Tuesday, October 6, 2009

കാലന്കുട്ടി (Kaalankutty)

കാലന്‍കുട്ടി മറ്റാരുമല്ല, എന്റെ വല്ല്യപ്പനാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് തറപ്പില് ഉലഹന്നാന്‍ മാണി എന്നാണ്. വല്യപ്പന്‍ എന്നാല്‍ എന്റെ അമ്മയുടെ അപ്പന്‍. നേര്യമംഗലം ഊന്നുകള്‍ ഭാഗത്ത് നിന്നും 1960 സില്‍ ഇടുക്കി മലനിരകള്‍ എക്സ്‌പ്ലോര്‍ ചെയ്തു എന്റെ വല്യപ്പനും സംഘവും. കാട്ടാനയോടും കാട്ടുപോത്തിനോടും പോരാടി അവിടെ പൊന്ന്‍, സോറി കുരുമുളകും ഏലവും വിളയിച്ചു.

പതിയെ പതിയെ അക്കാലത്തെ ഏതൊരു ആമ്പിളയെയും പോലെ എന്റെ വല്യപ്പനും കള്ള് കഞ്ചാവ് തുടങ്ങിയ ഭക്ഷണ പദാര്‍തഥങ്ങളോട് സ്നേഹം കാട്ടി തുടങ്ങി. അങ്ങനെ വന്നു വന്നു ഡെയിലി ഒരു പൊതി കഞ്ചാവ് ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ എല്ല് മുറിയെ പണി എടുക്കും. വൈകുന്നേരം മദ്യസേവ കഞ്ചാവ്സേവ തുടങ്ങിയ സേവനങ്ങള്‍ക്ക് ശേഷം മദയാന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ ഒരു വരവുണ്ട്. എന്റെ വല്യപ്പന്‍ ഏകദേശം ആറടി മൂന്നിഞ്ച് പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ചെറിയ മനുഷ്യനാണ്. ആ വരവില്‍ ഇഷ്ടപ്പെടാത്തവരെയൊക്കെ ഓരോ താങ്ങ് താങ്ങും. ബാക്കി ഉള്ളവരെ തെറി വിളിക്കും. അങ്ങനെയാണ് കാലന്കുട്ടി എന്നാ ഓമനപ്പേര് സമ്പാദിച്ചത്. പക്ഷെ ആ പേര് ആരും നേരിട്ട് വിളിച്ചിട്ടില്ല, കാരണം പേടി തന്നെ. അതുകൊണ്ട് ആളുകള്‍ കുട്ടിച്ചേട്ടന്‍ എന്ന് കേള്‍ക്കെയും കാലന്കുട്ടി എന്ന് കേള്‍ക്കാതെയും വിളിച്ചുപോന്നു.

ഒരിക്കല്‍ അദ്ദേഹം കള്ളുകുടി മോര്‍ണിംഗ് ഷിഫ്ററിലേക്ക് മാറ്റി. അക്രമം അതിര് കടന്നപ്പോള്‍ എന്റെ അങ്കിള്‍സ് അദ്ദേഹത്തെ വീടിന്റെ മുറ്റത്ത്‌ ഒരു കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. കട്ടിലില്‍ കെട്ടിയിടപ്പെട്ട വല്യപ്പന്‍ അവിടെ കിടന്നു കൊണ്ട് കെട്ടിയിട്ട മക്കളെയും നാട്ടുകാരെയും ഒക്കെ തെറി വിളിച്ചു.

