Tuesday, November 30, 2010

ഇന്നാരെയാണോ കണി കണ്ടത് ഈശ്വരാ...!!

ഈ കണി കാണുക എന്നൊക്കെ പറയുന്നത് പോലുള്ള അന്ധ വിശ്വാസങ്ങളില്‍ ഇടുക്കിക്കാരന് തീരെ വിശ്വാസമില്ല. എന്നാലും ഇന്നത്തെ ദിവസം... എന്റമ്മോ... അറിയാതെ ചോദിച്ചു പോവാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്.

ഒക്കെ തുടങ്ങുന്നത് രാവിലത്തെ കുളിയോടെയാണ്. എല്ലാ ദിവസവും ആദ്യം കുളിക്കുന്ന ഞാന്‍ ഇന്ന് അവസാനം ആയിപ്പോയി. ലക്സ് സോപ്പ് നന്നായി പതച്ചു നില്‍ക്കുമ്പോളാണ് പണ്ടാരമടങ്ങാന്‍ വെള്ളം തീര്‍ന്നത്. റൂമിലാനെങ്കില്‍ വേറെ ആരും ഇല്ല. ഭിത്തിയില്‍ ഇരുന്നു അത്രയും നേരം എന്റെ കുളി സീന്‍ കണ്ടു കൊണ്ടിരുന്ന പല്ലി 'നിനക്ക് അങ്ങനെ തന്നെ വേണമെടാ' എന്ന അര്‍ഥത്തില്‍ ഒരു നോട്ടം. പല്ലിയെ പറഞ്ഞിട്ട് കാര്യമില്ല. എന്നും കുളിക്കാന്‍ കയറുമ്പോള്‍ അതിന്റെ മേത്ത് രണ്ടു കപ്പ്‌ വെള്ളം എങ്കിലും ഒഴിച്ചു ശല്യപ്പെടുത്തുന്നതല്ലേ.

പിന്നെ എന്ത് ചെയ്യാനാ... 'ചോട്ടാ മുംബൈയില്‍ ' സിദ്ദിക്കിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് പോലെ ദേഹം നിറയെ സോപ്പ് പതയുമായി വീടിനു പുറത്തിറങ്ങി മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

താമസിച്ചു പോയതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ്‌ ഫാസ്റ്റാക്കാം എന്ന് കരുതിയാണ് ഹൈകോര്‍ട്ട് ബസ് സ്റൊപ്പിനു പിറകിലുള്ള തട്ട് കടയില്‍ പോയത്. പഴം ബോളിയും ചായയും കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍. എന്നെ കണ്ടതും ' ഡാ രാജേഷേ...' എന്ന് വിളിച്ചു അടുത്തേക്ക്‌ വന്നു.

രാജേഷോ...?

