Friday, January 17, 2014

ഒരു പാമ്പു പിടുത്തത്തിന്റെ കഥ

പാമ്പ് പിടിക്കുക അഥവാ നാട്ടിൽ പ്രത്യക്ഷപ്പെട്ട പാമ്പിനെ തല്ലി കൊല്ലുക എന്നത് ഞങ്ങളുടെ നാട്ടിൽ ഒരു കലയാണ്‌. ഒരു പാമ്പിനെ കാണുമ്പോൾ "അയ്യോ പാമ്പേ " എന്ന് ഏതെങ്കിലും സ്ത്രീ വിളിച്ചു കൂവും. അത് കേട്ട് നാട്ടിലെ ഹീറോ ആയ ആരെങ്കിലും കയ്യിൽ കിട്ടിയ വടിയുമായി ഓടി എത്തി അതിനെ തല്ലി കൊല്ലുന്നു. ഒരു പാമ്പിനെ കൊല്ലുന്നതിനു അപാരമായ ധൈര്യം ഉണ്ടാവണമല്ലോ. അതിനാൽ തന്നെ ഈ പാമ്പ് പിടിക്കുന്ന നാട്ടുകാരായ ചേട്ടന്മാർ എന്നും എന്റെ മനസിലെ ഹീറോസ് ആയിരുന്നു.

ഇതുപോലെ പാമ്പിനെ കൊന്നു ഹീറോ ആകണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും അതിനുള്ള ധൈര്യം കുറവായതിനാൽ ചെറുപ്പത്തിൽ അതിനു മുതിർന്നില്ല. പാമ്പ് ചത്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ ഒരു വടി എടുത്ത് അതിനിട്ടു അഞ്ചാറു അടി അടിക്കും. ലേറ്റ് ആയി പാമ്പിനെ കാണാൻ വന്നവർ ഞാൻ ആണ് പാമ്പിനെ കൊന്നത് എന്ന് തെറ്റി ധരിച്ചോട്ടെ എന്ന ദുരുദ്ദേശം തന്നെ ആയിരുന്നു.

പിന്നീട് അൽപം കൂടി മുതിർന്നപ്പോൾ അത്യാവശ്യം ചേര, വളപളപ്പൻ തുടങ്ങിയ ഗാന്ധിയന്മാരായ പാമ്പുകളെ കൊല്ലാൻ ചാൻസ് കിട്ടുകയും ക്രമേണ ഞാൻ വലിയ ഒരു പാമ്പ് പിടുത്തക്കാരൻ ആണെന്ന് വിചാരിച്ചു കോൾമയിർ കൊള്ളാനും തുടങ്ങി.

പിന്നീട് ഒരിക്കൽ ബാംഗ്ലൂർ സെമിനാരിയിൽ ആയിരുന്ന സമയം. ഞാൻ അറിയപ്പെടുന്ന ഒരു വാവ സുരേഷ് ആണെന്നാണ്‌ ഞാൻ മറ്റുള്ളവരോട് പറഞ്ഞു വച്ചിരിക്കുന്നത്. ഇതൊന്നു തെളിയിക്കാൻ 'ചെറിയ' പാമ്പുകളെ ഒന്നും അവിടെ കാണാനും ഇല്ല. അങ്ങനെ ഇരിക്കെ ഞങ്ങൾക്ക് ഒരു സ്പെഷ്യൽ ക്ലാസ് നടക്കുന്ന സമയം. ബാംഗ്ലൂർ കാരി ആയ ഒരു ടീച്ചർ ആണ് ക്ലാസ് എടുക്കുന്നത്. എന്തോ ശബ്ദം കേട്ട് ക്ലാസ് റൂമിൽ നിന്നും പുറത്തേക്ക്‌ നോക്കിയ ഞങ്ങൾ കണ്ടത് ഒരു പാമ്പിന്റെ പുറകെ ഓടുന്ന കുറെ പേരെ ആണ്. കിച്ചണിൽ ജോലി ചെയ്യുന്ന തമിഴന്മാർ ആണ്.

