ഞാന് ഒരു ഇടുക്കിക്കാരന്. ജനിച്ചതും വളര്‍ന്നതും ഇടുക്കി ജില്ലയിലെ രാജപുരം എന്ന പ്രകൃതി രമണീയമായ ഗ്രാമത്തില്‍....!!!
Saturday, July 16, 2011
മാത്തുക്കുട്ടിയുടെ ആദ്യ പ്രേമം
അങ്ങനെ ഇരിക്കുമ്പോളാണ് താന്‍ ജോലി ചെയ്യുന്ന പെയിന്റു ഷോപ്പിനു മുന്‍പില്‍ ഒരു കാര്‍ വന്നു നിന്നത്. അതില്‍ നിന്നും ശാലീന സുന്ദരിയായ ഒരു പെണ്‍കുട്ടി ഇറങ്ങി കടയിലേക്ക് നടന്നു വന്നതും ഒരു നിമിഷം മാത്തുക്കുട്ടി മറ്റൊരു ലോകത്തേക്ക് പറന്നുയര്‍ന്നു. ആഹാ എന്തൊരു ഫിഗര്‍, അല്ല സുന്ദരി....!!
അവളും അച്ഛനും അവിടെ നിന്നും സാധനങ്ങള്‍ വാങ്ങി പണം അടച്ചു പോയിട്ടും അവള്‍ മാത്തുക്കുട്ടിയുടെ ഹൃദയത്തില്‍ നിന്ന് പോയില്ല. ഇവള്‍ തന്നെ എനിക്കായി ഈ ഭൂമിയില്‍ പിറന്നവള്‍. തന്റെ വാരിയെല്ല് ഊരി തന്നെയാണ് ഇവളെ ദൈവം ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷെ പ്രശ്നം അതല്ല. അവള്‍ വന്നിറങ്ങിയത് ഒരു ബി എം ഡബ്ല്യൂ കാറിലാണ്. താന്‍ സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലാത്ത ഒരു പാവം അക്കൌണ്ടന്റ്. തന്റെ വാരിയെല്ലിനെ തേടി പോയാല്‍ ഒരു പക്ഷെ അവളുടെ അപ്പന്‍ ഗോറില്ല തന്റെ ഉള്ള വാരിയെല്ല് ഊരിയെടുക്കും ...!!
എന്തായാലും തനിക്കു ആദ്യമായി പ്രേമം തോന്നിയ പെണ്‍കുട്ടിയെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ അവനു തോന്നിയില്ല. അവള്‍ വല്ല ഓട്ടോ കാരന്റെ മകളും ആയിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു.
ഇരിക്ക പൊറുതി ഇല്ലാതായപ്പോള്‍ മാത്തുക്കുട്ടി ആരും കാണാതെ മാനേജരുടെ ഡയറിയില്‍ നിന്നും അവര്‍ തന്ന കോണ്ടാക്റ്റ് നമ്പര്‍ തപ്പിയെടുത്തു. അപ്പനേക്കാള്‍ സംസാരിച്ചത് മകള്‍ ആയതു കൊണ്ട് ആയിരിക്കും, അവളുടെ പേരാണ് കൊടുത്തിരിക്കുന്നത്. പേര് ദിവ്യ വര്‍ഗീസ്.
ദൈവത്തിനു സ്തുതി..... ക്രിസ്ത്യാനിയാണ്. !
ഇന്നത്തെ കാലത്ത് ഇതൊക്കെ നോക്കിയല്ലേ ആളുകള്‍ കെട്ടു...
പേര് ശരിയാണോ എന്നറിയാന്‍ 'കള്ള' നമ്പരില്‍ നിന്ന് ഒന്ന് ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം റിംഗ് ഉണ്ട്....
'ഹലോ...'
മറുവശത്ത് മധുരമായ ശബ്ദം
'ഹ ഹ ഹാ... ഹലോ...' മാത്തുവിന്റെ ശബ്ദം വിക്കി വിക്കി വന്നു
'ഹലോ ഇത് ദിവ്യ വര്‍ഗീസ് അല്ലെ....?'
'അതേ'
ഇനിയെന്ത് പറയും...? എനിക്ക് നിന്നെ പെരുത്തിഷ്ടാ എന്ന് പറഞ്ഞാല്‍ പച്ച തെറി ഉറപ്പാ
ഒരു പരിചയവുമില്ലാത്ത തന്നെ പ്രേമിക്കാന്‍ താന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും അല്ലല്ലോ.
