Wednesday, October 13, 2010

പുലിവാല് കല്യാണം (മൊബൈല് വേര്ഷന്)

ബാബു നാട്ടിലെ ഒരു താരമാണ്. കൂടെ പഠിച്ച എല്ലാവരും ഏഴിലും എട്ടിലും ഒക്കെ എത്തിയപ്പോഴും തന്റെ പഠന മികവുകൊണ്ട് ബാബു അപ്പോഴും രാജപുരത്തെ എല്‍ പി സ്കൂളില്‍ തന്നെ കിടന്നു. ഈ പ്രതിഭയെ തിരിച്ചറിഞ്ഞ ബാബുവിന്റെ പിതാവ് വര്‍ക്കി മകനോട്‌ ഇനി മുതല്‍ പടിപ്പു നിര്‍ത്തി പശുവിനെ തീറ്റാനും പെരിയാറ്റില്‍ മണല്‍ വാരാനും തന്നെ സഹായിക്കാന്‍ ഉത്തരവിട്ടു.

ബാബു ഒരു പ്രതിഭയാണെന്ന് പറയാന്‍ പല കാരണങ്ങള്‍ ഉണ്ട്. സ്കൂളിനു പുറകിലെ ശിവദാസ് ചേട്ടന്റെ റബര്‍ തോട്ടത്തില്‍ നില്‍ക്കുന്ന മുവാണ്ടന്‍ മാവില്‍ അന്ന് കയറാന്‍ കഴിഞ്ഞ ഒരേ ഒരാള്‍ ബാബുവാണ്. കാരണം ശിഖരങ്ങള്‍ കുറഞ്ഞ ആ മാവില്‍ നിറയെ നീറുകളുടെ ശല്യമാണ്. ഇത് പേടിച്ചു എല്ലാവരും അങ്ങനെ നില്‍ക്കുമ്പോള്‍ ഏതെങ്കിലും തരുണീമണി 'ഡാ ബാബൂ, ഒരു മാങ്ങാ പറിച്ചു താടാ' എന്ന് പറഞ്ഞാല്‍ മാവില്‍ പറന്നു കയറി ശിഖരം കുലുക്കി മാങ്ങാ മുഴുവന്‍ താഴത്തിടുന്ന പ്രതിഭ. പക്ഷെ തരുണീ മണികള്‍ ആരെങ്കിലും പറയണം എന്ന് മാത്രം.

ബാബുവിന്റെ എക്കാലത്തെയും സങ്കടം തന്റെ ശരീര പ്രകൃതിയാണ്. ചുരുക്കി പറഞ്ഞാല്‍ ഉപ്പുമാങ്ങാ ഭരണി കരി ഓയിലില്‍ മുക്കി വച്ചിരിക്കുന്ന ഒരു രൂപം.

അങ്ങനെ നാലാം ക്ലാസും ഗുസ്തിയുമായി ബാബു അപ്പനെ സഹായിക്കാന്‍ ഇറങ്ങി. അങ്ങനെ ബാബു മണല്‍വാരല്‍, വാര്‍ക്കപ്പണി എന്നിവയുടെ ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിന്റെയും നാട്ടുകാരുടെയും പ്രീതിയിലും വളര്‍ന്നു വന്നു.

യുവാവായി വളരുന്തോറും തന്റെ കറുത്ത നിറവും പോക്കക്കുറവും ബാബുവിനെ അലട്ടിക്കൊണ്ടിരുന്നു. ഫെയര്‍ ആന്‍ഡ്‌ ലവ്ലി മുതല്‍ ഒരു മാതിരിപ്പെട്ട എല്ലാ സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും പരീക്ഷിച്ചെങ്കിലും, ബാബു ബാബുവായി തന്നെ തുടര്‍ന്നു