എന്റെ പേര് എപ്പോഴാണോ മാറ്റിയത്... ഞാന്‍ അറിഞ്ഞില്ലല്ലോ
പാവം ആള് മാറിയതാവും.
'അതേയ് ചേട്ടാ.. ഞാന്‍ രാജേഷ്‌ അല്ല. '
പുള്ളി ഒന്നും മിണ്ടാതെ നിന്നു
ഒരു കഞ്ചാവ് അടിക്ടിന്റെ എല്ലാ ലുക്കും ഉണ്ട്.
പെട്ടന്നാണ് പുള്ളി തന്റെ സ്വഭാവം ഇറക്കിയത്.
'ഒരു അമ്പതു രൂപ തന്നെടാ രാജേഷേ...'
'ചേട്ടാ ഞാന്‍ രാജേഷ്‌ അല്ലെന്നു പറഞ്ഞില്ലേ...?'
വീണ്ടും മൌനം
'എന്നാല്‍ ഒരു പത്തു രൂപ താടാ...'
'സോറി എന്റെ കയ്യില്‍ ഇല്ല..'
'ഒരു പത്തു രൂപ തരാത്ത നീ എന്ത് സുഹൃത്താടാ'
അയാളുടെ അലര്‍ച്ച കേട്ട് അവിടെ നിന്നിരുന്ന എല്ലാവരും തിരിഞ്ഞു നോക്കി.
ഞാന്‍ ഒന്നും മിണ്ടാതെ പഴം വിഴുങ്ങിയപോലെ നിന്നും. സത്യം പറഞ്ഞാല്‍ വായിലിരുന്ന പഴം ബോളി ചവയ്ക്കാതെ തന്നെ ഇറങ്ങി പോയി
വീണ്ടും മൌനം
'അഞ്ചു രൂപ...'
പിച്ചക്കാരന്‍... ഉണ്ടായിരുന്ന അഞ്ചു രൂപ കൊടുത്ത് ഒഴിവാക്കി. അതും വാങ്ങി അയാള്‍ പോയി.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കുമ്പോള്‍ കടക്കാരന്‍ ചോദിച്ചു.
'സാറിനൊന്നും വേറെ പണിയില്ലേ. അവന്‍ ഇവിടുത്തെ നമ്പര്‍ വണ്‍ കണ്ചാവാ. ഇതവന്റെ സ്ഥിരം പരിപാടിയാ.'
'തെണ്ടീ... അത് അപ്പൊ പറഞ്ഞു കൂടാരുന്നോ... നാണം കേട്ടത് മിച്ചം.’
അങ്ങനെ ഓഫിസിലേക്ക്
അവിടെ നല്ല തിരക്കുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
ഓഫിസിലെ പണി ഒരു വിധം തീര്‍ത്ത്‌ സര്‍വ റിലെയും പോയി ആണ് പോണേക്കര ബസില്‍ കയറിയത്.
പതിവില്ലാതെ ഏറ്റവും ബാക്കില്‍ സീറ്റ് കിട്ടി.
വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് എന്റെ അടുത്തിരുന്ന ഒരു മൊട്ട തലയന്‍ എന്റെ കയ്യിലെ സൊനാറ്റ വാച്ചിലേക്കും അയാളുടെ കയ്യിലെ വാച്ചിലേക്കും മാറി മാറി നോക്കുന്നത് ശ്രദ്ധിച്ചത്.
ഞാന്‍ അയാളെ നോക്കി എന്ന് മനസിലായപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി. തമിഴ് കലര്‍ന്ന ഇംഗ്ലിഷില്‍
‘Good that you are using an Indian watch…’
ഞാന്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.
‘I am also using Indian watch”
‘That’s very good’
ഞാന്‍ പറഞ്ഞു.
‘തമ്പീ നാന്‍ എതുക്ക്‌ ഇന്ത്യന്‍ വാച് യൂസ് പണ്ണത് എന്ന് ഉനക്ക് തെരിയുമാ. .?’
ഞാന്‍ ഒന്നും മിണ്ടിയില്ല
ഇയാള്‍ക്ക് അല്പം ലൂസ് ഉണ്ടോ എന്ന് ഒരു ഡൌട്ട്