ഈശ്വരാ എന്ത് കഷ്ടപ്പാടാ ഒന്ന് പ്രേമിക്കാന്‍.....!!
മാത്തുക്കുട്ടി അങ്ങനെ ധര്‍മ സങ്കടത്തില്‍ ഇരിക്കുമ്പോളാണ് 'കുരുവി' വരുന്നത്. കുരുവി എന്നാല്‍ ഒരു പക്ഷി അല്ല. പ്രജീഷ് എന്ന സുഹൃത്താണ്. നാട്ടുകാരുടെ എന്ത് സഹായത്തിനും പറന്നെത്തുന്നത് കൊണ്ട്, പ്രജീഷിനെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് കുരുവി.
മാത്തു കുരുവിയോടു തന്റെ ധര്‍മ സങ്കടം പറഞ്ഞു.
'അയ്യേ... ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ നീ എങ്ങനെ പ്രേമിക്കും....??"
"എടാ തെണ്ടീ ഐ ആം ഇന്‍ ലവ്..."
എടാ ഇത് സിനിമ അല്ല. അങ്ങോട്ട് ചെന്ന് പാട്ട് പാടിയാല്‍ നിന്നെ പ്രേമിക്കാന്‍.
മാത്തുക്കുട്ടി വഴങ്ങിയില്ല. അവസാനം കുരുവി തന്നെ ഒരു ഉപായം കണ്ടു പിടിച്ചു. ആദ്യം പെണ്ണിനെ പരിചയപ്പെടണം.
കസ്ടമര്‍ കെയര്‍ ജോലിക്കാരനായ കുരുവിക്ക്, അവരുടെ അഡ്രസ്സ് തപ്പി എടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ തന്റെ കൊച്ചി ഇന്ഫ്ലുവന്‍സ് വച്ചു സകല വിവരങ്ങളും തപ്പി എടുത്തു.
അപ്പന്‍ കടവന്ത്രയിലെ കോടീശ്വരനായ ബിസിനസ് കാരന്‍. ഏക മകള്‍ ദിവ്യ നഗരത്തിലെ വന്‍കിട സ്കൂളില്‍ പ്ലസ് ടു പഠിക്കുന്നു.
ഒബാമയുടെ മോള്‍ ആണേലും കേട്ടീട്ടെ ഉള്ളു എന്ന് മാത്തുക്കുട്ടി.
അങ്ങനെ ഒരു ദിവസമാണ് കുരുവിയുടെ തലയില്‍ ഒരു ബുദ്ധി ഉദിച്ചത്.
'എടാ ഈ സിനിമയില്‍ ഒക്കെ കാണുന്നതുപോലെ ഇവളെ നീ ഏതെങ്കിലും ആപത്തില്‍ നിന്ന് രക്ഷിക്കണം. അങ്ങനെ അവളെ പരിചയപ്പെട്ടു അത് റൊമാന്‍സ് ആക്കി എടുക്കാം.'
കാര്യം ശരി തന്നെ. പക്ഷെ എന്തില്‍ നിന്ന് രക്ഷിക്കാനാ.
ഐഡിയയും കുരുവി തന്നെ പറഞ്ഞു.
എടാ കൊച്ചിയില്‍ ഇപ്പോള്‍ മാല പറിയുടെ കാലമാണ്. ഒരാളെ കൊണ്ട് അവളുടെ കഴുത്തിലെ മാല പറിപ്പിക്കുക. നീ പിറകെ ഓടിച്ചെന്നു സി ഐ ഡി മൂസ സ്റ്റൈലില്‍ കള്ളനെ കീഴ്പെടുത്തുക. മാല തിരികെ കൊടുക്കുമ്പോഴേക്കും നീയും അവളും അവളുടെ ഫാമിലിയും തമ്മില്‍ ഒരു ബന്ധം ഉണ്ടാവും.
പക്ഷെ സി ഐ ഡി മൂസയ്ക്ക് പറ്റിയതുപോലെ വല്ലതും....?
അതിനു നീ പോലീസ് വേഷം ഇടണ്ടാ. കള്ളനായി ഹെല്‍മറ്റ് വച്ചു ഞാന്‍ എന്റെ ബൈക്കില്‍ പോയി മാല പറിക്കും. നീ എന്നെ കീഴ്പെടുത്തി മാല എടുക്കുമ്പോഴേക്കും ഞാന്‍ നിന്നെ തള്ളി മാറ്റി രക്ഷ പെട്ടോളാം
ഗ്രേറ്റ് ഐഡിയാ മൈ ഡിയര്‍ ഫ്രണ്ട്. തനിക്കു ഇത്രയും ഐഡിയ ഉള്ള ഒരു ഫ്രണ്ടിനെ കിട്ടിയതില്‍ മാത്തുവിനു അഭിമാനം തോന്നി.