ഹീറോയിസം തെളിയിക്കാൻ പറ്റിയ സമയം. ടീച്ചറിനോട് അനുവാദം ചോദിച്ച് ഞാൻ സ്പോട്ടിൽ എത്തി. കയ്യിൽ കിട്ടിയ ഒരു വടിയുമായി ഞാനും പാമ്പിന്റെ പിറകെ വച്ചു പിടിപ്പിച്ചു. ഇത് കണ്ട് അവരിൽ ഒരാൾ പറഞ്ഞു

"ബ്രദർ അത് മൂർഖനാ. പോകണ്ട"

"ഒന്ന് പോയാ.....നിനക്കൊക്കെ പാമ്പിനെ പറ്റി എന്തറിയാം...? മൂർഖൻ അല്ല രാജവെമ്പാല ആയാലും ഞാൻ ഇന്ന് അതിനെ കൊന്നിട്ടെ ഉള്ളു."

പാമ്പ് കരിയിലക്കിടയിൽ ഒന്ന് സ്റ്റോപ്പ്‌ ചെയ്ത സമയം നോക്കി ഞാൻ ഒരു അടി അടിച്ചു.

എല്ലാം സംഭവിച്ചത് പെട്ടന്നായിരുന്നു....

അടി കൊണ്ടോ ഇല്ലയോ എന്നറിയില്ല പാമ്പ്‌ കിടന്ന കിടപ്പിൽ മുകളിലേക്ക് ഉയർന്ന് എന്റെ നേരെ ഒരു ചീറ്റൽ

അപ്രതീക്ഷിതമായി സംഭവിച്ചത് കൊണ്ട് ഞാൻ പേടിച്ച് പുറകോട്ട് മാറി. പക്ഷെ ചവിട്ടിയത് ഒരു കല്ലിന്റെ മുകളിൽ ആയത്  കൊണ്ട് കറങ്ങി ചക്ക വീഴുന്ന പോലെ നിലത്തേക്ക് ഒരു വീഴ്ച്ച

കിടന്ന കിടപ്പിൽ നോക്കിയപ്പോൾ കണ്ടത് എന്നെ നോക്കി ചിരിക്കുന്ന തമിഴന്മാരെ.

പാമ്പ്‌ അതിന്റെ വഴിക്കും പോയി

ഇനി ക്ലാസ്സിൽ ഉള്ളവർ കണ്ടുകാണില്ല എന്ന് കരുതി അങ്ങോട്ട്‌ നോക്കിയപ്പോൾ ഹൃദയം തകർന്നു പോയി

ടീച്ചർ അടക്കം എല്ലാവരും ജനലിൽ കൂടി നോക്കി നിൽക്കുന്നു

എന്റെ ഉള്ളിലെ വാവ സുരേഷ് ആവിയായി പോയി

അങ്ങനെ മാനവും, കയ്യിലേയും കാലിലെയും തൊലിയും പോയി

പരിക്ക് ഒക്കെ കഴുകിയ ശേഷം  അപഹാസ്യനായി ക്ലാസിലേക്ക് കയറുമ്പോൾ എന്നെ ദുഖിപ്പിച്ചത് അവരുടെ അടക്കി പിടിച്ച ചിരി ആയിരുന്നില്ല, മറിച്ച് രക്ഷ പെട്ട ആ പാമ്പിനെ ജീവനോടെ പിടിച്ചുകൊണ്ട് വന്ന ആ തമിഴൻ ആയിരുന്നു 

4 comments:

  1. വീഴ്ച്ച കണ്ട പാമ്പ് പോലും ചിരിച്ചോണ്ട് ഇഴഞ്ഞുപോയി!!

    ReplyDelete
  2. good story :)

    ReplyDelete