അപ്പോഴാണ് ഞങ്ങളുടെ ഒരു അയല്‍വാസിയായ സോമന്‍ ചേട്ടന്‍ അങ്ങോട്ട്‌ വന്നത്. നിങ്ങള്ക്ക് ഒരു ഏകദേശ രൂപം കിട്ടാനായി പറയാം, നമ്മുടെ സിനിമാ നടന്‍ കൃഷ്ണന്‍ കുട്ടി നായരെപ്പോലെയാണ് ഈ സോമന്‍ ചേട്ടന്‍. ശുദ്ധ പാവവും വളരെ സ്നേഹം ഉള്ള ആളുമാണ് സോമന്‍ ചേട്ടന്‍ സോമന്‍ ചേട്ടന്‍ അന്നും ഇന്നും ചായക്കട നടത്തുന്നു. കൂടാതെ സോമന്‍ ചേട്ടന് എന്‍റെ അമ്മവീടിന്റെ അടുത്ത് തന്നെയായി ഒരു റബ്ബര്‍ തോട്ടമുണ്ട്. ഫുള്‍ ടൈം ജോബ്‌ ആയി ചായക്കടയും പാര്‍ട്ട്‌ ടൈം ജോബ്‌ ആയി റബ്ബര്‍ തോട്ടവും.

രാവിലെ ഒരു പത്തു പതിനൊന്നു മണി ആയിക്കാണും. റബ്ബര്‍ പാല്‍ എടുക്കാനായി പറമ്പില്‍ വന്ന സോമന്‍ ചേട്ടന്‍ തെറിയും ബഹളവും കേട്ടാണ്‌ അങ്ങോട്ട്‌ വന്നത്. നോക്കിയപ്പോള്‍ കാണുന്നത് തന്‍റെ അയല്‍വാസിയായ കാലന്കുട്ടിയെ അല്ല കുട്ടിച്ചേട്ടനെ അതാ മക്കള്‍ കട്ടിലില്‍ കെട്ടി ഇട്ടിരിക്കുന്നു. സോമന്‍ ചേട്ടന് കാര്യം പിടികിട്ടി. എന്നാലും കുട്ടിച്ചേട്ടനെ ഒന്ന് സോപ്പിടാന്‍ പറ്റിയ സമയം തന്നെ ഇത്.

" എന്ത് പറ്റി കുട്ടിച്ചേട്ടാ?"

"എന്‍റെ സോമാ, ഈ ***** മക്കള്‍ എന്നെ കെട്ടിയിട്ടെടാ..."

ഇതൊന്നും ശ്രദ്ധിക്കാതെ അങ്കിള്‍സ് പറമ്പില്‍ പണിയെടുത്തു കൊണ്ടിരുന്നു.

"ആരാടാ എന്‍റെ കുട്ടിച്ചേട്ടനെ ഇങ്ങനെ കെട്ടിയിട്ടത്‌? "

അങ്കിള്‍മാര്‍ സോമന്‍ ചേട്ടനോട് പറഞ്ഞു

"ചേട്ടാ ആളിന്നിത്തിരെ വയലന്റ് ആണ്. അത്കൊണ്ട് അടുത്ത് പോകണ്ട"

"നീ പോടാ, അതിനു സ്വന്തം തന്തയെ കെട്ടിയിടുകയാണോ ചെയ്യേണ്ടത്‌? "

സോമന്‍ ചേട്ടന്റെ ധാര്‍മിക രോഷം ഉണര്‍ന്നു.

"എടാ സോമാ എന്നെ അഴിച്ചു വിടടാ"

കുട്ടിച്ചേട്ടനെ സോപ്പിടാന്‍ പറ്റിയ സമയമാണ്. "അതിനെന്താ കുട്ടിച്ചേട്ടാ ഞാന്‍ ഇപ്പൊ അഴിച്ചു വിടാം"

അങ്കിള്‍മാര്‍ വീണ്ടും പറഞ്ഞു, " സോമന്‍ ചേട്ടാ വേണ്ടാ, വെറുതെ പണിയാക്കരുത്"

“നിങ്ങള്‍ പോടാ, ഞാന്‍ എന്‍റെ ഫ്രണ്ട് കുട്ടിച്ചേട്ടനെയാ അഴിച്ചു വിടാന്‍ പോകുന്നത്.”

എന്ന് പറഞ്ഞു സോമന്‍ ചേട്ടന്‍ എന്‍റെ വല്യപ്പന്റെ കെട്ടുകള്‍ അഴിച്ചു. സ്വതന്ത്രനായ വല്യപ്പന്‍ കള്ളിന്റെ കെട്ടുവിടാതെ തന്നെ സോമന്‍ ചേട്ടനെ ഒന്ന് തുറിച്ചു നോക്കി. സോമന്‍ ചേട്ടന്‍ ഹരിശ്രീ അശോകന്‍ മോഡല്‍ ഒരു ചിരി ചിരിച്ചു.