'എന്നുടെ ബ്രദര്‍ എനക്ക് അമേരിക്കാവില്‍ നിന്ത് ഒരു വാച്ച് ഗിഫ്റ്റ് പണ്ണിയാച്ച്. ആനാല്‍ അതുക്കുല്ലേ
അമേരിക്കന്‍ ടൈം മട്ടും ഇറുക്ക്‌. '
'കര്‍ത്താവേ... അതെന്തു വാച്ച്"
'ആനാല്‍, ഇന്ത്യന്‍ വാച്ചില്‍ ഇന്ത്യന്‍ ടൈം മട്ടും ഇരുക്ക്‌ '
കര്‍ത്താവേ... ഇയാള്‍ക്ക് മുട്ടന്‍ പ്രാന്താ
കുറച്ചു നേരം അയാളെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു.
പുള്ളി വിടുന്നില്ല. ലോകത്തിലുള്ള സര്‍വതിനെയും പറ്റി ഈ യാത്രയില്‍ സംസാരിക്കും എന്ന് തോന്നി.
പക്ഷെ ഇതൊരുമാതിരി വട്ട്
കലൂര്‍ സ്ടാന്റില്‍ എന്റെ അടുത്തിരുന്ന മറ്റൊരാള്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അല്‍പ്പം നീങ്ങിയിരുന്ന് എന്റെയും ആ വട്ടന്റെയും ഇടയില്‍ ഇരിക്കാന്‍ ഒരാളെ ക്ഷണിച്ചു. അയാള്‍ പറഞ്ഞു
'അവിടെ ഇരിക്കുന്നതിലും ഭേദം നില്ക്കുന്നതാ...'
അയാള്‍ പറഞ്ഞത് ന്യായം
മൊബൈല്‍ എടുത്തു എസ് എം എസ് വായിച്ചുകൊണ്ടിരുന്നു. എന്നിട്ടും അയാള്‍ വിടുന്നില്ല. ഒബാമയെ പറ്റി എന്തൊക്കെയോ പുലമ്പുന്നു. പണ്ടാരം അടങ്ങാന്‍ ഇയാള്ക്കൊന്നു മിണ്ടാതിരുന്നു കൂടെ.
സഹിക്കാനാവാതെ ഞാന്‍ കണ്ണടച്ചിരുന്നു. ഒറ്റ ഇടിക്കു അയാളുടെ ചാമ്പങ്ങാ മൂക്ക് തകര്‍ക്കാനുള്ള കലി വരുന്നുണ്ട്.
ഞാന്‍ കണ്ണടച്ചതു കണ്ടാവാം അയാള്‍ അയാളുടെ ഇടതു വശത്തിരുന്ന ആളുടെ നേരെ തിരിഞ്ഞു.
'എച്ച് എം ടി വാച്ചാണ്‌ ലോകത്തിലെ ഏറ്റവും നല്ല വാച്ച് '
അയാള്‍ ഒന്നും മിണ്ടിയില്ല
ഇനി അവരായി അവരുടെ പാടായി എന്ന് കരുതി ഞാന്‍ കണ്ണടച്ചിരുന്നു
വലിയ ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോള്‍ നമ്മുടെ വട്ടന്റെ കോളറിനു പിടിച്ചു വലിക്കുകയാണ്‌ മറ്റെയാള്‍.
'ഡ്രൈവര്‍ വണ്ടി നിര്‍ത്തൂ...'
അയാളുടെ അലര്‍ച്ച കേട്ട് വണ്ടി നിന്നു.
ആ മാന്യദേഹം വട്ടന്റെ കോളറിനു പിടിച്ചു വണ്ടിയില്‍ നിന്നും വലിച്ചിറക്കി. അയാള്‍ തിരിച്ചു ബസില്‍ കയറി വണ്ടി പോട്ടെ എന്ന് പറഞ്ഞു. വണ്ടി നീങ്ങി.
'മനുഷ്യന്റെ ചെവി തിന്നുന്നതിനും ഒരതിരില്ലേ...'
ആരും ഒന്നും മിണ്ടിയില്ല
വട്ടന്‍ അപ്പോഴും വഴിയില്‍ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
എന്തായാലും ഇന്ന് സംഭവബഹുലമായ ഒരു ദിവസം തന്നെ ആയിരുന്നു
കണി കണ്ടതിന്റെ ആണോ ആവോ...!!

