Saturday, January 7, 2012

സിനിമ നിരൂപണം: അസുര വിത്ത്

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് കണ്ടത് ഏതാനും മാസങ്ങള്‍ക്ക് മുന്പ് എറണാകുളം ബൈപ്പാസില്‍ വച്ചായിരുന്നു. പടം ഏതാണെന്ന് തിരക്കിയപ്പോള്‍ അറിഞ്ഞു 'അസുരവിത്ത്‌'. പിന്നീട് ആ പടത്തെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, വൈദിക വിദ്യാര്‍ഥി ആയ ഒരാള്‍ ഡോണ്‍ ആയി തീരുന്ന കഥ എന്നായിരുന്നു. എന്തായാലും ഈയുള്ളവനും കുറച്ചുനാള്‍ വൈദിക വിദ്യാര്‍ഥി ആയിരുന്നു. ഡോണ്‍ ആയില്ലെങ്കിലും സെമിനാരിയില്‍ നിന്നും പോന്ന ഒരാളുടെ കഥ കൂടി ആണെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളോട് കൂടിയാണ് എറണാകുളം സവിത തിയേറ്ററില്‍ റിലീസ് ദിവസം തന്നെ എത്തിയത്.

സിനിമ:

പടം കണ്ടപ്പോള്‍ ഓര്മ വന്നത് ധ്രുവം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ കഥയാണ്‌. അതില്‍ സെമിനാരിക്കാരനായ സുരേഷ് ഗോപി രാത്രി ആരും അറിയാതെ സെക്കണ്ട് ഷോ കാണാന്‍ പോയി മടങ്ങുമ്പോള്‍ ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആവുന്നു. പിന്നീട് വില്ലന്മാരില്‍ നിന്നും ഉള്ള ശല്യം സഹിക്കാതെ സെമിനാരിയില്‍ നിന്നും പോന്നു ഒരു പോലീസ് ഓഫീസര്‍ ആവുന്നു. അസുരവിത്തില്‍ ഒരു വ്യത്യാസം മാത്രം, നായകന്‍ പകരം ഒരു ഡോണ്‍ ആവുന്നു.

ബിഷപ്സ് ഹൌസില്‍ പോയി മടങ്ങി വരുന്ന നായകന്‍ ആയ ബ്രദര്‍ ഡോണ്‍ ബോസ്കോ (ആസിഫ് അലി) ഒരു കൊലപാതകത്തിന് സാക്ഷി ആവുന്നു. സാക്ഷി പറയാന്‍ പോലീസ് സ്റെഷനില്‍ എത്തുന്ന ബോസ്കൊയ്ക്ക് നേരിടേണ്ടി വരുന്നത് മൊഴി മാറ്റി പറയാനുള്ള സമ്മര്‍ദം ആണ്. അതിനായി അവര്‍ ബോസ്കൊയെ പീഡിപ്പിക്കുന്നു. പത്തു തിന്മകളുടെ സംഗമം ആയ 'പത്താം കളം' എന്ന ഗ്രൂപ്പ് ആണ് കൊച്ചി ഭരിക്കുന്നത്. അബ്ബ എന്ന് വിളിക്കപ്പെടുന്ന വിജയ രാഘവനും നാല് മക്കളും (അതില്‍ രണ്ടെണ്ണം പെണ്ണുങ്ങള്‍) ഈ കൊലപാതകം ചെയ്ത അവര്‍ക്കെതിരെ മൊഴി കൊടുക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അവര്‍ക്കെതിരെ പോരാടാന്‍ ഡോണ്‍ ബോസ്കോ സെമിനാരി ജീവിതം ഉപേക്ഷിക്കുന്നു. അവര്‍ക്കെതിരെ ഉള്ള പോരാട്ടം ആണ് സിനിമയുടെ സെക്കണ്ട് ഹാഫ്

അഭിനയം:

ആസിഫ് അലി എന്ന നടന്റെ ഒരു പുതിയ മുഖം എന്നതില്‍ കവിഞ്ഞു ചിത്രത്തിന് പ്രത്യേകിച്ച് അവകാശപ്പെടാന്‍ ഒന്നുമില്ല. ആസിഫ് അലി നന്നായി പരിശ്രമിച്ചു എങ്കിലും, അദ്ദേഹത്തിന് പറ്റിയത് സോള്‍ട്ട് ആന്‍ഡ്‌ പേപ്പറില്‍ നമ്മള്‍ കണ്ടത് പോലെ ഒരു പാവം ചോക്കലേറ്റ് പയ്യന്റെ റോളുകളാണ്. . നായിക സംവൃത സുനിലും വളരെ മച്യുരിട്ടി ഉള്ള ഒരു ക്യാരക്ടര്‍ അതിന്റെ തനിമയോടെ ചെയ്തു. എടുത്തു പറയേണ്ട മറ്റൊന്ന് ബാബു രാജിന്റെ റോളാണ്. ഒരു ഗുണ്ട ലുക്ക് ഉള്ള, വളരെ ബോള്‍ഡ് ആയ ഒരു വൈദികന്റെ വേഷം. അത് പലപ്പോഴും തിയേറ്ററില്‍ ചിരി പടര്‍ത്തി. മറ്റൊന്ന് ആസിഫിന്റെ അമ്മയുടെ റോള്‍ ചെയ്ത ലെനയാണ്. പതിവുപോലെ അവരുടെ വേഷത്തോടും അവര്‍ നീതി പുലര്‍ത്തി.