തന്റെ കറുപ്പ് നിറമല്ല ബാബുവിന്റെ സങ്കടം. വെളുത്തു സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിക്കണം എന്നതാണ് ബാബുവിന്റെ ജീവിതാഭിലാഷം. പക്ഷെ ഇങ്ങനെ കറുത്തു പെടച്ചിരിക്കുന്ന തന്നെ കെട്ടാന്‍ ഏതു വെളുത്ത പെണ്ണ് വരാനാണ്. ഐശ്വര്യാ റായിയുടെ അത്രയൊന്നും ഗ്ലാമര്‍ വേണ്ടെങ്കിലും മീരാ ജാസ്മിനെ എങ്കിലും പോലെയുള്ള ഒരു പെണ്ണിനെയാണ് ബാബു ഉദ്ദേശിക്കുന്നത്

അങ്ങനെയിരിക്കെയാണ് ബാബുവിന് എങ്ങനെയോ സൌമ്യ എന്നാ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു സുന്ദരിയാണത്രെ സൌമ്യ. ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ നേരിട്ട് വളയ്ക്കാന്‍ പറ്റിയില്ലെങ്കിലും ഫോണിലൂടെ എങ്കിലും വളച്ചു ആ സുന്ദരിയെ സ്വന്തമാക്കണം എന്ന് ബാബു ഉറപ്പിച്ചു. അങ്ങനെ എല്ലാ മൊബൈല്‍ പൂവാലന്മാരെയും പോലെ നമ്പര്‍ തെറ്റി വിളിച്ച രീതിയില്‍ സൗമ്യയെ വിളിച്ചു. കുറച്ചു ദിവസത്തെ പ്രയത്നത്തിനു ശേഷം ബാബു വലിച്ച ലൈന്‍ കമ്പി സൌമ്യ തന്റെ പോസ്റ്റില്‍ വലിച്ചു കെട്ടി

ദിവസവും അവര്‍ തമ്മില്‍ ഫോണ്‍ വിളി തുടങ്ങി. വൈകിട്ട് വാര്‍ക്ക പണി കഴിഞ്ഞു വന്നാല്‍ തുടങ്ങുന്ന ഫോണ്‍ വിളി രാവേറെ നീണ്ടു പോകും.

ബാബു പതിയെ ഇക്കാര്യം തന്റെ കൂട്ടുകാരോട് പറഞ്ഞു. കറുമ്പന്‍ ബാബുവിന് ലൈന്‍ ആയ കാര്യം കൂട്ടുകാര്‍ വീട്ടുകാരോടും, വീട്ടുകാര്‍ കുടുംബശ്രീ എന്ന മാധ്യമം വഴി നാട്ടിലും പാട്ടാക്കി.

അങ്ങനെ ബാബു-സൌമ്യ എന്ന പേര് ദിലീപ്-മഞ്ജു വാര്യര്‍, അല്ലെങ്കില്‍ അഭിഷേക് ബച്ചന്‍- ഐശ്വര്യ റായി എന്ന പോലെ നാട്ടില്‍ വളര്‍ന്നു. ബാബു ആരെ ഫോണ്‍ വിളിക്കുന്നത്‌ കണ്ടാലും ആളുകള്‍ ചോദിക്കും.

'ബാബൂ, സൌമ്യ ആണോടാ...?"

തെല്ലു നാണത്തോടെ ബാബു മൂളും

'മ്....'

ബാബു ഇങ്ങനെ വിളിക്കുന്നതുകൊണ്ടാണ് ഐഡിയാ കമ്പനി കേരളത്തില്‍ വളര്‍ന്നു വന്നതെന്ന് വരെ ആളുകള്‍ പറഞ്ഞു തുടങ്ങി.

ഒരു ദിവസം വൈകുന്നേരം പെരിയാറ്റില്‍ ചൂണ്ട ഇട്ടു കൊണ്ടിരിക്കുമ്പോള്‍ ബാബുവിന്റെ ഫ്രണ്ട് സിജോയാണ് ചോദിച്ചത്

'ഡാ ബാബൂ, നിന്റെ ആഗ്രഹം പോലെ ഈ പറയുന്ന സൌമ്യ വെളുത്തതാണോ?'