Sunday, November 28, 2010

സിനിമാ നിരൂപണം: ഗുസാരിഷ്

ഗുസാരിഷ് കണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് കൂട്ടുകാര്‍ മിക്കവരും പറഞ്ഞത്. ഹൃതിക് റോഷന്റെ കഴിഞ്ഞ പടം കൈറ്റ്സ് അത്ര അങ്ങ് വിജയിക്കാത്തത് ആവാം കാരണം. എന്തായാലും കണ്ടു കളയാം എന്ന് കരുതിയാണ് എറണാകുളം ശ്രീധര്‍ തിയേറ്ററില്‍ സെക്കണ്ട് ഷോ കാണാന്‍ പോയത്. ബാല്‍ക്കണിയില്‍ പത്തോ ഇരുപതോ പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ഇരുന്ന ഫസ്റ്റ് ക്ലാസ് സര്‍ക്കിളില്‍ ഞാന്‍ അടക്കം എട്ടു പേര്‍. അങ്ങനെ പടം തുടങ്ങി.


പ്രമേയം


യൂതനേസിയ അഥവാ ദയാവധം: ഇതാണ് ഈ സിനിമയുടെ പ്രമേയം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആണോ ഈ പ്രമേയം എന്ന് സംശയമുണ്ട്‌. പ്രശസ്തനായ ഒരു മജീഷ്യന്‍ ആയിരുന്ന ഈതന്‍ (ഹൃതിക് റോഷന്‍)ഒരുആക്സിടന്റില്‍ പെട്ട് ശരീരം തളര്‍ന്നു കിടപ്പിലായ വ്യക്തിയാണ്. അയാളെ പരിചരിക്കുന്ന നഴ്സ് ആയി സോഫിയ (ഐശ്വര്യാ റായി ബച്ചന്‍).അപകടത്തില്‍ കഴുത്തിനു കീഴെ ചലനശേഷി നഷ്ടപ്പെട്ടു എങ്കിലും അംഗവൈകല്യം ഉള്ള മറ്റു ആളുകള്‍ക്ക് പ്രചോദനമായി ഷോകളും സ്വന്തമായി ഒരു റേഡിയോ സ്റെഷനും നടത്തുന്നു.


പതിനാലു വര്‍ഷമായി ചികിത്സകള്‍ തേടിയിട്ടും, ഇനിയും ഒരു പുരോഗതിയും ഇതില്‍ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധി എഴുതിയ അവസ്ഥയില്‍ ഈതന്‍ മരണം ആഗ്രഹിക്കുന്നു. തന്റെ സഹനത്തിന് ഒരു അറുതി ഉണ്ടാവാന്‍ വേണ്ടി ഈതന്‍ തന്റെ സുഹൃത്തും അഭിഭാഷകയുമായ ഷെര്‍നാസ് വഴി കോടതിയെ സമീപിക്കുകയാണ്. തുടര്‍ന്ന് നടക്കുന്ന വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും ആണ് ഈ സിനിമയുടെ ഇതിവൃത്തം


അഭിനയം


ബോളിവുഡില്‍ ഡാന്‍സിന്റെ രാജകുമാരന്‍ ആയ ഹൃതിക് റോഷന്‍ ശരീരം തളര്‍ന്ന ആളായി ആണ് അഭിനയിക്കുന്നതെങ്കിലും അല്പം ഡാന്‍സും ഈ സിനിമയിലുണ്ട്. ഹൃതിക്കിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ഗുസാരിഷ്. നഴ്സ് ആയി അഭിനയിച്ച ഐശ്വര്യാ റായിയും അഭിനയ മികവു പുലര്‍ത്തി. കണ്ണുകളിലും മുഖത്തും വിരിയുന്ന ഭാവങ്ങള്‍ പലപ്പോഴും ടയലോഗുകളെ കടത്തിവെട്ടുന്നവയാണ്. ഡോക്ടര്‍, വക്കീല്‍, ഹൃതിക്കിന്റെ ശിഷ്യന്‍, തുടങ്ങി എല്ലാ നടീ നടന്മാരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


മൊത്തത്തില്‍


സിനിമ എന്നാല്‍ ഇടി, പാട്ട്, സെക്സ് എന്നൊക്കെ കരുതുന്നവര്‍ക്ക് ഈ സിനിമ പറ്റില്ല. കാരണം ഇതില്‍ ഇടി ഇല്ല, സെക്സ് ഇല്ല, ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല. നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും ഈ സിനിമയെ ഇഷ്ടപ്പെടും