പെട്ടന്നാണ് വല്യപ്പന്റെ ഉള്ളിലെ കഞ്ചാവ് ഉണര്‍ന്നത്.

"നായിന്റെ മോനെ നീ ആണല്ലേ എന്നെ കെട്ടി ഇട്ടത്‌?"

സോമന്‍ ചേട്ടന്റെ കണ്ണ് തള്ളിപ്പോയി.

അയ്യോ കുട്ടിച്ചേട്ടാ ഞാനാ അഴിച്ചു വിട്ടത്‌.

" **** മോനെ നിന്നെ ഇന്ന് ഞാന്‍ ശരിയാക്കും"

ഇതും പറഞ്ഞു കൊണ്ട് വല്യപ്പന്‍ മുറ്റത്ത്‌ കിടന്ന ഒരു വിറകു കഷണവുമായി സോമന്‍ ചേട്ടന്റെ നേരെ പാഞ്ഞടുത്തു. അങ്കിള്‍സ് ഓടിയെത്തി വീണ്ടും കഞ്ചാവിന്റെ കെട്ട് വിടുന്നത് വരെ കട്ടിലില്‍ കെട്ടിയിട്ടു.

അന്ന് സോമന്‍ ചേട്ടന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല എന്ന് കേള്‍ക്കുന്നു.

വാല്‍ക്കഷ്ണം: ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന എന്‍റെ വല്യപ്പന്‍ മരിച്ചിട്ട് എട്ടു വര്‍ഷത്തോളമായി. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഈ കഥ സമര്‍പ്പിക്കുന്നു. എന്‍റെ വല്യമ്മ വളരെ സങ്കടത്തോടെ എന്നോട് പറഞ്ഞു തന്ന ഒരു സംഭവമാണ് ഇത്‌. പക്ഷെ എനിക്കിതു രസകരമായി തോന്നി.

Email: idukkikaransimil@gmail.com

കാണാകണ്മണി

Film Review:

സിനിമയുടെ സന്ദേശം:

ഭ്രൂണഹത്യ എന്ന മഹാപാപത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.എത്ര വര്ഷം കഴിഞ്ഞാലും അതിന്റെ ദുശ്ചിന്തകള്‍ മാതാപിതാക്കളെ വേട്ടയാടിക്കൊണ്ടിരിക്കും

സിനിമ മൊത്തത്തില്‍:

വെറുതെ ഒരു ഭാര്യയുടെ വിജയത്തിന് ശേഷം അക്കു അക്ബര്‍ ജയറാം ടീം വീണ്ടും ഒന്നിക്കുന്ന കാണാകണ്മണി തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് മലയാളി പ്രേക്ഷകരെ വരവേല്‍ക്കുന്നത്. കുടുംബനാഥനും architectഉം ആയ റോയി എന്ന കഥാപാത്രത്തെ ജയറാമും, ഭാര്യാ വേഷം പത്മപ്രിയയും അവതരിപ്പിക്കുമ്പോള്‍, മകളായി ബേബി നിവേദിത അനഘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . മിശ്ര വിവാഹിതരായ ഇവര്‍ സുഖകരമായ ജീവിതം നയിക്കുന്നു. അവരുടെ ഒരേ ഒരു മകളാണ് അനഘ.ജയറാം ക്രിസ്ത്യാനിയും പത്മപ്രിയ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമാണ്.ജയറാമിന്റെ തൃശ്ശൂര്‍ക്കാരനായ അച്ഛനായി വിജയരാഘവന്‍ എത്തുമ്പോള്‍ പത്മപ്രിയയുടെ അമ്മയായി സുകുമാരി കസറുന്നു.

