Saturday, December 14, 2019

വ്യഭിചാരം

"വ്യഭിചാരം ചെയ്തിട്ടുണ്ട്...!" കുമ്പസാര കൂട്ടിൽ പാപം ഏറ്റു പറഞ്ഞ പത്തു വയസ്സുകാരന്റെ പാപം കേട്ട് ഫാദർ പന്തൽപറമ്പന്റെ കണ്ണുകൾ രണ്ടും വെളിയിലേക്ക് തള്ളി. വായ്‌നാറ്റം ഉണ്ടാവണ്ട എന്നു കരുതി ചവച്ചുകൊണ്ടിരുന്ന ബബിൾ ഗം അങ്ങനെ തന്നെ ഇറങ്ങിപ്പോയി. ആദ്യ കുർബാന സ്വീകരണത്തിൽ ഭാഗമായി കുട്ടികളെ ആദ്യമായി കുമ്പസാരിപ്പിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ബിബിൻ തോമസ് തന്നെയല്ലേ ഇത് എന്നു ഒന്നുകൂടി നോക്കി. അതേ അവൻ തന്നെയാണ്. "മോൻ വ്യഭിചാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...?" "അത്.....ഞാൻ....വീട്ടുകാർ അറിയാതെ....." "വീട്ടുകാർ അറിയാതെ...?" "ബീഡി ഒക്കെ വലിച്ചിട്ടുണ്ട്" "അപ്പൊ ബീഡി വലിച്ചതിനാണോ മോൻ വ്യഭിചാരം എന്നു പറഞ്ഞത്...?" "അതെ" ഫാദർ പന്തൽപറമ്പന്റെ ശ്വാസം നേരെ വീണു. അല്ലേലും കുഞ്ഞുങ്ങളെ പറഞ്ഞിട്ട് എന്ത് കാര്യം. ആദ്യ കുർബാനക്ക് കുട്ടികളെ ഒരുക്കിയ സിസ്റ്റർ സോഫിയയെ പറഞ്ഞാൽ മതി. എട്ടാം ക്ലാസ്സിലെ ബയോളജി ടീച്ചറെ പോലെ പോർഷൻ സ്കിപ്പ് ചെയ്തു വിട്ടു കാണും. അല്ലേലും ഈ വ്യഭിചാരം ഒക്കെ ചെമ്പരത്തി പൂ വച്ച് പരാഗണം പഠിപ്പിക്കുന്ന പോലെ പഠിപ്പിക്കാൻ പറ്റില്ലല്ലോ "മോൻ ഇനി മുതൽ വ്യഭിചാരം....അല്ല ബീഡി ഒന്നും വിളിക്കരുത് കേട്ടോ" "ഓക്കേ ഫാദർ" പാപം മോചിപ്പിച്ച്, തുവാലകൊണ്ടു നെറ്റിയിലെ വിയർപ്പ് തുടച്ച് അടുത്ത ആളുടെ കുമ്പസാരത്തിനായി ഫാദർ പന്തൽപറമ്പൻ വലത്തേക്ക് ചെരിഞ്ഞു

Sunday, December 1, 2019

കേട്ട്യോളാണെന്റെ മാലാഖ Movie Review

കേട്ട്യോളാണെന്റെ മാലാഖ

Spoiler Alert

"The NHFS-4 (National Family Health Survey) reports that 31% of married women (nearly one in three) have been subjugated to physical, sexual and emotional violence at the hands of their spouse. Although the proportion of married women suffering physical and sexual violence at the hands of their husbands has come down from 37% in 2005-06 to 29% in 2015-16, it is still a dangerously high figure."

വിവാഹം ലൈംഗികബന്ധത്തിനുള്ള ലൈസൻസ് ആണോ...?

വിവാഹം കഴിഞ്ഞ ഒരാൾക്ക് ഇഷ്ടമുള്ളപ്പോൾ എല്ലാം ഭാര്യയുമായി ലൈംഗിക ബന്ധം നടത്താൻ പറ്റുമോ....?

സ്ലീവാച്ചനെ പോലുള്ള ഒരു സാധാരണ നാട്ടിൻപുറത്തുകാരനോട് ഈ ചോദ്യങ്ങളെല്ലാം ചോദിച്ചാൽ അതെ എന്നായിരിക്കും ഉത്തരം.  വിവാഹം എന്നാൽ ഭർത്താവിന് ഭാര്യയുടെ മേൽ എല്ലാവിധത്തിലുമുള്ള ആധിപത്യം എന്നുള്ള ചിന്താഗതി തന്നെയാണ് ഇതിന് കാരണം.

