Thursday, December 31, 2009

പുതുവത്സരാശംസകള്‍


ഇന്ന് 2009 എന്ന സംഭവബഹുലമായ വര്ഷം അവസാനിക്കുന്നു
നാളെ മുതല്‍ 2010 എന്ന സംഭവബഹുലമായ വര്ഷം തുടങ്ങുന്നു
എല്ലാ വായനക്കാര്‍ക്കും ഇടുക്കിക്കാരന്റെ
സംഭവബഹുലമായ പുതുവത്സരാശംസകള്‍....

ശമ്പളക്കാരനും കൂലിപ്പണിക്കാരനും

ശമ്പളക്കാരന്റെ മാസ ശമ്പളം 8000 രൂപ

കൂലിപ്പണിക്കാരന് ദിവസ വേതനം 400 രൂപ

ശമ്പളക്കാരന്‍ വീട്ടില്‍ നിന്ന് മാറി ദൂരനാട്ടില്‍ താമസിക്കുന്നു

കൂലിപ്പണിക്കാരന്‍ ഡെയിലി വീട്ടീന്ന് പോയി വരുന്നു

ശമ്പളക്കാരന്റെ ഭക്ഷണം ഹോട്ടലീന്ന്

ഭക്ഷണത്തിനു ഡെയിലി 80 രൂപ

അപ്പോള്‍ ഒരു മാസം 2400 രൂപ

താമസത്തിന് ഷെയര്‍ 800 രൂപ

അങ്ങനെ ടോട്ടല്‍ 3200 രൂപ മാസ ചെലവ്

അങ്ങനെ മിച്ചം 8000 – 3200 = 4800

കൂലിപ്പണിക്കാരന്‍ രാവിലെ ഉണരുന്നു

അമ്മ ഉണ്ടാക്കിയ പുട്ടും പിന്നെ പഴവും കഴിച്ചു പണിക്കു പോകുന്നു

പത്തു മണിക്ക് കപ്പേം മീനും ചായേം

അത് പണിയുന്ന വീട്ടീന്ന്.

ഉച്ചക്ക് സുഖമായ ഊണ്

വൈകുന്നേരം ചായ

അഞ്ചു മണിക്ക് പണി നിര്‍ത്തി ഷാപ്പിലേക്ക്

രണ്ടു ലിറ്റര്‍ പനങ്കള്ള്

പെങ്ങടെ കുട്ടിക്ക് എന്തെങ്കിലും പലഹാരം

സ്വന്തം വീട്ടില്‍ അന്തിയുറക്കം

അങ്ങനെ ചെലവ് 30+30+20 = 80

ആഴ്ചയില്‍ ആറു ദിവസം പണി

അപ്പോള്‍ മാസ വരുമാനം 9600 രൂപ

ചിലവു 80×24=1920

ബാക്കി 9600 – 1920 = 7680

ഇനി നിങ്ങള്‍ പറയൂ…. കേരളത്തില്‍ കൂലിപ്പണി അല്ലേ നല്ലത്?

നോര്‍ത്ത് ഇന്ത്യക്കാരന്റെ പോക്രിത്തരം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ പഠിക്കുന്ന കാലം. അന്ന് ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു.ആഗ്രയില്‍നിന്നുംഎത്മാപൂര്‍എന്നസ്ഥലത്തേക്ക് പോകാന്‍ ടെമ്പോ കാത്തു നില്‍ക്കുന്നു. എന്റെ കൂടെ മറ്റു കുറേ ആളുകളും വണ്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു

പെട്ടന്നാണ് ഒരു താടിക്കാരന്‍ ദില്ലിവാല ( കേരളത്തില്‍ കിടക്കുന്ന നമ്മളെ ‘മദിരാശികള്‍’ എന്ന് വിളിക്കുന്നതല്ലേ… ആഗ്രക്കാരനെ അങ്ങനെയേ ഞാന്‍ വിളിക്കൂ.) ഒരു ഓംനി വാനില്‍ ഇരച്ചു വന്നത്. ഏതോ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്ന മൂച്ചില്‍ അവന്‍ വണ്ടി കാത്തു നിന്ന ഞങ്ങളുടെ അടുത്തൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോയി. ഞങ്ങള്‍ കുറച്ചു പേരൊക്കെ പുറകോട്ടു മാറി.

ഞങ്ങളുടെ കൂടെ തന്നെ ഒരു പതിനഞ്ചു പതിനാറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പക്ഷേ…. അവര്‍ക്ക് ഞങ്ങളെ പോലെ പെട്ടന്ന് അങ്ങ് മാറാന്‍ കഴിഞ്ഞില്ല. ഓംനിയുടെ ഏതോ വീല്‍ അവളുടെ കാല്‍വിരലിലൂടെ കയറിയിറങ്ങി. അവള്‍ പിറകോട്ടു മലര്‍ന്നടിച്ചു വീണു. ചാടി എണീറ്റ അവള്‍ “ആരുടെ #$%^& ന്റെ ഇടയില്‍ നോക്കിയാടാ വണ്ടി ഓടിക്കുന്നെ” എന്ന് അര്‍ഥം വരുന്ന ഒരു ചോദ്യം ഹിന്ദിയില്‍ വിളിച്ചു ചോദിച്ചു. ഞാന്‍ അവളുടെ കാല്‍വിരലില്‍ നോക്കിയപ്പോള്‍ അതില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ അവള്‍ അവിടെ നിന്ന് കരയാനും തുടങ്ങി.

ഇത്രയും സംഭവങ്ങള്‍ നടന്നത് നൊടിയിടയിലാണ്. കഥയിലെ വില്ലന്‍ സിനിമാ സ്റ്റൈലില്‍ ഓംനി റിവേഴ്സ് ഓടിച്ചു വന്നു. ആ മുട്ടാളന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ശരിക്കും ഒന്ന്‍ കാണുന്നത്. വിയറ്റ്നാം കോളനിയിലെ രാവുത്തറുടെ മോഡല്‍ ഒരു സാധനം. എന്തായാലും എനിക്ക് സമാധാനമായി. കാലില്‍ വണ്ടി കേറ്റി എങ്കിലും പശ്ചാത്തപിച്ചു തിരിച്ചു വന്നല്ലോ.

അവന്‍ അവളെയും, കൂടെ അവളുടെ സഹായത്തിനായി അവിടെ നിന്ന ഒരു ചേച്ചിയും കൂട്ടി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന് വിചാരിച്ചു നിന്ന ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയാണ്. നേരെ അവളുടെ അടുത്തേക്ക്‌ ചെന്ന അവന്‍ തന്റെ കാട്ടുമാക്കാന്റെ പോലത്തെ കണ്ണുരുട്ടി ചോദിച്ചു…

”ക്യാ ബോലി തൂ…?”