സിനിമയുടെ ആദ്യപകുതി അവരുടെ സാധാരണ ജീവിതത്തിലെ കോമഡികള്‍ ഒക്കെയായി മുന്നേറുന്നു. കഥയുടെ തിരിവ് വരുന്നത് അവര്‍ ഫാമിലി ടൂര്‍ പോകാന്‍ തീരുമാനിക്കുന്നതോടെയാണ്. അച്ഛനും അമ്മയും സിംഗപൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങള്‍ തീരുമാനിക്കുമ്പോള്‍ മകള്‍ അവരുടെ ഒരു പഴയ വീട്ടിലേക്കു പോകാന്‍ ശാഠൃം പിടിക്കുന്നു. അവസാനം പിടിവാശിക്കാരിയായ മകളുടെ സന്തോഷത്തിനായി അവര്‍ അടച്ചു പൂട്ടി ഇട്ടിരുന്ന ആ വീട്ടിലെത്തുന്നു. അവിടെ വച്ച് അവര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ. സുരാജ് വെഞ്ഞാറമൂട് ആ വീട്ടിലെ കാര്യസ്ഥനും സ്ഥലവും വീടും നോക്കി നടത്തുന്ന ആളാണ്‌.

GAURI The Unborn എന്ന ഹിന്ദി സിനിമയുടെ remake ആണ് കാണാകണ്മണി. വ്യത്യസ്തമായ ഒരു സിനിമ അനുഭവം പകരാന്‍ അക്കു അക്ബറിന് കഴിയുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്. എന്തായാലും നല്ല ഒരു message കൊടുക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം.

കഥാപാത്രങ്ങള്‍:

എടുത്തു പറയേണ്ട കഥാപാത്രം ബേബി നിവേദിതയാണ്. അവളാണ് ഈ ചിത്രത്തിലെ നായിക. സിനിമാ ഭാവിയിലെ ഒരു വാഗ്ദാനമാണ് നിവേദിത. ഇത്ര അഭിനയ ശേഷിയുള്ള ഒരു ബാലതാരം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ജയറാം കുറെ കാലത്തിനു ശേഷം അല്പം അഭിനയിച്ചത് ഈ ചിത്രത്തിലാണെന്നു തോന്നി. പത്മപ്രിയ സാധാരണ പോലെ നല്ല അഭിനയം കാഴ്ച വച്ചു. ജയറാമിന്റെ അപ്പന്‍ വിജയ രാഘവനും പത്മപ്രിയയുടെ അമ്മ സുകുമാരിയും തമ്മിലുള്ള പോര് തമാശ ജനിപ്പിക്കുന്നു. സുരാജ് ഓവര്‍ ആക്കാതെ കാണിച്ച നമ്പറുകള്‍ തിയേറ്ററില്‍ പൊട്ടിച്ചിരി വിതറി. ബിജു മേനോന്‍ പതിവ് പോലെ maturity ഉള്ള ഒരു കഥാപാത്രം ആയിരുന്നു. പത്മപ്രിയയുടെ അച്ഛന്‍ നെടുമുടി വേണു ആണ് എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം.

Positives:

മലയാള സിനിമയില്‍ വ്യത്യസ്തമായ ഒരു പ്രമേയം കൊണ്ടുവരാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു. മുഖ്യധാരയില്‍ നിന്നും വ്യത്യസ്തമായ ഒരു തീമുമായി ഈ ചിത്രം വരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിച്ച ചിത്രങ്ങള്‍ ഒന്നും ഓണത്തിന് ഇറങ്ങാത്തത് കൊണ്ട് മാത്രമല്ല, കഥയുടെ വ്യത്യസ്തത കൊണ്ട് കൂടി ഈ ചിത്രം ശ്രദ്ധിക്കപ്പെടും. ഭ്രൂണഹത്യയ്ക്കെതിരെയുള്ള സന്ദേശം ഈ ചിത്രം നല്‍കുന്നു. ഈ ചിത്രം കാണുന്ന ദമ്പതികള്‍ ഒരിക്കലും ഭ്രൂണഹത്യ ചെയ്യാന്‍ ഒരുങ്ങില്ല എന്ന്‍ എനിക്ക് തോന്നുന്നു. അബോര്‍ഷന്‍ ചെയ്യുന്നതിന് മുന്‍പ് റോയിയും മായയും ഡോക്ടറെ consult ചെയ്യുന്ന സീനില്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ടു പത്മപ്രിയയുടെ കൈ തട്ടി ഗര്‍ഭ പാത്രത്തിന്റെ ഒരു clay model ഡോക്ടറുടെ മേശയില്‍ നിന്നും വീഴുന്നു. അപ്പോള്‍ അതില്‍ നിന്നും വേര്‍പെട്ട ഭ്രൂണം മേശയില്‍ കിടക്കുന്ന സീന്‍ നല്ല ഒരു creativity ആയി തോന്നി.

