Monday, November 25, 2013

പോത്തിറച്ചിയും പരിശുദ്ധാത്മാവും

ഹൈദരാബാദിൽ ട്രെയിനിങ്ങിൽ ആയിരുന്ന സമയം. മിഡ് ടേം അവധി കഴിഞ്ഞ് തിരിച്ചെത്തി ഞങ്ങൾ അവിടെ ഒരു ഹോട്ടലിൽ തങ്ങി. അടുത്ത ദിവസം രാവിലെ ജോയിനിംഗ് ആണ്. വീണ്ടും ട്രെയിനിംഗ് തുടങ്ങും. അതിനു മുൻപുള്ള സ്വാതന്ത്ര്യം വെള്ളമടിച്ചും നല്ല ഫുഡ്‌ കഴിച്ചും ഒക്കെ ആഘോഷിക്കുകയാണ്.

രാത്രി ഏകദേശം പത്തു പതിനൊന്നു  മണി ആയിക്കാണും. ഹരിയാനക്കാരായ ചില സുഹൃത്തുക്കൾ അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ആണ് റൂം എടുത്തിരിക്കുന്നത്. അവരെ കാണാനായി വെറുതെ അവരുടെ മുറിയിൽ  പോയതായിരുന്നു ഞാൻ. 

അവധി വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു 

"മദ്രാസി നീ അവധിക്ക് പോയപ്പോ ഇഷ്ടം പോലെ ബീഫ് ഒക്കെ തിന്നു കാണും അല്ലെ...?"

മദ്രാസികൾ പ്രത്യേകിച്ച് കേരളത്തിൽ ഉള്ളവർ ബീഫ് കഴിക്കുന്നത് നന്നായി അറിയാവുന്നവർ ആണ് ഇവർ. ഗോ മാതാവിനെ ദൈവമായി കരുതുന്ന നോർത്ത് ഇന്ത്യക്കാർക്ക് ഇതിൽ തരക്കേടില്ലാത്ത മുറുമുറുപ്പും ഉണ്ട്. കേരളത്തിൽ ബീഫിനു മതപരമായ ഒരു മാനദണ്ഡം ഇല്ല എന്നും അത് കേരളത്തിൽ ഹിന്ദുക്കൾ അടക്കം എല്ലാവരും കഴിക്കുന്നത് ആണെന്നും ഞങ്ങളുടെ അടുത്തുള്ള കശാപ്പുകാരൻ വരെ  ഒരു ഹിന്ദു ആണെന്നും തുടങ്ങി പല കാര്യങ്ങളും ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പലപ്പോഴായി ശ്രമിച്ചിട്ടുള്ളതാണ്. 

ഈ അവസരത്തിൽ ഈ ടോപിക് വീണ്ടും എടുത്തിട്ട് അനാവശ്യമായ ഒരു വാദ പ്രതിവാദം ആണ് ഇവന്മാർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി

"അതെ ഇഷ്ടം പോലെ ബീഫ് കഴിച്ചു. എല്ലാ ദിവസവും വീട്ടിൽ ബീഫ് കറിയോ അല്ലെങ്കിൽ ഫ്രൈ ഉണ്ടായിരുന്നു.

വെള്ളമടിച്ച് അത്യാവശ്യം കിണ്ടി ആയി കട്ടിലിൽ കിടന്ന ഒരു ഹരിയാനക്കാരൻ ചാടി എണീറ്റ്‌ ചോദിച്ചു

"ഞങ്ങളുടെ ഗോ മാതാവിനെ നിങ്ങൾ കൊന്നു തിന്നുന്നത് എന്തിനാണ്. പശു ഞങ്ങളുടെ ദൈവമാണ്."

