Saturday, January 2, 2010

വണ്ടിക്കാരോ വണ്ടി നിര്‍ത്തോ... എനിക്കിച്ചീച്ചി മുള്ളണം

ഇത് എനിക്ക് അത്ര ഓര്‍മയുള്ള കാര്യമല്ല. എന്റെ അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുള്ളതുകൊണ്ട് ആ സംഭവം അങ്ങ് പോസ്റ്റുന്നു.

എനിക്ക് അഞ്ചോ ആറോ വയസ്സ് പ്രായമുള്ള സമയം. അമ്മ എന്നെയും കൊണ്ട് കോട്ടയത്തുള്ള ഒരു ബന്ധു വീട്ടില്‍ പോകുന്നു.

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ഒരു മാതിരി ആ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും തന്നെ ബസ് യാത്രയില്‍ തോന്നാറുള്ള ആ തോന്നല്‍ ഉണ്ടായത്. കാര്യം വളരെ സൌമ്യമായി അമ്മയോട് പറഞ്ഞു. ബസ്സിലാണെങ്കില്‍ ഒടുക്കത്തെ തിരക്കും. വളരെ സ്നേഹത്തോടെ അമ്മ പറഞ്ഞു:

"മോനെ, ഇനി ഒരു ഒന്നര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ നമ്മള്‍ ബസ്സിറങ്ങും. അപ്പോള്‍ ആകട്ടെ."

"ഹേയ് അതൊന്നും പറഞ്ഞാല്‍ പറ്റത്തില്ല."

ഞാന്‍ പ്രശ്നം ഉണ്ടാക്കും എന്ന് തോന്നിയപ്പോള്‍ അമ്മ പറഞ്ഞു

“വണ്ടി ഇടയ്ക്ക് എവിടെയെങ്കിലും നിര്‍ത്തുമായിരിക്കും “

വണ്ടി ഇടയ്ക്കു നിര്‍ത്തിയാല്‍ കാര്യം സാധിപ്പിക്കാം എന്ന ഫോള്‍സ് പ്രോമിസ് വിശ്വസിച്ചു ഞാന്‍ ഇരുന്നു. പണ്ടാരമടങ്ങാന്‍ വണ്ടിയാണെങ്കില്‍ നിര്‍ത്തുന്നുമില്ല. ഒരു അര മണിക്കൂര്‍ കൂടി വെയിറ്റ് ചെയ്തു.

വീണ്ടും അമ്മയെ ഞോണ്ടി, ബട്ട്‌ നോ റെസ്പോണ്‍സ്

ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കോട്ടയം എത്തുമത്രേ. ഉണ്ണി ബ്ലാഡറിനുള്ളില്‍ ഉണ്ണി മൂത്രം അങ്ങ് തിളച്ചു മറിയുകയാണ്.

ഒരു പത്തു മിനിട്ട് കൂടി വെയിറ്റ് ചെയ്തു. ഒരു മണിക്കൂര്‍ പോയിട്ട് ഒരു മിനിട്ട് പോലും സഹിക്കാന്‍ പറ്റുന്നില്ല. പിന്നെ ഒന്നും ആലോചിച്ചില്ല. കണ്ണുകള്‍ ഇറുക്കി അടച്ചു സര്‍വ ശക്തിയും എടുത്തു ഒറ്റ അലര്‍ച്ചയായിരുന്നു.

"വണ്ടിക്കാരോ വണ്ടി നിര്‍ത്തോ... എനിക്കിച്ചീച്ചി മുള്ളണം."

എന്റെ ശബ്ദം ഡ്രൈവറുടെ ചെവിയില്‍ പതിക്കുകയും അദ്ദേഹത്തിന്‍റെ വലതുകാല്‍ ബ്രേക്കില്‍ ആഞ്ഞമരുകയും ചെയ്തത് സെക്കന്റുകള്‍ കൊണ്ടായിരുന്നു തന്റെ പിടലി വെട്ടിച്ചു ഡ്രൈവറും മറ്റു യാത്രക്കാരും തിരിഞ്ഞു നോക്കി.