Negatives:

Negative ആയി പറയാന്‍ അധികം ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. സിനിമയുടെ സെക്കന്റ്‌ ഹാഫ് അല്പം വലിച്ചു നീട്ടിയത്‌ പ്രേക്ഷകരെ ബോറടിപ്പിക്കും. രണ്ടര മണിക്കൂര്‍ തികയ്ക്കാനായി വലിച്ചു നീട്ടുന്നതിലും നല്ലത് രണ്ടു മണിക്കൂര്‍ കൊണ്ട് പടം തീര്‍ക്കുന്നത് ആയിരുന്നു. സിനിമയുടെ ദൈര്‍ഘൃം അതിന്റെ വിജയത്തിന് ആവശ്യം ഇല്ല എന്ന്‍ 4 ദ പീപ്പിള്‍ എന്ന സിനിമ തെളിയിച്ചതാണ്. പ്രേക്ഷകര്‍ ഇപ്പോഴും നോക്കുന്നത് ബോര്‍ അടിപ്പിക്കാത്ത, പുതിയ തീമുകള്‍ ഉള്ള സിനിമകളാണ്.



ഓണ വാള്

വളരെ കഷ്ടപ്പെട്ട് കിട്ടിയ രണ്ടു ദിവസത്തെ ഓണാവധി കഴിഞ്ഞു തിരികെ എറണാകുളത്തേക്കുള്ള യാത്ര. മൂന്നാം തിയതി ഉച്ചക്കുള്ള ഷിഫ്റ്റില്‍ ആണ്. വീടിനടുത്തുള്ള കീരിത്തോട് എന്ന സ്ഥലത്ത് ബസ്‌ കാത്തു നില്‍ക്കുന്നു. തിരുവോണത്തിന്റെ അടുത്ത ദിവസം ആയതു കൊണ്ട് ബസില്‍ ഇരിക്കാന്‍ സീറ്റ്‌ കിട്ടില്ല എന്ന് ഉറപ്പാണ്‌. രാവിലെ തന്നെ വൃത്തി കെട്ട ഒരു മഴ. നീണ്ട കാത്തിരിപ്പിന് ശേഷം അവസാനം പൌര്‍ണമി ബസ്‌ വന്നു. ഇടിച്ചു കയറി നോക്കിയപ്പോള്‍ നല്ല തിരക്ക്. എന്തായാലും കമ്പിയില്‍ പിടിച്ചു തൂങ്ങി നില്ക്കാന്‍ തീരുമാനിച്ചു. അല്ലാതെ എന്നാ ചെയ്യാനാ?

കട്ടപ്പന മുതല്‍ എറണാകുളം വരെ പോകുന്ന ബസ്‌ ആണ് അത്. പതിവ് പോലെ മലയാളി മങ്കമാര്‍ മത്സരിച്ചു വാള് വയ്ക്കാന്‍ തുടങ്ങി (vomit) ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പതിവാണ്. ഓണ ദിവസം ചേട്ടന്മാര്‍ രണ്ടെണ്ണം വീശിയിട്ട്‌ വാള് വയ്ക്കും. ചേച്ചിമാര്‍ ബസ്സില്‍ കയറിയാല്‍ പിന്നെ വാളോടു വാള്‍ ആയിരിക്കും. കരിമ്പന്‍ മുതല്‍ നേരിയമംഗലം ആകുന്നതു വരെ ഈ പണി തുടരും. ബസ്സില്‍ സ്ത്രീകളുടെ സീറ്റ്‌ മുന്‍പില്‍ ആയതു കൊണ്ട് ഞങ്ങള്‍ പുരുഷന്മാരാണ് സഹിക്കുന്നത്. അല്ല, ഇതൊക്കെ ആര് കേള്‍ക്കാ നാ?

