Sunday, October 13, 2013

ഭാവന ഷെട്ടി

മെട്രോ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന യാത്രക്കാർക്കിടയിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് അവളുടെ കണ്ണുകൾ എന്റെതുമായി ഉടക്കിയത് . സാധാരണ എല്ലാ സുന്ദരിമാരെയും വായിനോക്കാറുണ്ട് എങ്കിലും ആദ്യമായാണ്‌ ഒരു സുന്ദരി എന്നെ ഇങ്ങനെ തറപ്പിച്ച്  നോക്കുന്നത്

അവൾ എന്നെ തിരിഞ്ഞ് നോക്കിക്കൊണ്ട് പോയതിനാലാവണം ഫ്രിസ്കിംഗ് പോയന്റിൽ നിന്ന കോണ്‍സ്റ്റബിൾ എന്നെ തറപ്പിച് ഒന്ന് നോക്കി

അടുത്ത ദിവസം വീണ്ടും വൈകുന്നേരം അഞ്ചര....

പുറത്തേക്ക്‌ പോകുന്ന അവൾ എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് നടന്നു

ഇത്തവണ അവളുടെ ചുണ്ടുകളിൽ ഒരു മന്ദഹാസം ഉണ്ടായിരുന്നോ...?

കോണ്‍സ്റ്റബിൾ വീണ്ടും എന്നെ തിരിഞ്ഞു നോക്കി

"ക്യാ ഹൈ സാബ്...? ക്യാ ചക്കർ ഹൈ..?"

അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടിട്ട് അവനൊരു സംശയം

"അവൾ സാറിനെ ലൈൻ അടിക്കാൻ നോക്കുകയായിരിക്കും"

അവന്റെ സംശയം ന്യായം

"ഹേയ് അങ്ങനെ ഒന്നും ഇല്ല"

ഡെയിലി കാണുന്ന കൊണ്ട് പുഞ്ചിരിച്ചതാവും

രണ്ടു ദിവസങ്ങൾക്കു ശേഷം നല്ല മഴയുള്ള ഒരു ദിവസം. അപ്രതീക്ഷിതമായിട്ടാണ് അവൾ നനഞ്ഞു കുതിർന്നു കയറി വന്നത്. നീല നിറമുള്ള സാരി ധരിച്ച് "സെക്സി" ആയി ഉള്ള ആ വരവ്. പെട്ടന്ന് എനിക്ക് ഓർമ വന്നത് പാലേരി മാണിക്ക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയുടെ ഡയലോഗ് ആണ്

നനഞ്ഞ പെണ്ണ് ശെരിക്കും സെക്സി തന്നെ

"ഹലോ ഓഫീസർ വാട്സ് അപ്...?"

അവൾ പരിചയപ്പെടാൻ ശ്രമിക്കുകയാണ്. ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.

അപ്രതീക്ഷിതമായി പെയ്ത മഴയെക്കുറിച് അവൾ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ സംസാരം കേൾക്കുമ്പോൾ എന്റെ മനസ്സിലും മഴ പെയ്തു. രഞ്ജിത് എന്ന സംവിധായകന്റെ ആ ഡയലോഗ് എത്ര ശെരിയാണ് എന്ന് ആയിരുന്നു അപ്പോൾ എന്റെ മനസ്സിൽ

അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടുകൊണ്ട് എന്റെ സഹപ്രവർത്തകർ എന്നെ നോക്കി പുഞ്ചിരിച്ചു

"സാബിനോട് അവൾക്ക് നല്ല താല്പര്യം ഉണ്ടെന്നു തോന്നുന്നു "

അത് പറഞ്ഞത് ഒരു ലേഡി കോണ്‍സ്റ്റബിൾ ആയിരുന്നു

ആണോ...? ആ..

ഒരു ഹിന്ദിക്കാരി പെങ്കൊച്ചിനു ഒരു മദ്രാസി ആയ എന്നോട് എന്ത് തോന്നാൻ...?

അടുത്ത ദിവസം അവൾ എന്റെ നെയിം പ്ലേറ്റ് നോക്കി. പേര് പറഞ്ഞുകൊണ്ട് അവളുടെ കൈകൾ നീട്ടി

"ഹലോ ഐ ആം ഭാവന ഷെട്ടി "

അവളുടെ മാർദവമുള്ള കൈകൾ കവരുമ്പോൾ എന്റെ കൈകളില്ലൂടെ കറന്റ് പാസ് ചെയ്തോ എന്നൊരു സംശയം. ഇത്രയും സോഫ്റ്റ്‌ ആയ കൈകൾ ഞാൻ ആദ്യമായി ടച്ച് ചെയ്യുകയാണ്.

