Saturday, December 19, 2009

പെരിയാര്‍ വാലിയിലെ ഹോണ്ടട് ഏരിയ....

നിങ്ങള്‍ ഭൂത പ്രേത പിശാചുക്കളില്‍ വിശ്വസിക്കുന്നുണ്ടോ...?

ചെറുപ്പത്തില്‍ ഞാന്‍ ഇക്കാര്യത്തില്‍ കറതീര്‍ന്നഒരുവിശ്വാസി ആയിരുന്നു. ‘വീണ്ടും ലിസ’ എന്നപടം കണ്ടിട്ട് ഒരാഴ്ച മൂത്രം ഒഴിക്കാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഇറങ്ങില്ലായിരുന്നു. പാതിരാത്രിയില്‍ പുറത്തിറങ്ങാന്‍ പേടിച്ചിട്ടു വീടിന്റെ ജനലിലൂടെ വരെ കാര്യം സാധിച്ചിട്ടുണ്ട്. പിന്നെ നാട്ടുകാരായ ചില നല്ല ചേട്ടന്മാര്‍ സമയം കിട്ടുമ്പോളൊക്കെ ഓരോരോ കഥകള്‍ പറഞ്ഞു തന്നു ആ പേടിക്ക്‌ വളം ഇട്ടു വെള്ളം ഒഴിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

അവര്‍ പകര്‍ന്നു തന്ന വിശ്വാസം അനുസരിച്ചു ലോകത്തുള്ള എല്ലാ പാല മരങ്ങളിലും യക്ഷികള്‍ ഉണ്ട്. പിന്നെ ദുര്‍മരണം നടന്ന സ്ഥലങ്ങളിലെല്ലാം ആ ആത്മാക്കള്‍ അലഞ്ഞു നടക്കും. അതിലെ പോകുന്നവരെ ചുറ്റിച്ചോണ്ട് പോയി രക്തം ഊറ്റി കുടിക്കും. പിന്നെ, സിനിമകളിലൊക്കെ കാണുന്നത് പോലെ കഴുത്തില്‍ ഒരു കുരിശോ കൊന്തയോ ഉണ്ടെങ്കില്‍ ഇവറ്റകള്‍ ഏഴയലത്ത് വരില്ലത്രെ... എന്തായാലും ഞാനും ഒരു കൊന്ത സംഘടിപ്പിച്ചു കഴുത്തില്‍ അണിഞ്ഞാണ് അന്ന് നടന്നിരുന്നത്. കൊന്തയുടെ പവര്‍ അല്പം ബൂസ്റ്റ്‌ ചെയ്യാന്‍ പള്ളീലച്ചനെ കൊണ്ട് അത് വെഞ്ചിരിപ്പിച്ചു. എന്തായാലും കൊന്തയുടെ പവര്‍ കൊണ്ടോ അതോ എന്റെ വിശ്വാസം കൊണ്ടോ എന്തോ, എന്നെ ഒരു പ്രേതവും പിടിച്ചില്ല.

ഇടുക്കി ജില്ലയില്‍ കീരിത്തോടിനും രാജപുരത്തിനും ഇടയിലുള്ള ഒരു ചെറിയ സ്ഥലമാണ് പെരിയാര്‍ വാലി. പെരിയാറിന്റെ തീരത്തുള്ള സ്ഥലമായതിനാലാവണം ഇങ്ങനെ ഒരു പേര് വീണത്. ഈ പെരിയാര്‍ പാലത്തിന്റെ ഇന്നത്തെ [എന്നത്തെയും] അവസ്ഥ വളരെ ശോചനീയമാണ്. ഈ പാലത്തില്‍ നിന്നും വീണു പത്തു പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ അവസാനത്തേത് കഴിഞ്ഞ മഴക്കാലത്ത് മരിച്ച രാജന്‍ ചേട്ടനായിരുന്നു.

പെരിയാര്‍ പാലം മുതല്‍ രാജപുരത്ത് എന്റെ വീടെത്തുന്നത് വരെയുള്ള സ്ഥലം ഒരു അപ്രഘ്യാപിത ഹോണ്ടട് ഏരിയ ആണ്. കാരണം ദുര്‍മരണങ്ങള്‍ തന്നെ. പെരിയാര്‍ പാലം കഴിഞ്ഞാല്‍ ആദ്യം ജയന്‍ ചേട്ടന്‍. അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം വന്നു മരണമടഞ്ഞതാണ്. ജയന്‍ ചേട്ടനെ ആ ഭാഗങ്ങളില്‍ കണ്ടു എന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

അവിടം കഴിഞ്ഞാല്‍ പിന്നെ ഉള്ളത് കുറ്റിത്തറ അച്ചന്‍. പണ്ട് അവിടെ വഴിയരുകില്‍ ഒരു ചെറിയ കട നടത്തിയിരുന്നു. ഞാന്‍ അച്ചന്റെ കയ്യില്‍ നിന്നും ഒത്തിരി പഴം വാങ്ങി തിന്നിട്ടുണ്ട്. ഒരിക്കല്‍ അതിനടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീണു അദ്ദേഹം മരിച്ചു. ഒരിക്കല്‍ അതിലെ പോയ ഒരാളെ അച്ചന്‍ ചുറ്റിച്ചോണ്ട് പോയത്രേ.... രാവിലെ കണ്ണ് തുറക്കുമ്പോള്‍ പുള്ളി അച്ചന്‍ മരിച്ചു കിടന്ന അതെ സ്ഥലത്ത് തന്നെ ആയിരുന്നത്രെ....

