Wednesday, November 27, 2013

വിശപ്പിന്റെ വിളി

ഇതെഴുതുമ്പോളും അവളുടെ  മുഖം എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല.... ആ ഷോക്കിൽ നിന്ന് ഇപ്പോഴും ഞാൻ മുക്തനായിട്ടില്ല..... ഇപ്പോഴും ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം....!!

ഡൽഹിയിൽ രോഹിണി സെക്ടർ 5 ഇൽ ഫുട്പാത്തിൽ ഉള്ള തട്ടുകടയിൽ നിന്നും ചിക്കൻ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്റെ എല്ലുകൾക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കൾ.  അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോൾ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരൻ.

അങ്ങനെ കഴിച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യിൽ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള വേസ്റ്റ് പെറുക്കി അവൾ ആ ചാക്കിൽ ആക്കുന്നു. നായ്ക്കളെ ആട്ടി ഓടിച്ച് അവിടെ കിടന്ന എല്ലുകൾ അവൾ പെറുക്കി എടുത്തപ്പോൾ ഞാൻ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങൾക്ക് കൊടുക്കാനായിരിക്കും എന്നാണ്....

അൽപനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാൻ സ്തബ്ദനായി പോയി. ഫുട് പാത്തിൽ അല്പം മാറി ഇരുന്നു പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളിൽ ബാക്കിയായി ഉള്ള ചിക്കൻ കടിച്ച് എടുക്കുന്നു...!!

 ഞാൻ ചവച്ചു കൊണ്ടിരുന്ന ചിക്കൻ എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകിൽ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് നേരിൽ കാണുന്നത് ആദ്യമായിട്ടാണ്.

ഞാൻ നോക്കുന്നത് കണ്ടിട്ട് ആവണം അവൾ പെട്ടന്ന്  അതെല്ലാം പെറുക്കി എടുത്ത് വേഗത്തിൽ നടന്നകന്നു.

എന്റെ പ്ലേറ്റിൽ ബാക്കി വന്നത് പിന്നീട് കഴിക്കാൻ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെ പറ്റി പ്രസംഗിക്കുന്ന ആളുകൾക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങൾ ഉണ്ടെന്നു അറിയാമോ എന്തോ....!!!


3 comments:

  1. അവർ പ്രസംഗിക്കും അതിനു മുമ്പും പിമ്പും കട്ട് മുടിക്കും

    ReplyDelete
  2. പതുക്കെപ്പറയൂ...ആം ആദ്മികള്‍ക്കായി ആം ആദ്മികള്‍ ഭരിക്കുന്ന പൂങ്കാവനമാണിന്‍ഡ്യ

    ReplyDelete