Saturday, February 25, 2012

ഒരു പോലീസ് സ്റേഷന്‍ അനുഭവം

രോഗിയായ ഒരു ഫ്രണ്ടിനെ കാണാന്‍ പോയതായിരുന്നു ഞാനും എന്റെ മറ്റൊരു സുഹൃത്തും. പോയ വഴി വെറുതെ രണ്ടേ രണ്ട് പെഗ് മാത്രം (സത്യായിട്ടും അത്രേ ഉള്ളു) കഴിച്ചിരുന്നു. അവന്റെ ഹോസ്റെലിനു മുന്‍പില്‍ സംസാരിച്ചങ്ങനെ സമയം പോയത് അറിഞ്ഞില്ല...

വാച്ചില്‍ നോക്കിയപ്പോള്‍ സമയം രാത്രി പന്ത്രണ്ട് മണി. പോകാം പോകാം എന്ന് കുറെ പറഞ്ഞിട്ടും അവരുടെ സംസാരം തീരുന്നില്ല. ഇവന്റെ ബൈക്കില്‍ വേണം എനിക്ക് എന്റെ റൂമില്‍ എത്താന്‍. കുറെ നേരം കൂടി അവിടെ നിന്നു. പിന്നീട് നിന്നു കാല്‍ കഴച്ചപ്പോള്‍ അല്‍പനേരം ബൈക്കില്‍ പോയി ഇരിക്കാം എന്ന് കരുതി.

സമയം രാത്രി ഒരു മണി

സ്ടാന്റില്‍ വച്ചിരിക്കുന്ന ബൈക്ക് നിവര്‍ത്തി അങ്ങനെ ബൈക്കില്‍ ഇരുന്നു മറ്റവന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്.

അപ്പോഴാണ്‌ ലൈറ്റ് ഒന്നും ഇല്ലാതെ ഒരു ജീപ്പ് പിറകില്‍ വന്നു നിന്നത്.

"എന്താടോ ഇവിടെ...?"

ചാടി ഇറങ്ങിയ ഏമാന്റെ ചോദ്യം.

"അത് സാര്‍ എന്റെ ഫ്രെണ്ടിനെ കാണാന്‍ വന്നതാ" "എന്നിട്ടെവിടെ ഫ്രെണ്ട്'''?

അപ്പോഴേക്കും ഫ്രെണ്ട്സ് രണ്ടു പേരും അങ്ങോട്ടെത്തി. വിനീതനായ ഞാന്‍ ബൈക്ക് സ്ടാന്റില്‍ വച്ചു.

"എവിടാടോ തന്റെ വീട്...?" "ഇടുക്കീലാ"

ആ ഉത്തരം ഞാന്‍ പറയുമ്പോള്‍ അദ്ദേഹം എന്റെ മുഖത്തിന്‌ നേരെ വന്നു. ഞാന്‍ പിന്നോട്ട മാറി.

"വീടെവിടെ...?" ഇപ്രാവശ്യവും എന്റെ മുഖത്തിന്‌ നേരെ വന്നു. ഈശ്വരാ ഇയാള്‍ എന്നെ കിസ്സ്‌ ചെയ്യാന്‍ പോകുവാണോ...

"ആഹാ മദ്യപിച്ചിട്ടും ഉണ്ടല്ലേ....?"

അപ്പോഴാണ്‌ മനസ്സിലായത് അത് 'കിസ്സ്‌ അറ്റംപ്റ്റ്' അല്ല കേരള പോലീസിന്റെ മണം പിടുത്തം ആണെന്ന്.

"മദ്യപിച്ച് വാഹനം ഓടിക്കുന്നോ....?" "അയ്യോ സാര്‍ ഞാന്‍ കള്ളു കുടിക്കാത്തപ്പോള്‍ പോലും ബൈക്ക് ഓടിക്കാറില്ല. ഇപ്പൊ ഞാന്‍ നിന്നു മടുത്തപ്പോള്‍ അതില്‍ ഒന്നിരുന്നതാ"

"അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം. ഇപ്പോള്‍ തല്‍ക്കാലം ജീപ്പില്‍ കേറ്"

പണ്ടേ സത്യവാനും വിനീത ഹൃദയനും ആയ ഞാന്‍ (:-D) മോഹന്‍ലാല്‍ സ്റ്റൈലില്‍ സ്ലോ മോഷനില്‍ ജീപ്പില്‍ കയറി ഇരുന്നു.

ബാക്കി രണ്ടു പേര്‍ കെഞ്ചി കെഞ്ചി പറഞ്ഞെങ്കിലും ഏമാന്‍ വഴങ്ങിയില്ല. ജാമ്യത്തില്‍ ഇറക്കാന്‍ ഒരാള്‍ സ്റേഷന്‍ വരെ വാ എന്ന് പറഞ്ഞു വണ്ടി മുന്നോട്ട്. ഒരു പി സി യും മറ്റേ ഫ്രെണ്ടും കൂടി ബൈക്കില്‍ ജീപ്പിനു പിറകെ

എനിക്ക് അപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം മദ്യപിച്ച് വണ്ടിയില്‍ വെറുതെ ഇരുന്നാലും അത് കുറ്റകരമാണോ എന്നായിരുന്നു. ആദ്യമായി പോലീസ് ജീപ്പില്‍ കയറുന്നത് കൊണ്ട് ഫോര്മാലിട്ടീസ് ഒന്നും അറിയില്ലല്ലോ. വല്ല്യ വല്ല്യ കേസുകളിലെ പ്രതികള്‍ ഒരു ടവ്വല്‍ എടുത്തു മുഖം മറയ്ക്കുന്നത് ടിവിയില്‍ കണ്ടിട്ടുണ്ട്. ഇനി അങ്ങനെ ഒക്കെ ചെയ്യണോ ആവോ.

