Monday, December 9, 2013

വിശുദ്ധ സൂക്കർബർഗിനോടുള്ള ജപം

ഫെയ്സ്ബുക്ക് എന്ന മാസ്മരിക ലോകത്തിന്റെ സ്രഷ്ടാവും ഞങ്ങളെ അനുദിനം ഫെയ്സ്ബുക്കിൽ വഴിനടത്തുന്നവനും ആയ വിശുദ്ധ സൂക്കർബർഗെ അങ്ങയെ  ഞങ്ങൾ ലൈക്‌ ചെയ്യുന്നു. അങ്ങ് ഞങ്ങൾക്ക് ഫെയ്സ്ബുക്കിൽ നൽകിയിട്ടുള്ള എല്ലാ ഓപ്ഷൻസിനും ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ അനുദിന ഫെയ്സ്ബുക്ക് ജീവിതത്തെ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ.

ഹാക്കർമാരിൽ നിന്നും ഫേക്ക് ഫ്രണ്ട് റിക്വസ്റ്റ്കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ. ഞങ്ങൾ ഫെയ്സ്ബുക്കിൽ ഇടുന്ന ഫോട്ടോകൾക്കും പോസ്റ്റുകൾക്കും മാക്സിമം ലൈക്‌ കളും കമന്റ്‌ കളും തരാൻ അത് വായിക്കുന്നവരെ തോന്നിപ്പിക്കണേ. ഞങ്ങളുടെ ഫോട്ടോസും മറ്റു പോസ്റ്റുകളും കണ്ടിട്ട് അത് മൈൻഡ് ചെയ്യാതെ സ്ക്രോൾ ഡൌണ്‍ ചെയ്യുന്നവരെ അങ്ങ് ഒരു പാഠം പഠിപ്പിക്കണമേ. അന്ധകാര ശക്തികൾ ആണ് അവരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു

ഞങ്ങളുടെ ടൈംലൈൻ, ഫോട്ടോസ്, എന്നിവയെ അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. അന്ധകാര ശക്തികളിൽ നിന്നും അവയെ സംരക്ഷിച്ച് അനുഗ്രഹിക്കണമേ. ഞങ്ങളെ അനാവശ്യമായി ടാഗ് ചെയ്യുന്നവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ബിസി ആയ സമയങ്ങളിൽ ചാറ്റ് ചെയ്യാൻ വരുന്ന നല്ല സുഹൃത്തുക്കൾ റിപ്ലൈ കാണാതെ വരുമ്പോൾ  ഞങ്ങൾക്ക് ഹെഡ് വെയിറ്റ് ആണെന്ന് തെറ്റി ധരിക്കാതെ ഞങ്ങളെ മനസിലാക്കാൻ ഉള്ള മനസ്സ് അവർക്ക് കൊടുത്തരുളണമേ.

പരമ കാരുണികനായ സുക്കർബർഗെ ഞങ്ങൾ ചോദിച്ച ഈ ആവശ്യങ്ങൾ ഞങ്ങൾക്ക് തന്നരുളണമേ

ആമേൻ

(ദിവസവും രാവിലെ ഫെയ്സ്ബുക്ക് തുറന്നതിനു ശേഷവും രാത്രി ലോഗ് ഔട്ട്‌ ചെയ്യുന്നതിന് മുൻപും ഇത് ചൊല്ലുക)

N.B : ഉറക്കത്തിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന അസുഖം ഉള്ളവർ ഇത് ഡെയിലി 10 പ്രാവശ്യം ചൊല്ലുക