അന്ന് രാത്രി തന്നെ ബാബു അവളെ വിളിച്ചു സംശയം തീര്‍ത്തു

എല്ലാ സംശയങ്ങളും

'മോള്‍ടെ കളറെന്താ...?'

'വെളുപ്പ്'

ഹോ ആശ്വാസം

'മുടി ?'

'കുണ്ടിക്ക് താഴെ വരെ'

സന്തോഷം

'കാണാന്‍ ആരെപ്പോലെ ഇരിക്കും?'

'കാവ്യാ മാധവനെ പോലെ..'

ബാബുവിന്റെ ഹൃദയത്തിലൂടെ ഒരു കോരിത്തരിപ്പ് ഉണ്ടായി.

'ചേട്ടനോ?'

'ഞാനും നന്നായി വെളുത്തിട്ടാ'

അത് പറയുമ്പോള്‍ ബാബു തന്റെ കറുത്ത കാലില്‍ ചൊറിഞ്ഞു കൊണ്ട് നെടുവീര്‍പ്പിട്ടു

‘ചേട്ടനെ കാണാന്‍ എങ്ങനെ?’

'ജയസൂര്യയെ പോലെ'

അന്ന് മുതല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ കാവ്യാ മാധവനെ സ്വപ്നം കണ്ടു ബാബുവും, ജയസൂര്യയെ സ്വപ്നം കണ്ടു സൌമ്യയും സന്തോഷിച്ചു.

അങ്ങനെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൌമ്യ ഞെട്ടിക്കുന്ന ആ കാര്യം ബാബുവിനെ അറിയിച്ചു. അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. തന്നെ എത്രയും പെട്ടന്ന് രെജിസ്ടര്‍ ചെയ്തില്ലെങ്കില്‍ അമ്മാവന്റെ മകന്‍ കെട്ടും എന്ന്.

നടുക്കത്തോടെയാണ് ബാബു ഇത് കേട്ടത്. കാവ്യാ മാധവന്റെ നിറഞ്ഞ കണ്ണുകളാണ് ബാബുവിന്റെ മനസ്സിലേക്ക് ഓടി എത്തിയത്. എന്തായാലും തന്റെ തങ്കക്കുടത്തെ ഉപേക്ഷിക്കാന്‍ ബാബുവിനെ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട് അവളെയുമായി ഒളിച്ചോടാന്‍ ബാബു തീരുമാനിച്ചു.

ഏതൊരു പ്രണയത്തിനും മുന്‍പോട്ടു പോകണമെങ്കില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും എസ് എം എസ് അത്യാവശ്യമാണല്ലോ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയാവുന്ന പ്രണയം ആയതുകൊണ്ട് ബാബുവ്ന്റെ സൈഡില്‍ കുഴപ്പമില്ല. അതുകൊണ്ട് അടുത്ത ശുഭദിനത്തില്‍ തിരുവന്തോരത്തു പോയി അവളെയും അടിച്ചെടുത്തു വരാന്‍ ബാബു പ്ലാനിട്ടു.

ബാബുവിന്റെ അപ്പന്‍ വര്‍ക്കി ചേട്ടന്‍, ഉറ്റ സ്നേഹിതന്‍ സിജോ, നാട്ടില്‍ വേറെ പണി ഒന്നും ഇല്ലാതെ കലുങ്കില്‍ ഇരുന്നു വെടി പറഞ്ഞും, പെണ്ണുങ്ങളെ കമന്റ് അടിച്ചും, ചുണ്ടില്‍ ഹാന്‍സ് വച്ചും സമയം കളയുന്ന അന്തപ്പന്‍, വാവച്ചന്‍ എന്നിവരെയും കൂട്ടി സാബു തിരുവനന്തപുരത്തിന് യാത്രയായി.