ഓ… അവള്‍ പ്രതികരിച്ചത് കൊണ്ട് അവനും പ്രതികരിക്കുകയാണ്.

പിന്നെ അവിടെ നടന്നത് അടിയുടെ ഒരു മേളമായിരുന്നു. അത്രയും പ്രായമുള്ള ആ പെണ്‍കുട്ടിയെ ആ കശ്മലന്‍ ഒരു മയവുമില്ലാതെ മുഖത്തടിച്ചു. ഒന്നല്ല, രണ്ടല്ല, പല അടികള്‍. മുഖത്ത്‌ അടി കൊള്ളാതിരിക്കാന്‍ അവള്‍ കുനിഞ്ഞപ്പോള്‍ അവളുടെ പുറത്തും.

ഇതൊക്കെകണ്ടിട്ടും അവിടെനിന്ന ഒരുമനുഷ്യജീവിയും പ്രതികരിച്ചില്ല. എല്ലാവരും സ്റ്റണ്ട് നന്നായി എന്‍ജോയ് ചെയ്തു. പെണ്‍കുട്ടിയെ അടിച്ചു കൈ കഴച്ചപ്പോള്‍ ആ കശ്മലന്‍ അവന്റെ ഏതോ കാസ്റ്റിന്റെ പേര് പറഞ്ഞ് (യാദവ് എന്നോ മറ്റോ) അവരോടു കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്നും പറഞ്ഞ് വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഇതൊക്കെ കണ്ടു ഞാന്‍ ‘മില്‍ക്കഷ്ട്യാ’ എന്ന് വായും പൊളിച്ചു നിന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു.

അവളുടെ വെളുത്തു തുടുത്ത കവിളുകളില്‍ ആ തെണ്ടിയുടെ വിരലിന്റെ ചുവന്ന പാടും, കണ്ണില്‍ നിന്നും കുടുകുടാ വീഴുന്ന കണ്ണീരും കാലിലെ രക്തവും കണ്ടിട്ട് എന്റെ രക്തം തിളച്ചു. ഹൃദയത്തിന്റെ കോണില്‍ എവിടെയോ ഒരു തേങ്ങല്‍. പാവം പെണ്‍കുട്ടി. വെറുമൊരു പതിനെട്ടു വയസ്സുകാരനും, ഹിന്ദി ഭാഷ നന്നായി വശമില്ലാത്തവനും, അന്യനാട്ടുകാരനും ആയ ഞാന്‍ അവിടെ എന്തു ചെയ്യാനാ?

പ്രിയ സഹോദരീ…..അന്ന് പയ്യനും ധൈര്യമില്ലാത്തവനും ആയിരുന്നതിനാല്‍ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് നീ നോര്‍ത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും. അന്ന് നിന്നെ സഹായിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. നീ അവനോടു കയര്‍ത്തു സംസാരിച്ചു എങ്കിലും ഞാന്‍ അതിനെ ഒരു കുറ്റമായി കാണുന്നില്ല. കാരണം നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ആ അവസ്ഥയില്‍ അങ്ങനെ ഒക്കെയേ പ്രതികരിക്കുകയുള്ളൂ. നിന്നോട് മോശമായി പെരുമാറിയ ആ ചെറ്റയ്ക്കും, അത് വെറുതെ നോക്കി നിന്ന ഞാനടക്കമുള്ള ജനക്കൂട്ടത്തിനും വേണ്ടി കിലോ മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും……..

മാപ്പ്

Tuesday, December 29, 2009

കോടതികളേ…. നിങ്ങള്‍ എവിടെ?


വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാന്‍. കാരണം ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു. വല്ലപ്പോഴും വീണു കിട്ടിയിരുന്ന ഒരു ബന്ദ്… ക്ലാസ്സുകള്‍ സാധാരണ പോലെ തുടങ്ങുമെങ്കിലും, നോട്ടം മുഴുവന്‍ പുറത്തേക്കായിരുന്നു. രാവിലെ ഒരു പത്തര ഒക്കെ ആകുമ്പോഴേക്കും ബന്ദ് ചേട്ടന്മാര്‍ എത്തും. പിന്നെ അന്ന് സ്കൂളിനു അവധി. പിന്നീട് ഹൈക്കോടതി ബന്ദ്‌ നിരോധിച്ചു എന്ന് കേട്ടപ്പോള്‍ വളരെ ദുഖിക്കുകയും ചെയ്തു.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പക്വത വന്നപ്പോള്‍, ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വന്നപ്പോള്‍ ബന്ദ്‌ ഒരു തലവേദനയായി. ഓ…. ഇപ്പോള്‍ ബന്ദ്‌ ഇല്ലല്ലോ. പകരം അതിന്റെ പുതിയ വേര്‍ഷന്‍… ഹര്‍ത്താല്‍. .. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ നടപടികള്‍ എടുക്കാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ബി.എം.എസ്‌ ഇന്ന് വീണ്ടും ഹര്‍ത്താല്‍ നടത്തുന്നു.

എന്നും സംഭവിക്കുന്നതുപോലെ തന്നെ ഇന്നും ജനജീവിതം തടസ്സപ്പെടും. ആശുപതിയില്‍ കൊണ്ടുപോകുന്നവരെ വരെ വഴിയില്‍ തടയും. വിവാഹം, തിരുപ്പട്ടം തുടങ്ങിയ ചടങ്ങുകള്‍ തടസ്സപ്പെടും. കുറെ വണ്ടികള്‍ തകര്‍ക്കപ്പെടും. മാസ ശമ്പളം വാങ്ങുന്നവര്‍ ഒരു ഫുള്ളും വാങ്ങി ഇന്ന് അര്‍മാദിക്കും. പക്ഷെ ദിവസക്കൂലിക്ക് പണിയെടുക്കുന്നവന്‍ ഇന്നെന്തു ചെയ്യും? അവന്റെ ഭാര്യയും കുട്ടികളും ഇന്നെന്തു കഴിക്കും? അത് പോലെ തന്നെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആളുകള്‍ ഇന്ന് പട്ടിണിയാവില്ലേ? ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന് പറഞ്ഞു നടക്കുന്ന തല്ലിപ്പൊളി ഗുണ്ടകള്‍ക്ക് വൈകുന്നേരം മുന്നൂറു രൂപയും, പൈന്റും, കോഴി ബിരിയാണിയും കിട്ടുമല്ലോ.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എങ്കില്‍ സമരം നടത്തേണ്ടത് അതുമൂലം ഷഡ്ജം പകുതി ഊരിപ്പോയ സാധാരണക്കാരന്റെ ഷഡ്ജത്തില്‍ വീണ്ടും തൂങ്ങിക്കിടന്നുകൊണ്ടല്ല. സര്‍ക്കാരിന്റെ പരാജയമാണ് എങ്കില്‍ സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ അല്ലേ സമരം ചെയ്യേണ്ടത്? അതുപോലെതന്നെ ഹൈക്കോടതി നിരോധിച്ച ബന്ദിനെ ഹര്‍ത്താല്‍ എന്ന പേരില്‍ പുനരാവിഷ്കരിച്ച പോക്രിത്തരത്തെ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു. അന്നത്തെ ബന്ദും ഇന്നത്തെ ഹര്‍ത്താലും തമ്മില്‍ എന്താണ് വ്യത്യാസം? ഇത് കാണാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരുകള്‍ തയ്യാറാവില്ല, കാരണം നാളെ അവര്‍ക്കും നടത്തേണ്ടതാണ് ഈ പ്രഹസനങ്ങള്‍. അപ്പോള്‍ പിന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ചു നടപടി എടുക്കേണ്ടത് കോടതികള്‍ അല്ലേ? കോടതികള്‍ ഇവയെ കണ്ടില്ലെന്നു നടിക്കുകയാണോ?