ബസിന്റെ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന ഞാന്‍ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് വാള് വയ്ക്കുന്നവരെ നോക്കി നി ന്നു. അപ്പോഴാണ് എന്റെ അടുത്ത് ഒരു ചേട്ടനും 7 - 8 വയസ്സ് വരുന്ന ഒരു പയ്യനും കയറിയത്‌. ബസ്സിലെ തിക്കിലും തിരക്കിലും അവരുടെ സംഭാവന നല്‍കിയ ആത്മനിര്‍വൃതിയില്‍ അവര്‍ അങ്ങനെ നിലകൊണ്ടു. പയ്യന്‍ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

മങ്കമാര്‍ വാളുവയ്ക്കല്‍ ഇത് വരെ നിര്‍ത്തിയിട്ടില്ല. എന്റെ ഈശ്വരാ ഇതെന്നാ വാള് മത്സരമാണോ?

ലോവര്‍ പെരിയാര്‍ കഴിഞ്ഞപ്പോള്‍ എന്റെ അടുത്ത് നിന്ന പയ്യന്‍ വായ പൊത്തി പിടിച്ചിരിക്കുന്നത് കണ്ടു. പാവം. വാളിന്റെ മണം അടിച്ചിട്ടാവാം. അവന്‍ അങ്ങനെ വായ പൊത്തിപ്പിടിച്ചു തന്നെ നില കൊണ്ടു.

തട്ടേക്കണ്ണി ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റി വണ്ടി എടുത്തതും ഒരിക്കലും പ്രതീക്ഷിക്കാത്ത അത് സംഭവിച്ചു. പയ്യന്‍ വായില്‍ നിന്ന് കയ്യെടുക്കുകയും ഗ്വാ... എന്ന ശബ്ദത്തില്‍ ഒറ്റ വാളായിരുന്നു.

എന്തോ പന്തികേട്‌ തോന്നിയിരുന്ന ഞാന്‍ പെട്ടന്ന് ബോധവാനായി. MATRIX എന്ന സിനിമയില്‍ വെടി ഉണ്ട വരുമ്പോള്‍ ഒഴിഞ്ഞു മാറുന്ന പോലെ ഞാന്‍ ഒരു സൈഡിലേക്കു ഒഴിഞ്ഞു മാറി.

ഭാഗ്യം എന്റെ ഷര്‍ട്ടില്‍ വീണില്ല. പക്ഷെ അരുതാത്തത് സംഭവിച്ചു. ഞാന്‍ മാറിയ ഗ്യാപ്പില്‍ മുന്‍പില്‍ നിന്ന ചേട്ടന്റെ ഷര്‍ട്ടിലേക്ക് ആ ചിന്ന വാള്‍ പതിച്ചു.

പയ്യന്‍ വാള് വച്ച കാര്യം മനസ്സിലാക്കിയ തന്ത കൊച്ചിനെയും എടുത്തു ബസിന്റെ എക്സ്ട്രീം ബാക്കിലേക്ക്‌ പോയി. നമ്മുടെ ചേട്ടന്റെ പുറത്തു പയ്യന്‍ വാള് വച്ച കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല. വാള് വച്ച് തളര്‍ന്നു മയങ്ങുന്ന ചേച്ചിമാരെ അദ്ദേഹം കാരുണ്യത്തോടെ വായിനോക്കുകയാണ്. ഷര്‍ട്ടിന്റെ ബാക്കില്‍ വാളിരിക്കുന്ന കാര്യം ആരും അദ്ദേഹത്തോട് പറഞ്ഞുമില്ല

എനിക്ക് അദ്ദേഹത്തോട് ദയ തോന്നി. വൃത്തി കെട്ട സംസ്ക്കാരമില്ലാത്ത മലയാളീസ്‌. വാള് നോക്കി നില്‍ക്കുന്നു.

