Sunday, June 13, 2010

യാക്കോട്ടന്‍

ഇടുക്കി ജില്ലയിലെ രാജപുരം ഗ്രാമവാസികള്‍ യാക്കോട്ടനെ ഒരിക്കലും മറക്കില്ല. യാക്കോബ് ചേട്ടന്‍ എന്ന വിളിപ്പേര് ലോപിച്ചു ലോപിച്ചു യാക്കോട്ടന്‍ ആയതാണ്. നീല നിറമുള്ള കള്ളിമുണ്ട്, കയ്യുള്ള വെള്ള ബനിയന്‍, തലയില്‍ തോര്‍ത്തു കൊണ്ട് ഒരു കെട്ട്, ഇതാണ് യാക്കൊട്ടന്റെ വേഷം, ഇപ്പോഴും വളരെ സ്ട്രിക്റ്റ് ആയ മുഖഭാവം. വളര്‍ത്തു നായയെ വളരെ ചിട്ടയോടെ പരിപാലിച്ചിരുന്നു. യാക്കൊട്ടന്‍ കഴിച്ചു കഴിഞ്ഞു പട്ടിയുടെ മുന്‍പില്‍ ഭക്ഷണം വയ്ക്കും. പിന്നീട് യാക്കൊട്ടന്‍ പോയി കൈ കഴുകി തിരിച്ച് വന്നു 'എടുത്തോ' എന്ന് പറഞ്ഞാലല്ലാതെ പട്ടി ഭക്ഷണത്തില്‍ തൊടില്ല. അത്രയ്ക്ക് ചിട്ടയായിരുന്നു.

കയ്യില്‍ ഒന്നുകില്‍ ഒരു വാക്കത്തി, അല്ലെങ്കില്‍ ഒരു വാഴക്കുല, ഇവ ഇപ്പോഴും കാണും. കയ്യില്‍ വാക്കത്തി ആണെങ്കില്‍ പോക്ക് പറമ്പിലേക്ക് ആണ്. വാഴക്കുലയാണ് എങ്കില്‍ പോക്ക് രാജപുരം സിറ്റിയിലെക്കും. (ഇടുക്കിയില്‍ ഒരു ചായക്കടയും, ഒരു എസ് ടി ഡി ബൂത്തും, ഒരു പലചരക്ക് കടയും ഉണ്ടെന്ന്കില്‍ അത് ഒരു "സിറ്റി" ആണ്. ഇന്ന് ഒരു ചായക്കടയും, രണ്ടു പലചരക്ക് കടയും, മില്‍മ ബൂത്തും, എസ് ടി ഡി ബൂത്ത്‌, മില്‍, തുടങ്ങിയവയുമായി രാജപുരം ഒരു കൊച്ചു "മെട്രോ" ആണ്. )

അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഉച്ചക്ക് സ്കൂളില്‍ കൊണ്ട് പോകാനുള്ള ഭക്ഷണം പാത്രത്തില്‍കൊണ്ടുപോകുന്നത് ഒരുഅസൌകര്യമായിരുന്നു. അതുകൊണ്ട് വാഴയിലയില്‍ ചോറ്കൊണ്ട്പോകാന്‍ ഞാന്‍ആശ്രയിച്ചിരുന്നത് യാക്കൊട്ടന്റെ വാഴത്തോട്ടത്തെ ആയിരുന്നു. സ്കൂളില്‍ പോകാനുള്ള തിരക്കില്‍ വാഴയുടെ കൂമ്പില വരെ മുറിച്ചെടുത്തിരുന്നു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്നത് പോലെ ഒരു നാള്‍ യാക്കൊട്ടന്‍ എന്നെ തോണ്ടി സഹിതം പൊക്കി. സ്കൂളില്‍ പോകാന്‍ തിരക്കായത് കൊണ്ട്, തെറികള്‍ വളരെ ഷോര്‍ട്ട് ആയി പറഞ്ഞു, ബാക്കി അടുത്ത ദിവസമായ ശനിയാഴ്ചത്തേക്ക് പോസ്റ്റ്‌പോണ്‍ ചെയ്തു.