നന്നായി ചിത്രീകരിച്ച സിനിമ എന്നതിലുപരി, യൂത്തനേഷിയ (ദയാവധം) എന്ന വിഷയത്തിന്റെ ധാര്‍മികതയെ പറ്റി ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ. ജീവിക്കാനുള്ള അവകാശവും അധികാരവും ഒരു മനുഷ്യനുള്ളത് പോലെ, മരിക്കാനും അവകാശം ഉണ്ടോ എന്ന് ഈ സിനിമ അവലോകനം ചെയ്യുന്നു. വൈദ്യ ശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയില്‍, സ്വന്തം വേദനകളെ മറക്കാന്‍, ഒരു രോഗി സ്വമനസ്സാല്‍ പൂര്‍ണ ബുദ്ധിയോടെ ആഗ്രഹിച്ചാല്‍, അതിനെ നിയമം മൂലം തടയേണ്ടതുണ്ടോ എന്ന ചിന്താശകലം പ്രേക്ഷകന്റെ മനസിലേക്ക് ഇട്ടുതരികയാണ് സഞ്ജയ്‌ ലീല ഭന്‍സാലി. ദയാവധത്തെ ശക്തമായി എതിര്‍ക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ ഒരു മിനിറ്റ് പെട്ടിയില്‍ അടച്ചു തന്റെ സഹനത്തിന്റെ കാഠിന്യം മനസിലാക്കി കൊടുക്കുന്ന സീന്‍ വളരെ ഹൃദ്യമാണ്. ദയാവധത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഉള്ള കത്തോലിക്കാ സഭയും, മറ്റു സംഘടനകളും ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു

Friday, November 5, 2010

ഒരു പൌരബോധത്തിന്റെ ഓര്‍മയ്ക്ക്

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഇടുക്കിക്കാരന്‍. ഹൈകോര്‍ട്ട് ജങ്ങ്ഷനില്‍ റോഡ്‌ ക്രോസ് ചെയ്തു കഴിഞ്ഞപ്പോളാണ് അത് കണ്ടത്. അപ്പുറത്ത് ഫുട്പാത്തില്‍ നിന്ന ഒരു പാവം വല്യപ്പന്‍ തല കറങ്ങി ഒറ്റ വീഴ്ച്ച

‘ഡും’

വീണു കിടന്ന അദ്ദേഹത്തെ മകന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ എടുത്തുയര്‍ത്താന്‍ നോക്കുന്നുണ്ട്, പക്ഷെ നടക്കുന്നില്ല.

വഴിയെ പോകുന്നവരെല്ലാം അത് നോക്കിയ ശേഷം നടന്നു പോകുന്നു

പൌരബോധമില്ലാത്ത മലയാളീസ്

ഇവരുടെ ഒക്കെ അച്ഛനാണ് ഇങ്ങനെ കിടക്കുന്നതെങ്കിലോ...

പണ്ടേ പൌരബോധം അല്പം കൂടുതലായ ഇടുക്കിക്കാരന്‍ അവരുടെ അടുത്തേക്ക്‌ ചെന്നു മകനോട്‌ ചോദിച്ചു

'എന്ത് പറ്റി ചേട്ടാ...?'

'തല കറങ്ങി വീണു'

'എവിടാ വീട്...?'

'വൈപ്പിന്‍'

അത്രയും ചോദിച്ചതിനാല്‍ ആവണം, അയാള്‍ എന്നോട് ചോദിച്ചു

'ഒരു ഓട്ടോ വിളിച്ചു തരുമോ?'

'അതിനെന്താ'

ഓട്ടോ സ്റ്റാന്‍ഡില്‍ ഭീമന്‍ രഘു പോലെ ഒരു ഡ്രൈവര്‍.

'ചേട്ടാ ഒന്ന് വൈപ്പിന്‍ വരെ പോകണം'

അയാള്‍ എന്നെ അടിമുടി ഒന്ന് നോക്കി

'എനിക്കല്ല, അവിടെ ഒരാള്‍ തല കറങ്ങി വീണു. കൂടെ ഒരാളൂടെ ഉണ്ട്.'

അത് കേട്ടപ്പോഴേ അയാള്‍ക്ക്‌ ഒരു മടി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ എന്റെ കൂടെ വന്നു.

