Wednesday, December 23, 2009

ക്ലാസ് ടീച്ചര്‍മാര്‍: ഒരു ഓര്‍മ്മക്കുറിപ്പ്‌

ഇത് അംഗന്‍ വാടി മുതല്‍ എന്നെ പഠിപ്പിച്ച ക്ലാസ് ടീച്ചര്‍മാരെ ഓര്മിക്കലാണ്

0 . സാറാമ്മ ടീച്ചര്‍

ഇത് എന്നെ അംഗന്‍വാടിയില്‍ പഠിപ്പിച്ച ടീച്ചര്‍ ആണ്. അ ആ ഇ ഈ തുടങ്ങി അക്ഷരങ്ങള്‍ പഠിപ്പിച്ചത് സാറാമ്മ ടീച്ചര്‍ ആയിരുന്നു. ക്ലാസ്സില്‍ ഇരുന്നു ബോറടിക്കുമ്പോള്‍ ഒന്നിന് പോണം, രണ്ടിന് പോണം എന്നൊക്കെ പറയുന്ന വിരുതന്മാരുടെ അടുത്ത്, "ബെഞ്ചില്‍ ഉറച്ചിരുന്നാല്‍ മതി" എന്നായിരുന്നു നയം. ഭാവിയില്‍ എപ്പോഴെങ്കിലും അരുതാത്ത സ്ഥലത്ത് വച്ച് ഒന്നിനോ രണ്ടിനോ പോകണമെന്ന് തോന്നിയാല്‍ സാറാമ്മ ടീച്ചറിന്റെ ഈ ഡയലോഗ് ഓര്‍മയില്‍ വരും അല്പം കറുത്തിട്ടു ആണ് ടീച്ചറുടെ രൂപം. ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവും ഇല്ല.

1 . ജയ്സി സിസ്റ്റര്‍

ഒന്നാം ക്ലാസ്സില്‍ എന്റെ ക്ലാസ് ടീച്ചര്‍ ആയിരുന്നു. എസ്. ഡി. സന്ന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ ഇപ്പോള്‍ പഴങ്ങനാട് എന്ന സ്ഥലത്താണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാജപുരത്തു നിന്ന് പോയി എങ്കിലും ഇപ്പോഴും കത്തുകളിലൂടെയും ഫോണ്‍ കോള്കളിലൂടെയും ആ ബന്ധം നിലനിര്‍ത്തുന്നു. എന്നെ പഠനത്തില്‍ സ്പെഷ്യലായി ഒത്തിരി സഹായിച്ചിട്ടുണ്ട്. പ്രസംഗം എന്ന കലയില്‍ എന്നെ ഇന്ട്രട്യൂസ് ചെയ്തത് ജയ്സി സിസ്റ്റര്‍ ആയിരുന്നു.

2. കൊച്ചു ത്രേസ്സ്യ ടീച്ചര്‍
എന്റെ രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചര്. ‍രാജപുരത്തു തന്നെ സ്ഥിര താമസം. ഇപ്പോഴും രാജപുരം സ്കൂളില്‍ പഠിപ്പിക്കുന്നു. എന്റെ ഓര്മ ശരിയാണെങ്കില്‍ ഗുണന പട്ടിക, ഹരണ പട്ടിക എന്നിവ ഹൃദിസ്ഥമാക്കിയത് ടീച്ചറില്‍ നിന്നാണ്. . ടീച്ചര്‍ അടുത്ത വര്ഷം വിരമിക്കും എന്ന് അടുത്തയിടെ കേട്ടു

3. സിസ്റ്റര്‍ അലീഷ്യ
മൂന്നാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. നാലിലും എന്നെ പഠിപ്പിച്ചു. സിസ്റ്ററിനെ പറ്റി കേള്‍ക്കുമ്പോള്‍ ഓര്മ വരുന്നത് " ബാഷ്പീകരണം എന്നാല്‍ എന്ത്?" എന്ന ചോദ്യമാണ്. ഉത്തരം അറിയാതിരുന്ന ഞങ്ങളെ എല്ലാവരെയും അന്ന് ചെമ്പരത്തി വടി കൊണ്ട് പെരുമാറിയതിന്റെ ഓര്മ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് തന്നെ "ഒരു ദ്രാവകം വാതകമായി തീരുന്ന അവസ്ഥയെ ബാഷ്പീകരണം എന്ന് പറയുന്നു" എന്ന ഉത്തരം ഇപ്പോഴും നാവിന്റെ തുമ്പത്തുണ്ട്

