കെട്ടും ഒഴിച്ചു ബാകി എല്ലാം പോളിടിക്സ് ആണെന്ന് ആര് പറഞ്ഞു ആവോ....

ഇത്തരം ആളുകളാണ് പിന്നീട് അബ്ദുള്കലാമിനെ അബ്ദുള്ഖാദര്എന്ന് വിളിക്കുകയും, സുപ്രീം കോടതി എല്ലാ സംസ്ഥാനത്തും ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത്.

ഞാന്പറഞ്ഞു വരുന്നത് സ്പോട്സും സിനിമയും വേണ്ട എന്നല്ല. അതോടൊപ്പം തന്നെ മറ്റു വാര്ത്തകള്കാണുന്നതിനായി അല് സമയം മാറ്റി വയ്ക്കുക.


അക്ബര്ചക്രവര്ത്തിയുടെ കുഞ്ഞമ്മയുടെ മോന്റെ പേര് അറിഞ്ഞില്ലെങ്കിലും ഇന്ത്യന്പ്രധാനമന്ത്രിയുടെ പേര് അറിഞ്ഞിരിക്കുക