ഇത്രയും ഇഫക്റ്റ് പ്രതീക്ഷിക്കാതിരുന്ന ഞാനും, പിന്നെ ഞാന്‍ ഇങ്ങനെ വിളിച്ചു കൂവുമെന്നു സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതിരുന്ന അമ്മയും ഒരു നിമിഷം സ്തബ്ദരായി.....

"ചെറിയ കൊച്ചല്ലേ ചേച്ചീ....എറക്കി മുള്ളിക്ക്"

ദീന ദയാലുവായ കണ്ടക്ടര്‍

എന്റെ യൂറിന്‍ ബ്ലാഡര്‍ മുത്തപ്പാ.... രക്ഷപെട്ടു.

ആളുകളുടെ ചിരികള്‍ക്കും കമന്റുകള്‍ക്കും ഇടയിലൂടെ അമ്മ എന്നെയും കൊണ്ട് പുറത്തിറങ്ങി.

ഇത്ര കമന്റടിക്കാന്‍ മാത്രം, ഇവന്മാരൊക്കെ എന്താ ബ്ലൂടൂത്ത് വഴിയാണോ യൂറിന്‍ പാസ് ചെയ്യുന്നത്?

അമ്മയുടെ മുഖത്തു ചമ്മലും എന്റെ മുഖത്തു നിസംഗഭാവവുമായിരുന്നു. ഒരു കൂസലുമില്ലാതെ ഞാന്‍ അവിടെ നിന്ന്, അമ്മയുടെ ഭാഷയില്‍ "നാലിടങ്ങഴി മൂത്രം" അങ്ങ് പാസ് ചെയ്തു. ഹല്ല പിന്നെ.

ഇപ്പോഴും ബസ് യാത്രക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ അമ്മ ഓര്‍മിപ്പിക്കാറുണ്ട്‌

"നന്നായി മുള്ളിയേച്ചു ബസേല്‍ കേറണേ...."


13 comments:

  1. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.......

    നന്നായി മുള്ളിയേച്ചു ബസേൽ കേറണേ.....

    സരസമായ എഴുത്ത്.....

    പുതുവത്സരാശംസകൾ....

    ReplyDelete
  2. ഹി.ഹി..രസിച്ചു.:)

    ReplyDelete
  3. ഉണ്ണി ബ്ലാഡറിനുള്ളില്‍ ഉണ്ണി മൂത്രം അങ്ങ് തിളച്ചു മറിയുകയാണ്.

    ReplyDelete
  4. മലയാള ഭാഷക്ക് പുതിയ പ്രയോഗങ്ങള്‍ ഹ ഹ നന്നായിരിക്കുന്നു

    ReplyDelete
  5. കമന്റിനു വളരെ നന്ദി ചാണക്യന്‍. ഇപ്പോഴും നന്നായി മുള്ളിയതിനു ശേഷമേ ബസില്‍ കയറാറുള്ളൂ

    ReplyDelete
  6. കമന്റിനു നന്ദി റെയര്‍ റോസ്, തുടര്‍ന്നും വായിക്കുക.... അഭിപ്രായങ്ങള്‍ അറിയിക്കുക

    ReplyDelete
  7. വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി സോണീ

    ReplyDelete
  8. another good one..!

    ReplyDelete
  9. ചിരിച്ചതിനു നന്ദി മിക്കി...
    വായിച്ചതിനും കമന്റിട്ടതിനും

    ReplyDelete
  10. ഹ ഹ ഹാ നന്നായി ചിരിച്ചു
    ബ്ലൂടൂത്ത് കിടിലം ആയിട്ടുണ്ട്ട്ടോ‍.. :)

    ReplyDelete
  11. കമന്റിനു നന്ദി "കൂതറ" ഹാഷിം... പേര് ഇഷ്ടപ്പെട്ടു ട്ടോ...

    ReplyDelete