വഴിയില്‍ കാണുന്നവരെ ഒക്കെ വിരട്ടി ഓടിച്ചുകൊണ്ട് ഏമാന്‍ അങ്ങനെ പോകുമ്പോള്‍ ഇടയ്ക്കിടെ എനിക്ക് ഫ്രീ ആയി ഉപദേശവും.

"താന്‍ ഈ വയര്‍ ലെസ്സ് വഴി കേള്‍ക്കുന്നത് ശ്രദ്ധിക്കുന്നുണ്ടോ..?"

"അയ്യോ ക്ഷമിക്കണം സാര്‍. ഞാന്‍ ചെവി പൊത്തി ഇരിക്കാം. അറിയാതെ കേട്ട് പോയതാ. ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല."

അവരുടെ വയര്‍ ലെസ്സ് രഹസ്യങ്ങള്‍ ചോര്‍ത്തി എടുത്തു എന്ന് പറഞ്ഞു ഇനി രണ്ടിടി കൂടുതല്‍ കിട്ടുമോ എന്ന് സംശയിച്ച എന്നോട് അദ്ദേഹം പറഞ്ഞു. "താന്‍ ഈ പറയുന്നതൊക്കെ ഒന്ന് കേട്ടെ. എല്ലാം വെള്ളമടിച്ച് വണ്ടി ഓടിച്ചവരുടെ കാര്യങ്ങളാ..."

എന്നാലും ഞാന്‍ വണ്ടി ഓടിച്ചില്ലല്ലോടാ കാലമാടാ എന്ന് പറയാന്‍ തോന്നി. എന്നാലും ഒന്നും മിണ്ടീല്ല.

നോര്‍ത്ത് പാലം കഴിഞ്ഞപ്പോള്‍ ആണ് ഒരാള്‍ വഴിയരികില്‍ ബൈക്കില്‍ ഇരിക്കുന്നു.

"എന്താടാ ഇവിടെ പണി..?" ഏമാന്‍ അലറി

"അയ്യോ സാര്‍ ഞാന്‍ ഫുഡ് കഴിച്ചിട്ടു പല്ലിട കുത്തുവാ..." അയാള്‍ ടൂത്ത് പിക്ക് കാണിച്ചു.

"പാതിരാത്രിക്ക് ആണോടാ അവന്റെ പല്ലിട കുത്തല്‍.... വീട്ടി പോടാ"

പാവം അയാള്‍ ജീവനും കൊണ്ടോടി

അങ്ങനെ കസബ സ്റെഷനില്‍ വണ്ടി എത്തി. കുറെ പോലീസുകാര്‍ അങ്ങനെ നോക്കി നില്‍ക്കുന്നു. ഇറ്റാലിയന്‍ കപ്പലിലെ നാവികരെ പോലെ ഞാന്‍ നെഞ്ച് വിരിച്ച് അകത്തേക്ക് പോയി. പിറകെ കൂട്ടുകാരനും എത്തി.

ഇനി ഉള്ളത് ബ്രെത്ത് അനലൈസര്‍ വച്ചുള്ള കലാ പരിപാടികള്‍ ആണ്. അതില്‍ ഊതിയപ്പോള്‍ കിട്ടിയ സ്ലിപ്പില്‍ ഒപ്പിട്ട് കോടുത്തു. സാര്‍ ഞാന്‍ വണ്ടിയില്‍ ഇരുന്നത് മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ടും ഏമാന്‍ കേട്ടില്ല. ബൈക്കിന്റെ കീ വാങ്ങി വച്ചിട്ടു, അടുത്ത ദിവസം ആര്‍ സി ബുക്ക് , ഇന്ഷുറന്സ് എല്ലാം എടുത്തോണ്ട് വരാന്‍ പറഞ്ഞു വീട്ടില്‍ വിട്ടു.

ആവശ്യപ്പെട്ട രേഖകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ഏമാന്റെ മനസ്സലിഞ്ഞു. സാര്‍ ഞാന്‍ വണ്ടി ഓടിച്ചില്ല എന്നുള്ള മുറവിളികള്‍ക്ക് അവസാനം അദ്ദേഹം ചെവി നല്‍കി. ഇനി മേലാല്‍ മദ്യപിച്ച് വണ്ടി ഓടിക്കുകയോ, അതില്‍ കയറി ഇരിക്കുകയോ, നടു റോഡില്‍ പാതിരായ്ക്ക് സംസാരിച്ചു നില്‍ക്കുകയോ ചെയ്യരുത് എന്ന ഉപദേശത്തോടെ വെറുതെ വിട്ടു.

കിട്ടിയ ജീവനും, ബൈക്കും എടുത്തോണ്ട് തിരികെ പോന്നു....

പിന്‍ കുറിപ്പ് : ഞങ്ങടെ തറവാട്ടില്‍ ഉള്ളവര്‍ ഇന്നേ വരെ പോലീസ് സ്റേഷന്‍ കയറുകയോ, പോലീസ് ജീപ്പില്‍ കയറുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്ന സല്‍പ്പേര് ഞാന്‍ തന്നെ തിരുത്തിയപ്പോള്‍ എന്തൊരു സന്തോഷം.....!!