ഒരു കഥയിലൂടെ നിര്‍ത്തുന്നു. രാജപ്പന്‍ ആ നാട്ടിലെ പ്രധാന ചാരായം വാറ്റുകാരനായിരുന്നു. ചാരായം നിരോധിച്ചപ്പോള്‍ അവന്റെ പണി പൂട്ടി എന്ന് എല്ലാവരും കരുതി. പക്ഷെ രാജപ്പന്‍ ഇന്നും വാറ്റുചാരായം വില്‍ക്കുന്നു. പോലീസ് പിടിച്ചപ്പോള്‍ രാജപ്പന്‍ പറഞ്ഞു… “സാറേ ചാരായം അല്ലേ നിരോധിച്ചത്? ഞാന്‍ വില്‍ക്കുന്ന സാധനത്തിന്റെ പേര് ചാരായം എന്നല്ല ‘ലിഗാസു’ എന്നാണ്.” ഓ… ലിഗാസു ആണല്ലേ…? പോലീസുകാര്‍ അവനെ വെറുതെ വിട്ടു. ചാരായമല്ലേ നിരോധിച്ചത്. ലിഗാസു നിരോധിച്ചില്ലല്ലോ… അങ്ങനെ രാജപ്പന്‍ ‘വാറ്റ്ലിഗാസു’ വിറ്റ് സസുഖം വാഴുന്നു.

അതാണ്‌ കേരളം…..

Monday, December 28, 2009

കൂടോത്രം

മറ്റൊരു ചോദ്യം കൂടി: നിങ്ങള്‍ കൂടോത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ?

പൈശാചിക ശക്തികളെ ഒരു മുട്ടയിലോ, ഭക്ഷണ സാധനങ്ങളിലോ, മേറ്റെന്തെങ്കിലും വസ്തുവിലോ വച്ച് വിരോധമുള്ളയള്‍ക്ക് കൊടുക്കുകയോ, അവരുടെ താമസസ്ഥലത്തിന് അടുത്തായി സ്ഥാപിക്കുകയോ ചെയ്യുന്നതിലൂടെ അവര്‍ക്ക് ഉപദ്രവമോ ജീവഹാനിയോ വരുത്തുന്നതിനെ കൂടോത്രം എന്ന് പറയുന്നു.... ( ഹമ്മേ... എന്തൊരു ഡെഫനിഷന്‍.... കടപ്പാട്.... വേറാരുമല്ല ഈ ഞാന്‍ തന്നെ...) ചെറുപ്പം മുതല്‍ ഒത്തിരി കൂടോത്ര കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷെ സ്വന്തമായി ഒരു അനുഭവം ഉണ്ടാവുകയോ, അങ്ങനെ ഒന്ന് നേരില്‍ കാണുകയോ ചെയ്യാതെ ഇത്തരം ബുള്‍ ഷിറ്റുകളില്‍ വിശ്വസിക്കില്ല എന്ന തീവ്ര തോമശ്ലീഹാ നിലപാടുകാരനാണ് ഞാന്‍

ഒരിക്കല്‍ കൂടോത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ അങ്കിളിനു കിട്ടിയ ഒരു കൂടോത്രത്തിന്റെ കഥ അമ്മ പറഞ്ഞു. അങ്കിളിനെ വിളിച്ചു സ്പെഷ്യല്‍ അപ്പോയിന്മെന്റ് വാങ്ങി കൂടോത്ര കഥ മുഴുവന്‍ കേട്ടു. അങ്ങനെ ആ കഥ പോസ്റ്റുന്നു ഇന്‍ അങ്കിള്‍സ് വേര്‍ഷന്‍:

“അന്ന് പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലാതെ നടന്നിരുന്ന ചെറുപ്പകാലം. അയല്‍വക്കത്തെ വീട്ടില്‍ അച്ചി എന്ന പേരില്‍ ഒരു വല്യമ്മ ഉണ്ടായിരുന്നു. ചാച്ചനോട് എന്തോ വിരോധം ഉണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ എനിക്ക് അവലും പഴവും തന്നു, ഞാന്‍ അത് വാങ്ങി കഴിക്കുകയും ചെയ്തു.

അടുത്ത ദിവസം മുതല്‍ എന്റെ വലതു കയ്യുടെ ചൂണ്ടാണി വിരല്‍ നീര് വന്നു വീര്‍ത്തു. മടങ്ങാതായി. മറ്റേ കൈ കൊണ്ട് ബലമായി വളച്ചാല്‍ വളയും, ഇല്ലെങ്കില്‍ അത് വടി പോലെ. ഒരാഴ്ച കഴിഞ്ഞിട്ടും ശരിയാകാതെ വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞു വിരലിനു ഒരു പ്രശ്നവും ഇല്ല എന്ന്. വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞിട്ടും വിരല്‍ ശരിയായില്ല. അങ്ങനെ പതിയെ പതിയെ ഞാന്‍ മാനസികമായി തളരാന്‍ തുടങ്ങി. പുറത്തിറങ്ങാന്‍ തോന്നുന്നില്ല. അങ്ങനെ മുറിയില്‍ ചടഞ്ഞു കൂടി ഇരിക്കാന്‍ തുടങ്ങി. മനസ്സില്‍ എന്തോ എല്ലാവരോടും ദേഷ്യം.... ആത്മഹത്യ ചെയ്യാന്‍ ഉള്‍പ്രേരണ....