പാല് തരുന്ന പശുവിനെ ആരും കൊല്ലാറില്ല എന്നും കാളയെയോ പോത്തിനെയോ മൂരിയെയോ ഒക്കെയാണ് തിന്നാറുള്ളത് എന്ന് ഇവനോടും ഞാൻ പണ്ട് പറഞ്ഞിട്ടുള്ളതാണ്. ആവശ്യമില്ലാതെ ഒരു ഇഷ്യു ഉണ്ടാക്കെണ്ടവന് കാര്യം അറിയേണ്ട ആവശ്യം ഇല്ലല്ലോ

കൂടെ അവന്റെ ഒരു ഭീഷണിയും

"ഇനി മേലിൽ ബീഫ് കഴിച്ചു പോകരുത്"

ഒന്ന് പോടാ കോപ്പേ എന്ന് ഹിന്ദിയിൽ പറയാൻ അറിയില്ലാത്തത് കൊണ്ട് അങ്ങനെ പറഞ്ഞില്ല

"നിങ്ങൾ ചിക്കൻ കഴിക്കാറുണ്ടോ...? ഞാൻ ചോദിച്ചു

"ഉണ്ട് "

"നിങ്ങൾ ചിക്കൻ കഴിക്കുന്നത് കൊണ്ട് എന്റെ മതവികാരം വൃണപ്പെടുന്നു. കോഴി ഞങ്ങളുടെ ദൈവമാണ്."

അപ്പറഞ്ഞത് കേട്ട് അവന്മാർ തെല്ലൊന്നു അമ്പരന്നു

"നീ ക്രിസ്ത്യാനി അല്ലെ...? ഈസാ മസീഹ് അല്ലെ നിങ്ങളുടെ ദൈവം...? പിന്നെ കോഴി എങ്ങനെ നിങ്ങളുടെ ദൈവം ആകും...?"

"ക്രിസ്ത്യൻ വിശ്വാസപ്രകാരം ദൈവത്തിൽ മൂന്നു ആളുകൾ ഉണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ്"

അവന്മാർക്ക് മനസ്സിലാക്കാൻ വേണ്ടി ഇംഗ്ലീഷിൽ ഫാദർ സണ്‍ ആൻഡ്‌ ഹോളി സ്പിരിറ്റ്‌ എന്നും ഹിന്ദിയിൽ പിതാ പുത്ര് ഓർ പവിത്ര് ആത്മ എന്നും പറഞ്ഞു കൊടുത്തു.

കൂട്ടത്തിൽ അൽപം വിവരം ഉള്ളവൻ അത് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു

ഞാൻ എക്സ്പ്ലെയിൻ ചെയ്തു  "പിതാവ് എന്നാൽ ദൈവം, പുത്രൻ യേശു ക്രിസ്തു പരിശുദ്ധാത്മാവ് എന്നത് മൂന്നാമത്തെ ആൾ"

"ഒരു പ്രാവിന്റെ രൂപത്തിൽ ഉള്ളത് അല്ലെ...?"

വിവരമുള്ള ഹരിയാനക്കാരന്റെ ചോദ്യം

"അതെ"

അവൻ ക്രിസ്ത്യൻ സ്കൂളിൽ പഠിച്ചത് കൊണ്ടുള്ള അറിവ്

"പ്രാവിന്റെ രൂപത്തിലുള്ള പരിശുദ്ധാത്മാവ്  ഞങ്ങളുടെ ദൈവം ആയത് കൊണ്ട് പക്ഷി വർഗത്തിൽ പെട്ട എല്ലാ ജീവികളും ഞങ്ങൾക്ക് ദൈവം ആണ്. അതിൽ ചിക്കനും പെടും. നിങ്ങൾ ചിക്കനെ കൊന്നു കഴിച്ചാൽ ഞങ്ങളുടെ മത വികാരവും മുറിപ്പെടും "

ഒന്നും മനസ്സിലാകാതെ നാല് പേരും വായും പൊളിച്ച് എന്നെ നോക്കി ഇരുന്നു. ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ലുങ്കി മടക്കി കുത്തി ലാലേട്ടനെ പോലെ തോൾ അൽപം ചെരിച്ച് സ്ലോ മോഷനിൽ എന്റെ റൂമിലേക്ക് നടന്നു

ഹല്ല പിന്നെ

5 comments:

  1. ഹഹഹ...ഇവന്‍ പറഞ്ഞതെന്തെന്ന് അറിവില്ലായ്കയാല്‍ ഇവനെ ഒരു ചിക്കനാക്കിത്തീര്‍ക്കണമേ!!!

    ReplyDelete
  2. Oru karyam ippam manasilayi... " mookkilla rajyath murimookan rajavu" enna avasathayanne... best time..
    *enthayalum sambhavam kalakki ketto

    ReplyDelete
  3. Hello rajapuram Anne antayum amma veedu, iru nalla blog anganaya undakkandatee Anne onnu azutavoo

    ReplyDelete