Wednesday, November 27, 2013

പുതിയ നിയമം....!!

കഴിഞ്ഞ ദിവസം സംഭവിച്ചതാണ്

എന്റെ സഹമുറിയൻ ആയ ബീഹാറിയുടെ കയ്യിൽ ബൈബിൾ പുതിയ നിയമം (ഹിന്ദിയിൽ 'നയാ നിയം' എന്ന് പറയും) ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

"നീ ബൈബിൾ ഒക്കെ വായിക്കുമോ...?"

അപ്പൊ അവൻ പറഞ്ഞ മറുപടി

"അപ്പൊ ഇത് ബൈബിൾ ആണല്ലേ....!!"  നയാ നിയം എന്ന ബുക്ക്‌ റോഡരികിൽ കണ്ടപ്പോൾ വല്ല പുതിയ നിയമങ്ങളും ആയിരിക്കും വായിച്ചു കളയാം എന്ന് കരുതി വാങ്ങിച്ചത് ആണെന്ന്. പക്ഷെ ഇത് വായിച്ചിട്ട് പുള്ളിക്ക് ഒന്നും മനസ്സിലായില്ല

"ഈശ്വരാ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലേ " എന്ന സലിം കുമാറിന്റെ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഞാൻ


വിശപ്പിന്റെ വിളി

ഇതെഴുതുമ്പോളും അവളുടെ  മുഖം എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.... ആ ഷോക്കിൽ നിന്ന് ഇപ്പോഴും ഞാൻ മുക്തനായിട്ടില്ല..... ഇപ്പോഴും ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം....!!

ഡൽഹിയിൽ രോഹിണി സെക്ടർ 5 ഇൽ ഫുട്പാത്തിൽ ഉള്ള തട്ടുകടയിൽ നിന്നും ചിക്കൻ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്റെ എല്ലുകൾക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കൾ.  അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോൾ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരൻ.

അങ്ങനെ കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യിൽ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള വേസ്റ്റ് പെറുക്കി അവൾ ആ ചാക്കിൽ ആക്കുന്നു. നായ്ക്കളെ ആട്ടി ഓടിച്ച് അവിടെ കിടന്ന എല്ലുകൾ അവൾ പെറുക്കി എടുത്തപ്പോൾ ഞാൻ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങൾക്ക് കൊടുക്കാനായിരിക്കും എന്നാണ്....

അൽപനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാൻ സ്തബ്ദനായി പോയി. ഫുട് പാത്തിൽ അല്പം മാറി ഇരുന്നു പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളിൽ ബാക്കിയായി ഉള്ള ചിക്കൻ കടിച്ച് എടുക്കുന്നു...!!

 ഞാൻ ചവച്ചു കൊണ്ടിരുന്ന ചിക്കൻ എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകിൽ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ പെട്ടന്ന്  അതെല്ലാം പെറുക്കി എടുത്ത് വേഗത്തിൽ നടന്നകന്നു.

എന്റെ പ്ലേറ്റിൽ ബാക്കി വന്നത് പിന്നീട് കഴിക്കാൻ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെ പറ്റി പ്രസംഗിക്കുന്ന ആളുകൾക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങൾ ഉണ്ടെന്നു അറിയാമോ എന്തോ....!!!


Monday, November 25, 2013

പോത്തിറച്ചിയും പരിശുദ്ധാത്മാവും

ഹൈദരാബാദിൽ ട്രെയിനിങ്ങിൽ ആയിരുന്ന സമയം. മിഡ് ടേം അവധി കഴിഞ്ഞ് തിരിച്ചെത്തി ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ തങ്ങി. അടുത്ത ദിവസം രാവിലെ ജോയിനിംഗ് ആണ്. വീണ്ടും ട്രെയിനിംഗ് തുടങ്ങും. അതിനു മുൻപുള്ള സ്വാതന്ത്ര്യം വെള്ളമടിച്ചും നല്ല ഫുഡ്‌ കഴിച്ചും ഒക്കെ ആഘോഷിക്കുകയാണ്.