ഞാന്‍ പതിയെ അദ്ദേഹത്തിന്റെ തോളില്‍ തട്ടി വിളിച്ചു

"ചേട്ടാ..."

നീ ആരാടാ എന്ന രീതിയില്‍ ഒരു നോട്ടം

"എന്താ?"

"അല്ല ചേട്ടാ ഷര്‍ട്ടില്‍ അല്പം വാളായി"

"വാട്ട്‌?"

അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിരാവിലെ തന്നെ അലക്കി തേച്ചു ഭംഗിയായി കൊണ്ടുവന്ന ഷര്‍ട്ട്‌....

തന്നെ അടിച്ച വില്ലനെ സുരേഷ് ഗോപി നോക്കുന്ന പോലെ അയാള്‍ എന്നെ നോക്കി.

കണ്ണുകള്‍ ഒക്കെ ചുവന്നിരിക്കുന്നു.

"നിനക്കൊക്കെ ബസിന്റെ പുറത്തേക്കു വാള് വച്ച് കൂടെടോ"

അയാള്‍ ചൂടായി

മൈ ടിയര്‍ ചേട്ടാ, ഐ ആം നോട്ട് ദ വണ്‍ ഹൂ പുട്ട് വാള്‍ ഓണ്‍ യുവര്‍ ബ്യൂട്ടിഫുള്‍ ഷര്‍ട്ട്‌.

"അയ്യോ ചേട്ടാ അത് ഞാനല്ല."

എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ ബസ്സില്‍ വാള് വച്ചിട്ടില്ല. കള്ള് കുടിച്ചു പോലും വാള് വയ്ക്കാത്ത നിരപരാധി ആണ് ഞാന്‍.

"ഇവിടെ നിന്ന ഒരു പയ്യനാ വാള് പണിതത്‌."

അയാള്‍ അവിടെ ഒക്കെ നോക്കി. ഒരു പയ്യനും ഇല്ല. എന്റെ പുറകില്‍ 90 വയസ്സായ ഒരു കിളവന്‍ ഇരിപ്പുണ്ട്.

അയ്യോ ചേട്ടാ സത്യമായിട്ടും ഒരു ചേട്ടനും പയ്യനും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ പുറകില്‍ പയ്യനെ വാള് വയ്പ്പിക്കുകയാ.

വിശ്വാസം വരാതെ അയാള്‍ പുറകിലേക്ക് എത്തി വലിഞ്ഞു നോക്കി ഞാന്‍ പറഞ്ഞത് ശരി ആണെന്ന് ഉറപ്പു വരുത്തി.

ഉം....

ഇരുത്തി ഒരു മൂളലോടെ അയാള്‍ തിരിഞ്ഞു നിന്ന് ആ പയ്യനെ പറ്റിയും അവനു അതി രാവിലെ ഫുഡ്‌ കൊടുത്ത അവന്റെ അപ്പനെയും അമ്മയെയും ഒക്കെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.

ഹാവൂ.... എന്തായാലും കേസില്‍ നിന്ന് ഞാന്‍ ഊരിയല്ലോ... അത് മതി.

വീട്ടില്‍ വന്നു കുളിച്ചു ഫുഡ്‌ കഴിച്ചു 1.30 pm ഷിഫ്റ്റിനു ലോഗ് ഇന്‍ ചെയ്തിട്ടും അങ്ങോരുടെ ചുവന്ന കണ്ണും ആ നോട്ടവും എന്റെ മനസ്സില്‍ നിന്ന് പോയില്ല

ഇനി മുതല്‍ ഒരാളുടെ ഷര്‍ട്ടില്‍ വാള്‍ അല്ല തേള്‍ കണ്ടാലും അത് പറയില്ല എന്ന് ഈ അനുഭവത്തോടെ തീരുമാനിച്ചു