അടുത്ത ദിവസം കടവന്ത്രയിലെ സ്കൂളിന്റെ മുന്‍പില്‍ മാത്തുക്കുട്ടി ചുള്ളനായി എത്തി. കുറച്ച് അപ്പുറത്ത് മാറി യമഹാ ബൈക്കില്‍ കുരുവിയും.
സ്കൂള്‍ കവാടം കടന്നു ദിവ്യയും കൂട്ടുകാരികളും മന്ദം മന്ദം പുറത്തേക്ക് വന്നു. അവര്‍ റോഡിലൂടെ നടക്കാന്‍ തുടങ്ങിയതും മാത്തു സിഗ്നല്‍ കോടുത്തു
എല്ലാം ഞൊടി ഇടയിലായിരുന്നു.
ഒരു പ്രൊഫഷനല്‍ കള്ളന്റെ മെയ് വഴക്കത്തോടെ കുരുവി ദിവ്യയുടെ അടുത്തെത്തി കഴുത്തില്‍ കിടന്ന മാല അതി വിദഗ്ദമായി പറിച്ചെടുത്തു. അതേ മാത്രയില്‍ അവനെ നേരിടാനായി മാത്തു സ്ലോ മോഷനില്‍ ഓടിയെത്തി.
പക്ഷെ എല്ലാം പെട്ടന്നായിരുന്നു.....
ഐശ്വര്യാ റായി പോലെ ഇരിക്കുന്ന ദിവ്യയുടെ ഉള്ളില്‍ ഒരു സെറീന വില്യംസ് ഉറങ്ങി കിടന്ന കാര്യം ആരും പ്രതീക്ഷിച്ചില്ല.....
മാല പൊട്ടിച്ചു ബൈക്ക് റെയ്സ് ചെയ്യാന്‍ തുടങ്ങിയ കുരുവിയുടെ മുതുകും തല നോക്കി ഒരു തള്ളായിരുന്നു
ചക്ക വീണത് പോലെ കുരുവി മറിഞ്ഞു വീണു. ഒപ്പം യമഹ ബൈക്ക് അവന്റെ കാലിലേക്കും.
സ്ലോ മോഷനില്‍ ഓടി വന്ന മാത്തുക്കുട്ടി പഴം വിഴുങ്ങിയ പോലെ നിന്നു
കൂട്ടുകാരികള്‍ 'അയ്യോ കള്ളന്‍' എന്ന് വിളിച്ചു കൂവുന്നതിടയില്‍ കര്‍ണം മല്ലേശ്വരി ബാര്‍ ബെല്‍ പോക്കുന്നത് പോലെ ദിവ്യ ബൈക്ക് എടുത്തു മറിച്ചിട്ടു. വീണുകിടന്ന മാത്തുക്കുട്ടിയെ കലി തീരുന്നത് വരെ 'പഞ്ഞിക്കിട്ടു'
ഓടിയെത്തിയ നാട്ടുകാര്‍ എല്ലാവരും തങ്ങളുടെ സംഭാവനകള്‍ ഗംഭീരമായി തന്നെ നല്‍കി. സംഭാവനകള്‍ കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരമാവും എന്ന് പറഞ്ഞ പോലെ, കുരുവിയുടെ പുറം ആയി.
ഒരു നിമിഷം സ്തബ്ദനായ മാത്തുക്കുട്ടി ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആരോ വിളിച്ചിട്ട് കണ്ട്രോള്‍ റൂം വെഹിക്കിള്‍ എത്തി.
മാത്തുക്കുട്ടി ഓടിയെത്തി വിളിച്ചു കൂവി.... അയ്യോ അവന്‍ കള്ളനല്ല.
"ആഹാ ഇവനാ അവന്റെ കൂടെ വന്ന കള്ളന്‍. പിടിയവനെ." ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു.
അങ്ങനെ സി ഐ ഡി മൂസയ്ക്ക് പറ്റിയതിലും വലിയ പറ്റു അവര്‍ക്കും പറ്റി. രണ്ടിനെയും തൂക്കി എടുത്തു ജീപ്പ് സ്റെഷനിലെക്കും.