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ഞാന്‍ ഒരു ധ്യാനത്തിന് പോയി. കത്തിപ്പാറത്തടം എന്ന സ്ഥലത്ത് ഒരു ജേക്കോബൈറ്റ് അച്ചന്‍ ഉണ്ടായിരുന്നു പാരസൈക്കോളജി വിഷയങ്ങളില്‍ ഒരു പുലി. ഒരു ജൂനിയര്‍ കടമറ്റത്തു കത്തനാര്‍. ധ്യാനത്തിനിടയില്‍ അച്ചന്‍ എന്റെ തലയില്‍ കൈ വച്ചപ്പോള്‍ ഞാന്‍ തല കറങ്ങി വീണു. പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റ ഞാന്‍ അച്ഛനെ ആക്രമിച്ചു. അച്ഛന്റെ ളോഹ വലിച്ചു കീറി. അച്ചന്‍ ഒരു ചൂരലെടുത്തു എന്നെ തല്ലി. നിലത്തു വീണ എന്നോട് കാര്യങ്ങള്‍ ചോദിച്ചു. ഞാനല്ല, എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ആരോ കാര്യങ്ങള്‍ മണി മണി പോലെ പറഞ്ഞു. തൃശൂര്‍ ഭാഗത്തുള്ള ഏതോ ഒരു ചാത്തനാനത്രേ... അതിനു ശേഷം എന്തോ ശര്‍ദിച്ചതിനു ശേഷം ഞാന്‍ ബോധം കേട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ അള്‍ത്താരയുടെ അരികില്‍ കിടക്കുകയാണ്. ഞാന്‍ എന്റെ വിരല്‍ ചലിപ്പിച്ചു നോക്കി. അതെ... ഒരു കുഴപ്പവുമില്ല.... ഇപ്പോള്‍ വിരല്‍ നന്നായി വളക്കാന്‍ പറ്റുന്നുണ്ട്. അച്ചന്‍ അതിനു ശേഷം "തനിക്ക് ഇപ്പോള്‍ ഒരു കുഴപ്പവുമില്ല" എന്ന് പറഞ്ഞു. “

നന്നായി വെളിവ് വന്നപ്പോള്‍ ആ അച്ചനെ കാണാന്‍ പോലും പറ്റിയില്ല. ചാത്തനെ ഓടിച്ച പാര സൈക്കോളജിസ്റ്റ് കത്തനാര്‍ അന്ന് രാത്രി തന്നെ അമേരിക്കയ്ക്ക് പോയിരുന്നു. ഈ കഥയിലെ വില്ലത്തി അച്ചി ഇന്ന് എവിടെയാണ് എന്ന് അറിവില്ല. ഈ സംഭവത്തിനു കുറച്ചു നാളുകള്‍ക്കു ശേഷം അവര്‍ സ്ഥലം വിറ്റ് പത്തനംതിട്ട ഭാഗത്തേക്കോ മറ്റോ പോയി. അങ്കിള്‍ ഇന്ന് കല്യാണം കഴിച്ചു ഭാര്യയും, രണ്ടു കുട്ടികളും, കൃഷിപ്പണികളും ഒക്കെയായി ഇടുക്കിയിലെ കഞ്ഞിക്കുഴി എന്ന ഗ്രാമത്തില്‍ സുഖമായി കഴിയുന്നു.

**********

അങ്കിള്‍ പറഞ്ഞത് മുഴുവന്‍ കേട്ടു എങ്കിലും, ആ കഥ അതുപോലെ തന്നെ പോസ്റ്റി എങ്കിലും, അത് വെറും മനശാസ്ത്രപരമായ ഒരു തോന്നല്‍ മാത്രമായിരുന്നു എന്ന നിലപാടുകാരനാണ് ഞാന്‍. ഒരു സൈക്കളോജിക്കല്‍ ഇല്യൂഷന്‍. അബോധ മനസ്സ് തന്നെയാണ് ആ വിരലിനെ സ്റ്റിഫ് ആക്കി വച്ചത് എന്ന് ഞാന്‍ എന്റെ ലിമിറ്റട് നോളജ് വച്ച് വിശ്വസിക്കുന്നു.

ഇനി നിങ്ങള്‍ പറയൂ.... കൂടോത്രം സത്യമാണോ...?

Wednesday, December 23, 2009

ഇന്നൊക്കെ ക്രിസ്മസ്


അന്നൊക്കെ ക്രിസ്മസ്

അതിരാവിലെ ഉണരണം
ഇരുപത്തഞ്ചു നോമ്പ്
ഇരുപത്തഞ്ചു ദിവസവും മുടങ്ങാതെ കുര്‍ബാന
സുകൃത ജപങ്ങള്‍
നക്ഷത്രം തൂക്കുക
അഡീഷണല്‍ നക്ഷത്രം ഈറ്റ ഉപയോഗിച്ചു ഉണ്ടാക്കുക
ഡിസംബര്‍ 23 ഒക്കെ ആകുമ്പോള്‍ പുല്‍ക്കൂട്‌ ഉണ്ടാക്കുക
വൈകുന്നേരം പള്ളിയിലെ പുല്‍ക്കൂട്‌ ഉണ്ടാക്കാന്‍ സഹായിക്കുക
ഡിസംബര്‍ 24 നു രാത്രിയില്‍ പള്ളിയില്‍ പോവുക
ഡിസംബര്‍ 25 നു ക്രിസ്മസ് കരോളിനു പോവുക

ഇന്നൊക്കെ ക്രിസ്മസ്

ആഹ്.... തണുപ്പൊക്കെ അല്ലേ....എന്നാ എണീക്കാനാ....?
നോമ്പോ...? ഹേയ് ഇറച്ചീം മീനും കഴിക്കാതെ ഇരുന്നിട്ട് എന്താ കാര്യം...?
കുര്ബാനയോ...? ഞായറാഴ്ച തന്നെ കഷ്ടപ്പെട്ടാ...
സുകൃതജപമോ....? അതൊക്കെ പിള്ളേരുടെ പണിയല്ലേ....?
സിനിമാപ്പേരില്‍ നക്ഷത്രം ഉണ്ടെന്നു കേട്ടു.... കടയിലേക്ക് കുറച്ചു എടുക്കണം... നല്ല ബിസിനസ്സാ
ഹൊ.... രണ്ടു മൂന്നു ദിവസത്തെ ലീവ് കിട്ടാന്‍ ക്രിസ്മസ്....
എന്നാ പള്ളീ പോകാനാ.... ക്രിസ്മസ് വീട്ടില്‍ തന്നെ ആഘോഷിച്ചാല്‍ പോരെ...?
എന്നാ പുല്‍ക്കൂട്‌.... റെഡിമേഡ് വാങ്ങിക്കാന്നെ....

കരോളോ....? സര്ക്കാര് തന്ന കളര്‍ വെള്ളം കുടിച്ചു ഉണ്ണിയേശുവായി
കാലിത്തൊഴുത്തിന്റെ പിറകിലോ റോഡിലോ കിടക്കുമ്പോള്‍ കരോളിനു പോകാന്‍ എവിടെ നേരം?


