കുറച്ചു നാള് മുന്‍പ്, അതായത് വല്ലാര്പാടം പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കുന്നതിന്റെ അന്ന്, മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ച അതിന്റെ ഒരു ആകാശ ചിത്രം നോക്കുകയായിരുന്നു ഞാനും എന്റെ റൂം മേറ്റായ സുഹൃത്തും. അത് കണ്ടു കൊണ്ട് മറ്റൊരു സുഹൃത്ത് അടുത്തേക്ക് വന്നു.
"എന്താടാ ഇത് ദുബായ് ആണോ...?"
ആ ചോദ്യം കേട്ട ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
പിന്നെ പതിയെ പറഞ്ഞുകൊടുത്തു.
"എടാ മണ്ടന്‍ കൊണാപ്പാ ഇത് വല്ലാര്പാടം ടെര്മിനലിന്റെ പടമാ. ഇത് ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്പ്പിക്കും."
"ഓ നമ്മുടെ അബ്ദുള്‍ ഖാദര്‍...!"
അബ്ദുള്‍ ഖാദറോ....!!
അവന് ഉദ്ദേശിച്ചത് അബ്ദുള്‍ കലാം ആണെന്ന് മനസ്സിലായ എന്റെ സുഹൃത്ത് അവനെ കളിയാക്കി.
"അബ്ദുള്‍ ഖാദര്‍ അല്ലടാ വൈക്കം മുഹമ്മദ് ബഷീര്‍"
"ഇന്ത്യയുടെ പ്രധാന മന്ത്രി ആരെന്നു പോലും അറിയില്ലേടാ മരങ്ങോടാ...?"
"അയ്യോ എനിക്കറിയാടാ നമ്മടെ സര്ദാര്ജി. നീല തൊപ്പി വച്ച പഞ്ചാബി അല്ലേ...?”
"പേര് പറയടാ..."
"അളിയാ പേര് ഓര്മ കിട്ടുന്നില്ലടാ"
ഇത് വളരെ ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇന്നത്തെ തലമുറയില്‍ നല്ലൊരു പങ്കിനും സാമൂഹിക പ്രതിബദ്ധതയുള്ളതും പൊതു വിഞാനവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളില്‍ താത്പര്യം കുറഞ്ഞുവരുന്നു. പ്രിയ ബ്ലോഗ് സുഹൃത്ത് 'ഇന്ത്യന്‍ സാത്താന്' (www.indiansatan.com) ഇതിനെ പറ്റി ഒരിക്കല്‍ എഴുതിയിരുന്നതായി ഓര്ക്കുന്നു.
സിനിമ, ക്രിക്കറ്റ്, മറ്റു വിനോദ പരിപാടികള്‍ എന്നിവയുടെ അതി പ്രസരത്തില്‍ ഇന്നത്തെ പുതു തലമുറയ്ക്ക് വാര്ത്ത കേള്ക്കാനും പത്രം വായിക്കാനും എവിടെ നേരം. പത്രം കിട്ടിയാല്‍ നേരെ പോകുന്നത് സ്പോര്ട്സ് പേജിലെക്കോ സിനിമാ കോളത്തിലേക്കോ ആണ്.
മറ്റു വാര്‍ത്തകള്‍ വായിക്കാതിരിക്കാന്‍ ഒരു കാരണവും.
"ഐ ഡോണ്ട് ലൈക് ദിസ് ബ്ലാടി പോളിടിക്സ് "
സിനിമയും ക്രിക്കെട്ടും ഒഴിച്ചു ബാകി എല്ലാം പോളിടിക്സ് ആണെന്ന് ആര് പറഞ്ഞു ആവോ....
ഇത്തരം ആളുകളാണ് പിന്നീട് അബ്ദുള്‍ കലാമിനെ അബ്ദുള്‍ ഖാദര്‍ എന്ന് വിളിക്കുകയും, സുപ്രീം കോടതി എല്ലാ സംസ്ഥാനത്തും ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത്.
ഞാന്‍ പറഞ്ഞു വരുന്നത് സ്പോട്സും സിനിമയും വേണ്ട എന്നല്ല. അതോടൊപ്പം തന്നെ മറ്റു വാര്‍ത്തകള്‍ കാണുന്നതിനായി അല്പ സമയം മാറ്റി വയ്ക്കുക.
അക്ബര്‍ ചക്രവര്‍ത്തിയുടെ കുഞ്ഞമ്മയുടെ മോന്റെ പേര് അറിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് അറിഞ്ഞിരിക്കുക