സിനിമ മൊത്തത്തില്‍:

ആദ്യം പറഞ്ഞത് പോലെ കഥയില്‍ വലിയ പുതുമ ഒന്നും തന്നെ ഇല്ല. ആസിഫ് അലിയുടെ ഡോണ്‍ ക്യാരക്ടര്‍ അദ്ദേഹത്തിന് തീരെ യോജിക്കാത്ത ഒരു കഥാപാത്രമായി തോന്നി. മറ്റൊന്ന് സെമിനാരിയെയോ , വൈദിക വിദ്യാര്‍ത്ഥികളെയോ അവരുടെ ജീവിത രീതികളെയോ പറ്റി ഒരു ചുക്കും അറിയാത്ത സംവിധായകന്‍, അതിനെപ്പറ്റി അല്പം പഠനം എങ്കിലും നടത്താതെ കഥയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് പടത്തിന്റെ ഒരു പോരായ്മ ആയി. അതില്‍ ഒന്നാമത്തെ മണ്ടത്തരം സെമിനാരി വിദ്യാര്‍ഥികള്‍ ഐ ടി ഐ യില്‍ പഠിക്കാന്‍ പോവുന്നതാണ് . ആര്‍ട്സ് വിഷയങ്ങളിലോ ഫിലോസഫി പോലുള്ള വിഷയങ്ങളിലോ മാത്രം പഠനം അനുവദിച്ചിരിക്കുന്ന സെമിനാരികളില്‍, ഐ ടി ഐ യില്‍ പോയി പഠിക്കുന്നത് ഒരു വൈദികന് ഭാവിയില്‍ എങ്ങനെ ഗുണം ചെയ്യും എന്ന് ചിന്തിക്കാന്‍ പോലും സംവിധായകന്‍ മിനക്കെട്ടിട്ടില്ല.

തീരെ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, മിക്ക പടങ്ങളിലും ഉള്ളത് പോലെ സെക്കണ്ട് ഹാഫിലുള്ള ഇഴച്ചിലാണ്. ആസിഫിന്റെ ചില ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളും പലപ്പോഴും തിയേറ്ററില്‍ കൂവലുകള്‍ ഉയര്‍ത്തി. വിഷ്വല്‍ ഇഫക്ടുകള്‍, സ്ലോ മോഷനുകള്‍, തുടങ്ങി പലതും വച്ചങ്ങു അലക്കി സെക്കണ്ട് ഹാഫ് എന്ന് വേണമെങ്കില്‍ പറയാം.

കുറെ നാള്‍ കഷ്ടപ്പെട്ട്, പലരുടെയും പണം ഇറക്കി, പലരുടെയും സമയം ചിലവഴിച്ചു ഒരു പടം ഇറക്കുമ്പോള്‍ എന്തെങ്കിലും കാട്ടി കൂട്ടുക എന്നതില്‍ കവിഞ്ഞു ആ കഥയോടും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പലരോടും, മുന്നിലിരുന്നു കാണുന്ന കാണികളോടും അല്പം കൂടി സ്നേഹം (സിനിമയിലൂടെ) കാട്ടുക. അതിനു നല്ല ഒരു സ്ക്രിപ്റ്റ് ആദ്യം തയ്യാറാക്കുക. പ്രിയ സംവിധായകരെ, നല്ലൊരു പക്ഷം ജനങ്ങളും സിനിമ കാണാന്‍ വരുന്നത് നായകനെ കാണാനോ, അവരുടെ സ്ലോമോഷന്‍ നടത്തവും, ആക്ഷന്‍ രംഗങ്ങളും കാണാനോ അല്ല. അത് കൊണ്ട് തട്ടി കൂട്ടാതെ സമയം എടുത്തു നല്ല സിനിമകള്‍ ഇറക്കുക.

ഇടുക്കിക്കാരന്റെ മാര്‍ക്ക് :
5/10