ഭാവന ഷെട്ടി

നല്ല പേര്

മലയാളം നടി ഭാവനയുടെ മുഖവും ഹിന്ദി നടി  ശില്പ ഷെട്ടിയുടെ ബോഡിയും ഉള്ളവൾ.... ഭാവന ഷെട്ടി

ആരോ അറിഞ്ഞിട്ട പേര്

ഭാവനയുടെ ഓർമകളിൽ അങ്ങനെ വിരാജിക്കുമ്പോൾ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു

"വൈ ഡോണ്ട് യു ഗിവ് മി യോർ മൊബൈൽ നമ്പർ...?"

അപ്പൊ ഇവർ പറയുന്നത് ശെരിയാണ്. ഇവൾ എന്തോ കാര്യമായി തീരുമാനിച്ച് ഉറപ്പിച്ചിട്ടാണ്

ഒരു സുന്ദരി ആദ്യമായി ചോദിച്ചത് കൊണ്ട് ഒട്ടും മടിക്കാതെ മൊബൈൽ നമ്പർ കൊടുത്തു. അവൾ ഉടൻ തന്നെ അത് അവളുടെ മൊബൈലിൽ ഫീഡ് ചെയ്തു

"സാർ... സാറിനു ഒരു ഡൽഹിക്കാരിയെ  കെട്ടാനാ യോഗം എന്ന് തോന്നുന്നു "

ലേഡി കോണ്‍സ്റ്റബിൾ സംശയം പ്രകടിപ്പിച്ചു

ഈ സംഭവങ്ങളും ഡയലോഗുകളും എന്റെ മനസ്സിൽ തീ കോരിയിട്ടു

രാത്രിയിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല. ചിന്തകളിലും സ്വപ്നങ്ങളിലും എല്ലാം ഭാവന ഷെട്ടി....!!

അവൾക്ക് നമ്പർ കൊടുത്തപ്പോൾ എന്റെ ഫോണിലേക്ക് ഒന്ന് റിംഗ് ചെയ്യിക്കെണ്ടാതായിരുന്നു. എന്തായാലും അവൾ എപ്പോളെങ്കിലും വിളിക്കുമായിരിക്കും

അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരമാണ് എന്റെ വാട്സ് ആപ്പിൽ ഒരു മെസ്സേജ്

"ഹായ് ദിസ് ഈസ്‌ ഭാവന "

എന്റെ ഉള്ളം കുളിർത്തു

അങ്ങനെ ആ സുന്ദരിയുടെ ഫോണ്‍ നമ്പരും കിട്ടിയിരിക്കുന്നു

പിന്നീടുള്ള ദിവസങ്ങൾ ചാറ്റിംഗ് മഴയുടെതായിരുന്നു

രാവിലെ എണീക്കുന്നതിനു മുൻപേ അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ്. ഇടക്കിടക്കൊക്കെ മറ്റു ചാറ്റുകൾ

അങ്ങനെ ദിവസങ്ങൾ കൊഴിയുന്തോറും ഭാവന ഷെട്ടി എന്റെ മനസ്സിന്റെ മണിയറയിൽ കയറിക്കൂടി

പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞു. ഭാവനയോട് ചാറ്റ് ചെയ്യാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ. അവളാണെങ്കിൽ കേരളത്തെ കുറിച്ചും മലയാളികളുടെ നല്ല സ്വഭാവത്തെ കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചും വാ തോരാതെ സംസാരിച്ചു. അവൾ സെറ്റിൽ ആവാൻ ഉദേശിക്കുന്നത് കേരളത്തിൽ ആണത്രേ

അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ ഒരു മെസ്സേജ്

"കാൻ വീ മീറ്റ്‌ സംവെയർ...?"

"വൈ നോട്ട് "

"വെയർ..?"

"യു ഡിസൈട് "

"കഫെ കോഫി ഡേ...?"

