ഒബാമയുടെ ധര്‍മ പത്നി മിഷേല്‍ ആന്റിയാണ് ഫോണ്‍ എടുത്തത്. ഇടുക്കിക്കാരന്‍ ബ്ലോഗില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ മിഷേല്‍ ആന്റി "വോവ്" എന്നൊരു ശബ്ദത്തോടെ തുടങ്ങി
. "ഓ നമ്മുടെ ഇടുക്കിക്കാരന്‍. ഞാനും ചേട്ടനും എത്ര തിരക്കാണെങ്കിലും ഇടുക്കിക്കാരന്‍ വായിക്കാറുണ്ട്. മോന് കഴിഞ്ഞ പോസ്റ്റ് ഇട്ടപ്പോള്‍ ഞങ്ങള്‍ ചോക്കശ്ലോവാക്യയില് ആയിരുന്നു. എന്ത് പറ്റി മോനെ ഇപ്പോള്‍ പോസ്റ്റ് ഒന്നും കാണുന്നില്ലല്ലോ."
"തിരക്ക് കൊണ്ടാ ആന്റീ, പിന്നെ ഞാന്‍ വിളിച്ചത് ഒരു ഇന്റര്വ്യൂവിനു വേണ്ടിയാണ്. ഒബാമ അങ്കിള്‍ അവിടെ ഉണ്ടോ ?"
“അയ്യോ അതിയാന് പറമ്പില്‍ കപ്പയ്ക്ക് വളമിടാന്‍ പോയതാണല്ലോ മോനെ. ഇന്ന് ഞായറാഴ്ച ആയതു കൊണ്ട് ഞങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്കെ വീട്ടില്‍ പറഞ്ഞു വിട്ടു.“
"സാരമില്ല ആന്റീ ഞാന്‍ അങ്ങേത്തുമ്പോഴേക്കും വരില്ലേ..."
അങ്ങനെ അടുത്ത ഓട്ടോ പിടിച്ചു ഞാന്‍ "വെള്ളവീട്ടിലേക്ക്" പോയി. കൃത്യമായി മീറ്റര്‍ ഇട്ടു ഓടുന്ന അമേരിക്കന്‍ ഓട്ടോക്കാര് എന്നെ വിസ്മയിപ്പിച്ചു. വെള്ളവീടിന്റെ ഗേറ്റ് കടന്നു അകത്തു ചെല്ലുമ്പോള്‍ ഒരു കറുത്ത പെണ്കുട്ടി മാമ്പഴം ചീമ്പി ചീമ്പി തിന്നുകൊണ്ടിരിക്കുകയായിരുന്നു. മറ്റാരുമല്ല നമ്മുടെ സാഷ ഒബാമ. മൂക്കിലൂടെ ഒലിച്ചു വന്ന മൂക്കള നാവുകൊണ്ട് നക്കി എടുത്തു കൊണ്ട് അവള്‍ എന്നെ ഒന്ന് നോക്കി.
ഞാന്‍ മെല്ലെ അടുത്തു ചെന്ന് ചോദിച്ചു.
"മോളെ ഡാഡി എന്ത്യേ?"
അവള്‍ എന്നെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ഞാന്‍ മെല്ലെ അകത്തേക്ക് നോക്കി വിളിച്ചു
"ഇവിടാരുമില്ലേ...?"
"കിടന്നു അലറണ്ടാടാ ചെക്കാ..."
ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. വീടിന്റെ സൈഡിലുള്ള ടാപ്പില്‍ നിന്നും കാലില്‍ പറ്റിയ ചെളി കഴുകിക്കളയുകയാണ്, സാക്ഷാല്‍ ഒബാമ.
ഈശ്വരാ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തന്നെയോ ഇത്...?
ഒരു ഗ്ലാസ്സില്‍ കട്ടന്‍ ചായയുമായി മിഷേല്‍ ആന്റി വന്നു.
"മോനെ ഇടുക്കിയില്‍ കാലാവസ്ഥ ഒക്കെ എങ്ങനെ ഉണ്ട്. രാജപുരത്തു ഉരുള്‍ പൊട്ടല്‍ വല്ലതും ഉണ്ടായോ?"
“ഹേയ്, അവിടെ കുഴപ്പം ഒന്നും ഇല്ല ആന്റീ... “
കൈ തുടച്ചുകൊണ്ട് അങ്കിള്‍ പറഞ്ഞു.
അങ്കിള്‍ തിരക്കായതുകൊണ്ട് വേഗം ഇന്റര്വ്യൂ തീര്‍ക്കാന്‍ തീരുമാനിച്ചു.
Ø ലോകരാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന അമേരിക്ക, ഭാരതത്തെ എങ്ങനെ നോക്കിക്കാണുന്നു.?
ഇന്ത്യ എന്നത് ഒരു വലിയ രാഷ്ട്രമാണ്. ഇന്ന് അമേരിക്കയില്‍ ഉള്ള ഇന്ത്യക്കാര്‍ എല്ലാം തിരിച്ചുപോയാല്‍ പിന്നെ അമേരിക്ക എന്നൊന്നില്ല. പിന്നേയ്, സത്യം പറഞ്ഞാല്‍ ഞങ്ങടെ കയ്യില്‍ കുറച്ചു ബോംബും, വെടിക്കോപ്പുകളും, ആണവായുധവും ഒക്കെയേ ഉള്ളൂ. ഒരു പത്തു വര്ഷം കൂടി കഴിഞ്ഞാല്‍ ഞങ്ങള്‍ ഒക്കെ പട്ടിണി കിടക്കുമെന്നാ തോന്നുന്നത്. വിശക്കുമ്പോള്‍ ബോംബും തോക്കും ഒന്നും തിന്നാന്‍ പറ്റില്ലല്ലോ.