രാത്രി ഏകദേശം പത്തു പതിനൊന്നു  മണി ആയിക്കാണും. ഹരിയാനക്കാരായ ചില സുഹൃത്തുക്കൾ അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ആണ് റൂം എടുത്തിരിക്കുന്നത്. അവരെ കാണാനായി വെറുതെ അവരുടെ മുറിയിൽ  പോയതായിരുന്നു ഞാൻ. 

അവധി വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു 

"മദ്രാസി നീ അവധിക്ക് പോയപ്പോ ഇഷ്ടം പോലെ ബീഫ് ഒക്കെ തിന്നു കാണും അല്ലെ...?"

മദ്രാസികൾ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർ ബീഫ് കഴിക്കുന്നത് നന്നായി അറിയാവുന്നവർ ആണ് ഇവർ. ഗോ മാതാവിനെ ദൈവമായി കരുതുന്ന നോർത്ത് ഇന്ത്യക്കാർക്ക് ഇതിൽ തരക്കേടില്ലാത്ത മുറുമുറുപ്പും ഉണ്ട്. കേരളത്തിൽ ബീഫിനു മതപരമായ ഒരു മാനദണ്ഡം ഇല്ല എന്നും അത് കേരളത്തിൽ ഹിന്ദുക്കൾ അടക്കം എല്ലാവരും കഴിക്കുന്നത് ആണെന്നും ഞങ്ങളുടെ അടുത്തുള്ള കശാപ്പുകാരൻ വരെ  ഒരു ഹിന്ദു ആണെന്നും തുടങ്ങി പല കാര്യങ്ങളും ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതാണ്. 

ഈ അവസരത്തിൽ ഈ ടോപിക് വീണ്ടും എടുത്തിട്ട് അനാവശ്യമായ ഒരു വാദ പ്രതിവാദം ആണ് ഇവന്മാർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി

"അതെ ഇഷ്ടം പോലെ ബീഫ് കഴിച്ചു. എല്ലാ ദിവസവും വീട്ടിൽ ബീഫ് കറിയോ അല്ലെങ്കിൽ ഫ്രൈ ഉണ്ടായിരുന്നു.

വെള്ളമടിച്ച് അത്യാവശ്യം കിണ്ടി ആയി കട്ടിലിൽ കിടന്ന ഒരു ഹരിയാനക്കാരൻ ചാടി എണീറ്റ്‌ ചോദിച്ചു

"ഞങ്ങളുടെ ഗോ മാതാവിനെ നിങ്ങൾ കൊന്നു തിന്നുന്നത് എന്തിനാണ്. പശു ഞങ്ങളുടെ ദൈവമാണ്."

പാല് തരുന്ന പശുവിനെ ആരും കൊല്ലാറില്ല എന്നും കാളയെയോ പോത്തിനെയോ മൂരിയെയോ ഒക്കെയാണ് തിന്നാറുള്ളത് എന്ന് ഇവനോടും ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാണ്. ആവശ്യമില്ലാതെ ഒരു ഇഷ്യു ഉണ്ടാക്കെണ്ടവന് കാര്യം അറിയേണ്ട ആവശ്യം ഇല്ലല്ലോ

കൂടെ അവന്റെ ഒരു ഭീഷണിയും

"ഇനി മേലിൽ ബീഫ് കഴിച്ചു പോകരുത്"

ഒന്ന് പോടാ കോപ്പേ എന്ന് ഹിന്ദിയിൽ പറയാൻ അറിയില്ലാത്തത് കൊണ്ട് അങ്ങനെ പറഞ്ഞില്ല

"നിങ്ങൾ ചിക്കൻ കഴിക്കാറുണ്ടോ...? ഞാൻ ചോദിച്ചു

"ഉണ്ട് "

"നിങ്ങൾ ചിക്കൻ കഴിക്കുന്നത് കൊണ്ട് എന്റെ മതവികാരം വൃണപ്പെടുന്നു. കോഴി ഞങ്ങളുടെ ദൈവമാണ്."