പിന്നെ ഒരു വേലായുധന്‍ ചേട്ടന്‍. അദ്ദേഹം പനയില്‍ നിന്ന് വീണു മരിച്ചു എന്നാണെന്റെ ഓര്മ. അദ്ദേഹം ഇത് വരെ ആര്‍ക്കും 'ദര്‍ശനം' നല്‍കിയില്ല എങ്കിലും അതിലെ പോകുന്നവരുടെ മുട്ട് വെറുതെ ഇടിക്കുമത്രേ... പിന്നെ ഉള്ളത് കറിയാച്ചന്‍ ചേട്ടന്റെ പറമ്പാണ്. അദ്ദേഹത്തിന്റെ ഭാര്യ കിലോമീറ്റര്‍കള്‍ അകലെ ഉഴവൂര്‍ എന്ന സ്ഥലത്ത് കിണറ്റില്‍ വീണു മരിച്ചതാണ്. പക്ഷെ അവര്‍ താമസിച്ചിരുന്ന ഈ ഏരിയയില്‍ ആ ചേച്ചിയേയും കണ്ടത്രെ. അങ്ങനെ സംഭവിക്കാന്‍ തരമില്ലെന്നു ഞാന്‍ വെറുതെ പറഞ്ഞു നോക്കിയെങ്കിലും ഇത് പറഞ്ഞ വിദ്വാന്‍ സമ്മതിച്ചില്ല. ആത്മാക്കള്‍ക്ക് പ്രകാശ വേഗതയില്‍ സഞ്ചരിക്കാന്‍ പറ്റുമത്രേ... എന്തായാലും ഞാനും അതൊക്കെ വെറുതെ അങ്ങ് വിശ്വസിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു.... അതിനിടയില്‍ എപ്പോഴോ എന്റെ പേടിയൊക്കെ മാറി. അല്പം ധൈര്യം ഒക്കെ ആയപ്പോള്‍ ഭൂത പ്രേത പിശാചുക്കളെ പറ്റി അന്വേഷിക്കാന്‍ തുടങ്ങി. മുറ്റത്തു നില്‍ക്കുമ്പോള്‍ അതാ ഒരാള്‍ അവിടെ നില്‍ക്കുന്നു. രണ്ടും കല്‍പ്പിച്ചു അങ്ങോട്ട്‌ ചെന്നു. അതൊരു ഉണങ്ങിയ വാഴക്കൈ ആയിരുന്നു. അങ്ങനെ പല അനുഭവങ്ങള്‍... ഒരിടത്തും ഞാന്‍ ഒരു പ്രേതത്തെയും കണ്ടില്ല. ഒരു ബാധയും എന്റെ മേല്‍ കയറിയില്ല.

മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ പലപ്പോഴും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഞാന്‍ ഈ വഴിയെയാണ് നടന്നു പോകാറുള്ളത്. ഇതുവരെ ആരെയും ഞാന്‍ കണ്ടില്ല. ചിലര്‍ പറയുന്നു ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടെന്ന്.... ചിലര്‍ പറയുന്നു ഇല്ലെന്ന്... എന്തായാലും അവ ഇല്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍. ( മേയ് ബീ, ഞാന്‍ കണ്ടു മുട്ടുന്നത് വരെ. )

ഇനി നിങ്ങള്‍ പറയൂ.... സത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ....?


പറഞ്ഞ സ്ഥലം ഇവിടെ ഞെക്കിയാല്‍ കാണാം
വീഡിയോ ഇവിടെ ഞെക്കിയാല്‍ കാണാം


5 comments:

  1. നിങ്ങള്‍ പറയൂ.... സത്യത്തില്‍ ഭൂത പ്രേത പിശാചുക്കള്‍ ഉണ്ടോ...?

    ReplyDelete
  2. pyedippikkallede!! enikk ithil viswasam onnum illa..engilum kazhuthil oru kontha und,,..chumma enthina risk edukkunne!

    ReplyDelete
  3. സ്ഥലത്തോടും, അങ്ങനെയുള്ള അറിവിനോടും ഒരു പക്ഷെ ബന്ധപ്പെട്ടിരിക്കുന്നു ചില അനുഭവങ്ങള്‍. ആ സ്ഥലത്തിന്റെ ഒന്നു രണ്ടു ഫോട്ടോ കൂടി പോസ്റ്റ് ചെയ്യുക.

    ReplyDelete
  4. ലിങ്ക് മുകളില്‍ കൊടുത്തിട്ടുണ്ട്

    ReplyDelete
  5. as we don't know all the functions of all domains of the nature we cant say a "No" or "Yes" blindly.

    ReplyDelete