എസ് ഐ യുടെ വിരട്ടലില്‍ ഒന്നും രണ്ടും മൂന്നും എല്ലാം ജോക്കിക്കുള്ളില്‍ പോയെങ്കിലും, കരഞ്ഞു കൊണ്ട് രണ്ടു പേരും സത്യം മുഴുവനും തുറന്നു പറഞ്ഞു. പിന്നാലെ എത്തിയ ദിവ്യയും അവളുടെ അച്ഛനും മാത്തുക്കുട്ടിയുടെ മുതലാളിയും കേള്‍ക്കെ ആദ്യം മുതലുള്ള സംഭവങ്ങള്‍ ഓരോന്നായി അവന്‍ തുറന്നു പറഞ്ഞു.
മാത്തുക്കുട്ടിയുടെ മുതലാളിയുടെ സുഹൃത്തായതുകൊണ്ട് ദിവ്യയുടെ അച്ഛന്‍ കേസ് ആക്കാതെ അത് ഒതുക്കി തീര്‍ത്തു. മേലാല്‍ ഇത്തരം പണികള്‍ ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്നു പിരിച്ചു വിടും എന്ന ഭീഷണിയില്‍ മാത്തുവിനെയും കൊണ്ട് മുതലാളിയും, മേലാല്‍ മകളുടെ പുറകെ നടന്നാല്‍ തട്ടിക്കളയും എന്ന് പറഞ്ഞു ദിവ്യയെയും കൊണ്ട് അവളുടെ അച്ഛനും പോയി. കാലിന്റെ വേദന ഉള്ളിടത്ത് തിരുമ്മിക്കൊണ്ട് കുരുവി വീട്ടിലേക്കും പോയി. ദിവ്യയുടെ അച്ഛന്റെ ഇന്ഫ്ലുവന്സില്‍ ഇത് പത്രത്തിലും വന്നില്ല... ഭാഗ്യം
പിന്കുറിപ്പ്: മിക്ക കഥകളിലും കാണുന്നത് പോലെ മാത്തുവും ദിവ്യവ്യും തമ്മില്‍ ഒരു പ്രണയവും ഉണ്ടായില്ല. അതിനു ശേഷം മാത്തു ഒരു പെണ്ണിന്റെ മുഖത്തു പോലും നോക്കിയിട്ടില്ല. പാവം കുരുവി സഹായിക്കാന്‍ പോയ കുറ്റത്തിന് സൌഹൃദവും നഷ്ടപ്പെട്ടു.
മുന്‍കൂര്‍ ജാമ്യം: ഈ കഥയില്‍ പറഞ്ഞ മാത്തുക്കുട്ടിക്കും കുരുവിയ്ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രമല്ല പരമ സത്യം കൂടിയാണ്.
Wednesday, July 6, 2011
സ്ത്രീ പീഡനങ്ങള്‍: ഒരു ആക്ഷേപ കുറിപ്പ്
ഞാന് എന്നും വായിക്കുന്നതും, ഒരു ദിവസം വായിച്ചില്ലെങ്കില് ഉറക്കം വരാത്തതുമായ മനോരമ പത്രത്തില് ഇന്ന് രാവിലെ വന്ന ഫ്രണ്ട് പേജ് വാര്ത്തയാണ് ഈ കുറിപ്പിനാധാരം. മുവാറ്റുപുഴയില് വച്ചു പാലാക്കാരിയായ യുവതിയെ തൊടുപുഴക്കാരന് ആയ യുവാവ് കയറി പിടിച്ചത്രേ. മിടുക്കിയായ യുവതി അപ്പോള് തന്നെ അതിനെതിരെ പ്രതികരിച്ചു. വീണ്ടും പിടിക്കാന് ശ്രമിച്ച യുവാവിനെ നാട്ടുകാര് നന്നായി പെരുമാറി പോലീസില് ഏല്പ്പിച്ചു.
നാടകങ്ങള് നടക്കുന്നത് പിന്നീടാണ്. പരാതിക്കാരിയെ കണ്ട പോലീസുകാര് അവരുടെ വസ്ത്രധാരണത്തില് (!!?) അന്തം വിട്ടു പോവുകയും 'തറവാട്ടില് പിറന്നവരെ' പോലെ വസ്ത്രധാരണം നടത്താന് ഉപദേശിക്കുകയും ചെയ്തത്രേ. വീട്ടില് നിന്നും സഹോദരന് എത്തുന്നത് വരെ പരാതിക്കാരിയെ പോലീസ് സ്റെഷനില് തടഞ്ഞു വയ്ക്കുകയും ചെയ്തു. ടൈറ്റ് ജീന്സും ടീ ഷര്ട്ടും ആയിരുന്നു യുവതിയുടെ വേഷം എന്നും വാര്ത്തയില് പറയുന്നു.