4. ഏലിയാമ്മ ടീച്ചര്‍
നാലാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. രാജപുരത്തിനടുത്തു തേക്കിന്‍തണ്ട് എന്ന സ്ഥലത്ത് താമസിക്കുന്നു. ഇടയ്ക്ക് വഴിയില്‍ വച്ചു കാണുമ്പോള്‍ സംസാരിക്കാറുണ്ട് ഞാന്‍ നാലില്‍ പഠിക്കുമ്പോള്‍ അവിടെ ഹെഡ് മിസ്ട്രസ് ആയിരുന്നു. വളരെ സ്നേഹം ഉള്ള ഒരു ടീച്ചര്‍ ആയിരുന്നു. ഇപ്പോള്‍ കണ്ടിട്ട് ഒത്തിരി നാളായി

5. ഗ്രേസി ടീച്ചര്‍
അഞ്ചാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. "കാ‍ന്താരി" എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷ് ടീച്ചറായിരുന്നു. പിന്നീട് സ്ഥലം മാറി പോയി. ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ല. ഇംഗ്ലീഷില്‍ കേട്ടെഴുത്ത് ഇടുക എന്നത് ഒരു ഹോബി ആയിരുന്നു. "നീ നന്നായി സ്പെല്ലിംഗ് എഴുതുന്നു" തുടങ്ങിയ വാക്കുകളിലൂടെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു

6. ഷീലമ്മ ടീച്ചര്‍
ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. മലയാളം പഠിപ്പിച്ചു. ഇപ്പോഴും മുരിക്കാശേരി സ്കൂളില്‍ പഠിപ്പിക്കുന്നു. മലയാള കവിതകള്‍ ആദ്യമായി പാടി കേള്‍ക്കുന്നത് ടീച്ചറില്‍ നിന്നാണ്. നല്ല സ്വരമാധുര്യം... ടീച്ചറിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അടുത്ത ക്ലാസ്സിലെ കുട്ടികള്‍ വരെ അത് ശ്രദ്ധിച്ചിരുന്നു. ഒരു പക്ഷെ ടീച്ചര്‍ ആയിരുന്നില്ല എങ്കില്‍ ഒരു ഗായിക ആയേനെ...

7. റോസമ്മ ടീച്ചര്‍
എഴാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഇംഗ്ലീഷ് പഠിപ്പിച്ചു. വൈകുന്നേരം ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്പെഷ്യല്‍ ക്ലാസ് എടുത്തിരുന്നു. അന്ന് അതൊന്നും ഇഷ്ടമല്ലായിരുന്നു എങ്കിലും ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ടീച്ചറോട് ബഹുമാനം ഇരട്ടിക്കുന്നു. ടീച്ചറുടെ ഭര്‍ത്താവ് അതേ സ്കൂളില്‍ തന്നെ മ്യൂസിക് പഠിപ്പിക്കുന്നു. റോസമ്മ ടീച്ചര്‍ ഇപ്പോള്‍ പ്രമോഷന്‍ ആയി പ്ലസ് ടുവില്‍ പഠിപ്പിക്കുന്നു

8. തങ്കമ്മ ടീച്ചര്‍
എട്ടാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍. ഇംഗ്ലീഷ് ടീച്ചര്‍ ആയിരുന്നു. വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്നു. തല്ല് ഒത്തിരി കൊണ്ടിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ ശേഷം കണ്ടിട്ടില്ല. സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ എന്നെ ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയ ടീച്ചരിനുള്ള അവാര്‍ഡ്‌ തങ്കമ്മ ടീച്ചറിന് ആണ്. കാരണം മറ്റൊന്നുമല്ല, പഠിത്തത്തില്‍ അത്ര ശുഷ്കാന്തി ആയിരുന്നു എനിക്കന്ന്‍