തിരിച്ചെത്തി ഞാനും മറ്റെയാളും കൂടി അയാളെ എടുത്തുയര്‍ത്താന്‍ നോക്കി
കണ്ണടച്ചു കിടന്നിരുന്ന അയാള്‍ കണ്ണുകള്‍ പാതി തുറന്നു

' ഏതു പൂ*** മോനാടാ എന്നെ പോക്കുന്നെ...?'

അയാളുടെ ശബ്ദം ഹൈക്കോടതിയെ വരെ പ്രകമ്പനം കൊള്ളിച്ചു

'നീയൊക്കെ എന്നെ ഒരു മൈ*** ഉം കാണിക്കില്ല'

ഈശ്വരോ....!!!
പാമ്പിനെയാണോ എടുത്തു തലയില്‍ വച്ചത്....!!

അപ്പന്‍ തനി സ്വഭാവം ഇറക്കിയപ്പോള്‍ മകന്‍ വളിച്ച ഒരു ഇളി പാസാക്കി

അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിരുന്നു. തല ഉയര്‍ത്തി നോക്കിയ ഞാന്‍ കണ്ടത് എനിക്ക് ചുറ്റും ജനസാഗരം...!!

ഇത്രയും നേരം ഇല്ലാതിരുന്ന ഈ തെണ്ടികള്‍ ഒക്കെ എവിടുന്നു വന്നു. അല്ലേലും അയാളുടെ ഒച്ച അത്രയ്ക്കും ആയിരുന്നല്ലോ.

ആള് ചത്തു കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല. ആരെങ്കിലും ഇടപെട്ടു എന്ന് മനസ്സിയാലാല്‍ പിന്നെ കാഴ്ച കാണാന്‍ വട്ടം കൂടി നില്‍ക്കും. എന്തൊരു ജനത...

മകന്‍ അച്ഛനെ ഓട്ടോയില്‍ കയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. നടന്നില്ല
അയാളുടെ തെറിയും ബഹളവും കണ്ടു ആളുകള്‍ രസിക്കുകയാണ്. കഷ്ടകാലത്തിന് ഞാനതില്‍ പെട്ടും പോയി.

ഇത്രയും ആയപ്പോള്‍ ഓട്ടോക്കാരന്‍ ഇറങ്ങി എന്നോട് ചൂടായി

'താന്‍ വിളിച്ചിട്ടല്ലേ ഞാന്‍ വന്നത്. ഇങ്ങനെ ഉള്ള പുലിവാലുകളെ ഒക്കെ കയറ്റാനാണോ താന്‍ എന്നെ വിളിച്ചത്?'

ഞാന്‍ ഒന്നും മിണ്ടിയില്ല

'എനിക്ക് വേറെ രണ്ടു നല്ല ഓട്ടം വന്നതാ...നീ കാരണം എല്ലാം പോയി. എന്റെ ടൈം കളഞ്ഞത്നു പത്തു രൂപ എടുക്കടാ'

ഓട്ടോക്കാരന്‍ അലറി

വേഗം പത്തു രൂപ എടുത്ത് കൊടുത്തിട്ട് അവിടുന്ന് മുങ്ങി. പോണ വഴിയില്‍ ഒരു ഓഞ്ഞ വക്കീല്‍ ചോദിക്കുവാ

'ആരാ അത് അച്ഛനാണോ...?

'ഫ്ഫ പന്ന നാറീ... എന്റെ അപ്പന്‍ ഇങ്ങനെ ഒന്നും അല്ലടാ...' എന്ന് പറയണമെന്ന് തോന്നി. ഒന്നും മിണ്ടിയില്ല

അതിലെ പോയ പെണ്‍പിള്ളേരൊക്കെ നോക്കി ചിരിക്കുന്നു

അല്ലേലും ഇന്നത്തെ കാലത്ത് ഒരു ഉപകാരം ചെയ്യാമെന്ന് വച്ചാല്‍ ഇങ്ങനെയാ.