ഈ വാര്ത്ത വായിച്ചാല് യുവതിയെ കയറി പിടിച്ച ആളെക്കാള് കുറ്റം ചെയ്തത് പോലീസ് ആണെന്ന് തോന്നും. ഇത്ര ഇറുകി പിടിച്ച വസ്ത്രങ്ങള് ധരിക്കാതെ മാന്യമായി വസ്ത്രം ധരിക്കാന് ഉപദേശിക്കുന്നത് ഒരു വലിയ തെറ്റാണല്ലോ. കാരണം ശരീരത്തില് മുഴച്ചിരിക്കുന്ന ഭാഗങ്ങള് എല്ലാം അതിന്റെ കൃത്യതയും വലുപ്പവും ഒട്ടും കുറയാത്ത രീതിയില് പ്രദര്ശിപ്പിക്കാന് പറ്റുന്ന വസ്ത്രങ്ങള്ക്ക് ഇന്ന് വലിയ ഡിമാന്റ് ആണല്ലോ. ഇവയും ധരിച്ചു കൊണ്ട് പൊതു സ്ഥലത്ത് കൂടി നടക്കുന്നത് ഇന്ന് സര്‍വ സാധാരണമാണ്.
ഇത്തരത്തില് ശരീര പ്രദര്ശനം നടത്തുന്നവരോട് മാന്യമായി വസ്ത്രം ധരിക്കാന് പറയുന്നതാണോ കുറ്റം. അതോ ഈ ഷോ കണ്ടു കണ്ട്രോള് പോയ ഒരാള് അവരെ കയറി പിടിക്കുന്നതോ. മഴ നനഞ്ഞു പനി വന്നു മഴയെ കുറ്റപ്പെടുത്തുന്നതിനേക്കാള് നല്ലതല്ലേ, മഴ നനയാതെ, പനി വരാതെ സൂക്ഷിക്കുന്നത്. ഇമ്മാതിരി വസ്ത്ര ധാരണം കണ്ടു ഈയുള്ളവനും ചിലപ്പോള് കണ്ട്രോള് പോയിട്ടുണ്ട്, എന്തോ ഭാഗ്യം കൊണ്ട് അവിവേകം ഒന്നും കാണിച്ചിട്ടില്ല. ദൈവത്തിനു നന്ദി.
പോലീസുകാര് ചെയ്ത മറ്റൊരു കുറ്റം, സഹോദരന് വരുന്നത് വരെ യുവതിയെ സ്റെഷനില് തടഞ്ഞു വച്ചു എന്നതാണ്. ഉത്തരവാദിത്വപ്പെട്ടവര് എത്തുന്നത് വരെ ഒരു 'പീഡിതയെ' സുരക്ഷിതമായി സൂക്ഷിക്കുന്നതാണോ കുറ്റം. അല്ലെങ്കില് വീണ്ടും റോഡില് ഇറങ്ങുമ്പോള് മറ്റാരെങ്കിലും അവരെ വീണ്ടും കയറി പിടിച്ചിരുന്നെങ്കിലോ...? അടുത്ത ദിവസത്തെ പത്രത്തില് നിങ്ങള് ഇങ്ങനെ എഴുത്തും: "പീഡിതയെ പോലീസ് വെറുതെ നടുറോഡിലേക്ക് ഇറക്കി വിട്ടു. അവരെ വീണ്ടും മറ്റൊരാള് കയറി പിടിച്ചു" എന്ന്.
പ്രിയ സഹോദരിമാരോട് ഒരു അപേക്ഷ: മറ്റുള്ളവര് നിങ്ങളോട് സഹോദരനെ പോലെ പെരുമാറണം എന്നുണ്ടെങ്കില്, ഒരു സഹോദരി സഹോദരന്റെ അടുത്തു ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള് ധരിക്കുക. അതല്ല മറിച്ച് തോന്നുന്നത് പോലെ പെരുമാറിയാല് മതി എങ്കില്, നിങ്ങള്ക്ക് തോന്നുന്നത് പോലെ വസ്ത്ര ധാരണം നടത്തിക്കോളൂ...