അപ്പനും കൂട്ടുകാരും ബസില്‍ ഇരുന്നു ഉറങ്ങി മറിയുമ്പോള്‍ ബാബുവിന്റെ മനസ്സു കലങ്ങി മറിയുകയായിരുന്നു. വെറും കറുമ്പന്‍ ആയ തനിക്കു പളുങ്ക് പോലത്തെ ഒരു പെണ്ണിനെ കിട്ടാന്‍ പോകുന്നു. അവളെയും കൂട്ടി ഇനി മുതല്‍ എന്നും മുരിക്കാശേരി മുതല്‍ കീരിത്തോട് വരെ നെഞ്ച് വിരിച്ചു നടക്കണം. ആ സ്വപ്ന സുന്ദരിയെ സ്വപ്നം കണ്ടു ബാബു ഉറങ്ങി.

അങ്ങനെ അടുത്ത ദിവസം രാവിലെ അവര്‍ തമ്പാനൂര്‍ റെയില്‍വേ സ്റെഷന് അടുത്തായി പറഞ്ഞ സ്ഥലത്ത് എത്തി. പറഞ്ഞ സ്ഥലത്ത് തലവഴി ഷോള്‍ ഇട്ടു മറച്ച തന്റെ സുന്ദരി അതാ ഒരു ബാഗും തൂക്കി പിടിച്ചു നില്‍ക്കുന്നു. ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പക്ഷെ പിറകില്‍ നിന്നും നോക്കുന്നത് കൊണ്ട് ആള് മാറി പോവരുതല്ലോ. ബാബു തന്റെ ഫോണെടുത്ത്. ആളെ ഉറപ്പാക്കാനായി ഒരു കോള്‍ കൊടുത്തു. അതാ അത് അവള്‍ തന്നെ. അവള്‍ ഫോണെടുത്തു ചെവിയോടു ചേര്‍ക്കുന്നു.

'ഹലോ ബാബൂ, എത്തിയോ...?'

ആ കളമൊഴി നാദം അവനെ പുളകം അണിയിച്ചു.

'ദാ നിന്റെ പിറകില്‍ തന്നെ ഉണ്ട്'

ആദ്യമായി കണ്ടതിന്റെ ആവേശത്തില്‍ ബാബു അവളുടെ നേരെ ഓടിച്ചെന്നു.

തന്റെ പ്രാണനാഥനെ കാണാനുള്ള തിടുക്കത്തില്‍ സൌമ്യയും ഓടി

സ്ലോ മോഷനില്‍ തന്നെ ഓടി

സൗമ്യയുടെ മുഖത്ത് നോക്കിയ ബാബുവിന്റെ ഉള്ളില്‍ നിന്നും 'അയ്യേ' എന്നൊരു ശബ്ദം ഉണ്ടായി

കുഞ്ഞിക്കൂനനില്‍ കൂനനായ ദിലീപിനെ കണ്ടപ്പോള്‍ പെണ്ണായി വേഷമിട്ട പക്രുവിന്റെ മുഖഭാവം ആയിരുന്നു സൗമ്യയുടെ മുഖത്ത്

കാരണം കാവ്യാ മാധവന്റെ മുഖം സ്വപ്നം കണ്ട സ്ഥാനത്ത് തന്നെ പോലെ കറുത്തിരുണ്ട ഒരു രൂപം. കൂനിന്മേല്‍ കുരു എന്ന പോലെ, കറുത്ത ആ മുഖത്ത് നിറയെ മുഖക്കുരു.

ഇനി ആള് മാറിയോ എന്നറിയാന്‍ ബാബു ഒരിക്കല്‍ കൂടി ഫോണ്‍ ഡയല്‍ ചെയ്തു. അതെ ഇവളുടെ ഫോണ്‍ തന്നെയാണ് അടിക്കുന്നത്. ബാബു വിക്കി വിക്കി ചോദിച്ചു.

