Tuesday, December 29, 2009

കോടതികളേ…. നിങ്ങള്‍ എവിടെ?


വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്ദ് എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാന്‍. കാരണം ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു. വല്ലപ്പോഴും വീണു കിട്ടിയിരുന്ന ഒരു ബന്ദ്… ക്ലാസ്സുകള്‍ സാധാരണ പോലെ തുടങ്ങുമെങ്കിലും, നോട്ടം മുഴുവന്‍ പുറത്തേക്കായിരുന്നു. രാവിലെ ഒരു പത്തര ഒക്കെ ആകുമ്പോഴേക്കും ബന്ദ് ചേട്ടന്മാര്‍ എത്തും. പിന്നെ അന്ന് സ്കൂളിനു അവധി. പിന്നീട് ഹൈക്കോടതി ബന്ദ്‌ നിരോധിച്ചു എന്ന് കേട്ടപ്പോള്‍ വളരെ ദുഖിക്കുകയും ചെയ്തു.

പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം പക്വത വന്നപ്പോള്‍, ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വന്നപ്പോള്‍ ബന്ദ്‌ ഒരു തലവേദനയായി. ഓ…. ഇപ്പോള്‍ ബന്ദ്‌ ഇല്ലല്ലോ. പകരം അതിന്റെ പുതിയ വേര്‍ഷന്‍… ഹര്‍ത്താല്‍. .. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ നടപടികള്‍ എടുക്കാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച്‌ ബി.എം.എസ്‌ ഇന്ന് വീണ്ടും ഹര്‍ത്താല്‍ നടത്തുന്നു.

എന്നും സംഭവിക്കുന്നതുപോലെ തന്നെ ഇന്നും ജനജീവിതം തടസ്സപ്പെടും. ആശുപതിയില്‍ കൊണ്ടുപോകുന്നവരെ വരെ വഴിയില്‍ തടയും. വിവാഹം, തിരുപ്പട്ടം തുടങ്ങിയ ചടങ്ങുകള്‍ തടസ്സപ്പെടും. കുറെ വണ്ടികള്‍ തകര്‍ക്കപ്പെടും. മാസ ശമ്പളം വാങ്ങുന്നവര്‍ ഒരു ഫുള്ളും വാങ്ങി ഇന്ന് അര്‍മാദിക്കും. പക്ഷെ ദിവസക്കൂലിക്ക് പണിയെടുക്കുന്നവന്‍ ഇന്നെന്തു ചെയ്യും? അവന്റെ ഭാര്യയും കുട്ടികളും ഇന്നെന്തു കഴിക്കും? അത് പോലെ തന്നെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആളുകള്‍ ഇന്ന് പട്ടിണിയാവില്ലേ? ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന് പറഞ്ഞു നടക്കുന്ന തല്ലിപ്പൊളി ഗുണ്ടകള്‍ക്ക് വൈകുന്നേരം മുന്നൂറു രൂപയും, പൈന്റും, കോഴി ബിരിയാണിയും കിട്ടുമല്ലോ.

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എങ്കില്‍ സമരം നടത്തേണ്ടത് അതുമൂലം ഷഡ്ജം പകുതി ഊരിപ്പോയ സാധാരണക്കാരന്റെ ഷഡ്ജത്തില്‍ വീണ്ടും തൂങ്ങിക്കിടന്നുകൊണ്ടല്ല. സര്‍ക്കാരിന്റെ പരാജയമാണ് എങ്കില്‍ സെക്രട്ടേറിയറ്റിന്റെ മുന്‍പില്‍ അല്ലേ സമരം ചെയ്യേണ്ടത്? അതുപോലെതന്നെ ഹൈക്കോടതി നിരോധിച്ച ബന്ദിനെ ഹര്‍ത്താല്‍ എന്ന പേരില്‍ പുനരാവിഷ്കരിച്ച പോക്രിത്തരത്തെ വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു. അന്നത്തെ ബന്ദും ഇന്നത്തെ ഹര്‍ത്താലും തമ്മില്‍ എന്താണ് വ്യത്യാസം? ഇത് കാണാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാരുകള്‍ തയ്യാറാവില്ല, കാരണം നാളെ അവര്‍ക്കും നടത്തേണ്ടതാണ് ഈ പ്രഹസനങ്ങള്‍. അപ്പോള്‍ പിന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ചു നടപടി എടുക്കേണ്ടത് കോടതികള്‍ അല്ലേ? കോടതികള്‍ ഇവയെ കണ്ടില്ലെന്നു നടിക്കുകയാണോ?

ഒരു കഥയിലൂടെ നിര്‍ത്തുന്നു. രാജപ്പന്‍ ആ നാട്ടിലെ പ്രധാന ചാരായം വാറ്റുകാരനായിരുന്നു. ചാരായം നിരോധിച്ചപ്പോള്‍ അവന്റെ പണി പൂട്ടി എന്ന് എല്ലാവരും കരുതി. പക്ഷെ രാജപ്പന്‍ ഇന്നും വാറ്റുചാരായം വില്‍ക്കുന്നു. പോലീസ് പിടിച്ചപ്പോള്‍ രാജപ്പന്‍ പറഞ്ഞു… “സാറേ ചാരായം അല്ലേ നിരോധിച്ചത്? ഞാന്‍ വില്‍ക്കുന്ന സാധനത്തിന്റെ പേര് ചാരായം എന്നല്ല ‘ലിഗാസു’ എന്നാണ്.” ഓ… ലിഗാസു ആണല്ലേ…? പോലീസുകാര്‍ അവനെ വെറുതെ വിട്ടു. ചാരായമല്ലേ നിരോധിച്ചത്. ലിഗാസു നിരോധിച്ചില്ലല്ലോ… അങ്ങനെ രാജപ്പന്‍ ‘വാറ്റ്ലിഗാസു’ വിറ്റ് സസുഖം വാഴുന്നു.

അതാണ്‌ കേരളം…..

4 comments:

  1. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എങ്കില്‍ സമരം നടത്തേണ്ടത് അതുമൂലം ഷഡ്ജം പകുതി ഊരിപ്പോയ സാധാരണക്കാരന്റെ ഷഡ്ജത്തില്‍ വീണ്ടും തൂങ്ങിക്കിടന്നുകൊണ്ടല്ല

    ReplyDelete
  2. എന്ത് ചെയ്യാനാ ലൈജൂ.... വിവരമുള്ളവര്‍ രാഷ്ട്രീയത്തില്‍ വന്നാലല്ലേ വല്ലതും നടക്കൂ

    ReplyDelete
  3. പ്രിയപ്പെട്ട സിമില്‍,
    വിവരമുള്ളവര്‍ രാഷ്ട്രീയത്തില്‍ വന്നാലും ഒന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥയായിട്ടൂണ്ട് ഇന്ന്
    അത് വലതായാലും ശരി ഇടതായാലും ശരി

    ReplyDelete