പിന്നീട് യാക്കൊട്ടന്റെ മുന്‍പില്‍ പെടാതെ മുങ്ങി നടന്ന സമയത്ത്, ഒരു നാള്‍ അപ്രതീക്ഷിതമായി യാക്കൊട്ടന്‍ എന്നെ വീണ്ടും പൊക്കി. അന്നൊരു അവധി ദിവസമായത്‌ കൊണ്ടും മുങ്ങാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടും ഞാന്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചു. യാതൊരു മയവുമില്ലാതെ എന്നെ ഫയര്‍ ചെയ്ത യാക്കൊട്ടന്റെ മുന്‍പില്‍ പോളിറ്റ് ബ്യൂറോയ്ക്ക് മുന്‍പിലെ വി എസ്സിനെപ്പോലെ ഞാന്‍ നമ്ര ശിരസ്ക്കനായി നിന്നു. പഞ്ചാരി മേളത്തിന് ശേഷം യാക്കൊട്ടന്‍ ശാന്തനായപ്പോള്‍ ഞാന്‍ യാക്കൊടന്റെ കൂടെ നടന്നു. കയ്യിലൊരു വാഴക്കുലയുമായി യാക്കൊട്ടന്‍ രാജപുരം സിറ്റിയിലേക്കും, കയ്യിലുള്ള ബാലരമ കൂട്ടുകാരന് കൊടുക്കാനായി കൂടെ ഞാനും.

രാജപുരത്തെ ചെറുപ്പക്കാരുടെ തലയില്‍ കുങ്ഫു ഭ്രാന്ത് കയറി നിന്ന സമയം. ആയിരുന്നു അത്. നാട്ടിലെ കുങ്ഫു മാസ്റര്‍ ആയ തുളസി മാഷും സംഘവും പള്ളിപ്പെരുന്നാളിനു അവതരിപ്പിച്ച കുങ്ഫു ഷോ കണ്ടതാണ് ഇതിനു കാരണം. ഷോയ്ക്ക് ശേഷം ഒരു മാതിരിപ്പെട്ട ചെറുപ്പക്കാര്‍ എല്ലാം കുങ്ഫു പഠിക്കാന്‍ ചേര്‍ന്നു. കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍, "മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് ഇതൊന്നും വേണ്ട" എന്ന നിലപാടാണ് എന്റെ വീട്ടുകാര്‍ എടുത്തത്. അത് കൊണ്ട് അതിനു ശേഷം കുങ്ഫു പഠിക്കുന്നവരെ കാണുമ്പോള്‍ "ഹൂ ഹാ" എന്ന് പറഞ്ഞുകൊണ്ട് കൈ ഓങ്ങി സംപ്തൃപ്തിപ്പെടെണ്ടി വന്നു.

അങ്ങനെ തെറി പറയലിന് ശേഷം ശാന്തനായി കാണപ്പെട്ട യാക്കൊട്ടന്റെ കൂടെ സോപ്പിട്ടു സോപ്പിട്ടു ഞാന്‍ അങ്ങനെ പോകുമ്പോളാണ് അന്തപ്പന്‍ എതിരെ വരുന്നത് കണ്ടത്. അന്തപ്പന്‍ അന്ന് കുങ്ഫു പഠിക്കാന്‍ പോകുന്നുണ്ട്. അന്തപ്പനെ കണ്ടതും എന്റെ അന്തരംഗത്തില്‍ ഉറങ്ങിക്കിടന്ന ബ്രൂസ് ലി ഉണര്‍ന്നു. കയ്യിലിരുന്ന ബാലരമ ചുരുട്ടി ഒരു ആയുധം പോലെ ആക്കി. എന്നിട്ട് "ഹൂ ഹാ" എന്ന് പറഞ്ഞു കൊണ്ട് അന്തപ്പനെ കുത്താനായി കൈ പുറകോട്ട് എടുത്തു.