'സൌമ്യ അല്ലെ...?"

അവള്‍ അതെ എന്ന് ഉത്തരം പറഞ്ഞതും, വെട്ടിയിട്ട ചക്ക പോലെ സാബു താഴെ വീണതും ഒന്നിച്ചായിരുന്നു.

ഓടി വന്ന അപ്പനും കൂട്ടുകാരും ബാബുവിന്റെ കാവ്യാ മാധവനെ കണ്ടു അന്തിച്ചിരുന്നു.

തന്നെ പറഞ്ഞു പറ്റിച്ച സൗമ്യയെ ഒരു തെറി വിളിക്കാന്‍ പോലും പറ്റാതെ ബാബു വിഷമിച്ചു. കാരണം അത് പോലെ തന്നെ ഒരു കൊലച്ചതി ആണല്ലോ താന്‍ അവളോടും ചെയ്തത്.

പെണ്ണിനെ അടിച്ചോണ്ട് പോകാന്‍ പോയ ഒരു ഇടുക്കിക്കാരന്‍ അതില്ലാതെ മടങ്ങി വന്നാല്‍ ഇത്രയും വലിയ ഒരു മാനക്കേടുന്ടോ. അവസാനം അപ്പന്റെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ബാബു സൌമ്യയും കൂട്ടി നാട്ടിലേക്ക് വണ്ടി കയറി.

പോന്ന വഴിയില്‍ ബാബു തനിക്കു മൊബൈല്‍ കണക്ഷന്‍ തന്ന ഐഡിയാ കമ്പനിയെയും, മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം കടം തന്ന സോമന്‍ ചേട്ടനെയും മുതല്‍ തന്റെ പ്രേമം നാട്ടിലെങ്ങും പാട്ടാക്കിയ സകലരെയും പ്രാകി.

***************

(ഇങ്ങനെയൊക്കെ സംഭവിച്ചു എങ്കിലും വെളുത്ത പെണ്ണ് എന്ന ആഗ്രഹം കളഞ്ഞ് തന്റെ ഭാര്യയെ അവള്‍ ആയിരിക്കുന്നത് പോലെ തന്നെ ബാബു സ്വീകരിച്ചു. . അവര്‍ക്ക് ഒരു കുട്ടി ഉണ്ടായപ്പോള്‍ സൗമ്യയുടെ വീട്ടുകാര്‍ എത്തി. ഇപ്പോള്‍ വളരെ നല്ല സൌഹൃദത്തില്‍ ഇരു വീട്ടുകാരും കഴിയുന്നു. വെളുത്ത പെണ്ണല്ല, നല്ല ഹൃദയം ഉള്ളവളാണ് ഉത്തമ കുടുംബിനി എന്ന് സൌമ്യ തെളിയിച്ചു. ബാബുവും സൌമ്യയും പരസ്പരം മനസ്സിലാക്കി സുഖമായി ജീവിക്കുന്നു)

7 comments:

  1. "അന്ന് മുതല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ കാവ്യാ മാധവനെ സ്വപ്നം കണ്ടു ബാബുവും, ജയസൂര്യയെ സ്വപ്നം കണ്ടു സൌമ്യയും സന്തോഷിച്ചു"

    ReplyDelete
  2. Kollam ,pakhe ee babu neethanneano??????

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. സിമിലെ...ഈ കാവ്യാ മാധവനെയും ജയസൂര്യയും ഞാന്‍ അറിയും....
    പോസ്റ്റ്‌ നന്നായിട്ടുണ്ട്....ആശംസകള്‍

    ReplyDelete
  5. കമന്റുകള്‍ ഇട്ട എല്ലാവര്‍ക്കും നന്ദി

    ReplyDelete
  6. പോസ്റ്റ് കൊള്ളാം..

    ReplyDelete