9. പേര് ഓര്‍മയില്‍ വരുന്നില്ല.... കഷ്ടം
ആക്ച്വലി രണ്ടു പേര്‍ ക്ലാസ് ടീച്ചര്മാരായി ഉണ്ടായിരുന്നു. ഒന്ന് ഒരു സിസ്റ്റര്‍, പിന്നെ സിസ്റ്റര്‍ മാറി പോയപ്പോള്‍ വേറെ ഒരു സാറും. അണ്‍ഫോര്ച്ചുണേറ്റ്ലി, രണ്ടു പേരുടെയും പേര്‍ ഓര്‍ക്കുന്നില്ല. എന്റെ കൂടെ 9 ഇ യില്‍ പഠിച്ച, ഇപ്പോള്‍ കോണ്ടാക്റ്റ് ഉള്ള ബിബിനോട് ഇമെയില്‍ വഴി ചോദിച്ചു. അവനും ഓര്‍മയില്ല. 9 ലെ മറ്റു സഹാപടിയന്മാരെ ആരെയും ഇപ്പോള്‍ കോണ്ടാക്റ്റ് ഇല്ല. ഇത് വായിക്കുന്ന എന്റെ സഹപാടികളോടോ ഈ ഇന്‍ഫര്‍മേഷന്‍ അറിയാവുന്നവരോടോ ഇതൊന്നു ഫില്‍ ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു.

10. ബെറ്റി ടീച്ചര്‍
പത്താം ക്ലാസ്സില്‍ ടീച്ചര്‍ ആയിരുന്നു. എന്റെ കയ്യിലിരിപ്പ്, പിന്നെ ടീച്ചറിന്റെ സ്വഭാവം, ഇത് രണ്ടും ഒരിക്കലും ചേരില്ലായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലായിരുന്നു. ഒരിക്കല്‍ ഉച്ചക്ക് വീട്ടില്‍ പോകാന്‍ അനുവാദം നിഷേധിച്ചപ്പോള്‍, അങ്ങ് കേന്ദ്രത്തില്‍ നിന്ന് ( പ്രിന്‍സിപ്പല്‍) സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി പോയി. അതില്‍ പിന്നെ ടീച്ചറും ഞാനും തമ്മിലുള്ള ബന്ധം ഒരു പിണറായി - അച്ചുതാനന്ദന്‍ ബന്ധമായി മാറി. പിന്നെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുക, ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാനൊരു മാതൃകാ പുരുഷോത്തമന്‍ ആയിരുന്നല്ലോ.... എന്തായാലും, ബെറ്റി ടീച്ചറെ ഞാന്‍ ഇന്ന് വളരെ മിസ്സ്‌ ചെയ്യുന്നു. ഒന്ന് കണ്ടിരുന്നെങ്കില്‍, സംസാരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് ആശിക്കുന്നു.


ഓഫ്‌ ടോപിക്:

സ്കൂള്‍ ജീവിതത്തില്‍ കേട്ട ചില ഇരട്ട പേരുകള്‍

കാ‍ന്താരി
ചെത്ത് വല്‍സ
പോത്താനി
കണ്ണാടി വര്‍ക്കി
കൂനന്‍
പോപ്പി
നിത്യ ഗര്‍ഭിണി
എണക്കന്‍
സിസ്റര്‍ തക്കാളി
ഉറക്കംതൂങ്ങി
അമ്മച്ചി
സില്‍ക്ക്

പിന്നെ പോസ്റ്റ്‌ ചെയ്യാന്‍ മനസ്സനുവദിക്കാത്ത മറ്റു ചില പേരുകളും....

ആ പ്രായത്തില്‍ ഈ പേരുകള്‍ ഒക്കെ പ്രചരിപ്പിക്കുന്നതിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയി നടന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

7 comments:

  1. എന്നെ ഒന്നു മുതല്‍ 10 വരെ പഠിപ്പിച്ച എല്ലാവരേയും ഇപ്പോഴും എനിയ്ക്കോര്‍മ്മയുണ്ട്.

    പോസ്റ്റ് ഇഷ്ടമായി.

    ReplyDelete
  2. പോസ്റ്റ്‌ ഇഷ്ടമായി
    ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിച്ച ടീച്ചര്‍മാരെ എല്ലാവരെയും ഓര്‍മയുണ്ട് , അതൊന്നും ഒരു പക്ഷെ ആരും മറക്കും എന്ന് തോന്നില്ല

    ReplyDelete
  3. വിനോദ്, മനോരാജ്, ശ്രീ, അഭി, കമന്റുകള്‍ക്ക് നന്ദി. ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ തോന്നുന്നു

    ReplyDelete
  4. nannayittundu.Kochuthresia teacher um rosamma teacher um retired ayi...

    ReplyDelete