അങ്ങനെ കാമുകി കാമുകന്മാർക്ക് കാപ്പി കുടിച്ചു കൊണ്ട് സൊള്ളാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന കഫെ കോഫി ഡേ എന്ന ബ്രാൻഡട്‌ കാപ്പിക്കടയിൽ വച്ച് സന്ധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

അവൾക്ക് എന്നോട് എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ടത്രേ

ഹോ പ്രണയം തുറന്നു പറയാൻ അതേ ക്ലീഷേ ടയലോഗ്

രാവിലെ തന്നെ കുളിച്ച് ഷേവ് ചെയ്ത് മുഖത്ത് ഫെയർ ആൻഡ്‌ ഹാൻഡ്‌സം പുരട്ടി ശരീരം മുഴുവൻ അടിടാസ് ഐസ് ബ്ലൂ പൂശി ലീ യുടെ  ജീന്സും ലെവൈസിന്റെ പുതിയ ഷർട്ടും യെപ് മി യിൽ നിന്നും ഓണ്‍ലൈൻ വാങ്ങിയ പുതിയ ഷൂസും ഇട്ടു ചുള്ളനായി ഞാൻ കഫെ കോഫി ഡേ ക്കുള്ള മെട്രോ കയറി

പോകുന്ന വഴിയിൽ മുഴുവൻ എന്റെ മനസ്സിൽ കണ്‍ഫ്യൂഷൻ ആയിരുന്നു

ഒരു ഹിന്ദിക്കാരിയെ കെട്ടണം എന്നൊക്കെ പറഞ്ഞാൽ വീട്ടുകാർ സമ്മതിക്കുമോ...? എന്തായാലും വരുന്നത് വഴിയിൽ വച്ച് കാണാം

ഇളം നീല നിറമുള്ള സാരി ധരിച്ച് അഴിച്ചിട്ട മുടിയുമായി അവൾ വന്നു കയറി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറം. ഏറ്റവും ഇഷ്ടമുള്ള അറ്റയർ

കോൾഡ് കോഫി കുടിക്കുന്നതിനിടയിൽ അവൾ എന്റെ മാസ വരുമാനം ചോദിച്ചു. കൊച്ചു കള്ളി ഫിനാൻഷിയലി സെക്യുവർ ആണോ എന്ന് അറിയാനായിരിക്കും. അവൾ ഇവിടുത്തെ പ്രശസ്തമായ ഒരു ബാങ്കിലെ സീനിയർ എക്സിക്യൂട്ടിവ് ആണ്.

"എന്താണ് സീരിയസ് ആയി സംസാരിക്കണം എന്ന് പറഞ്ഞത്..?"

ആകാംഷ അടക്കാനാവാതെ ഇരുന്ന ഞാൻ ചോദിച്ചു

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ നിന്നും വീഴുന്ന മധുമൊഴികൾ കേൾക്കാൻ ഞാൻ അതിൽ തന്നെ നോക്കിയിരുന്നു. ഒരു സിപ് എടുത്തിട്ട് അവൾ എന്നെ നോക്കി. ടിഷ്യു പേപ്പർ കൊണ്ട് ചുണ്ട് തുടച്ചിട്ട് പറഞ്ഞു

"ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. നോ എന്ന് പറയരുത് "


നിന്നോട് നോ എന്ന് പറയാനോ. നീ ധൈര്യമായി പറയൂ എന്റെ സുന്ദരീ

പിന്നീട് അവൾ പറഞ്ഞ ഓരോ ഡയലോഗും ഓരോ ഇടിവെട്ട് ആയിട്ടാണ് എന്റെ കാതിൽ വന്നു വീണത്

"സെൻട്രൽ ഗവണ്‍മെന്റ് ഓഫീസർമാർക്ക് വേണ്ടി ഞങ്ങളുടെ ബാങ്ക് ഒരു പുതിയ ഇൻവെസ്റ്റ്‌മെന്റ് സ്കീം കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഒരു വണ്‍ ലാക് ടിപോസിറ്റ് ചെയ്യണം"

വലിച്ചെടുത്ത കോൾഡ് കോഫി ഞാൻ പോലും അറിയാതെ നേരെ എന്റെ തലയിലേക്ക് കയറി എന്നെ ചുമപ്പിച്ച് മൂക്കിലൂടെ പുറത്തു വന്നു

"ആർ യു ഓക്കേ...?"

"അപ്പൊ ഇതാണോ ആ സീരിയസ് മാറ്റർ...?"

"യെസ് "

"മറ്റൊന്നും പറയാനില്ലേ...?"

"മറ്റെന്തു പറയാൻ...?"

ഇതിൽ തീരെ താൽപര്യം ഇല്ല എന്ന് പറഞ്ഞു അവിടെനിന്നു പോരുമ്പോൾ കഫെ കോഫി ഡേ യുടെ പുറത്ത് പാന്റീൻ ഷാമ്പു പരസ്യത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒറിജിനൽ ശില്പ ഷെട്ടിയുടെ പോസ്റ്റർ ഉണ്ടായിരുന്നു