“ക്രിസ്മസ് രാത്രിയില്‍.....
കള്‍ കുടിക്കേണം....
പൂസാകേണം.....
വാള്‍ വയ്ക്കേണം....”
(കേര്ട്ടസി: എവിടെയോ കേട്ട പാട്ട് )

ഇവനെയൊക്കെ കാലു മടക്കി അടിക്കാന്‍ ആരുമില്ലേ...?

പടം വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്തോട്ടെ… പക്ഷെ ഇത്തരം പോക്രിത്തരങ്ങള്‍ എങ്ങനെ സഹിക്കും? ഇവന്റെയൊക്കെ കുടുംബത്തിലെ ആരെങ്കിലും ആയിരുന്നു ഇതെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? ഒരു മലയാളി എന്ന നിലയിലും സര്‍വോപരി ഒരു മനുഷ്യന്‍ എന്ന നിലയിലും ഈ കുത്തിയിരിക്കുന്ന സമരക്കാരന്‍ ചെയ്തത് മഹാ ചെറ്റത്തരം ആണെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
കടപ്പാട്: മലയാള മനോരമ

ക്ലാസ് ടീച്ചര്‍മാര്‍: ഒരു ഓര്‍മ്മക്കുറിപ്പ്‌

ഇത് അംഗന്‍ വാടി മുതല്‍ എന്നെ പഠിപ്പിച്ച ക്ലാസ് ടീച്ചര്‍മാരെ ഓര്മിക്കലാണ്

0 . സാറാമ്മ ടീച്ചര്‍

ഇത് എന്നെ അംഗന്‍വാടിയില്‍ പഠിപ്പിച്ച ടീച്ചര്‍ ആണ്. അ ആ ഇ ഈ തുടങ്ങി അക്ഷരങ്ങള്‍ പഠിപ്പിച്ചത് സാറാമ്മ ടീച്ചര്‍ ആയിരുന്നു. ക്ലാസ്സില്‍ ഇരുന്നു ബോറടിക്കുമ്പോള്‍ ഒന്നിന് പോണം, രണ്ടിന് പോണം എന്നൊക്കെ പറയുന്ന വിരുതന്മാരുടെ അടുത്ത്, "ബെഞ്ചില്‍ ഉറച്ചിരുന്നാല്‍ മതി" എന്നായിരുന്നു നയം. ഭാവിയില്‍ എപ്പോഴെങ്കിലും അരുതാത്ത സ്ഥലത്ത് വച്ച് ഒന്നിനോ രണ്ടിനോ പോകണമെന്ന് തോന്നിയാല്‍ സാറാമ്മ ടീച്ചറിന്റെ ഈ ഡയലോഗ് ഓര്‍മയില്‍ വരും അല്പം കറുത്തിട്ടു ആണ് ടീച്ചറുടെ രൂപം. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ല.

1 . ജയ്സി സിസ്റ്റര്‍

ഒന്നാം ക്ലാസ്സില്‍ എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്നു. എസ്. ഡി. സന്ന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ഇപ്പോള്‍ പഴങ്ങനാട് എന്ന സ്ഥലത്താണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാജപുരത്തു നിന്ന് പോയി എങ്കിലും ഇപ്പോഴും കത്തുകളിലൂടെയും ഫോണ്‍ കോള്കളിലൂടെയും ആ ബന്ധം നിലനിര്‍ത്തുന്നു. എന്നെ പഠനത്തില്‍ സ്പെഷ്യലായി ഒത്തിരി സഹായിച്ചിട്ടുണ്ട്. പ്രസംഗം എന്ന കലയില്‍ എന്നെ ഇന്ട്രട്യൂസ് ചെയ്തത് ജയ്സി സിസ്റ്റര്‍ ആയിരുന്നു.

2. കൊച്ചു ത്രേസ്സ്യ ടീച്ചര്‍
എന്റെ രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്. ‍രാജപുരത്തു തന്നെ സ്ഥിര താമസം. ഇപ്പോഴും രാജപുരം സ്കൂളില്‍ പഠിപ്പിക്കുന്നു. എന്റെ ഓര്മ ശരിയാണെങ്കില്‍ ഗുണന പട്ടിക, ഹരണ പട്ടിക എന്നിവ ഹൃദിസ്ഥമാക്കിയത് ടീച്ചറില്‍ നിന്നാണ്. . ടീച്ചര്‍ അടുത്ത വര്ഷം വിരമിക്കും എന്ന് അടുത്തയിടെ കേട്ടു

3. സിസ്റ്റര്‍ അലീഷ്യ
മൂന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. നാലിലും എന്നെ പഠിപ്പിച്ചു. സിസ്റ്ററിനെ പറ്റി കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത് " ബാഷ്പീകരണം എന്നാല്‍ എന്ത്?" എന്ന ചോദ്യമാണ്. ഉത്തരം അറിയാതിരുന്ന ഞങ്ങളെ എല്ലാവരെയും അന്ന് ചെമ്പരത്തി വടി കൊണ്ട് പെരുമാറിയതിന്റെ ഓര്മ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് തന്നെ "ഒരു ദ്രാവകം വാതകമായി തീരുന്ന അവസ്ഥയെ ബാഷ്പീകരണം എന്ന് പറയുന്നു" എന്ന ഉത്തരം ഇപ്പോഴും നാവിന്റെ തുമ്പത്തുണ്ട്

4. ഏലിയാമ്മ ടീച്ചര്‍
നാലാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. രാജപുരത്തിനടുത്തു തേക്കിന്‍തണ്ട് എന്ന സ്ഥലത്ത് താമസിക്കുന്നു. ഇടയ്ക്ക് വഴിയില്‍ വച്ചു കാണുമ്പോള്‍ സംസാരിക്കാറുണ്ട് ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ അവിടെ ഹെഡ് മിസ്ട്രസ് ആയിരുന്നു. വളരെ സ്നേഹം ഉള്ള ഒരു ടീച്ചര്‍ ആയിരുന്നു. ഇപ്പോള്‍ കണ്ടിട്ട് ഒത്തിരി നാളായി

5. ഗ്രേസി ടീച്ചര്‍
അഞ്ചാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. "കാ‍ന്താരി" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ടീച്ചറായിരുന്നു. പിന്നീട് സ്ഥലം മാറി പോയി. ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല. ഇംഗ്ലീഷില്‍ കേട്ടെഴുത്ത് ഇടുക എന്നത് ഒരു ഹോബി ആയിരുന്നു. "നീ നന്നായി സ്പെല്ലിംഗ് എഴുതുന്നു" തുടങ്ങിയ വാക്കുകളിലൂടെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു

6. ഷീലമ്മ ടീച്ചര്‍
ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. മലയാളം പഠിപ്പിച്ചു. ഇപ്പോഴും മുരിക്കാശേരി സ്കൂളില്‍ പഠിപ്പിക്കുന്നു. മലയാള കവിതകള്‍ ആദ്യമായി പാടി കേള്‍ക്കുന്നത് ടീച്ചറില്‍ നിന്നാണ്. നല്ല സ്വരമാധുര്യം... ടീച്ചറിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അടുത്ത ക്ലാസ്സിലെ കുട്ടികള്‍ വരെ അത് ശ്രദ്ധിച്ചിരുന്നു. ഒരു പക്ഷെ ടീച്ചര്‍ ആയിരുന്നില്ല എങ്കില്‍ ഒരു ഗായിക ആയേനെ...

