Tuesday, May 9, 2017

ടിപ്പു

തെക്കിനിയിലെ പേരമരത്തിൽ നിന്ന് പേരക്ക പറിച്ചു തിന്നുന്ന കുരങ്ങനെ നോക്കി ടിപ്പു ശക്തമായി ഒന്നുകൂടി കുരച്ചു. ഇല്ല അവൻ മൈൻഡ് ചെയ്യുന്നു പോലും ഇല്ല...!

യജമാനൻ പറയുന്നത് ശരിയാണ്. താൻ ഒരു കിഴവൻ നായ ആയിരിക്കുന്നു. പഴയ ഉണർവൊന്നും ഇപ്പൊ ഇല്ല. പണ്ടുണ്ടായിരുന്ന നാട് നടുങ്ങുന്ന കുരയും ഇപ്പോൾ ഇല്ല. ഇപ്പോഴും ചുരുണ്ടുകൂടി കിടക്കാൻ മാത്രം തോന്നുന്നു.

എന്നാലും തലേ രാത്രിയിൽ യജമാനൻ ഭാര്യയോട് പറഞ്ഞത് ഓർത്തിട്ട് ടിപ്പുവിനു ഉറക്കമെ വന്നില്ല. തന്നെ കൊന്നുകളയണമെന്നു യജമാനന്റെ ഭാര്യക്കാണ് നിർബന്ധം. നേരെ ചൊവ്വേ കുരക്കാൻ പോലും പറ്റാത്ത ഈ കിഴവൻ നായയെ എന്തിനാണ് വെറുതെ തീറ്റിപോറ്റുന്നതെന്നു...!

പന്ത്രണ്ടാമത്തെ വയസ്സിൽ പുഴയിൽ മുങ്ങിത്താണ യജമാനനെ താൻ കുരച്ചു ബഹളം ഉണ്ടാക്കി ആളെ കൂട്ടി രക്ഷിച്ചതൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരിക്കുന്നു. അല്ലേലും ഓർത്തിരിക്കാനും അവാർഡ് തരാനും താൻ മനുഷ്യൻ അല്ലല്ലോ.

എന്തായാലും ജീവൻ രക്ഷിച്ച ആളെ ഒരു പക്ഷെ കൊല്ലില്ലായിരിക്കും.

രാവിലെ തന്നെ ചുരുട്ടി പിടിച്ച കയറുമായി വരുന്ന യജമാനനെ കണ്ട ടിപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

"പട്ടിക്ക് ചൂലയും ഉണ്ടെന്നു തോന്നുന്നു"

 യജമാനത്തിയുടെ കമന്റ്

"കണ്ടില്ലേ കണ്ണിൽ നിന്ന് വെള്ളം വരുന്നു...!"

കഴുത്തിൽ മുറുകിയ കയറിൽ കിടന്നു പിടക്കുമ്പോളും ഇത് വെറുമൊരു സ്വപ്‌നമാണെന്ന് ടിപ്പു വെറുതെ വിചാരിച്ചു.

No comments:

Post a Comment