Thursday, December 31, 2009

നോര്‍ത്ത് ഇന്ത്യക്കാരന്റെ പോക്രിത്തരം

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ പഠിക്കുന്ന കാലം. അന്ന് ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു.ആഗ്രയില്‍നിന്നുംഎത്മാപൂര്‍എന്നസ്ഥലത്തേക്ക് പോകാന്‍ ടെമ്പോ കാത്തു നില്‍ക്കുന്നു. എന്റെ കൂടെ മറ്റു കുറേ ആളുകളും വണ്ടി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു

പെട്ടന്നാണ് ഒരു താടിക്കാരന്‍ ദില്ലിവാല ( കേരളത്തില്‍ കിടക്കുന്ന നമ്മളെ ‘മദിരാശികള്‍’ എന്ന് വിളിക്കുന്നതല്ലേ… ആഗ്രക്കാരനെ അങ്ങനെയേ ഞാന്‍ വിളിക്കൂ.) ഒരു ഓംനി വാനില്‍ ഇരച്ചു വന്നത്. ഏതോ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്ന മൂച്ചില്‍ അവന്‍ വണ്ടി കാത്തു നിന്ന ഞങ്ങളുടെ അടുത്തൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോയി. ഞങ്ങള്‍ കുറച്ചു പേരൊക്കെ പുറകോട്ടു മാറി.

ഞങ്ങളുടെ കൂടെ തന്നെ ഒരു പതിനഞ്ചു പതിനാറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പക്ഷേ…. അവര്‍ക്ക് ഞങ്ങളെ പോലെ പെട്ടന്ന് അങ്ങ് മാറാന്‍ കഴിഞ്ഞില്ല. ഓംനിയുടെ ഏതോ വീല്‍ അവളുടെ കാല്‍വിരലിലൂടെ കയറിയിറങ്ങി. അവള്‍ പിറകോട്ടു മലര്‍ന്നടിച്ചു വീണു. ചാടി എണീറ്റ അവള്‍ “ആരുടെ #$%^& ന്റെ ഇടയില്‍ നോക്കിയാടാ വണ്ടി ഓടിക്കുന്നെ” എന്ന് അര്‍ഥം വരുന്ന ഒരു ചോദ്യം ഹിന്ദിയില്‍ വിളിച്ചു ചോദിച്ചു. ഞാന്‍ അവളുടെ കാല്‍വിരലില്‍ നോക്കിയപ്പോള്‍ അതില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ അവള്‍ അവിടെ നിന്ന് കരയാനും തുടങ്ങി.

ഇത്രയും സംഭവങ്ങള്‍ നടന്നത് നൊടിയിടയിലാണ്. കഥയിലെ വില്ലന്‍ സിനിമാ സ്റ്റൈലില്‍ ഓംനി റിവേഴ്സ് ഓടിച്ചു വന്നു. ആ മുട്ടാളന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് ശരിക്കും ഒന്ന്‍ കാണുന്നത്. വിയറ്റ്നാം കോളനിയിലെ രാവുത്തറുടെ മോഡല്‍ ഒരു സാധനം. എന്തായാലും എനിക്ക് സമാധാനമായി. കാലില്‍ വണ്ടി കേറ്റി എങ്കിലും പശ്ചാത്തപിച്ചു തിരിച്ചു വന്നല്ലോ.

അവന്‍ അവളെയും, കൂടെ അവളുടെ സഹായത്തിനായി അവിടെ നിന്ന ഒരു ചേച്ചിയും കൂട്ടി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന് വിചാരിച്ചു നിന്ന ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയാണ്. നേരെ അവളുടെ അടുത്തേക്ക്‌ ചെന്ന അവന്‍ തന്റെ കാട്ടുമാക്കാന്റെ പോലത്തെ കണ്ണുരുട്ടി ചോദിച്ചു…

”ക്യാ ബോലി തൂ…?”

ഓ… അവള്‍ പ്രതികരിച്ചത് കൊണ്ട് അവനും പ്രതികരിക്കുകയാണ്.

പിന്നെ അവിടെ നടന്നത് അടിയുടെ ഒരു മേളമായിരുന്നു. അത്രയും പ്രായമുള്ള ആ പെണ്‍കുട്ടിയെ ആ കശ്മലന്‍ ഒരു മയവുമില്ലാതെ മുഖത്തടിച്ചു. ഒന്നല്ല, രണ്ടല്ല, പല അടികള്‍. മുഖത്ത്‌ അടി കൊള്ളാതിരിക്കാന്‍ അവള്‍ കുനിഞ്ഞപ്പോള്‍ അവളുടെ പുറത്തും.

ഇതൊക്കെകണ്ടിട്ടും അവിടെനിന്ന ഒരുമനുഷ്യജീവിയും പ്രതികരിച്ചില്ല. എല്ലാവരും സ്റ്റണ്ട് നന്നായി എന്‍ജോയ് ചെയ്തു. പെണ്‍കുട്ടിയെ അടിച്ചു കൈ കഴച്ചപ്പോള്‍ ആ കശ്മലന്‍ അവന്റെ ഏതോ കാസ്റ്റിന്റെ പേര് പറഞ്ഞ് (യാദവ് എന്നോ മറ്റോ) അവരോടു കളിച്ചാല്‍ ഇങ്ങനെ ഇരിക്കുമെന്നും പറഞ്ഞ് വണ്ടിയില്‍ കയറി ഓടിച്ചു പോയി. ഇതൊക്കെ കണ്ടു ഞാന്‍ ‘മില്‍ക്കഷ്ട്യാ’ എന്ന് വായും പൊളിച്ചു നിന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു.

അവളുടെ വെളുത്തു തുടുത്ത കവിളുകളില്‍ ആ തെണ്ടിയുടെ വിരലിന്റെ ചുവന്ന പാടും, കണ്ണില്‍ നിന്നും കുടുകുടാ വീഴുന്ന കണ്ണീരും കാലിലെ രക്തവും കണ്ടിട്ട് എന്റെ രക്തം തിളച്ചു. ഹൃദയത്തിന്റെ കോണില്‍ എവിടെയോ ഒരു തേങ്ങല്‍. പാവം പെണ്‍കുട്ടി. വെറുമൊരു പതിനെട്ടു വയസ്സുകാരനും, ഹിന്ദി ഭാഷ നന്നായി വശമില്ലാത്തവനും, അന്യനാട്ടുകാരനും ആയ ഞാന്‍ അവിടെ എന്തു ചെയ്യാനാ?

പ്രിയ സഹോദരീ…..അന്ന് പയ്യനും ധൈര്യമില്ലാത്തവനും ആയിരുന്നതിനാല്‍ എനിക്ക് നിന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് നീ നോര്‍ത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും. അന്ന് നിന്നെ സഹായിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്. നീ അവനോടു കയര്‍ത്തു സംസാരിച്ചു എങ്കിലും ഞാന്‍ അതിനെ ഒരു കുറ്റമായി കാണുന്നില്ല. കാരണം നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ആ അവസ്ഥയില്‍ അങ്ങനെ ഒക്കെയേ പ്രതികരിക്കുകയുള്ളൂ. നിന്നോട് മോശമായി പെരുമാറിയ ആ ചെറ്റയ്ക്കും, അത് വെറുതെ നോക്കി നിന്ന ഞാനടക്കമുള്ള ജനക്കൂട്ടത്തിനും വേണ്ടി കിലോ മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും……..

മാപ്പ്

No comments:

Post a Comment