7. റോസമ്മ ടീച്ചര്‍
എഴാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഇംഗ്ലീഷ് പഠിപ്പിച്ചു. വൈകുന്നേരം ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്പെഷ്യല്‍ ക്ലാസ് എടുത്തിരുന്നു. അന്ന് അതൊന്നും ഇഷ്ടമല്ലായിരുന്നു എങ്കിലും ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ടീച്ചറോട് ബഹുമാനം ഇരട്ടിക്കുന്നു. ടീച്ചറുടെ ഭര്‍ത്താവ് അതേ സ്കൂളില്‍ തന്നെ മ്യൂസിക് പഠിപ്പിക്കുന്നു. റോസമ്മ ടീച്ചര്‍ ഇപ്പോള്‍ പ്രമോഷന്‍ ആയി പ്ലസ് ടുവില്‍ പഠിപ്പിക്കുന്നു

8. തങ്കമ്മ ടീച്ചര്‍
എട്ടാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഇംഗ്ലീഷ് ടീച്ചര്‍ ആയിരുന്നു. വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്നു. തല്ല് ഒത്തിരി കൊണ്ടിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ ശേഷം കണ്ടിട്ടില്ല. സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ എന്നെ ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയ ടീച്ചരിനുള്ള അവാര്‍ഡ്‌ തങ്കമ്മ ടീച്ചറിന് ആണ്. കാരണം മറ്റൊന്നുമല്ല, പഠിത്തത്തില്‍ അത്ര ശുഷ്കാന്തി ആയിരുന്നു എനിക്കന്ന്‍

9. പേര് ഓര്‍മയില്‍ വരുന്നില്ല.... കഷ്ടം
ആക്ച്വലി രണ്ടു പേര്‍ ക്ലാസ് ടീച്ചര്മാരായി ഉണ്ടായിരുന്നു. ഒന്ന് ഒരു സിസ്റ്റര്‍, പിന്നെ സിസ്റ്റര്‍ മാറി പോയപ്പോള്‍ വേറെ ഒരു സാറും. അണ്‍ഫോര്ച്ചുണേറ്റ്ലി, രണ്ടു പേരുടെയും പേര്‍ ഓര്‍ക്കുന്നില്ല. എന്റെ കൂടെ 9 ഇ യില്‍ പഠിച്ച, ഇപ്പോള്‍ കോണ്ടാക്റ്റ് ഉള്ള ബിബിനോട് ഇമെയില്‍ വഴി ചോദിച്ചു. അവനും ഓര്‍മയില്ല. 9 ലെ മറ്റു സഹാപടിയന്മാരെ ആരെയും ഇപ്പോള്‍ കോണ്ടാക്റ്റ് ഇല്ല. ഇത് വായിക്കുന്ന എന്റെ സഹപാടികളോടോ ഈ ഇന്‍ഫര്‍മേഷന്‍ അറിയാവുന്നവരോടോ ഇതൊന്നു ഫില്‍ ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു.

10. ബെറ്റി ടീച്ചര്‍
പത്താം ക്ലാസ്സില്‍ ടീച്ചര്‍ ആയിരുന്നു. എന്റെ കയ്യിലിരിപ്പ്, പിന്നെ ടീച്ചറിന്റെ സ്വഭാവം, ഇത് രണ്ടും ഒരിക്കലും ചേരില്ലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലായിരുന്നു. ഒരിക്കല്‍ ഉച്ചക്ക് വീട്ടില്‍ പോകാന്‍ അനുവാദം നിഷേധിച്ചപ്പോള്‍, അങ്ങ് കേന്ദ്രത്തില്‍ നിന്ന് ( പ്രിന്‍സിപ്പല്‍) സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി പോയി. അതില്‍ പിന്നെ ടീച്ചറും ഞാനും തമ്മിലുള്ള ബന്ധം ഒരു പിണറായി - അച്ചുതാനന്ദന്‍ ബന്ധമായി മാറി. പിന്നെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുക, ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാനൊരു മാതൃകാ പുരുഷോത്തമന്‍ ആയിരുന്നല്ലോ.... എന്തായാലും, ബെറ്റി ടീച്ചറെ ഞാന്‍ ഇന്ന് വളരെ മിസ്സ്‌ ചെയ്യുന്നു. ഒന്ന് കണ്ടിരുന്നെങ്കില്‍, സംസാരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് ആശിക്കുന്നു.


ഓഫ്‌ ടോപിക്:

സ്കൂള്‍ ജീവിതത്തില്‍ കേട്ട ചില ഇരട്ട പേരുകള്‍

കാ‍ന്താരി
ചെത്ത് വല്‍സ
പോത്താനി
കണ്ണാടി വര്‍ക്കി
കൂനന്‍
പോപ്പി
നിത്യ ഗര്‍ഭിണി
എണക്കന്‍
സിസ്റര്‍ തക്കാളി
ഉറക്കംതൂങ്ങി
അമ്മച്ചി
സില്‍ക്ക്

പിന്നെ പോസ്റ്റ്‌ ചെയ്യാന്‍ മനസ്സനുവദിക്കാത്ത മറ്റു ചില പേരുകളും....

ആ പ്രായത്തില്‍ ഈ പേരുകള്‍ ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി നടന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

Saturday, December 19, 2009

പെരിയാര്‍ വാലിയിലെ ഹോണ്ടട് ഏരിയ....

നിങ്ങള്‍ ഭൂത പ്രേത പിശാചുക്കളില്‍ വിശ്വസിക്കുന്നുണ്ടോ...?