Ø ഉസാമ ബിന്‍ ലാദനെ പിടിക്കുന്ന കാര്യം.?
അയ്യോ ഇത്തരം കാര്യങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ പെടുത്തല്ലേ മോനെ. അയാളെ ഇനി പിടിക്കാന്‍ കഴിയില്ലെന്നത് ഇവിടുത്തെ ചിക്കിണി പിള്ളേര്ക്ക് പോലും അറിയാം. അത് കൊണ്ട് തന്നെ ഞങ്ങള്‍ ഇക്കാര്യം ഇപ്പോള്‍ സംസാരിക്കാറില്ല.
Ø പഴയ പ്രസിഡണ്ട് ബുഷുമായുള്ള ബന്ധം...?
ഇപ്പോള്‍ അങ്ങനെ കോണ്ടാക്റ്റ് ഒന്നും ഇല്ല. വല്ലപ്പോഴും ഇമെയില്‍ അയക്കും. പിന്നെ മിഷേല്‍ ഇടയ്ക്ക് ലോറയെ വിളിക്കും. മൊബൈല്‍ ബില്‍ കൂടിയപ്പോള്‍ ഞാന്‍ അത് കട്ട് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവള്‍ ഇപ്പോള്‍ ഇടയ്ക്കേ വിളിക്കാറുള്ളൂ
Ø ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം...?
അത് പിന്നെ പറയണോ... ഇടുക്കി തന്നെ. (സത്യായിട്ടും ഒബാമ പറഞ്ഞതാ)
സംസാരിച്ചിരിക്കുമ്പോള്‍ മിഷേല്‍ ആന്റി വന്നു ഭക്ഷണം കഴിക്കാന്‍ വിളിച്ചു. അപ്പോഴാണ് ഒബാമയുടെ മൊബൈലിലേക്ക് ഒരു കോള്‍ വന്നത്. അത്യാവശ്യമായി ഫുട്ബോള്‍ കോര്‍ട്ടില്‍ ചെല്ലണമെന്ന്. അത് കേട്ട ഉടനെ തന്റെ സുസുക്കി സാമുറായ് ബൈക്കില്‍ കയറി ഒബാമ പോയി.
"അമേരിക്കയിലും കപ്പയോ...?"
കപ്പ പുഴുക്ക് മീന്‍ ചാറില്‍ മുക്കി വായിലേക്ക് വയ്ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
"അത് പണ്ട് ചേട്ടന് മൂന്നാര്‍ കാണാന്‍ വന്നപ്പോള്‍ കൊണ്ടുവന്നു നാട്ടു പിടിപ്പിച്ചതാ. പുള്ളിക്ക് കപ്പ വലിയ ഇഷ്ടമാ."
വീട്ടില്‍ നിന്നും പുറത്തേക്ക് നടക്കുമ്പോളാണ് ഒബാമയുടെ മൂത്ത മകള്‍ മാലിയ അങ്ങോട്ട് കയറി വന്നത്. ഒരു ഹായ് പറഞ്ഞു കൊണ്ട് അവള്‍ അകത്തേക്ക് പോയി.
ഗേറ്റ് കടന്നു പോകുന്ന എന്നെ നോക്കി മിഷേല്‍ ആന്റി ചോദിച്ചു
"ഇനി എന്നാ മോനെ ഈ വഴി വരുന്നത്"
"ഇടയ്ക്ക് വരാം ആന്റീ"
കൈ കാണിച്ചപ്പോഴേ ലിഫ്റ്റ് തന്ന സായിപ്പിന്റെ 'പാഷന് പ്രൊ' യുടെ പുറകില്‍ ഇരുന്നു ന്യൂ യോര്‍ക്ക് ബസ് സ്റാന്റിലേക്ക് പോകുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വീട്ടില്‍ പോയതിന്റെ ത്രില്ലിലായിരുന്നു
ഞാന്‍.
nice to read it......... i know that you can do something creative........ good keep it up......
ReplyDeleteആകെ ഒരേയൊരു സംശയം മാത്രം.. ആദ്യ കമന്റിട്ട അനോണി ഇടുക്കിക്കാരന്‍ തന്നെയാണോ ന്ന്
ReplyDeleteThis is ajith... just testing it...
ReplyDeleteവായിക്കാന്‍ പറ്റുന്നില്ലാ
ReplyDeleteഎല്‍ ഈ ഡി ബള്‍ബ് കത്തിച്ച് വെച്ചപോലത്തെ അക്ഷരങ്ങള്‍
കറുപ്പില്‍ വെളുത്ത അക്ഷരങ്ങള്‍ വായിക്കാന്‍ പ്രയാസാ
അതോണ്ട് വായിച്ചില്ലാ.. സോറി
ആഹാ ഇടുക്കിയില്‍ നിന്നും നേരെ ന്യൂയോര്‍ക്കിലെയ്ക്ക് പോയോ.... ഹ ഹ
ReplyDeleteപോസ്റ്റ് കൊള്ളാം സിമില്‍....ആശംസകള്‍...
അനോണിച്ചേട്ടാ, കമന്റിയതിനു നന്ദി
ReplyDeleteഹേന ചേച്ചി, സംശയം കൊള്ളാം. എന്തായാലും ഞാന്‍ അതിനു മറുപടി തരുന്നില്ല.
അജിത്, ആദ്യം കമന്റിട്ട അനോണിയുടെ ഐ പി കണ്ടു പിടിക്കാന്‍ ശ്രമിച്ചതിനു നന്ദി...
കൂതറ ഹാഷിം, ടെമ്പ്ലേറ്റ് ഉടനെ മാറ്റുന്നതാണ്.
കമന്റിനു നന്ദി രഘു ചേട്ടാ.