തീരെ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. പുറകോട്ടെടുത്ത ചുരുട്ടിപ്പിടിച്ച ബാലരമ ചെന്ന് കൊണ്ടത്‌ എന്റെ തൊട്ടു പുറകില്‍ നിന്ന യാക്കൊട്ടന്റെ മുഖത്ത്. അതും മൂക്കിനും ചുണ്ടിനും ഇടയിലായി, ദേഷ്യം വരുമ്പോള്‍ യാക്കൊട്ടന്റെ മുഖത്തു വിറയ്ക്കുന്ന അതേ സ്പോട്ടില്‍. ഒരു തെറിയഭിഷേകം കഴിഞ്ഞു ശാന്തനായി നിന്ന യാക്കൊട്ടന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നത് വോക്കല്‍ കോഡിലൂടെ സഞ്ചരിച്ചു വായില്‍ എത്തുന്നതിനു മുന്‍പ് ഞാന്‍ അര കിലോമീറ്റര്‍ ദൂരെ എത്തിയിരുന്നു

7 comments:

  1. സ്കൂളില്‍ പോകാനുള്ള തിരക്കില് നീയൊന്നു വാഴക്കൊല വെട്ടിയില്ലല്ലൊ!

    കൊള്ളാം മച്ചി.!

    ReplyDelete
  2. അപ്പോ യാക്കൊബേട്ടന്‍ പിന്നേം ഫോമായി.
    നന്നായി ഭായ്
    :-)

    ReplyDelete
  3. ബിരുദം കഴിഞ്ഞ് ഞാനും ഒരു സിറ്റിയിലായിരുന്നു താമസം!
    ഉപ്പുതറ സിറ്റിയിൽ!
    ഓർമ്മകൾ ഉണർന്നു. നന്ദി!

    ReplyDelete
  4. "അന്തപ്പന്‍" നമ്മുടെ പെരിയാര്‍വാലിയിലെ മത്തായിച്ചേട്ടന്റെ മകന്‍ ഷാജി ആണോ? ആണെങ്കില്‍ അവനു "അന്തപ്പന്‍" എന്ന പേരിട്ടത് ഞാനാണ്.ഞാന്‍ എഴുതി സംവിധാനം ചെയ്തു പെരിയാര്‍വാലി അമ്പലത്തില്‍ അവതരിപ്പിച്ചു നാട്ടുകാരുടെ കയ്യടി (കൈ കൊണ്ടുള്ള അടി) നേടിയ "അന്തപ്പന്റെ കടും കൈ" എന്ന നാടകത്തിലെ ഹീറോ ആയിരുന്നു ഷാജി. അതിലെ വില്ലന്‍ ആരാണെന്ന് ഊഹിക്കാന്‍ പറ്റുന്നുണ്ടോ?

    ReplyDelete
  5. കമന്റുകള്‍ക്കും സ്മൈലികള്‍ക്കും നന്ദി വിനു, ഉപാസന, ജയന്‍, നൌഷു, കൂതറ ഹാഷിം, ആന്‍ഡ്‌ രഘുനാഥന്‍
    ജയന്‍, ഉപ്പുതറ സിറ്റിയില്‍ ജോലി ആയിരുന്നോ? ഇപ്പോള്‍ എവിടാ?
    ഉപാസന: യാക്കൊട്ടന്‍ എന്നും ഫോമിലായിരുന്നു. ഇപ്പോള്‍ മരിച്ചു പോയി.
    വിനു മച്ചു: വാഴക്കൊല വെട്ടാന്‍ സമയം ഇല്ലായിരുന്നു.
    രഘുവേട്ടാ, ഇത് തറയില്‍ ബേബിച്ചേട്ടന്റെ ഇളയ മകന്‍ അന്തപ്പനാ

    ReplyDelete