ചെറുപ്പത്തില്‍ ഞാന്‍ ഇക്കാര്യത്തില്‍ കറതീര്‍ന്നഒരുവിശ്വാസി ആയിരുന്നു. ‘വീണ്ടും ലിസ’ എന്നപടം കണ്ടിട്ട് ഒരാഴ്ച മൂത്രം ഒഴിക്കാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഇറങ്ങില്ലായിരുന്നു. പാതിരാത്രിയില്‍ പുറത്തിറങ്ങാന്‍ പേടിച്ചിട്ടു വീടിന്റെ ജനലിലൂടെ വരെ കാര്യം സാധിച്ചിട്ടുണ്ട്. പിന്നെ നാട്ടുകാരായ ചില നല്ല ചേട്ടന്മാര്‍ സമയം കിട്ടുമ്പോളൊക്കെ ഓരോരോ കഥകള്‍ പറഞ്ഞു തന്നു ആ പേടിക്ക്‌ വളം ഇട്ടു വെള്ളം ഒഴിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

അവര്‍ പകര്‍ന്നു തന്ന വിശ്വാസം അനുസരിച്ചു ലോകത്തുള്ള എല്ലാ പാല മരങ്ങളിലും യക്ഷികള്‍ ഉണ്ട്. പിന്നെ ദുര്‍മരണം നടന്ന സ്ഥലങ്ങളിലെല്ലാം ആ ആത്മാക്കള്‍ അലഞ്ഞു നടക്കും. അതിലെ പോകുന്നവരെ ചുറ്റിച്ചോണ്ട് പോയി രക്തം ഊറ്റി കുടിക്കും. പിന്നെ, സിനിമകളിലൊക്കെ കാണുന്നത് പോലെ കഴുത്തില്‍ ഒരു കുരിശോ കൊന്തയോ ഉണ്ടെങ്കില്‍ ഇവറ്റകള്‍ ഏഴയലത്ത് വരില്ലത്രെ... എന്തായാലും ഞാനും ഒരു കൊന്ത സംഘടിപ്പിച്ചു കഴുത്തില്‍ അണിഞ്ഞാണ് അന്ന് നടന്നിരുന്നത്. കൊന്തയുടെ പവര്‍ അല്പം ബൂസ്റ്റ്‌ ചെയ്യാന്‍ പള്ളീലച്ചനെ കൊണ്ട് അത് വെഞ്ചിരിപ്പിച്ചു. എന്തായാലും കൊന്തയുടെ പവര്‍ കൊണ്ടോ അതോ എന്റെ വിശ്വാസം കൊണ്ടോ എന്തോ, എന്നെ ഒരു പ്രേതവും പിടിച്ചില്ല.

ഇടുക്കി ജില്ലയില്‍ കീരിത്തോടിനും രാജപുരത്തിനും ഇടയിലുള്ള ഒരു ചെറിയ സ്ഥലമാണ് പെരിയാര്‍ വാലി. പെരിയാറിന്റെ തീരത്തുള്ള സ്ഥലമായതിനാലാവണം ഇങ്ങനെ ഒരു പേര് വീണത്. ഈ പെരിയാര്‍ പാലത്തിന്റെ ഇന്നത്തെ [എന്നത്തെയും] അവസ്ഥ വളരെ ശോചനീയമാണ്. ഈ പാലത്തില്‍ നിന്നും വീണു പത്തു പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ അവസാനത്തേത് കഴിഞ്ഞ മഴക്കാലത്ത് മരിച്ച രാജന്‍ ചേട്ടനായിരുന്നു.

പെരിയാര്‍ പാലം മുതല്‍ രാജപുരത്ത് എന്റെ വീടെത്തുന്നത് വരെയുള്ള സ്ഥലം ഒരു അപ്രഘ്യാപിത ഹോണ്ടട് ഏരിയ ആണ്. കാരണം ദുര്‍മരണങ്ങള്‍ തന്നെ. പെരിയാര്‍ പാലം കഴിഞ്ഞാല്‍ ആദ്യം ജയന്‍ ചേട്ടന്‍. അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം വന്നു മരണമടഞ്ഞതാണ്. ജയന്‍ ചേട്ടനെ ആ ഭാഗങ്ങളില്‍ കണ്ടു എന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

അവിടം കഴിഞ്ഞാല്‍ പിന്നെ ഉള്ളത് കുറ്റിത്തറ അച്ചന്‍. പണ്ട് അവിടെ വഴിയരുകില്‍ ഒരു ചെറിയ കട നടത്തിയിരുന്നു. ഞാന്‍ അച്ചന്റെ കയ്യില്‍ നിന്നും ഒത്തിരി പഴം വാങ്ങി തിന്നിട്ടുണ്ട്. ഒരിക്കല്‍ അതിനടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീണു അദ്ദേഹം മരിച്ചു. ഒരിക്കല്‍ അതിലെ പോയ ഒരാളെ അച്ചന്‍ ചുറ്റിച്ചോണ്ട് പോയത്രേ.... രാവിലെ കണ്ണ് തുറക്കുമ്പോള്‍ പുള്ളി അച്ചന്‍ മരിച്ചു കിടന്ന അതെ സ്ഥലത്ത് തന്നെ ആയിരുന്നത്രെ....

പിന്നെ ഒരു വേലായുധന്‍ ചേട്ടന്‍. അദ്ദേഹം പനയില്‍ നിന്ന് വീണു മരിച്ചു എന്നാണെന്റെ ഓര്മ. അദ്ദേഹം ഇത് വരെ ആര്‍ക്കും 'ദര്‍ശനം' നല്‍കിയില്ല എങ്കിലും അതിലെ പോകുന്നവരുടെ മുട്ട് വെറുതെ ഇടിക്കുമത്രേ... പിന്നെ ഉള്ളത് കറിയാച്ചന്‍ ചേട്ടന്റെ പറമ്പാണ്. അദ്ദേഹത്തിന്റെ ഭാര്യ കിലോമീറ്റര്‍കള്‍ അകലെ ഉഴവൂര്‍ എന്ന സ്ഥലത്ത് കിണറ്റില്‍ വീണു മരിച്ചതാണ്. പക്ഷെ അവര്‍ താമസിച്ചിരുന്ന ഈ ഏരിയയില്‍ ആ ചേച്ചിയേയും കണ്ടത്രെ. അങ്ങനെ സംഭവിക്കാന്‍ തരമില്ലെന്നു ഞാന്‍ വെറുതെ പറഞ്ഞു നോക്കിയെങ്കിലും ഇത് പറഞ്ഞ വിദ്വാന്‍ സമ്മതിച്ചില്ല. ആത്മാക്കള്‍ക്ക് പ്രകാശ വേഗതയില്‍ സഞ്ചരിക്കാന്‍ പറ്റുമത്രേ... എന്തായാലും ഞാനും അതൊക്കെ വെറുതെ അങ്ങ് വിശ്വസിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു.... അതിനിടയില്‍ എപ്പോഴോ എന്റെ പേടിയൊക്കെ മാറി. അല്പം ധൈര്യം ഒക്കെ ആയപ്പോള്‍ ഭൂത പ്രേത പിശാചുക്കളെ പറ്റി അന്വേഷിക്കാന്‍ തുടങ്ങി. മുറ്റത്തു നില്‍ക്കുമ്പോള്‍ അതാ ഒരാള്‍ അവിടെ നില്‍ക്കുന്നു. രണ്ടും കല്‍പ്പിച്ചു അങ്ങോട്ട്‌ ചെന്നു. അതൊരു ഉണങ്ങിയ വാഴക്കൈ ആയിരുന്നു. അങ്ങനെ പല അനുഭവങ്ങള്‍... ഒരിടത്തും ഞാന്‍ ഒരു പ്രേതത്തെയും കണ്ടില്ല. ഒരു ബാധയും എന്റെ മേല്‍ കയറിയില്ല.

മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ പലപ്പോഴും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഞാന്‍ ഈ വഴിയെയാണ് നടന്നു പോകാറുള്ളത്. ഇതുവരെ ആരെയും ഞാന്‍ കണ്ടില്ല. ചിലര്‍ പറയുന്നു ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടെന്ന്.... ചിലര്‍ പറയുന്നു ഇല്ലെന്ന്... എന്തായാലും അവ ഇല്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍. ( മേയ് ബീ, ഞാന്‍ കണ്ടു മുട്ടുന്നത് വരെ. )

ഇനി നിങ്ങള്‍ പറയൂ.... സത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ....?


പറഞ്ഞ സ്ഥലം ഇവിടെ ഞെക്കിയാല്‍ കാണാം
വീഡിയോ ഇവിടെ ഞെക്കിയാല്‍ കാണാം


Thursday, December 17, 2009

മലയാളിയുടെ ക്രിസ്മസ് ഉഡായിപ്പ്

കൊച്ചി നഗരത്തിലെ തിരക്കേറിയ ബ്രോഡ് വേ... നട്ടുച്ച നേരം. ക്രിസ്മസ് കാലമായതിനാല്‍ നക്ഷത്രങ്ങള്‍, പുല്‍ക്കൂട്‌ ഉണ്ടാക്കാനുള്ള സാധങ്ങള്‍, മറ്റു ക്രിസ്മസ് ആര്‍ട്ടിക്കിളുകള്‍ എല്ലാം നിറഞ്ഞു കിടക്കുന്ന കടകള്‍. അവിടെയുള്ള ഒരു ഇന്റര്‍നെറ്റ്‌ കഫെയില്‍ നിന്നു തിരികെ വരുകയായിരുന്നു ഞാന്‍ . ക്രിസ്മസ് സ്പെഷ്യല്‍ പ്ലാസ്റ്റിക്‌ മാലകള്‍ വില്‍ക്കുന്ന ഹിന്ദിക്കാരാണ് വഴി നിറയെ.

“നാല് മാല പത്തു റൂപ...

നാല് മാല പത്തു റൂപ...

നാല് മാല പത്തു റൂപ...”

പതിനഞ്ചോ പതിനെട്ടോ പ്രായം വരുന്ന ഒരു ഹിന്ദി പയ്യന്‍. ആരോ പഠിപ്പിച്ചു കൊടുത്ത മലയാളത്തില്‍ അവന്‍ വിളിച്ചു പറയുകയാണ്‌ അത് കണ്ടു കൊണ്ട് നിന്ന രണ്ടു ചെറുപ്പക്കാര്‍ അവന്റെ അടുത്തേക്ക്‌ വന്നു. കണ്ടിട്ട് വേറെ കച്ചവടക്കാരാണെന്ന് തോന്നി

“യേ ആപ് ക്യാ ബോല്‍ രഹെ ഹൈ? “

“ജീ...?”

“’നാല് മാല പത്തു റൂപ’ മദലബ് ക്യാ ഹൈ?”

“ജീ... ചാര്‍ മാലാവോം കേലിയെ ദസ് റൂപയാ”

“കോന്‍ ബോല്‍ ദിയ യേ ബാക്വാസ്...?”

“ജീ... ക്യാ ബാക്വാസ് ഹൈ...?” ഹിന്ദിക്കാരന്‍ ആകാംഷയോടെ ചോദിച്ചു.

“അബ്ബെ തൂ ജാന്‍ത്തേ ഹൈ, 'മാല' മദലബ് ക്യാ ഹൈ?”

“ജി മാല മദലബ് യേ മാലാ ഹൈ”

“വോ തോ ഹിന്ദി മേം ഹൈ. കോന്‍ ബോല്‍ ദിയാ യേ...?”

“മേരെ ഏക്‌ ദോസ്ത് നേ ബതാ ദിയാ ഥാ...”

“തേരെ ദോസ്ത് നേ തുച്ചേ ഉല്ലൂ ബനായാ... ഇസ്കോ ‘മാലാ’ നഹി ‘കു****’ ബോല്‍ത്തെ ഹൈ.”

“കു****.?”

“യെസ്, ഇസ്കോ മലയാളം മേം കു****ബോല്‍ത്തെ ഹൈ.”

ഹിന്ദിക്കാരന്റെ ഉള്ളം നിറഞ്ഞു.

“ആപ്കാ ബഹുത് ശുക്രിയാ ആപ് ജൈസേ ആദ്മി കേരള മേം ബഹുത് കം ഹോത്തെ ഹൈ”

‘നോ മെന്‍ഷന്‍ പ്ലീസ്’ എന്ന മട്ടില്‍ നമ്മുടെ ചേട്ടന്മാര്‍ നിന്നു

“തോ.... "ചാര്‍ കു**** ദസ് റുപ്പയാ" ടീക്‌ ഹൈ നാ...?”

“ബില്‍കുല്‍” നമ്മുടെ മലയാളി സഹായി പറഞ്ഞു

പാവം ഹിന്ദിക്കാരന്‍ ഉഡായിപ്പ് മലയാളിയെ മനസ്സിലാക്കാതെ ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി

“ചാര്‍ കു**** ദസ് റുപ്പയാ...

ചാര്‍ കു****ദസ് റുപ്പയാ...

ചാര്‍ കു**** ദസ് റുപ്പയാ...”

ഇതൊക്കെ കണ്ടു രസിച്ചു നമ്മുടെ മലയാളികള്‍ അവിടെത്തന്നെ നിന്നു.

ഹല്ല പിന്നെ...


Email: idukkikaransimil@gmail.com

Tuesday, December 15, 2009

ഞങ്ങള് മലയാളികള്

പടം വലുതായി കാണാന്‍ പടത്തില്‍ ക്ലിക്കുക
മലയാളികള്ക്ക് ബോര്ഡുകള് വായിക്കുന്ന ശീലം പണ്ടേ കുറവാണ് . ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വച്ചാലും അതൊന്നും വായിക്കാന് അവര്ക്ക് സമയമില്ല. കൊച്ചിയില് സരിത തിയേറ്ററിന്റെ എതിര് വശത്തുള്ള നോക്കിയ കെയറിന്റെ പുറത്തു നിന്ന് സിമില് മാത്യു എടുത്ത ചിത്രം




Email: idukkikaransimil@gmail.com