അപ്പറഞ്ഞത് കേട്ട് അവന്മാർ തെല്ലൊന്നു അമ്പരന്നു

"നീ ക്രിസ്ത്യാനി അല്ലെ...? ഈസാ മസീഹ് അല്ലെ നിങ്ങളുടെ ദൈവം...? പിന്നെ കോഴി എങ്ങനെ നിങ്ങളുടെ ദൈവം ആകും...?"

"ക്രിസ്ത്യൻ വിശ്വാസപ്രകാരം ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ്"

അവന്മാർക്ക് മനസ്സിലാക്കാൻ വേണ്ടി ഇംഗ്ലീഷിൽ ഫാദർ സണ്‍ ആൻഡ്‌ ഹോളി സ്പിരിറ്റ്‌ എന്നും ഹിന്ദിയിൽ പിതാ പുത്ര് ഓർ പവിത്ര് ആത്മ എന്നും പറഞ്ഞു കൊടുത്തു.

കൂട്ടത്തിൽ അൽപം വിവരം ഉള്ളവൻ അത് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു

ഞാൻ എക്സ്പ്ലെയിൻ ചെയ്തു  "പിതാവ് എന്നാൽ ദൈവം, പുത്രൻ യേശു ക്രിസ്തു പരിശുദ്ധാത്മാവ് എന്നത് മൂന്നാമത്തെ ആൾ"

"ഒരു പ്രാവിന്റെ രൂപത്തിൽ ഉള്ളത് അല്ലെ...?"

വിവരമുള്ള ഹരിയാനക്കാരന്റെ ചോദ്യം

"അതെ"

അവൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചത് കൊണ്ടുള്ള അറിവ്

"പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവ്  ഞങ്ങളുടെ ദൈവം ആയത് കൊണ്ട് പക്ഷി വർഗത്തിൽ പെട്ട എല്ലാ ജീവികളും ഞങ്ങൾക്ക് ദൈവം ആണ്. അതിൽ ചിക്കനും പെടും. നിങ്ങൾ ചിക്കനെ കൊന്നു കഴിച്ചാൽ ഞങ്ങളുടെ മത വികാരവും മുറിപ്പെടും "

ഒന്നും മനസ്സിലാകാതെ നാല് പേരും വായും പൊളിച്ച് എന്നെ നോക്കി ഇരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ലുങ്കി മടക്കി കുത്തി ലാലേട്ടനെ പോലെ തോൾ അൽപം ചെരിച്ച് സ്ലോ മോഷനിൽ എന്റെ റൂമിലേക്ക് നടന്നു

ഹല്ല പിന്നെ

മിനിക്കഥ

പെണ്ണുകാണാൻ പോയപ്പോൾ താൻ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താൻ അൽപം ആലങ്കാരികമായ ഭാഷയിൽ അയാൾ അവളോട്‌ പറഞ്ഞു

"എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് "

അതുകേട്ട് അവൾ ചോദിച്ചു

"എത്രനാളായി തുടങ്ങിയിട്ട്...?"

"ഒരു അഞ്ചാറു വർഷമായി "

"ഡോക്ടർമാരെ ഒന്നും കാണിച്ചില്ലേ...?

തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാൾക്ക് സന്തോഷമായി

"ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല"

അടുത്ത ദിവസം രാവിലെ ബ്രോക്കർ  വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരൻ ഉണർന്നത്

"ചെക്കനു അഞ്ചാറു വർഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവർ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നു എന്ന്."

ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത ബ്ലോഗ്‌ പോസ്റ്റിലേക്ക് അയാൾ കടന്നു

ആലങ്കാരികമായി തന്നെ വീണ്ടും എഴുതാൻ...!!