 ഇന്ന് ലോകത്ത് നടക്കുന്ന എല്ലാ വിധ ലൈംഗിക അതിക്രമങ്ങൾക്കും കാരണം  ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലായ്മ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. വിവാഹബന്ധത്തിന് ഉള്ളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ ഇന്ത്യയിൽ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പൊതുവേ നാണം ഉള്ളവരാണ് ഇന്ത്യക്കാർ.  ബയോളജി പുസ്തകത്തിലെ "ആ പേജുകൾ" സ്വന്തമായി വായിച്ചുനോക്കിക്കൊള്ളാൻ പറയുന്ന മാഷന്മാരും, ചെമ്പരത്തിപ്പൂ തുറന്ന് പരാഗണത്തെ പറ്റി ഒരു മിനിറ്റിനുള്ളിൽ എക്സ്പ്ലൈൻ ചെയ്തിട്ട് ക്ലാസ്സിൽ നിന്നിറങ്ങി ഓടുന്ന ടീച്ചർമാരും,  ലൈംഗികതയെപ്പറ്റി കുട്ടികൾ ചോദിക്കുമ്പോൾ അച്ഛൻ അവരെ അമ്മയുടെ അടുത്തേക്കും അമ്മ അച്ഛൻറെ അടുത്തേക്കും പറഞ്ഞു വിട്ട് കൈയൊഴിയുന്ന ഒരു രാജ്യത്ത്  കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസത്തിനായി ഉള്ളത് കൂട്ടുകാരും പിന്നെ ഇൻറർനെറ്റും മാത്രമാണ്. കൂട്ടുകാരിൽ നിന്നും ഇൻറർനെറ്റിൽ നിന്നും കിട്ടുന്ന വിവരങ്ങൾ പലപ്പോഴും അപൂർണ്ണവും വൈകല്യങ്ങൾ നിറഞ്ഞതും ആയിരിക്കും.

നാട്ടിലെ സർവ്വ വിഷയങ്ങളിലും ഇടപെട്ടു നടക്കുമെങ്കിലും "ഈ കാര്യത്തിൽ" മാത്രം യാതൊരു അറിവും ഇല്ലാത്ത, സ്ത്രീകളെ കണ്ടാൽ മുട്ടുകാൽ വിറയ്ക്കുന്ന ചില "ഉണ്ണിപൊട്ടന്മാരും" ഉണ്ട്.  അതിൽ ഒരാളാണ് ഈ സിനിമയിലെ നായകൻ സ്ലീവാച്ചൻ.  അമ്മയും രണ്ടു പെങ്ങന്മാരും ഉണ്ടെങ്കിലും അവർ അല്ലാതെ വേറൊരു സ്ത്രീയോട് സംസാരിച്ചിട്ടില്ലാത്ത, വേറൊരു സ്ത്രീയെ തൊട്ടിട്ടു പോലും ഇല്ലാത്ത ഒരാളാണ് സ്ലീവാച്ചൻ.

ലൈംഗികതയെക്കുറിച്ചുള്ള സ്ലീവാച്ചന്റെ അറിവിനെ പറ്റി ആരും ചോദിക്കാൻ ശ്രമിച്ചിട്ടില്ല, സ്ലീവാച്ചാനും അതിനെക്കുറിച്ച് അറിയാൻ ശ്രമിച്ചില്ല. കല്യാണത്തിന് മുമ്പുള്ള കുമ്പസാരത്തിൽ സ്ലീവാച്ചൻ അതിനെപ്പറ്റി പറഞ്ഞെങ്കിലും പെണ്ണിൻറെ ബന്ധു കൂടിയായ അച്ചനും അത് കാര്യമായി എടുത്തില്ല...!

 "ഈ ആണുങ്ങൾക്ക് അവരുടെ കാര്യം മാത്രമേ ഉള്ളൂ", " എനിക്കുമുണ്ട് രണ്ടു കുട്ടികൾ, അവർ എങ്ങനെ ഉണ്ടായി എന്ന് എനിക്ക് തന്നെ അറിയില്ല"  തുടങ്ങിയ സ്ത്രീകളുടെ ഡയലോഗുകളിൽ തന്നെ എല്ലാമുണ്ട്

മലയാളത്തിൽ ഒരുപക്ഷേ ആദ്യമായി ആയിരിക്കും marital rape നെ പറ്റി ഒരു സിനിമ വരുന്നത്. അറിവില്ലായ്മകൊണ്ട് ചെയ്താലും അറിഞ്ഞുകൊണ്ട് ചെയ്താലും അത് ബലാൽസംഗം തന്നെയാണ്.

ഇത്തരം സിനിമകൾ ചില ആളുകളുടെ എങ്കിലും കണ്ണു തുറപ്പിക്കട്ടെ...!