Sunday, November 28, 2010

സിനിമാ നിരൂപണം: ഗുസാരിഷ്

ഗുസാരിഷ് കണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് കൂട്ടുകാര്‍ മിക്കവരും പറഞ്ഞത്. ഹൃതിക് റോഷന്റെ കഴിഞ്ഞ പടം കൈറ്റ്സ് അത്ര അങ്ങ് വിജയിക്കാത്തത് ആവാം കാരണം. എന്തായാലും കണ്ടു കളയാം എന്ന് കരുതിയാണ് എറണാകുളം ശ്രീധര്‍ തിയേറ്ററില്‍ സെക്കണ്ട് ഷോ കാണാന്‍ പോയത്. ബാല്‍ക്കണിയില്‍ പത്തോ ഇരുപതോ പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ഇരുന്ന ഫസ്റ്റ് ക്ലാസ് സര്‍ക്കിളില്‍ ഞാന്‍ അടക്കം എട്ടു പേര്‍. അങ്ങനെ പടം തുടങ്ങി.


പ്രമേയം


യൂതനേസിയ അഥവാ ദയാവധം: ഇതാണ് ഈ സിനിമയുടെ പ്രമേയം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആണോ ഈ പ്രമേയം എന്ന് സംശയമുണ്ട്‌. പ്രശസ്തനായ ഒരു മജീഷ്യന്‍ ആയിരുന്ന ഈതന്‍ (ഹൃതിക് റോഷന്‍)ഒരുആക്സിടന്റില്‍ പെട്ട് ശരീരം തളര്‍ന്നു കിടപ്പിലായ വ്യക്തിയാണ്. അയാളെ പരിചരിക്കുന്ന നഴ്സ് ആയി സോഫിയ (ഐശ്വര്യാ റായി ബച്ചന്‍).അപകടത്തില്‍ കഴുത്തിനു കീഴെ ചലനശേഷി നഷ്ടപ്പെട്ടു എങ്കിലും അംഗവൈകല്യം ഉള്ള മറ്റു ആളുകള്‍ക്ക് പ്രചോദനമായി ഷോകളും സ്വന്തമായി ഒരു റേഡിയോ സ്റെഷനും നടത്തുന്നു.


പതിനാലു വര്‍ഷമായി ചികിത്സകള്‍ തേടിയിട്ടും, ഇനിയും ഒരു പുരോഗതിയും ഇതില്‍ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധി എഴുതിയ അവസ്ഥയില്‍ ഈതന്‍ മരണം ആഗ്രഹിക്കുന്നു. തന്റെ സഹനത്തിന് ഒരു അറുതി ഉണ്ടാവാന്‍ വേണ്ടി ഈതന്‍ തന്റെ സുഹൃത്തും അഭിഭാഷകയുമായ ഷെര്‍നാസ് വഴി കോടതിയെ സമീപിക്കുകയാണ്. തുടര്‍ന്ന് നടക്കുന്ന വാദപ്രതിവാദങ്ങളും പ്രതികരണങ്ങളും ആണ് ഈ സിനിമയുടെ ഇതിവൃത്തം


അഭിനയം


ബോളിവുഡില്‍ ഡാന്‍സിന്റെ രാജകുമാരന്‍ ആയ ഹൃതിക് റോഷന്‍ ശരീരം തളര്‍ന്ന ആളായി ആണ് അഭിനയിക്കുന്നതെങ്കിലും അല്പം ഡാന്‍സും ഈ സിനിമയിലുണ്ട്. ഹൃതിക്കിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായിരിക്കും ഗുസാരിഷ്. നഴ്സ് ആയി അഭിനയിച്ച ഐശ്വര്യാ റായിയും അഭിനയ മികവു പുലര്‍ത്തി. കണ്ണുകളിലും മുഖത്തും വിരിയുന്ന ഭാവങ്ങള്‍ പലപ്പോഴും ടയലോഗുകളെ കടത്തിവെട്ടുന്നവയാണ്. ഡോക്ടര്‍, വക്കീല്‍, ഹൃതിക്കിന്റെ ശിഷ്യന്‍, തുടങ്ങി എല്ലാ നടീ നടന്മാരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.


മൊത്തത്തില്‍


സിനിമ എന്നാല്‍ ഇടി, പാട്ട്, സെക്സ് എന്നൊക്കെ കരുതുന്നവര്‍ക്ക് ഈ സിനിമ പറ്റില്ല. കാരണം ഇതില്‍ ഇടി ഇല്ല, സെക്സ് ഇല്ല, ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ ഇല്ല. നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ തീര്‍ച്ചയായും ഈ സിനിമയെ ഇഷ്ടപ്പെടും


നന്നായി ചിത്രീകരിച്ച സിനിമ എന്നതിലുപരി, യൂത്തനേഷിയ (ദയാവധം) എന്ന വിഷയത്തിന്റെ ധാര്‍മികതയെ പറ്റി ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ. ജീവിക്കാനുള്ള അവകാശവും അധികാരവും ഒരു മനുഷ്യനുള്ളത് പോലെ, മരിക്കാനും അവകാശം ഉണ്ടോ എന്ന് ഈ സിനിമ അവലോകനം ചെയ്യുന്നു. വൈദ്യ ശാസ്ത്രത്തിനു ഇനി ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയില്‍, സ്വന്തം വേദനകളെ മറക്കാന്‍, ഒരു രോഗി സ്വമനസ്സാല്‍ പൂര്‍ണ ബുദ്ധിയോടെ ആഗ്രഹിച്ചാല്‍, അതിനെ നിയമം മൂലം തടയേണ്ടതുണ്ടോ എന്ന ചിന്താശകലം പ്രേക്ഷകന്റെ മനസിലേക്ക് ഇട്ടുതരികയാണ് സഞ്ജയ്‌ ലീല ഭന്‍സാലി. ദയാവധത്തെ ശക്തമായി എതിര്‍ക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ ഒരു മിനിറ്റ് പെട്ടിയില്‍ അടച്ചു തന്റെ സഹനത്തിന്റെ കാഠിന്യം മനസിലാക്കി കൊടുക്കുന്ന സീന്‍ വളരെ ഹൃദ്യമാണ്. ദയാവധത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഉള്ള കത്തോലിക്കാ സഭയും, മറ്റു സംഘടനകളും ഈ വിഷയത്തില്‍ ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു

3 comments:

  1. കാണണമെന്നുണ്ട്...

    ReplyDelete
  2. Thanks Sree...
    നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും . തിരക്കഥ, പാലേരി മാണിക്ക്യം എന്നീ പടങ്ങള്‍ പോലെ തോന്നി...ഒരു രഞ്ജിത് ടൈപ്

    ReplyDelete